Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര ഏജൻസികളെ അസ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമം; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപി- സിപിഎം ഒത്തുകളി; സി.എം.രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

കേന്ദ്ര ഏജൻസികളെ അസ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമം; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപി- സിപിഎം ഒത്തുകളി; സി.എം.രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർത്ത് അസ്ഥിരപ്പെടുത്താനും സർക്കാരും സിപിഎമ്മും ശ്രമിക്കുന്നെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര അന്വേഷണ ഏജൻസികളെ പിന്നോട്ടു വലിക്കാൻ ശ്രമം നടക്കുന്നു.സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വതന്ത്രവും നിർഭയവുമായി കേസ് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കണം.ഇതിനു മുമ്പും താൻ ഈ ആക്ഷേപം ഉന്നയിച്ചതാണ്. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം ദുരൂഹമാണ്. സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ നടപടികളിൽ വിചാരണ കോടതിപോലും സംശയം പ്രകടിപ്പിച്ചു.

എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ അദ്ദേഹത്തിന്റെ പേരും വഹിച്ചിരുന്ന പദവിയും കൃത്യമായി രേഖപ്പെടുത്താനും അറസ്റ്റ് ചെയ്ത സാഹചര്യം തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയെ ബോധ്യപ്പെടുത്താനും കസ്റ്റംസ് മടിക്കുന്നു. ഗുരുതരമായ കൃത്യവിലോപമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇത് ആർക്കുവേണ്ടിയാണെന്ന് പരിശോധിക്കണം. അഖിലേന്ത്യ ബിജെപി നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്വർണ്ണക്കടത്തിൽ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റംസിന് പുറമെ ഇഡി,എൻഐഎ,സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളും അന്വേഷണ രംഗത്തുണ്ടെങ്കിലും അന്വേഷണത്തിന്റെ പോക്ക് വളരെ മന്ദഗതിയിലാണ്. അൽപ്പമെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത് എൻഫോഴ്സ്മെന്റ് ഡയക്ടേറ്റിന് മാത്രമാണ്.ഇതിൽ നിന്നും സിപിഎം - ബിജെപി ഒളിച്ചുകളി പ്രകടമാണ്. അല്ലെങ്കിൽ താൻ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാൻ ബിജെപി ദേശീയ നേതൃത്വം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരം

മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരം.അന്വേഷണത്തിൽ രക്ഷപെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താൽ വലിയ രഹസ്യങ്ങൾ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലിൽ പോകേണ്ടിവരികയും ചെയ്യും.അതുകൊണ്ടാണ് രവീന്ദ്രന് തുടർച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്.സിഎം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കർഷകദ്രോഹത്തിൽ മുഖ്യമന്ത്രി മോദിയുടെ പാതയിൽ

മോദി സർക്കാർ നടപ്പാക്കിയ കർഷകദ്രോഹ നിയമത്തിനെതിരെ കർഷകർ ഉത്തരേന്ത്യയിൽ പ്രക്ഷോഭത്തിലാണ്. കേരള സർക്കാരും കർഷകരെ വഞ്ചിച്ചിരിക്കുകയാണ്.കർഷകരുടെ പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ ഒന്നും ചെയ്തില്ല.ഓർഡിനൻസിലൂടെ പത്രമാരണ നിയമം നടപ്പാക്കാൻ കേരള സർക്കാർ കാട്ടിയ ജാഗ്രത എന്തുകൊണ്ട് കർഷക വിഷയത്തിൽ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

അന്വേഷണം രാഷ്ട്രീയ പ്രതികാരം

യു.ഡി.എഫ് എംഎ‍ൽഎമാർക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ സർക്കാർ മുന്നോട്ടു പോകുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമാണ്.അതിനാലാണ് കേരള സർക്കാർ പ്രതിപക്ഷ നേതാക്കളെ സ്വഭാവഹത്യ നടത്താൻ ശ്രമിക്കുന്നത്.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് വിജിലൻസ് അന്വേഷണങ്ങൾ സംസ്ഥാന സർക്കാർ നടത്തുന്നത്.തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി നിലപാടുകൾ ദേശീയനയത്തിന് അനുസരിച്ച്

കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങൾക്ക് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. വെൽഫയർ പാർട്ടി വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് തീരുമാനിച്ചതാണ്.യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല.സംഘടനാപ്രശ്നങ്ങൾ അലട്ടാത്ത തെരഞ്ഞെടുപ്പാണിത്.പ്രദേശികതലത്തിലെ അസ്വാരസ്യങ്ങൾക്ക് പരിഹാരം കാണാൻ വേണ്ട നിർദ്ദേശം ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പുവേളയിൽ നേതാക്കൾ അഭിപ്രായ പ്രകടനം നടത്തുമ്പോൾ സംയമനം പാലിക്കണം.കെ.മുരളീധരനുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല.മറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റാണ്. പാർട്ടി അച്ചടക്കമുള്ള നേതാവാണ് കെ മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP