Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിറ്റൽ മീഡിയാ പ്ലാറ്റ്‌ഫോമുകളെ പ്രധാനമായും ഉന്നം വെച്ചുകൊണ്ടായിരുന്നു ഇടതു സർക്കാർ പൊലീസ് ആക്ടിൽ 118 എ ഭേദഗതി വരുത്തിയത്. കനത്ത ജനരോഷം ഉയർന്നതോടെയാണ് ഈ തീരുമാനത്തിൽ നിന്നും താൽക്കാലികമായിട്ടെങ്കിലും സർക്കാർ പിൻവാങ്ങിയത്. എന്നാൽ, ഈ പിന്മാറ്റം കോടതിയിൽ തർക്കവിഷയമായി തുടരുമ്പോഴും സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ഭയം വളർത്താൻ ഇതുകൊണ്ടു സർക്കാറിന് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ അപായം വരുന്നു എന്ന പ്രതീതിയാണ് പൊതുവേ ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഒരു ദേശീയ മാധ്യമത്തിൽ കേരളത്തിലെ പൊലീസ് രാജിനെ കുറിച്ചു അക്കമിട്ടു നിരത്തുന്ന ലേഖനം വന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ എഴുതിയ ലേഖനം ഡിജിറ്റൽ മീഡിയാ പ്ലാറ്റ്‌ഫോമിൽ നിന്നും അപ്രത്യക്ഷമായത് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കയാണ് ഇപ്പോൾ.

HAS KERALA BECOME A POLICE STATE ? (കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?) എന്ന തലക്കെട്ടിൽ മൂന്ന് പേജ് ലേഖനമാണ് ഓപൺ മാഗസിനിൽ വന്നത്. പ്രിന്റഡ് എഡിഷനിൽ പ്രസിദ്ധീകരിച്ച ലേഖനം ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറയുന്നതായിരുന്നു. നവംബർ ഒമ്പതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച ലേഖനം എന്നാൽ അടുത്ത ദിവസം തന്നെ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായി. പിണറായി വിജയനെ വിമർശിക്കുന്ന ലേഖനത്തിൽ ചിത്രമായി കൊടുത്തിരുന്നത് പിണറായി വിജയൻ റഷ്യൻ ഏകാധിപതിയുടെ പട്ടാളക്കുപ്പായത്തിൽ പ്രത്യക്ഷപ്പെടുന്ന വിധത്തിലായിരുന്നു.

ഗ്രാഫിക്‌സിന്റെ സഹായത്തോടെ തയ്യാറാക്കി ഈ ചിത്രം ഓൺലൈനിൽ എത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നാണോ അതോ മറ്റെങ്കിലും സമ്മർദ്ദം കൊണ്ടാണ് ഓപൺ മാനേജ്‌മെന്റ് പിൻവലിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം പ്രസിദ്ധീകരിച്ച ലേഖനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്നും അപ്രത്യക്ഷമായതോടെ ഇത് മലയാളം സൈബർ ഇടത്തിൽ കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. പ്രിന്റ് എഡിഷനിലെ ലേഖനം ഓൺലൈനിൽ കണ്ട് സെർച്ച് ചെയ്തവർക്ക് നിരാശയായിരുന്നു ഫലം.

ഇതോടെ ലേഖകനായ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ കൂടിയായ എം ജി രാധാകൃഷ്ണനും പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. നവംബർ 9ന് പ്രസിദ്ധീകരിച്ച ഓപൺ പതിപ്പിൽ തന്റെ ലേഖനം ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം അത് അപ്രത്യക്ഷമായി എന്നു ചൂണ്ടിക്കാട്ടി എം ജി രാധാകൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. ഇതോടെ ഈ വിഷയം കൂടുതൽ പേർ ഏറ്റുപിടിച്ചു പിണറായി വിജയനെ ഭയന്നാണോ ലേഖനം പിൻവലിച്ചത് എന്ന ചോദ്യമായിരുന്നു പലയിടങ്ങളിലും ഉയർന്നത്. വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ എജി രാധാകൃഷ്ണന്റെ ലേഖനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിക്കപ്പെട്ട വിഷയം സ്വന്തം വാളിൽ ഷെയർ ചെയ്തു.

ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ കെ എ ഷാജി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനയാണ്: കേരളം പൊലീസ് സ്റ്റേറ്റായി മാറുകയാണോ എന്നൊരു ചോദ്യം ഓപ്പൺ എന്ന ദേശീയ വാർത്താ വാരികയുടെ നവംബർ 9 ലക്കം കവറിൽ ഉണ്ടായിരുന്നു. മാഗ്സ്റ്റർ സബ്‌സ്‌ക്രിപ്ഷൻ ഉപയോഗിച്ച് വാരികയുടെ താളുകൾ മുഴുവൻ പരതി നോക്കിയിട്ടും ആ വിഷയത്തിലൊന്നും കണ്ണിൽ പെട്ടില്ല. ഇതെന്ത് മറിമായമെന്ന് കരുതിയിരിക്കുമ്പോഴാണ് ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടത്. ആ തലക്കെട്ടിൽ താനെഴുതിയ ലേഖനം അച്ചടിച്ചു വന്നിരുന്നെന്നും എന്നാൽ എന്തോ കാരണങ്ങളാൽ ഓപ്പൺ വാരികയുടെ ചുമതലക്കാർ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്ന് പിറ്റേന്നത് എടുത്ത് മാറ്റുകയായിരുന്നു എന്നും. ഭയങ്ങൾ വളരുകയാണ്.

ഇടതു സൈന്ധാന്തികൻ കൂടിയായ പി ഗോവിന്ദപ്പിള്ളയുടെ മകൻ എഴുതി ലേഖനം പിൻവലിക്കപ്പെട്ടത് കേരളത്തിലെ പൊലീസിംഗിനെ കുറിച്ച് ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണെന്ന വിമർശനവും ചിലർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചു. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തതിന്റെ പേരിൽ എം ജി രാധാകൃഷ്ണൻ എഡിറ്റാറായ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകളുടെ പേരിൽ മാസങ്ങളോളം സിപിഎം ചാനൽ ബഹിഷ്‌ക്കരിച്ചിരുന്നു. ഇതോടെ സഖാക്കളുടെ ബഹിഷ്‌ക്കരണത്തെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്തു.

പിണറായി വിജയൻ സർക്കാർ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി മാധ്യമങ്ങളെയും വിമർശനങ്ങളെയും മറവുചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനെക്കുറിച്ചും വിമർശിച്ചു കൊണ്ടായിരുന്നു എം ജി രാധാകൃഷ്ണന്റെ ലേഖനം. എം ജി രാധാകൃഷ്ണൻ എഡിറ്ററായ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം മാസങ്ങളോളം ബഹിഷ്‌കരിച്ചിരുന്നു. അതിനുപുറമേയാണ് എം.ജി. രാധാകൃഷ്ണന്റെ ലേഖനം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റേതാണ് ഓപൺ മാഗസിൻ. ഹാരിസൺ ഗ്രൂപ്പിന്റേതാണ് ഈ സ്ഥാപനം. അതുകൊണ്ട് തന്നെ കേരളത്തിൽ എസ്റ്റേറ്റുകളുള്ള ഹാരിസൺ ഗ്രൂപ്പുമായുള്ള ബന്ധമാണ് ലേഖനം പിൻവലിക്കലിന് ഇടയാക്കിയത് എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.

അടിയന്തരാവസ്ഥാ കാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് എം ജി രാധാകൃഷ്ണന്റെ ലേഖനം തുടങ്ങുന്നത്. അന്ന് രക്തം പുരണ്ട വസ്ത്രം ഉയർത്തിക്കാട്ടി 32കാരനായ പിണറായി പ്രസംഗിച്ച കാര്യം ഓർത്തെടുത്തു കൊണ്ടു തുടങ്ങുന്ന ലേഖനത്തിൽ പിന്നീട് കടുത്ത വിമർശനങ്ങളാണ ഉള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ പൊലീസ് രാജിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, ആ പഴയകാലമാണ് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി എത്തിയപ്പോൾ സംഭവിക്കുന്നതെന്നാണ് ലേഖനത്തിലെ വിമർശനം.

കേരളത്തിൽ ഇപ്പോൾ പൊലീസ് രാജാണെന്നും അതിന് അടിവരയിടുന്നതാണ് പൊലീസ് ആക്ടിലെ ഭേദഗതിയെന്നും അദ്ദേഹം സൂപ്പിക്കുന്നു. അപകീർത്തി പരമായ പരാമർശങ്ങൾക്ക് നിയമനടപടികൾ സ്വീകരിക്കാമെന്നിരിക്കെയാണ് ഒരുതരത്തിലുള്ള വിമർശനങ്ങളെയും അംഗീകരിക്കാത്തവിധമുള്ള പൊലീസ് ആക്ട് ഭേദഗതി വരുത്താൻ പിണറായി ഒരുങ്ങുന്നതെന്നാണ് ലേഖനത്തിൽ പറയുന്നത്.

കരിനിയമമെന്നും ജനാധിപത്യവിരുദ്ധമെന്നും സിപിഎം വിമർശിച്ച യു.എ.പി.എ കേരളത്തിൽ വിദ്യാർത്ഥികൾക്കുനേരെപ്പോലും പിണറായി വിജയന്റെ പൊലീസ് ഉപയോഗിച്ചതും. അവർക്ക് എൻ.ഐ.എ കോടതി ജാമ്യം നൽകിയതോടെ പൊലീസിന്റെ കള്ളക്കഥകളൊക്കെ പൊളിഞ്ഞതും എം.ജി രാധാകൃഷ്ണൻ പറയുന്നു. പിണറായി ഭരണത്തിലേറിയതിന് ശേഷം കേരളത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടകളെക്കുറിച്ചും ശക്തമായ പരാമർശമുണ്ട്. വിമർശകർ പിണറായി വിജയനെ മുണ്ടുടത്ത മോദിയെന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

കോവിഡ് പോരാട്ടത്തിൽപോലും പൊലീസിനെ ആശ്രയിക്കേണ്ടി വന്ന സാഹചര്യമെന്തെന്ന് എം.ജി ചോദിക്കുന്നു. മഹാരാഷ്ട്രയിൽ മാഫിയകളെ അടിച്ചമർത്താൻ നടപ്പിലാക്കിയ മോകാക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) ക്ക് സമാനമായ നിയമം കേരളത്തിൽ നടപ്പാക്കാനൊരുങ്ങുകയാണെന്നുമാണ് മറ്റൊരു വിമർശനം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഈ കരിനിയമം നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും കേരളം. അതായത് എല്ലാമേഖലയിലും പൊലീസിന് അപ്രമാദിത്വം നൽകുന്ന പിണറായിയുടെ പൊലീസ് നയത്തിനെ ശക്തമായ ഭാഷയിലാണ് എം.ജി. രാധാകൃഷ്ണൻ തന്റെ ലേഖനത്തിൽ വിമർശിക്കുന്നത്. ഇങ്ങനെ നിശിദമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ലേഖനമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP