Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പഞ്ചാബിൽ നിന്നുള്ള കർഷകരെ കടത്തിവിടില്ലെന്നുറപ്പിച്ച് ഹരിയാന സർക്കാർ; ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചിട്ടും പിന്മാറാതെ കർഷകർ; അവരെ കടന്നുപോകാൻ അനുവദിക്കൂ എന്ന് ഹരിയാന മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്; ബാരിക്കേഡുകൾ എടുത്ത് പുഴയിലെറിഞ്ഞും കർഷകരുടെ സമരാവേശം

പഞ്ചാബിൽ നിന്നുള്ള കർഷകരെ കടത്തിവിടില്ലെന്നുറപ്പിച്ച് ഹരിയാന സർക്കാർ; ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചിട്ടും പിന്മാറാതെ കർഷകർ; അവരെ കടന്നുപോകാൻ അനുവദിക്കൂ എന്ന് ഹരിയാന മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്; ബാരിക്കേഡുകൾ എടുത്ത് പുഴയിലെറിഞ്ഞും കർഷകരുടെ സമരാവേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി മാർച്ചിനെ അതിർത്തിയിൽ തടഞ്ഞ് ​ഹരിയാന സർക്കാർ. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അംബാലയ്ക്ക് സമീപം ശംഭു ബോർഡറിലാണ് പൊലീസ് കർഷകരെ തടഞ്ഞത്. മാർച്ചിൽ പങ്കെടുത്ത കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിനിടെ കർഷകർ ബാരിക്കേഡുകൾ തള്ളിമാറ്റി. ഇതിനിടെ ചിലർ ബാരിക്കേഡുകൾ ജഗ്ഗാർ നദിയിലേയ്‌ക്ക്‌ തള്ളിയിട്ടു. മധ്യപ്രദേശിൽനിന്നെത്തിയ കർഷകരെ ആഗ്രയിൽ തടഞ്ഞു. രാജസ്ഥാൻ, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരെ വിവിധ കേന്ദ്രങ്ങളിൽ തടഞ്ഞതിനെതുടർന്ന്‌ അവർ റോഡുകളിൽ കുത്തിയിരുന്നു. ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു.

ഹരിയാന സർക്കാർ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രം​ഗത്തെത്തി. ഭരണഘടനാ ദിനമായ ഇന്ന് പ്രതിഷേധിച്ച കർഷകരെ തല്ലിച്ചതച്ച പൊലീസ് നടപടി വിരോധാഭാസമാണെന്ന് അമരീന്ദൻ സിങ് ചൂണ്ടിക്കാട്ടി. ഭരണഘടന ദിനമായ ഇന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ ഭരണഘടനാപരമായ അവകാശം ഈ രീതിയിൽ അടിച്ചമർത്തപ്പെടുന്നത് എത്ര ദുഃഖകരമാണ്. എന്തൊരു വിരോധാഭാസമാണ് ഇത്. എം.എൽ ഖട്ടർ ജി, ദയവുചെയ്ത് അവരെ കടന്നുപോകാൻ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമർത്താതിരിക്കൂ. സമാധാനപരമായി അവരെ ഡൽഹിയിലേക്ക് കടത്തിവിടൂ’ - അമരീന്ദർ സിങ് ട്വിറ്റ് ചെയ്തു. ‘രാജ്യത്തെ ഊട്ടുന്ന അവരുടെ കൈകൾ ചേർത്തുപിടിക്കണം. തള്ളിമാറ്റുകയല്ല വേണ്ടത്’ മറ്റൊരു ട്വീറ്റിൽ അമരീന്ദർ സിങ് ബിജെപിയോട് ആവശ്യപ്പെട്ടു.

കർഷകരെ കടത്തിവിടാതിരിക്കാൻ പഴുതടച്ച സന്നാഹങ്ങൾ

ഡൽഹിയിലേയ്‌ക്കുള്ള അഞ്ച്‌ റോഡുകളും അടച്ചാണ്‌ കർഷകർ എത്തുന്നത്‌ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചത്‌. പഞ്ചാബിൽനിന്നുള്ള കർഷകരുടെ മാർച്ച്‌ തടയാൻ പഞ്ചാബ്‌–-ഹരിയാന അതിർത്തിയിൽ വിപുലമായ സന്നാഹമാണ് ഒരുക്കിയിരുന്നത്. പലതട്ടിലുള്ള ബാരിക്കേഡുകൾക്ക്‌ പുറമെ സിആർപിഎഫ്‌, ബിഎസ്‌എഫ്‌, ദ്രുതകർമ സേന വിഭാഗങ്ങളെയും നിയോഗിച്ചു. ജലപീരങ്കിയും കണ്ണീർവാതകവും മണിക്കൂറുകൾ പ്രയോഗിച്ചിട്ടും കർഷകർ പതറിയില്ല. ഇതിനിടെ, പ്രമുഖ നേതാക്കളെയെല്ലാം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

സ്വരാജ് അഭിയാൻ നേതാവും സാമൂഹ്യ പ്രവർത്തകനുമായ യോഗേന്ദ്ര യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിൽ വച്ചാണ് യോഗേന്ദ്ര യാദവിന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിനൊപ്പം പ്രതിഷേധിച്ച കർഷകരേയും പൊലീസ് പിടിച്ചുകൊണ്ടു പോയി. മൊകാൽവാസ് ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്.ഞങ്ങളുടെ എല്ലാ സഖാക്കളെയും മൊകാൽവാസ് ഗ്രാമത്തിലെ സ്‌കൂളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അവിടെ തങ്ങളെ പൂട്ടിയിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റുചെയ്തു.

ജന്തർ മന്തറിൽ വെച്ച് അഖിലേന്ത്യ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദിനെ പൊലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു. അഖിലേന്ത്യാ കിസാൻ ഖാറ്റ് ലേബർ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാംകുമാർ, ഡെപ്യൂട്ടി പ്രധാൻ വിജയ് കുമാർ, സെൻട്രൽ ലേബർ ഓർഗനൈസേഷൻ-എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര സിങ് എന്നിവരെയും അറസ്റ്റ്‌ ചെയ്‌തു. കർഷകപ്രക്ഷോഭത്തിനു പിന്തുണയുമായി എത്തിയ എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ സുമിത്‌, ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ എന്നിവരെയും കസ്‌റ്റഡിയിൽ എടുത്തു.

ഇത് വലിയ തെറ്റാണ്: അരവിന്ദ് കെജ്രിവാൾ

കേന്ദ്രത്തിന്റെ കാർഷിക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ തടയുന്നത് വലിയ തെറ്റാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ട്വിറ്ററിലൂടെയാണ് കർഷക സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ അവതരിപ്പിച്ച് മൂന്ന് ബില്ലുകളും കർഷക വിരുദ്ധമാണ്. അവ പിൻവലിക്കുന്നതിന് പകരം സമാധാനപരമായി സമരം നടത്തുന്നതിൽ നിന്നും കർഷകരെ തടയുകയാണ്.അവർക്ക് നേരെ ജലപീരങ്കികൾ പ്രയോഗിക്കുകയാണ്. ഇത് വലിയ തെറ്റാണ്, സമാധാനപരമായി പ്രതിഷധിക്കാനുള്ളത് ഭരണഘടന നൽകുന്ന അവകാശമാണ്. കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

രൂക്ഷ വിമർശനവുമായി കനയ്യ കുമാർ

കർഷക മാർച്ച് പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് കനയ്യ കുമാർ രം​ഗത്തെത്തി. അതിർത്തിയിൽ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാർക്കും സഹോദരങ്ങൾക്കും നേരെയാണ് സർക്കാർ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററിൽ കുറിച്ചു. ‘അതിർത്തിയിൽ വെടിയേറ്റു വാങ്ങുന്ന ആ മക്കളുടെ അച്ഛന്മാർക്കും സഹോദരന്മാർക്കും നേരെ ഇവിടുത്തെ സർക്കാർ ഈ കഠിനമായ തണുപ്പു കാലത്തും ജലപീരങ്കികൾ ഉപയോഗിക്കുകയാണ്. ആദ്യം തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ ഇല്ലാതാക്കി. ഇപ്പോൾ അവരുടെ പുറത്ത് ലാത്തികൊണ്ടടിക്കുന്നു. എന്നിട്ടും ഇവർക്കൊന്നും ഒരു നാണക്കേടും തോന്നുന്നില്ല.’ - കനയ്യ കുമാർ ട്വിറ്ററിൽ എഴുതി.

സ്ഥി​ഗതികൾ വഷളാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ മെട്രോസ്‌റ്റേഷനുകൾ അടച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകളെ വിന്യസിച്ചു. മോദിസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന കാർഷികനയങ്ങൾക്കെതിരായ അതിശക്തമായ പ്രക്ഷോഭത്തിനാണ്‌ രാജ്യതലസ്ഥാനത്ത്‌ ഇന്ന്‌ തുടക്കമായത്‌. ഡൽഹിയിൽ റാലിക്ക്‌ പൊലീസ്‌ അനുമതി നിഷേധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ തലസ്‌ഥാനത്തേക്ക്‌ എത്തികൊണ്ടിരിക്കുകയാണ്‌. ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദി കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേന്ദ്രം പാസാക്കിയ മൂന്ന്‌ കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം.

​പ്രക്ഷോഭത്തെ അടിച്ചമർത്താൻ നേരത്തേ ഉറച്ച് ഹരിയാന

സംസ്ഥാനത്തൊട്ടാകെയുള്ള 32 കർഷക നേതാക്കളെ ഹരിയാന പൊലീസ് തിങ്കളാഴ്‌ച്ച രാത്രിമുതൽ ചൊവ്വാഴ്‌ച്ച വരെ അറസ്റ്റ് ചെയ്തിരുന്നു. നവംബർ 26, 27 തിയ്യതികളിലാണ് ‘ഡൽഹി ചലോ’ പ്രക്ഷോഭം ആഹ്വാനം ചെയ്തത്. അറസ്റ്റുകളെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിവിധ കർഷക കൂട്ടായ്മകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിക്കപ്പെട്ടതുപോലെ തന്നെ നടക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചിരുന്നു.

രാജ്യത്തൊട്ടാകെയുള്ള അഞ്ഞൂറിലധികം കർഷക സംഘടനകൾ ചേർന്നാണ് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ മുൻകൈയിൽ ദ്വിദിന പ്രതിഷേധം ജന്തർ മന്തറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ നവംബർ 26 ന് രാവിലെ അഞ്ച് പോയിന്റുകളിൽ ഒത്തുകൂടി ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP