Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമ ബം​ഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി; സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി രാജിവെച്ചു; സുവേന്ദു അധികാരി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

പശ്ചിമ ബം​ഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി; സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി രാജിവെച്ചു; സുവേന്ദു അധികാരി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയായി സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയുടെ രാജി. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മന്ത്രി സുവേന്ദു അധികാരിയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി തൃണമൂൽ കോൺഗ്രസ് എംപിയാണ്. സുവേന്ദു അധികാരി പാർട്ടി വിടുകയാണെങ്കിൽ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

2007-08-ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ പ്രധാനിയാണ് സുവേന്ദ. എന്നാൽ നേതൃനിരയിൽ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി. സുവേന്ദു അധികാരി മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളിൽ ഉപയോഗിച്ചിരുന്നില്ല.

2011-ൽ സുവേന്ദയെ മാറ്റിയാണ് അഭിഷേക് ബാനർജിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്. സുവേന്ദ അധികാരി പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വിപുലമായ സംഘടനാ ശൃംഖലയുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദ പാർട്ടി വിടുകയാണെങ്കിൽ കൂടുതൽ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതൽകൂട്ടാകും.

പാർട്ടിയിലെ അസംതൃപ്തിക്ക് പുറമെ സുവേന്ദയ്ക്ക് തൃണമൂൽ വിടാനുള്ള ചില നിർബന്ധിത സാഹചര്യങ്ങളുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. മമതയുടെ അടുത്ത അനുയായിയും ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയുമായ മുകുൾ റോയിക്കൊപ്പം നാരദ കേസിൽ സുവേന്ദയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മമത ആരോപിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ പേര് വെളിപ്പെടുത്താൻ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തിൽ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവർത്തനമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും മമത കഴിഞ്ഞ ദിവസം ഒരു റാലിയിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് പാർട്ടി അധികാരത്തിലേറിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന ബിജെപിനേതാവിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് വിവാദ പ്രസ്താവനയുമായി രം​ഗത്തെത്തിയത്. ദുർഗാപൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പശ്ചിമ ബംഗാളിൽ ഈ ദിവസങ്ങളിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, സംസ്ഥാനത്ത് ഗുണ്ടാരാജല്ലേ നിലനിൽക്കുന്നത്? പൊലീസ് ആർക്ക് നേരെയും സഹായത്തിന്റെ ഹസ്തം നീട്ടുന്നില്ല. ഇത്തരക്കാരായ പൊലീസുകാരെ എന്തുചെയ്യണം?, ബിജെപി അധികാരത്തിൽ വന്നാൽ ഇവരെ കൊണ്ട് ബൂട്ട് നക്കിക്കും' - രാജു ബാനർജി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ മോശമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ കുറ്റപ്പെടുത്തിയിരുന്നു. "ബംഗാളിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടെങ്കിലും സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിലെ സ്ത്രീ സുരക്ഷയും സുരക്ഷയും ഏറ്റവും മോശമാണ്. ക്രമസമാധാന സ്ഥിതി സംസ്ഥാനത്ത് പൂർണ്ണമായും തകർന്നിട്ടുണ്ട്,"- കൈലാഷ് വിജയ്‌വർഗീയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജു ബാനർജി രംഗത്തുവന്നത്. സംസ്ഥാനത്ത് 2011 മുതൽ തൃണമൂൽ സർക്കാരാണ് ഭരിക്കുന്നത്. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവർഷം ഏപ്രിൽ മെയ് മാസത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP