Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റി; കലാപങ്ങളെയും ആഭ്യന്തര യുദ്ധങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി; ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി, ബിജെപി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ മതേതരവാദി; അന്തരിച്ച മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് കോൺഗ്രസിന്റെ പഴയ പടക്കുതിര

15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റി; കലാപങ്ങളെയും ആഭ്യന്തര യുദ്ധങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി; ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി, ബിജെപി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ മതേതരവാദി; അന്തരിച്ച മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് കോൺഗ്രസിന്റെ പഴയ പടക്കുതിര

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തരുൺ ഗൊഗോയി എന്ന അസം മുഖ്യമന്ത്രി, ശരാശരി മലയാളികൾക്ക് പിഎസ്്എസി പഠിക്കാനുള്ള ഒരു പേര് മാത്രമായിരുന്നു. എന്നാൽ അസമിനെ സംബന്ധിച്ച് അങ്ങനെയല്ല. വളരെ ദുർഘടമായ ഒരു ഘട്ടത്തിലാണ് ഗൊഗോയ് ആദ്യത്തെ തവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. സംസ്ഥാനത്ത് കലാപങ്ങൾ അതിന്റെ മൂർധന്യത്തിൽ നിൽക്കുന്ന ഘട്ടമായിരുന്നു അത്. ക്രൂരകൊലപാതകങ്ങൾ ദിനംപ്രതി അരങ്ങേറിയിരുന്നു. സംസ്ഥാനത്തിന്റെ വികസനപദ്ധതികൾ നിലച്ചിരുന്നു. ഖജനാവ് തീർത്തും കാലിയായിരുന്നു. തന്റെ 15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റാൻ ഗൊഗോയിക്കു കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. കലാപങ്ങളെ അടിച്ചമർത്തി. സാമ്പത്തിക രംഗത്തെ പതിയെ പിടിച്ചുയർത്തി. നിലച്ചുപോയ വികസന പദ്ധതികൾ വീണ്ടും ആരംഭിച്ചു. ഇടയ്ക്ക് തലപൊക്കിയ കലാപശ്രമങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു.

മൂന്നു തവണ തുടർച്ചയായി അസമിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മികച്ച രാജ്യതന്ത്രജ്ഞനുമാണ് തിങ്കളാഴ്ച അന്തരിച്ച തരുൺ ഗൊഗോയ്. ആഭ്യന്തര കലാപങ്ങളുടെ അശാന്തിയിൽനിന്ന് പുത്തൻ അവസരങ്ങളിലേയ്ക്ക് സംസ്ഥാനത്തെ നയിച്ച ശക്തനായ നേതാവായിരുന്നു അദ്ദേഹം. അസമിൽ നിന്ന് ആറു തവണ പാർലമെന്റിലെത്തിയ ഗൊഗോയ് രണ്ടുവണ കേന്ദ്രമന്ത്രിയും ആയിരുന്നു. 2001ൽ അസം മുഖ്യമന്ത്രിയായാണ് ഡൽഹി രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം തിരികെ അസമിലേയ്‌ക്കെത്തുന്നത്. പ്രഫുല്ലകുമാർ മഹന്തയുടെ നേതൃത്വത്തിലുള്ള എജിപി സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കിയാണ് ഗൊഗോയ് സർക്കാർ രൂപീകരിക്കുന്നത്. യഥാർഥത്തിൽ സ്വന്തം മികവുകൊണ്ട് കോൺഗ്രസിനെ വിജയപഥത്തിലെത്തിക്കുകയായിരുന്നു ഗൊഗോയ്.

ഇന്ദിര കണ്ടെത്തിയ നേതാവ്

ഉഷ ഗൊഗോയിയുടെയും കമലേശ്വർ ഗൊഗോയിയുടെയും മകനായി 1936ൽ ആണ് തരുൺ ഗൊഗോയ് ജനിച്ചത്. ജോർഹത്തിലെ തേയില തോട്ടത്തിൽ ഡോക്ടറായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. വിദ്യാഭ്യാസത്തനു ശേഷം അഭിഭാഷകനായി കുറച്ചുകാലം പ്രവർത്തിച്ച ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1968ൽ മുനിസിപ്പൽ ബോർഡിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.

1971ൽ തരുൺ ഗൊഗോയിയെ ഇന്ദിരാ ഗാന്ധിയാണ് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനാക്കുന്നത്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗൊഗോയ് 1991ലും 1995ലും കേന്ദ്രമന്ത്രിയായി. ആറ് തവണ അദ്ദേഹം ലോക്‌സഭയിലെത്തി.2016ൽ അസമിൽ ബിജെപിക്കുണ്ടായ വൻ വിജയത്തോടെയാണ് ഗൊഗോയ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താകുന്നത്. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുമ്പോഴും സർക്കാരിനെതിരെ പ്രതിപക്ഷത്തെ ശക്തമായ ശബ്ദമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഭാര്യ ഡോളി ഗൊഗോയ്, മകൾ ചന്ദ്രിമ ഗൊഗോയ്, മകൻ ഗൗരവ് ഗൊഗോയ്.

എക്കാലത്തും മതേതര പക്ഷത്ത്

അതി ശക്തനായ ഒരു മതേതരവാദികൂടിയായിരുന്നു തരുൺ. മറ്റ് ചില കോൺഗ്രസ് നേതാക്കളെപ്പോലെ അദ്ദേഹം ഒരിക്കലും മൃദു ഹിന്ദുത്വവാദിയായിരുന്നില്ല. പൗരത്വഭേദഗതി നിയമത്തിലടക്കം ശക്തമായ പ്രക്ഷോഭവുമായി അദ്ദേഹം രംഗത്ത് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഗൊഗോയി പറയുന്നത് ഇങ്ങനെയാണ്. 'അഭയാർഥികളോട് കോൺഗ്രസിന് ഒരു കാലത്തും എതിർപ്പില്ല. അഭയാർഥികളെ വേർതിരിച്ച് ഞങ്ങൾ ഇതുവരെ കണ്ടിട്ടുമില്ല.

ദലൈലാമയ്ക്ക് കോൺഗ്രസ് ഭരണകാലത്ത് അഭയം നൽകിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ആയിരക്കണക്കിന് അഭയാർഥികൾക്ക് പൗരത്വം നൽകിയിട്ടുണ്ട്. ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. . മതത്തിന്റെ അടിസ്ഥാനത്തിലല്ല അത് ഞങ്ങൾ അത് ചെയ്തത്. ന എന്നാൽ, ബിജെപി.സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിലാണ് അഭയാർഥികളെ നിശ്ചയിക്കുന്നതും പൗരത്വം നൽകുന്നതും. ബിജെപി.യാണ് പാക്കിസ്ഥാൻ മാതൃക പിന്തുടരുന്നത്. ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി. ബിജെപി. ഇപ്പോൾ ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു. ബിജെപി.യല്ലേ പാക്കിസ്ഥാനെ അനുകരിക്കുന്നത്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

തടങ്കൽപ്പാളയങ്ങൾ രാജ്യത്ത് ഇല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെയും അദ്ദേഹം ഖണ്ഡിച്ചു. 'മോദി രാജ്യത്തോട് നുണ പറയുകയാണ്. അസമിലും കർണാടകത്തിലുമുള്ളത് മറ്റെന്താണ്? കർണാടകസർക്കാർ സംസ്ഥാനത്തെ തടങ്കൽ കേന്ദ്രങ്ങളുടെ കണക്ക് ഹൈക്കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. 2018-ൽ ഏറ്റവും വലിയ തടങ്കൽകേന്ദ്രത്തിന് അനുമതി നൽകിയത് ആരാണ്? ഇല്ലെന്ന് എങ്ങനെ നുണപറയാൻ കഴിയുന്നു? തടങ്കൽകേന്ദ്രങ്ങളെക്കുറിച്ച് മാത്രമല്ല, പൗരത്വപ്പട്ടികയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നത് നുണയാണ്. സർക്കാർ ചർച്ചപോലും ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, പൗരത്വപ്പട്ടിക ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ എത്രയോ വേദികളിൽ ആവർത്തിച്ചിരിക്കുന്നു. പൊതുവേദികളിൽ മാത്രമല്ല, പാർലമെന്റിലും പറഞ്ഞു. ഞങ്ങളല്ല, സർക്കാരാണ് നുണപരത്തുന്നത്. തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല എന്നായപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ കള്ളം പ്രചരിപ്പിക്കുകയാണ്. '- ഗൊഗോയി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP