Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടംകൈ ഗോൾ ഫോക്ക്ലൻഡ് യുദ്ധത്തിൽ ബ്രിട്ടനുള്ള മറുപടിയെന്ന് പ്രഖ്യാപനം; മയക്കുമരുന്നിന് അടിമപ്പെട്ട താരത്തെ ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്ട്രോ; ക്യൂബൻ വിപ്ലവ സിംഹം മരിച്ചുവെന്ന വിദേശ പത്രങ്ങളുടെ അഭ്യൂഹം പൊളിച്ചത് ഡീഗോ; ഒടുവിൽ മരണവും കാസ്ട്രോയുടെ അതേ ദിനത്തിൽ

ഇടംകൈ ഗോൾ ഫോക്ക്ലൻഡ് യുദ്ധത്തിൽ ബ്രിട്ടനുള്ള മറുപടിയെന്ന് പ്രഖ്യാപനം; മയക്കുമരുന്നിന് അടിമപ്പെട്ട താരത്തെ ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്ട്രോ; ക്യൂബൻ വിപ്ലവ സിംഹം മരിച്ചുവെന്ന വിദേശ പത്രങ്ങളുടെ അഭ്യൂഹം പൊളിച്ചത് ഡീഗോ; ഒടുവിൽ മരണവും കാസ്ട്രോയുടെ അതേ ദിനത്തിൽ

മറുനാടൻ ഡെസ്‌ക്‌

 ബ്യൂണസ് അയേൺസ്: കളിക്കളത്തിലെ ദൈവവും വ്യക്തിജീവിതത്തിൽ സാത്താനും ആയിരുന്നെങ്കിലും എക്കാലവും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ എടുത്തിരുന്ന വ്യക്തിയായിരുന്നു ഡീഗോമാറഡോണ. കളിക്കളത്തിൽ പ്രതിരോധനിരയെ ഡ്രിബിൾ ചെയ്യുന്ന അതേ വീര്യത്തോടെ രാഷ്ട്രീയ നിലപാടും അദ്ദേഹം ഉയർത്തിപ്പിച്ചു. ഇടത് രാഷ്ട്രീയത്തോടൊപ്പം നിന്ന് അധിനിവേശ മോഹികൾക്കെതിരെ മറഡോണ തുറന്നടിച്ചു. 86 ലെ കുപ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോൾ ഓർമ്മയില്ലേ. ഫോക്ലൻഡ്് ദ്വീപിലെ ബ്രിട്ടീഷ് അധിനിവേശത്തിനുള്ള പ്രതികാരമെന്നാണ് ഇടങ്കയ്യൻ ഗോളിനെ മറഡോണ വിശേഷിപ്പിച്ചത്.

അർജന്റീനയും ബ്രിട്ടനും തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണ് ഫോക്ക്‌ലാൻഡ്സ് യുദ്ധം. ഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി. ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. 74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു കാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു. ഈ ചെയ്തികൾക്കെല്ലാം കാരണക്കാരനായ ബ്രിട്ടനുള്ള മറുപടിയാണ് തന്റെ കൈ കൊണ്ടുള്ള ഗോൾ എന്നാണ് മറാഡോണ പറഞ്ഞത്.

ഫുട്ബോൾ അയാൾക്ക് കളി മാത്രമായിരുന്നില്ല, ദേശീയതയും അധിനിവേശ വിരുദ്ധതയും എല്ലാം ചേർന്ന യുദ്ധമുഖമായിരുന്നു. കളി കച്ചവടമായപ്പോഴും തന്റെ രാഷ്ട്രീയം പറയാൻ അദ്ദേഹം മടിച്ചില്ല. ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ ഡീഗോക്ക് പിതൃ തുല്യനായിരുന്നു. കയ്യിൽ ചെഗുവേരയെയും കാലിൽ ഫിഡലിനെയും ചേർത്തുവെച്ചു. വെനസ്വേലയിൽ ഹ്യൂഗോ ഷാവെസ് നയിച്ച അമേരിക്കൻ വിരുദ്ധ പോരാട്ടങ്ങൾക്കും പിന്തുണ നൽകി. കൊക്കെയിന്റെ ലോകത്തേക്ക് വഴി തെറ്റിയ ഡീഗോയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്ട്രോയാണ്. 1986 മുതൽ കാസ്ട്രോ മരിക്കും വരെ തുടർന്നു ആ സൗഹൃദം. നാല് വർഷം മുൻപ് ഇതുപോലൊരു നവംബർ 25നാണ് കാസ്ട്രോ ഈ ലോകത്തോട് വിടപറയുന്നത്. മറ്റൊരു നവംബർ 25ന് ഡീഗോയുടെ ഇതിഹാസ തുല്യമായ ജീവിതത്തിനും ലോങ് വിസിൽ മുഴങ്ങിയത് യാദൃശ്ചികമാകാം.

കാസ്ട്രോയെപ്പറ്റി മാറഡോണ പറഞ്ഞത് ഇങ്ങനെ

'പെട്ടെന്ന് നിർവചിക്കാൻ കഴിയാത്ത വൈകാരികത നിറഞ്ഞ ബന്ധമായിരുന്നു ഫിദലും ഞാനും തമ്മിൽ. ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണ്. അദ്ദേഹം എനിക്ക് അതിനുമേലെ. അപാര സിദ്ധികളുണ്ടായ മനുഷ്യത്വത്തിന്റെ മഹാവ്യക്ഷമായിരുന്നു ഫിദൽ. ഒരു കൊടുങ്കാറ്റിനും ഇളക്കാനാവാത്ത ആ നിശ്ചയദാർഢ്യത്തിനുമുന്നിൽ ലോകത്തെപ്പോലെ ഞാനും വിസ്മയം കൂറി നിന്നിട്ടുണ്ട്. എന്റെ സുഹൃത്തും പിതാവും സഖാവും പ്രതീക്ഷയും ആവേശവുമൊക്കെയായിരുന്നു അദ്ദേഹം.''..ഫിദൽ കാസ്ട്രോയെ പറ്റി മാറഡോണ എഴുതിയത് ഇങ്ങനെയാണ്.

'എനിക്ക് ആത്മകഥയിലൂടെ ലോകത്തോട് സംസാരിക്കാൻ വഴിയൊരുക്കിയത് സോക്കറാണ്. പക്ഷേ ഞാൻ കടപ്പെട്ടിരിക്കുന്നത് ജീവിതം തിരികെ നൽകിയ ക്യൂബൻ ജനതയോടും ഫിദലിനോടും. അത്യന്തം പ്രയാസം നിറഞ്ഞ സമയത്ത് അവർ കാണിച്ച സ്നേഹം അമൂല്യമാണ്. ആ രാജ്യത്തെ ഏറെ ആദരിക്കുന്നു. എന്നോടു മാത്രമല്ല, മാനവരാശിയോടാകെ അവർ കാട്ടുന്ന ആഭിമുഖ്യം വിസ്മയകരമാണ്. 2005 ഒക്ടോബർ 24ന് അർജന്റീനിയൻ ടെലിവിഷനിൽ ഫിദലുമായി ഞാൻ ചെയ്ത അഭിമുഖം മറക്കാനാവില്ല. അഞ്ചു മണിക്കൂർ നീണ്ട അതിൽ സർവ വിഷയങ്ങളും വന്നു. എന്നാൽ പ്രേക്ഷകർക്ക് അഞ്ചു നിമിഷംപോലെയേ അനുഭവപ്പെട്ടുള്ളൂ. ടെൻസ് നൈറ്റ് എന്ന പരിപാടിയിൽ ഫുട്ബോൾ ഇതിഹാസം പെലെ, പോപ്പ് താരം റോബി വില്യംസ് എന്നിവരടക്കം അതിഥികളായെത്തി. ഫിദൽ വന്നതോടെ കൂടുതൽ ജനപ്രിയമായി. ചർച്ചചെയ്യപ്പെട്ട വിഷയങ്ങളുടെ വൈപുല്യം, ആഴം, നർമശരങ്ങൾ എന്നിവ അതിന് മാറ്റുകൂട്ടി. സമകാലിക ലോകരാഷ്ട്രീയം സമഗ്രമായി വിലയിരുത്തിയ ഫിദൽ ക്യൂബയോടുള്ള സ്േനഹത്തിന്റെ പേരിൽ എന്റെ ജീവനും അപകടത്തിലാണെന്ന് തുറന്നടിച്ചു.

ക്യൂബൻ ബേസ്ബോൾ കളിക്കാരെ ലേലംചെയ്തിരുന്നെങ്കിൽ ക്യൂബ സമ്പന്നമാവുമായിരുന്നേനെയെന്ന് പറഞ്ഞ ഫിദൽ, അമേരിക്കയിൽ അവരെ ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. കാരണം ചെലവ് കൂടുതലാണ്. മൂന്നാംലോകത്ത് കുറഞ്ഞ ചെലവിൽ സമ്പന്ന രാഷ്ട്രങ്ങൾക്ക് ആവശ്യമായ പ്രതിഭകളെ വാർത്തെടുക്കുന്നുവെന്നും വിശദീകരിച്ചു. മയക്കുമരുന്ന് വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും തകർക്കുന്നുവെന്ന് വിശദീകരിച്ച ഫിദൽ കൊളംബിയയടക്കം നേരിടുന്ന ദുരന്തം അടിവരയിട്ടു. ലഹരിമരുന്ന് കൃഷിയുടെ ഉപഭോക്താക്കൾ അമേരിക്കയിലാണ്. ആഭ്യന്തരയുദ്ധം പ്രോത്സാഹിപ്പിക്കുന്നതും അവർതന്നെ. കൊളംബിയൻ കർഷകർ ഭക്ഷ്യധാന്യങ്ങൾ കൃഷിചെയ്യുന്നില്ല. കൊക്കൈയിൻ ഉൽപാദിപ്പിക്കുകയാണ്. ദക്ഷിണ അമേരിക്കയിൽ അസ്വാസ്ഥ്യം തുടരുന്നത് യു എസ് ഇടപെടൽ നിമിത്തമാണെന്നും പറഞ്ഞു. ക്യൂബ സംരക്ഷിക്കപ്പെടേണ്ട ഒരു മാതൃകയാണ്. എന്റെ രാജ്യം നശിക്കുകയാണ്. വിദ്യാഭ്യാസമില്ല, ആഹാരമില്ല, ആരോഗ്യമില്ല എന്നൊക്കെ ഞാൻ രോഷംകൊണ്ടപ്പോൾ ഫിദൽ ആശ്വസിപ്പിച്ചു. അർജന്റീനയിൽ കാര്യങ്ങൾ ശരിയായിവരും, ചെറുത്തുനിൽപ്പിന് ശേഷിയുള്ള ജനതയാണ് ഞങ്ങളുടേതെന്നുമുള്ള ശുഭാപ്തി വിശ്വാസം നിറച്ചാണ് ആ വാക്കുകൾ അവസാനിച്ചത്.

ഞാൻ ആരോഗ്യപ്രശ്നം നേരിട്ടപ്പോൾ രക്ഷാകരങ്ങൾ നീട്ടിയത് ഫിദലാണ്. ചികിത്സക്കായി ക്യൂബയിലേക്ക് ക്ഷണിച്ചു. അവിടെനിന്ന് ലഭിച്ച സ്നേഹവും സാന്ത്വനവും എന്നെ പുതിയ മനുഷ്യനാക്കി. ഫിദലിന്റെ പ്രോത്സാഹനവും പ്രചോദനവും ജീവിതം നശിച്ചിട്ടില്ലെന്നും ഇനിയും ചെയ്തുതീർക്കാനുണ്ടെന്നും ബോധ്യപ്പെടുത്തി. പെട്ടെന്ന് നിർവചിക്കാൻ കഴിയാത്ത വൈകാരികത നിറഞ്ഞ ബന്ധമായിരുന്നു ഞങ്ങളുടേത്. ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയാറുണ്ട്. അദ്ദേഹം എനിക്ക് അതിനുമേലെയാണ്. അപാര സിദ്ധികളുണ്ടായ മനുഷ്യത്വത്തിന്റെ മഹാവൃക്ഷമായിരുന്നു ഫിദൽ. ഒരു കൊടുങ്കാറ്റിനും ഇളക്കാനാവാത്ത ആ നിശ്ചയദാർഢ്യത്തിനുമുന്നിൽ ലോകത്തെപ്പോലെ ഞാനും വിസ്മയംകൂറിയിട്ടുണ്ട്.സുഹ്യത്തും പിതാവും സഖാവും പ്രതീക്ഷയും ആവേശവുമൊക്കെയായിരുന്നു ഫിദൽ. അദ്ദേഹം ആരോഗ്യവാനായഘട്ടംവരെ ഏതു സമയത്തും ഫോണിൽ വിളിക്കാവുന്ന സ്വാതന്ത്യ്‌രമുണ്ടായി. പ്രത്യേക സന്ദർഭങ്ങളിൽ എന്നെയും വിളിച്ചു. വെനിസ്വേലയെയും ഷാവേസിനെയും പിന്തുണച്ച എന്റെ നിലപാടിനെ അഭിനന്ദിച്ച് ഫോണിൽ ദീർഘനേരം സംസാരിക്കുകയുണ്ടായി.

തെലെസൂറിൽ ചാനലിൽ ഞാൻ നടത്തിയ 2014 ലോകക്കപ്പ് അവലോകനത്തിന്റെ സ്ഥിരം കാഴ്ചക്കാരനായിരുന്നു ഫിദൽ. ഒരു ദിവസം വിളിച്ച് അഭിനന്ദിച്ചു. തീർന്നില്ല, മികച്ച പ്രകടനം പുറത്തെടുത്ത ലയണൽ മെസിയെ അഭിവാദ്യംചെയ്യുന്നതായി അറിയിക്കാനും പറഞ്ഞു. ആ പ്രതിഭയുടെ കേളീശൈലി അദ്ദേഹം ഹ്യദയത്തിൽ പ്രതിഷ്ഠിച്ചപോലെയായിരുന്നു. മികച്ച അത്ലീറ്റും പ്രശസ്ത ബേസ്ബോൾ കളിക്കാരനുമായിരുന്ന ഫിദലിന്റെ വാക്കുകളിൽ പ്രത്യേക ഊർജസ്വലത മുറ്റിനിന്നു. 2015 ജനുവരിയിൽ അദ്ദേഹം എനിക്കൊരു കത്തെഴുതി. ആരോഗ്യം മുൻനിർത്തി മാധ്യങ്ങൾ വീണ്ടും കള്ളക്കഥ പ്രചരിപ്പിച്ച ഘട്ടം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് ചൂണ്ടി മരണം പ്രഖ്യാപിച്ചു.ഫിദൽ ഒപ്പിട്ടുനൽകിയ ആ കത്ത് ഞാൻ മാധ്യമങ്ങൾകുമുന്നിൽ വെച്ചതോടെയാണ് ഗൂഢാലോചന പൊളിഞ്ഞത്. ഒടുവിലിതാ അത് സംഭവിച്ചിരിക്കുന്നു. ഭൂമിയിലെ നക്ഷത്രം...'- കാസ്ട്രോ മരിച്ചപ്പോൾ മാറഡോണ എഴുതിയത് ഇങ്ങനെ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP