Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1986ൽ 'ദൈവത്തിന്റെ കൈ' ഗോളടിക്കും മുമ്പേ ക്ലോഡിയ വില്ലഫേനു ഹൃദയം കൈമാറിയ ഇതിഹാസം; നാപ്പോളിക്കായി കളിക്കുമ്പോൾ മോഡലായ ക്രിസ്റ്റീന സാനിഗ്ര; പിന്നെ നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈൻ; ദീർഘകാല പങ്കാളിയായി വെറോണിക്കാ ഒജേഡ; അംഗീകരിച്ച മക്കൾ എട്ട്; അവകാശ വാദം ഉയർത്തുന്നവരും ഏറെ; മറഡോണയുടെ പിന്തുടർച്ചയ്ക്കായി ഇനി നിയമയുദ്ധം

1986ൽ 'ദൈവത്തിന്റെ കൈ' ഗോളടിക്കും മുമ്പേ ക്ലോഡിയ വില്ലഫേനു ഹൃദയം കൈമാറിയ ഇതിഹാസം; നാപ്പോളിക്കായി കളിക്കുമ്പോൾ മോഡലായ ക്രിസ്റ്റീന സാനിഗ്ര; പിന്നെ നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈൻ; ദീർഘകാല പങ്കാളിയായി വെറോണിക്കാ ഒജേഡ; അംഗീകരിച്ച മക്കൾ എട്ട്; അവകാശ വാദം ഉയർത്തുന്നവരും ഏറെ; മറഡോണയുടെ പിന്തുടർച്ചയ്ക്കായി ഇനി നിയമയുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

ബ്യൂണസ് അയേഴ്‌സ്; ദൈവത്തിന്റെ കൈയൊപ്പുള്ള ഇതിഹാസം വിടവാങ്ങി. ഇനി ഭൂമിയിൽ പിന്തുടർച്ചാവകാശത്തിനായുള്ള നിയമ പോരാട്ടം. സ്വന്തമായി ഫുട്‌ബോൾ ടീമുണ്ടാക്കാൻ ഒരാൾ മാത്രം കുറവുണ്ടായിരുന്ന വീട്ടിലാണു മറഡോണ ജനിച്ചു വളർന്നത്. അച്ഛൻ, അമ്മ, ഏഴു സഹോദരങ്ങൾ. അവിടെ ഉണ്ടായിരുന്നത് വറുതിയും ദാരിദ്ര്യവും മാത്രം. കാൽപ്പന്തുകളിയിലൂടെ ഈ ജീവിത ദുഃഖം മറഡോണ മാറ്റി. ശതകോടീശ്വരനായി മാറി. മരിക്കുമ്പോൾ സ്വത്ത് വിഭജനം കീറാമുട്ടിയുമാകുന്നു. അംഗീകരിക്കപ്പെട്ട എട്ടു മക്കളും അവകാശവാദവുമായി രംഗത്തുള്ള മറ്റ് മക്കളും വിട്ടു കൊടുക്കാൻ ഒരുക്കമല്ല. പിന്തുടർച്ചാവകാശത്തിനു വേണ്ടിയുള്ള നിയമയുദ്ധമായി മരണ ശേഷവും മറഡോണ വിവാദങ്ങളിൽ തുടരും.

ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തോടെ മറ്റൊരു മറഡോണ ഇലവൻ യുദ്ധം ആരംഭിക്കുകയാണ്. നിയമപരമായി അംഗീകരിച്ച മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മിൽ തമ്മിൽ സ്വത്തം തർക്കം ഉയർന്ന് വരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അടുത്തയിടെ 23 വയസ്സുള്ള ഒരു അർജന്റീനിയൻ യുവതി, മറഡോണയാണ് തന്റെ പിതാവെന്ന് അവകാശപ്പെട്ടുവന്നപ്പോൾ, മറഡോണയുടെ തന്നെ മറ്റൊരു പുത്രി പറഞ്ഞത്, ഇനി മറഡോണയ്ക്ക് സ്വന്തമായി ഒരു ഫുട്ബോൾ ടീം ഉണ്ടാക്കാമെന്നായിരുന്നു. ആ യുവതിയോടെ, മറഡോണയുടെ മക്കൾ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം 11 ആയിരുന്നു.

1986ൽ ഫുട്‌ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ കുടിയേറും മുൻപേ മറഡോണ ക്ലോഡിയ വില്ലഫേനു തന്റെ ഹൃദയം കൈമാറിയിരുന്നു. നിർമ്മാതാവും നടിയുമായിരുന്ന അവർക്കു അപ്പോൾ 17 വയസ്സ്. മറഡോണയ്ക്കു രണ്ടു വയസ്സു കൂടുതൽ. ദമ്പതികൾക്കു ഡാൽമ, ഗിയാന്നിന എന്നീ രണ്ടു പെൺമക്കൾ. മൂത്തമകൾക്ക് അമ്മയുടെ പേരാണ് നൽകിയത്. ഗിയാന്നിനയെ വിവാഹം കഴിച്ചതു പ്രശസ്ത ഫുട്‌ബോൾ താരം സെർജിയോ അഗ്യൂറോയാണ്. പ്രണയവും വിവാഹവുമായി മൂന്നു പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനു ശേഷം 2004ൽ ക്ലോഡിയയും മറഡോണയും പിരിഞ്ഞു. പിന്നെയും ദീർഘകാലം അവർ നല്ല സുഹൃത്തുക്കളായി തുടർന്നു. അമേരിക്കയിൽ ഫ്‌ളാറ്റ് വാങ്ങുന്നതിനായി പണം മോഷ്ടിച്ചുവെന്നാരോപിച്ചു ക്ലോഡിയയ്‌ക്കെതിരെ മറഡോണ കോടതിയിലുമെത്തി.

ഡിയാഗോ ജൂനിയർ സിനാഗ്രയാണു മറഡോണയുടെ മൂത്ത മകൻ. ഇറ്റാലിയൻ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ജൂനിയറിനെ ജനിച്ചു 30 വർഷങ്ങൾക്കു ശേഷമാണു മറഡോണ അംഗീകരിച്ചത്. നാപ്പോളിക്കായി കളിക്കുന്ന കാലത്ത്, മോഡലായിരുന്ന ക്രിസ്റ്റീന സിനാഗ്രയുമായുണ്ടായ ബന്ധത്തിലാണു ജൂനിയറിന്റെ ജനനം. 1995ൽ ഇറ്റാലിയൻ കോടതി മകനെന്നു വിധിച്ചിട്ടും മറഡോണ അംഗീകരിച്ചില്ല. 2016ൽ താരം മനസ്സു മാറ്റി. ഒപ്പമുള്ള ചിത്രം പങ്കുവച്ച്, 'അവൻ എന്നെപ്പോലെ ' എന്നു കുറിക്കുകയും ചെയ്തു.

നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈനുമായുള്ള ബന്ധത്തിൽ ജനിച്ച ജന മോഡലാണ്. ക്യൂബയിൽ 2 സ്ത്രീകളിലായി 3 മക്കളുണ്ടെന്നു കഴിഞ്ഞ വർഷമാണ് മറഡോണ വെളിപ്പെടുത്തിയത്. ജുവാന, ലു, ജാവിയെലിറ്റോ എന്നിവരേയും അംഗീകരിച്ചു. ദീർഘകാല പങ്കാളിയായിരുന്ന വെറോണിക്കാ ഒജേഡയിൽ ജനിച്ച ഡിയഗോ ഫെർണാണ്ടോയാണ് (ഏഴ്) അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ കുഞ്ഞ്.

അർജന്റീന വനിതാ ഫുട്‌ബോൾ ടീം അംഗമായിരുന്ന റോക്കിയോ ഒലീവ യായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തിൽ മക്കളില്ല. 30 വയസ്സിനു ഇളപ്പമായിരുന്ന അവർ മറഡോണയുടെ മദ്യാസക്തിയിൽ മനംമടുത്താണു 2018ൽ ബന്ധം ഉപേക്ഷിച്ചത്. മഗലി ഗിൽ, സാന്തിയാഗോ ലാറ എന്നിവർ മറഡോണയുടെ മക്കളാണെന്നവകാശപ്പെട്ടു ഈയിടെ രംഗത്തെത്തി.

ക്യുബയിലെ ഒരു സ്ത്രീ, തന്റെ മൂന്നു മക്കളുടെ പിതാവ് മറഡോണയാണെന്ന അവകാശവാദം ഉയർത്തി മുന്നോട്ട് വന്നിരുന്നു. അതിനുശേഷമാണ് അർജന്റീനിയൻ യുവതിയായ മഗാലി ഗിൽ താൻ മറഡോണയുടെ പുത്രിയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. മറഡോണ തന്നെ അംഗീകരിക്കുകയാണെങ്കിൽ, തന്റെ കുഞ്ഞു മകൾക്ക് ഒരു അപ്പൂപ്പനെ ലഭിക്കും എന്നാണ്' ഒരു ടി വി താരം കൂടിയായ ഈ യുവതി അന്നുപറഞ്ഞത്.

മറഡോണയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി അവർ ഒരു നിയമ പോരാട്ടം കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രസവിച്ച ഉടനെ മാതാവ് ഉപേക്ഷിച്ച ഈ യുവതിയെ ആരോ ദത്തെടുത്തു വളർത്തുകയായിരുന്നു. പ്രായപൂർത്തിയായതിനു ശേഷമാണ് തന്നെ വളർത്തുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ലെന്ന് തിരിച്ചറിഞ്ഞതും, മറഡോണയാണ് തന്റെ പിതാവെന്ന് മനസ്സിലാക്കുന്നതും എന്നാണ് ഇവരെ കുറിച്ച് ഫീച്ചർ തയ്യാറാക്കിയ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ യുവതി നിശബ്ദത ഭേദിച്ച് പുറത്തുവന്നതും പിതൃത്വം തെളിയിക്കാൻ ഡി എൻ എ ടെസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെട്ടതും. തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ലാണ് പിന്നീട് താനുമായി ബന്ധപ്പെടുന്നതെന്നും അപ്പോഴാണ് തന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തിയത് എന്നുമായിരുന്നു ആ യുവതി പറഞ്ഞത്. മഗാലി തന്റെ അവകാശവാദവുമായി എത്തുന്നതിന് ഒരു മാസം മുൻപ് അർജന്റീനയിലെ ലാ പ്ലാറ്റ നഗരത്തിലെ സാന്റിയഗോ ലാറ എന്ന ഒരു യുവാവും മറഡോണ തന്റെ പിതാവാണെന്ന് ആരോപിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ നഗരത്തിലാണ് മറഡോണയുടെ പ്രശസ്തമായ ജിംനേഷ്യാ വൈ എസ്ഗ്രിമ സ്ഥിതി ചെയ്യുന്നത്.

ഈ കൗമാരക്കാരന്റെ മാതാവ് ഒരു ഹോട്ടലിൽ വെയ്ട്രസ് ആയിരുന്നു. അവർ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അർബുദം ബാധിച്ച് മരിച്ചതോടെ, അവരുടെ കാമുകനായിരുന്നു ലാറയെ വളർത്തിയിരുന്നത്. മറഡോണയുമായുള്ള രൂപ സാദൃശ്യമാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവായി ഇയാൾ പറയുന്നത്. ഒരു ഡി എൻ എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്നും ഈ കൗമാരക്കാരൻ പറഞ്ഞു. രക്തപരിശോധനയിൽ പിതൃത്വം തെളിയിച്ചാൽ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീൽ മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയിൽ എത്തിയ സമയത്താണ് മറഡോണ അവിടെയുള്ള മൂന്ന് കുട്ടികൾക്ക് ജന്മം നൽകുന്നത്. 2000 ൽ ആയിരുന്നു ഇത്. പിന്നീട് ഫിഡൽ കാസ്ട്രോയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മറഡോണ ക്യുബയിൽ എത്തിയപ്പോൾ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു ഇറ്റാലിയൻ മോഡലുമായുള്ള അവിഹിതത്തിൽ ജനിച്ച മകൻ ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത് ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP