Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് എവിടെപ്പോയാലും ഇരുകൈകളിലും വാച്ച് കെട്ടും; ഒന്നിൽ അർജന്റീനിയൻ സമയവും മറ്റേതിൽ തദ്ദേശീയ സമയവും; ഫുട്ബോൾ കൊണ്ട് കേക്കുണ്ടാക്കിയാൽ പോലും അത് മുറിക്കാൻ കൂട്ടാക്കില്ല; ക്യൂബൻ ചുരുട്ടും മെക്സിക്കൽ ടെക്വിലയും ഏറെ പ്രിയപ്പെട്ടത്; പ്രണയങ്ങളും ബന്ധങ്ങളും ക്ഷിപ്രം; മാറഡോണയുടെ വിചിത്ര രീതികൾ ഇങ്ങനെ

ലോകത്ത് എവിടെപ്പോയാലും ഇരുകൈകളിലും വാച്ച് കെട്ടും; ഒന്നിൽ അർജന്റീനിയൻ സമയവും മറ്റേതിൽ തദ്ദേശീയ സമയവും; ഫുട്ബോൾ കൊണ്ട് കേക്കുണ്ടാക്കിയാൽ പോലും അത് മുറിക്കാൻ കൂട്ടാക്കില്ല; ക്യൂബൻ ചുരുട്ടും മെക്സിക്കൽ ടെക്വിലയും ഏറെ പ്രിയപ്പെട്ടത്;  പ്രണയങ്ങളും ബന്ധങ്ങളും ക്ഷിപ്രം; മാറഡോണയുടെ വിചിത്ര രീതികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ബ്യൂണസ് അയേൺസ്: കളിക്കളത്തിൽ അങ്ങേയറ്റം പുലിയായിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ അങ്ങേയറ്റം വികാര ജീവിയായിരുന്നു അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണ. അദ്ദേഹത്തിന്റെ മരണത്തോടെ ലോകമെമ്പടുമുള്ള ആരാധകർ പങ്കുവെക്കുന്നത് ഡീഗോയുടെ ഈ വിചിത്ര രീതികളാണ്. ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായിരുന്നു അദ്ദേഹം എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. വിശ്വാസത്തിൽ എടുത്തുകഴിഞ്ഞാൽ ആർക്കും അദ്ദേഹത്തെ പറ്റിക്കാവുന്ന അവസ്ഥയായിരുന്നു. സെക്കൻഡുകൾ കൊണ്ട് മൂഡ് മാറുന്ന പ്രകൃതം. ആസ്ട്രേലിയൻ മാധ്യമ പ്രവർത്തകനായ സ്റ്റീവ് ലാക്ക് പറയുന്നത്, തങ്ങൾ സംസാരിച്ചുകൊണ്ടിരിക്കേ 86ലെ ലോകകപ്പ് വിജയം ചോദിച്ചപ്പോൾ ഡീഗോ തുള്ളിച്ചാടിയാണ് മറുപടി പറഞ്ഞതെന്നാണ്. അതുപോലെ 94ൽ ഉത്തേജക വിവാദത്തിൽപെട്ട് പുറത്തായത് ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. ആ ഗുഡാലോചനക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് പറഞ്ഞ്, തൊട്ടുമുന്നിലുണ്ടായിരുന്നു ബിയറും മറ്റും തട്ടിമറിച്ചിട്ട് അലറി.

മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രശ്നങ്ങും കളിയിൽ നിന്ന് വിരമിച്ച ആദ്യകാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. നന്നായി മദ്യപിക്കുകയും ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. ടെക്വില എന്ന മെക്സിക്കൻ മദ്യമായിരുന്നു ഏറെ പ്രിയപ്പെട്ടത്. ഒപ്പം ക്യൂബൻ ചുരുട്ടുകളും. ഇങ്ങനെ വലിക്കരുതെന്നും കുടിക്കരുതെന്നും ഡോക്ടർമാർ പലതവണ ആവശ്യപ്പെട്ടിട്ടും ഡീഗോ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണവും ഇങ്ങനെ ഉണ്ടായതാണെന്നാണ് വിലയിരുത്തൽ. അതുപോലെ തന്നെയായിരുന്നു ഡീഗോക്ക് ബന്ധങ്ങളും. വളരെ പെട്ടന്ന് അദ്ദേഹം പ്രണയത്തിൽ ഏർപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറഡോണക്ക് എത്ര കാമുകിമാരും മക്കളും ഉണ്ടെന്ന് ചോദിച്ചാൽ അദ്ദേഹത്തിന് തന്നെ വ്യക്തതയുണ്ടാവില്ല. ഔദ്യോഗികമായി അംഗീകരിച്ചത് നാലു സ്ത്രീകളിൽ ജനിച്ച അഞ്ചുകുട്ടികളെയാണ്. ഇതിനുപുറമെ നാലുകുട്ടികൾ മാറഡോണയുടെ മക്കളാണെന്ന് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി വലിയ തർക്കവും ഉണ്ടാവാൻ ഇടയുണ്ട്.

ഇരുകൈയിലും വാച്ച്

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ കളിക്കളത്തിന് പുറത്തുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം ഇരു കയ്യിലും വാച്ച് ധരിച്ചിരിക്കുന്നത് കാണാം. ആളുകൾക്ക് ഏറെ കൗതുകമുണർത്തിയ കാര്യമായിരുന്നു ഇത്. 2012 ൽ മറഡോണ കേരളത്തിലെത്തിയപ്പോഴും ഇരുകയ്യിലും കറുത്ത നിറമുള്ള വാച്ചുകൾ ധരിച്ചിരുന്നു.എന്തിനാണ് മറഡോണ ഇരുകയ്യിലും വാച്ച് കെട്ടുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. അർജന്റീനയ്ക്ക് പുറത്തുപോകുന്ന സമയങ്ങളിലാണ് അദ്ദേഹം ഈ രീതിയിൽ ഇരു കയ്യിലും വാച്ചുകൾ കെട്ടാറുള്ളത്. ഒരു വാച്ചിൽ അർജന്റീനയിലെ തന്റെ ജന്മസ്ഥലത്തെ സമയവും മറ്റേ വാച്ചിൽ താൻ ചെന്നെത്തിയ സ്ഥലത്തെ സമയവുമായിരിക്കും ഉണ്ടാവുക.

സെക്കന്റുകളുടെ അംശങ്ങൾക്ക് പോലും വലിയ പ്രാധാന്യമുള്ള കളിക്കളത്തിലെ താരത്തിന് സമയത്തെക്കുറിച്ചുള്ള കൃത്യതകൊണ്ടാണിതെന്നും അതല്ല, ലോകത്തിലെവിടെ സഞ്ചരിക്കുമ്പോഴും അർജന്റീനയെ ഉള്ളിൽ സൂക്ഷിക്കുന്ന താരത്തിന്റെ മനസ്സുകൊണ്ടാണെന്നും ഒക്കെയുള്ള വിലയിരുത്തലുകൾ ഇക്കാര്യത്തിലുണ്ട്. മികച്ച കമ്പനികളുടെ ആഡംബര വാച്ചുകളായിരുന്നു മറഡോണ ധരിച്ചിരുന്നത്.

ഫുട്ബോൾ ശരീരത്തിന്റെ അവയവം പോലെ

ഫുട്ബോൾ രൂപത്തിൽ കേക്ക് ഉണ്ടാക്കിയാലും അത് കട്ടുചെയ്യാൻ പോലും മാറഡോണക്ക് കഴിയില്ലായിരുന്നു. പന്ത് അദ്ദേഹത്തിന് അത്രക്ക് പ്രിയപ്പെട്ടതാണ്. 2012 ൽ കണ്ണൂരിലെ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നുചെമ്മണ്ണൂർ ജൂവലറിയുടെ ഉദ്ഘാടത്തിനായി കേരളത്തിലെത്തിയ മറഡോണയുടെ പിറന്നാളാഘോഷത്തിലും ഇതാണ് സംഭവിച്ചത്. ഇതിഹാസ താരം വരുമെന്നറിഞ്ഞ് പുലർച്ചെ നാല് മണി മുതൽ തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് നിൽക്കുകയായിരുന്നു. മറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവ് ആഘോഷങ്ങൾകൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം പൊരിവെയിലിൽ താരത്തിനായി കാത്തുനിന്ന ജനക്കൂട്ടം ഇളകി മറിഞ്ഞു. ഉച്ചത്തിൽ 'ഡീഗോ... ഡീഗോ...' എന്ന ഹർഷാരവങ്ങൾ മുഴങ്ങി.

കണ്ണൂരിന്റെ അതിരറ്റ സ്‌നേഹത്തിൽ മറഡോണയും ആവേശഭരിതനായി. കേരളത്തിന്റെ ഫുട്‌ബോൾ മാന്ത്രികനും മറഡോണയുടെ കടുത്ത ആരാധകനുമായ ഐ.എം വിജയനോടൊപ്പം പന്തുകളിച്ചു. പരിപാടിയുടെ അവതാരികയായിരുന്ന രഞ്ജിനി ഹരിദാസിനോടൊപ്പം ചേർന്ന് നൃത്തം ചെയ്തു.വേദി വിടുന്നതിന് മുമ്പ് ഫുട്‌ബോളിന്റെയും മൈതാനത്തിന്റെയും രൂപത്തിൽ തയ്യാറാക്കിയ കേക്ക് മറഡോണയുടെ മുന്നിലെത്തി.

വേദിയിലുണ്ടായിരുന്ന ജനപ്രതിനിധികളെയും സംഘാടകരെയും ചുറ്റിലും നിൽക്കുന്ന അസംഖ്യം ജനക്കൂട്ടത്തെയും ചേർത്തുനിർത്തി മറഡോണ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു. ഫുട്‌ബോളിന്റെ രൂപത്തിലുള്ള കേക്കിൽ പക്ഷേ മറഡോണ കത്തിവെച്ചില്ല. മറഡോണയ്ക്ക് ഫുട്‌ബോൾ ഹൃദയമായിരുന്നു. ഇഎസ്‌പിഎൻ ടിവി ചാനലിനുകൊടുത്ത ഒരു അഭിമുഖത്തിൽ മാറഡോണ പറഞ്ഞത് ഫുട്ബോൾ എനിക്ക് ശരീരത്തിലെ ഒരു അവയവം പോലെയാണെന്നും അത് മുറിക്കാൻ പറ്റില്ല എന്നും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP