Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭരണക്കാരും തെരഞ്ഞെടുപ്പും മാറി മാറി വന്നു; ചെങ്ങറ ഭൂസമരക്കാരെ ആർക്കും വേണ്ട; റേഷൻ കാർഡും ആധാർ കാർഡും വോട്ടർ ഐഡിയും സ്വന്തമായില്ലാതെ സർക്കാർ രേഖകൾക്ക് പുറത്ത് ഒരുകൂട്ടം മനുഷ്യർ; നേതാവ് ളാഹ ഗോപാലൻ സ്ഥലം വിട്ടുപോയതോടെ പലതായി പിരിഞ്ഞ് സമരക്കാർ; ചെങ്ങറയിൽ മൂവായിരത്തോളം പേർക്ക് ഇക്കുറിയും വോട്ടില്ല

ഭരണക്കാരും തെരഞ്ഞെടുപ്പും മാറി മാറി വന്നു; ചെങ്ങറ ഭൂസമരക്കാരെ ആർക്കും വേണ്ട; റേഷൻ കാർഡും ആധാർ കാർഡും വോട്ടർ ഐഡിയും സ്വന്തമായില്ലാതെ സർക്കാർ രേഖകൾക്ക് പുറത്ത് ഒരുകൂട്ടം മനുഷ്യർ; നേതാവ് ളാഹ ഗോപാലൻ സ്ഥലം വിട്ടുപോയതോടെ പലതായി പിരിഞ്ഞ് സമരക്കാർ; ചെങ്ങറയിൽ മൂവായിരത്തോളം പേർക്ക് ഇക്കുറിയും വോട്ടില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരളത്തിലെ ഭൂസമരങ്ങളുടെ ചരിത്രത്തിൽ എന്നും പ്രഥമ സ്ഥാനത്തുള്ളതാണ് ചെങ്ങറ. ളാഹ ഗോപാലൻ എന്ന ഒറ്റയാന്റെ ഇച്ഛാശക്തിക്ക് മുന്നിൽ സർക്കാരും ഭൂമാഫിയയും നിലം പരിശായ സമരം. ളാഹ ഗോപാലൻ എന്നേ ചെങ്ങറയിൽ നിന്ന് നിഷ്‌കാസിതനായി. പക്ഷേ, അവിടെ അദ്ദേഹം സ്ഥാപിച്ച ഭൂരഹിതന്റെ സാമ്രാജ്യം ഇപ്പോഴുമുണ്ട്.

ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് അവർ കഴിയുന്നു. ചെങ്ങറ സമരഭൂമിയിലുള്ളവർക്ക് പതിവു പോലെ ഇക്കുറിയും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയില്ല. 625 കുടുംബങ്ങളിലെ മൂവായിരത്തോളം പേർക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടിരിക്കുന്നത്. റേഷൻ കാർഡും ആധാർ കാർഡും വോട്ടർ ഐഡിയും സ്വന്തമായില്ലാത്ത ഇവർ ഇപ്പോഴും സർക്കാർ രേഖകൾക്ക് പുറത്താണ്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്ത ഒരു കൂട്ടം ജനങ്ങൾ ഇവിടെ വസിക്കുന്നു. ഒരു പൊതു തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്താത്ത, സർക്കാരിന്റെ ചിത്രത്തിലില്ലാത്ത ഭൂമിയായി ചെങ്ങറ മാറി.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെടുന്ന സമരഭൂമി ഹാരിസൺസ് കമ്പനിയുടെ പേരിലായതിനാലാണ് ഇവിടുത്തെ താമസക്കാർക്ക് സർക്കാർ രേഖകളിൽ ഇടമില്ലാതെ പോകുന്നത്. 13 വർഷമായി റേഷൻ കാർഡിനും വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനും സെക്രട്ടേറിയറ്റ്, കലക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗോത്രവർഗ കമ്മിഷൻ ഓഫീസ് എന്നിവിടങ്ങളിൽ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു.

2007 ഓഗസ്റ്റ് നാലിനാണ് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ, പാട്ട കാലാവധി കഴിഞ്ഞ ഹാരിസൺസ് പ്ലാന്റേഷന്റെ റബർ തോട്ടത്തിൽ കുടിൽ കെട്ടി സമരം തുടങ്ങിയത്. 2009 ഒക്ടോബർ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ സർക്കാർ നടത്തിയ ചർച്ചയെ തുടർന്ന് ചെങ്ങറ പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ചതോടെ സമരം ഒത്തു തീർപ്പായി. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കായി ഭൂമി അനുവദിച്ചിരുന്നു. ചെങ്ങറ വിട്ടു പല കുടുംബങ്ങളും പോയപ്പോൾ പുതുതായി പല കുടുംബങ്ങളും ഇവിടേക്ക് വന്നു. സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താൽ തിരികെ വന്നവരുമുണ്ട്.

ഭൂമി ലഭിച്ചു പോയവർ തിരികെയെത്തിയപ്പോൾ സമര ഭൂമിയിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് സംഘർഷങ്ങളും ഉണ്ടായി. 13 വർഷങ്ങൾക്കിടയിൽ സമരക്കാർ തമ്മിൽ പല ആഭ്യന്തര പ്രശ്നങ്ങളുമുണ്ടായി. നേതാവ് ളാഹ ഗോപാലൻ ചെങ്ങറ വിട്ടുപോയി. ഇന്ന് പലവിഭാഗങ്ങളിലായി തിരിഞ്ഞു താമസിക്കുന്ന ഇവർ പുറത്തു കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. 2018 മെയ് 17 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഇവർക്ക് വോട്ടേഴ്സ് ഐഡിയും റേഷൻ കാർഡും നല്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.

13 വർഷങ്ങളായി പോളിങ് ബൂത്തിൽ പോകാത്ത ഇവർക്ക് ഏഴു കിലോമീറ്ററിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പ്ലാസ്റ്റിക്കും ഓലയും വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡുകളിലാണിവർ താമസിക്കുന്നത്. 18 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ രേഖകളിൽ ഇടമില്ലാത്തതിനാൽ ഇവിടുത്തെ എണ്ണൂറോളം വരുന്ന കുട്ടികൾക്ക് ഇതു ലഭ്യമല്ല. 13 വർഷം പിന്നിടുമ്പോൾ സമരഭൂമിയിൽ മരിച്ചത് 130 പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP