Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങൾക്കു വഴിവച്ചു! ഐഎഎസുകാർക്ക് പിണറായിയോടുള്ള അകൽച്ച കുറയുന്നു; പൊലീസ് ആക്ടിൽ വിവാദങ്ങൾക്കിടെ മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം ഉറപ്പിച്ച് ചീഫ് സെക്രട്ടറി; പൊലീസ് ഉപദേഷ്ടാവിനേയും സഞ്ജയ് കൗളിനേയും മാറ്റണമെന്ന ആവശ്യവും ശക്തം; വിശ്വസ്തനായി ബെഹ്‌റ തുടരും

ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങൾക്കു വഴിവച്ചു! ഐഎഎസുകാർക്ക് പിണറായിയോടുള്ള അകൽച്ച കുറയുന്നു; പൊലീസ് ആക്ടിൽ വിവാദങ്ങൾക്കിടെ മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം ഉറപ്പിച്ച് ചീഫ് സെക്രട്ടറി; പൊലീസ് ഉപദേഷ്ടാവിനേയും സഞ്ജയ് കൗളിനേയും മാറ്റണമെന്ന ആവശ്യവും ശക്തം; വിശ്വസ്തനായി ബെഹ്‌റ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഉപദേശകൻ എന്ന സ്ഥാനത്തു നിന്നും രമൺശ്രീവാസ്തവയെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിൽ. മാധ്യമ മാരണ നിയമത്തിന് കാരണം ശ്രീവാസ്തവയുടെ നോട്ട പിശകാണ് കാരണമെന്ന് മന്ത്രി സഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ശ്രീവാസ്തവയേയും ആഭ്യന്തര സെക്രട്ടറിയായ സഞ്ജയ് കൗളിനേയും മാറ്റണമെന്ന ആവശ്യമാണ് സജീവമായി ചർച്ചയാകുന്നത്. ഇതിനൊപ്പം മുഖ്യവിവരാവകാശ കമ്മീഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എത്താനുള്ള സാധ്യതയും കൂടി. എന്തുവന്നാലും പൊലീസ് മേധാവി സ്ഥാനത്ത് ലോക്‌നാഥ് ബെഹ്‌റയെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബെഹ്‌റയെ മാറ്റണമെന്ന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണ സർക്കാരിന് നൽകിയിരുന്നു. പൊലീസ് മേധാവിയായി ബെഹ്‌റ മൂന്ന് കൊല്ലം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്. എന്നാൽ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ പക്ഷം. ബെഹ്‌റയെ അതുകൊണ്ട് തന്നെ വിരമിക്കും വരെ തുടരാൻ അനുവദിക്കും. ഇതോടെയാണ് മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം വിശ്വാസ് മേത്തയ്ക്ക് കൊടുക്കാൻ തത്വത്തിൽ തീരുമാനിച്ചതും. ഐഎഎസുകാർക്കിടയിലെ അതൃപ്തി കൂടി മനസ്സിലാക്കിയാണ് ഇത്. കേരളാ കേഡറിലെ ഐഎഎസുകാരെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകാനാകും മുഖ്യമന്ത്രി പിണറായി ഇനി ശ്രമിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് സർക്കാരിന് എതിരായാൽ വമ്പൻ മാറ്റങ്ങൾ എല്ലാ തലത്തിലും ഉണ്ടാകും.

പിണറായി സർക്കാറിന്റെ പൊലീസ് ആക്റ്റ് ഭേദഗതി നിയമത്തിലെ യഥാർഥ വില്ലൻ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും, മുൻ ഡിജിപിയുമായ രമൺ ശ്രീവാസ്തവയാണെന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു. രമൺ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റ് ചെയ്ത കാര്യങ്ങൾ അംഗീകരിക്കുക മാത്രമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. നേരത്തെ ബെഹ്‌റയാണ് വിവാദ പൊലീസ് ആക്്റ്റിന് പിന്നിലെന്നും ഡിജിപിയുടെ വാക്കുകൾ കേട്ടാണ് മുഖ്യമന്ത്രി കുഴിയിൽ വീണതെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സമ്മതിച്ചുവെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് അതിന്റെ കരട് തയ്യാറാക്കിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭവിച്ചതിനാൽ ആണെന്നായിരുന്നു പിണറായി മറ്റ് മന്ത്രിസഭാഗങ്ങളോട് പറഞ്ഞത്.

''നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങൾക്കു വഴിവച്ചു'' എന്നാണ് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചത്. വിവാദമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഓർഡിനൻസ് കൊണ്ടുവരില്ലെന്നും നിയമസഭയിൽ ബിൽ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതോടെയാണ് ശ്രീവ്‌സാതവയ്ക്ക് എതിരായ നീക്കം വീണ്ടും സിപിഎമ്മിൽ സജീവമായത്. ശ്രീവാസ്തവയെ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം. ഇത് പിണറായിക്ക് ഗൗരവത്തോടെ പരിഗണിക്കേണ്ടി വരും.

ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതുപോലെ തന്നെ വിവാദമായ ഒന്നായിരുന്നു, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി വിരമിച്ച ഡിജിപിയും, ഒരു കാലത്തെ വിവാദ നായകനുമായ ശ്രീവാസ്തവയെ നിയമിച്ചതും. കെ കരുണാകരന്് സ്ഥാനമൊഴിയേണ്ടിവന്ന ചാരക്കേസിന്റെ കാലത്ത് ഈ ഓഫീസർക്കെതിരെ അതിഗുരതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്. അതുപോലെ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച, സിറാജുന്നീസ എന്ന പെൺകുട്ടി കൊല്ലപ്പെട്ട, പാലക്കാട് വെടിവെപ്പ് സമയത്ത് ശ്രീവാസ്തവ വർഗീയമായി സംസാരിച്ചുവന്നെ ഗുരുതര ആരോപണവും സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു. ഒരുകാലത്ത് കരുണാകരന്റെ വലം കൈയായി നിന്നുകൊണ്ട് സിപിഎമ്മുകാരെ വേട്ടയാടാൻ കൂട്ടുനിന്നതും ഇതേ ശ്രീവാസ്തവയായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതെല്ലാം തള്ളിക്കളഞ്ഞ് ശ്രീവാസ്തവയുടെ പ്രൊഫഷണൽ മികവ് മാത്രമാണ് പരിഗണിച്ചത്. എക്കാലവും പൊലീസ് രാജിന്റെ പ്രതിനിധിയായിരുന്നു ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായത് എല്ലാവർക്കും അത്ഭുദമായിരുന്നു.

നേരത്തെ സർക്കാരിലെ ഫയലുകൾ ഐഎഎസുകാർ ചോർത്തുന്ന എന്ന തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടിയിരുന്നു. ഇതോടെ ഐഎഎസുകാരും ഐപിഎസുകാരും രണ്ടു തട്ടിലായി. മുഖ്യമന്ത്രി ഐപിഎസുകാർക്കൊപ്പമാണെന്ന ധാരണയും ഉണ്ടായി. ഇത് ഏറെ അസ്വസ്ഥതകൾ ഐഎഎസുകാർക്കിടയിൽ ഉണ്ടായി. വിശ്വാസ് മേത്ത വിരമിച്ചു കഴിഞ്ഞ് മുഖ്യ വിവരാവകാശ കമ്മീഷണർ ആകുന്നത് തടയാനാണ് ഐ എ എസുകാരെ ഫയൽ ചോർച്ചക്കാരാക്കിയതെന്ന വിലയിരുത്തലും ഉയർന്നു. അതു മനസ്സിലാക്കിയാണ് ശ്രീവാസ്തവയെ മുഖ്യമന്ത്രി പൊലീസ് ആക്ട് ഭേദഗതിയിൽ തള്ളി പറയുന്നത്. ഇതോടെ ഐഎഎസുകാരുമായുള്ള പ്രശ്‌നവും മാറി.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസാണ്. അദ്ദേഹവും സർക്കാരുമായി നല്ല അടുപ്പമില്ല. ഇതോടെ ആഭ്യന്തര സെക്രട്ടറിയായി സഞ്ജയ് കൗളിനെ നിയോഗിച്ചു. കൗളിനെതിരേയും സിപിഎമ്മിന് പരാതികളുണ്ട്. അതുകൊണ്ട് തന്നെ കൗളിനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് അതിന് തടസ്സങ്ങൾ ഏറെയുണ്ട്. അതിനാൽ അതുകഴിഞ്ഞു മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. എന്നാൽ ശ്രീവാസ്തവ സ്വയം മാറാനും സാധ്യത കാണുന്നവരുണ്ട്. മന്ത്രിസഭാ യോഗത്തിൽ തന്നെ മുഖ്യമന്ത്രി തള്ളി പറഞ്ഞുവെന്നതിനെ ഗൗരവത്തോടെയാണ് ശ്രീവാസ്തവ കാണുന്നത്. ഇതിനൊപ്പാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ സമ്മർദ്ദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP