Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട് വാടകയ്ക്ക് എടുത്തായിരുന്നു അന്വേഷണം; ഒരു കാരണവശാലും വിളിക്കരുതെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പറഞ്ഞു; പ്രൊഫഷണലി ഏറ്റവും മിടുക്കന്മാരായ അനൂപ് കുരുവിളയും ഷൗക്കത്തലിയും അടങ്ങുന്ന ടീമായതിനാൽ ആരും ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്തില്ല; ടി പി വധക്കേസ് അന്വേഷണത്തിൽ വെളിപ്പെടുത്തലുമായി വിൻസൻ എം പോൾ

വീട് വാടകയ്ക്ക് എടുത്തായിരുന്നു അന്വേഷണം; ഒരു കാരണവശാലും വിളിക്കരുതെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പറഞ്ഞു; പ്രൊഫഷണലി ഏറ്റവും മിടുക്കന്മാരായ അനൂപ് കുരുവിളയും ഷൗക്കത്തലിയും അടങ്ങുന്ന ടീമായതിനാൽ ആരും ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്തില്ല; ടി പി വധക്കേസ് അന്വേഷണത്തിൽ വെളിപ്പെടുത്തലുമായി വിൻസൻ എം പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു ടി പി ചന്ദ്രശേഖരൻ വധക്കേസ്. സിപിഎമ്മിന് ദേശീയ തലത്തിൽ പോലും ഏറ്റവും തിരിച്ചടിയേറ്റ കേസ്. ഈ കേസിലെ അന്വേഷണം അടക്കം കേരളാ പൊലീസിന്റെ പ്രൊഫഷണലിസത്തിന്റെ തെളിവായിരുന്നു. ഈ ടീമിനെ നയിച്ചതാകട്ടെ വിൻസൻ എം പോൾ എന്ന പൊലീസ് സർവീസിലെ തന്നെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിവരാവകാശ കമ്മിഷണർ ആയി വിരമിച്ച വിൻസൻ എം പോൾ തുറന്നു പറഞ്ഞു. കേസിൽ യാതൊരു രാഷ്ട്രീയ സ്വാധീനവും ഉണ്ടായിരുന്നില്ലെന്നാണ് വിൻസൻ എം പോൾ കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

തെറ്റായ തെളിവു നിരത്തുന്ന സാഹചര്യവും കേസിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സർവീസ് കാലത്ത് താൻ അന്വേഷിച്ച പ്രമാദമായ കേസുകളിൽ ഒന്നാണ് ഇതെന്നും ടി പി കേസിനെ കുറിച്ചു അദ്ദേഹം വ്യക്തമാക്കി. 'ടി പിചന്ദ്രശേഖരൻ വധക്കേസിനകത്ത്, എനിക്ക് തോന്നുന്നു കേരളത്തിൽ ആരും ചോദ്യം ചെയ്യില്ലാത്തത്ര ഇന്റഗ്രിറ്റിയുള്ള ഒരു ടീമിനെയാണ് എടുത്തത്. അന്നത്തെ ആൾക്കാരെല്ലാം പറഞ്ഞതും അതാണ്. എന്തെങ്കിലും പ്രശസ്തിക്കുവേണ്ടി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനും അതിലുണ്ടായിരുന്നില്ലെന്നും വിൻസൻ എം പോൾ ചൂണ്ടിക്കാട്ടി.

വളരെ ലോ പ്രോഫൈൽ ആയിട്ടുള്ള, എന്നാൽ പ്രൊഫഷണലി എക്സ്ട്രീമിലി കോംപീറ്റന്റ് ആയിട്ടുള്ള ആൾക്കാരായിരുന്നു. എന്റെ ടീമിലുണ്ടായിരുന്ന എസ് പി അനൂപ് കുരുവിള. എനിക്കു തോന്നുന്നു, കേരളം ഇന്നുകാണുന്ന ഉദ്യോഗസ്ഥരിൽ ഏറ്റവും ഔട്ട്‌സ്റ്റാന്റിങ് ആയിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. പിന്നെ അന്നത്തെ ഡിവൈഎസ്‌പിമാർ എല്ലാം; ഷൗക്കത്തലി, സന്തോഷ്, ജോസി ചെറിയാൻ, ജെയ്സൺ എബ്രഹാം അങ്ങനെ പ്രഗത്ഭരായിരുന്നു എല്ലാവരും.

അന്ന് ഞങ്ങൾ അവിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. കോഴിക്കോട് റൂറൽ എസ്‌പിയുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു അത്. നടന്ന് ചെല്ലാവുന്ന ദൂരം. അതായിരുന്നു ക്യാമ്പ് ഓഫീസ്. അവിടെയാണ് പ്രതികളെയും സാക്ഷികളെയുമെല്ലാം ചോദ്യം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും പറഞ്ഞിരുന്നത് ഞങ്ങളെ ഒരു കാരണവശാലും ബന്ധപ്പെടരുത് എന്നാണ്. പൊതുയോഗങ്ങളിൽ ഉണ്ടായ ചില ഭീഷണികളല്ലാതെ മറ്റൊന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

അതേസമയം കേസിലെ ഗൂഢാലോചനയെ കുറിച്ച് നൂറ് ശതമാനവും അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഉന്നത തലത്തിൽ പങ്കുണ്ടോയെന്ന് ഞങ്ങൾ അന്വേഷിച്ചിട്ടില്ല. ഐപിസിയിൽ ലാർജർ കോൺസ്പിറസി എന്നൊന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കോൺസ്പിറസി മാത്രമേയുള്ളൂ. അതുകൊണ്ടാണ് പറഞ്ഞത് തെറ്റായ ഒരു തെളിവും ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഉള്ള തെളിവുകൾ അതേരീതിയിൽ നിരത്തുകയായിരുന്നുവെന്നം അദ്ദേഹം പറഞ്ഞു.

മുടക്കോഴിമലയിൽ നിന്നും കൊടിസുനിയെ പൊക്കിയ ബ്രില്ല്യൻസ്

അന്ന് എഡിജിപിയായിരുന്ന വിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമായിരുന്നു ടിപി വധക്കേസ് അന്വേഷിച്ചത്. കേരള പൊലീസിന്റെ ചിരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണമായിരുന്നു ഇത്. സംഘാംഗങ്ങളുടെ ആദ്യയോഗത്തിൽ വിൻസൻ എം. പോൾ നൽകിയ നിർദ്ദേശം ഇതായിരുന്നു - 'ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ മാത്രമേ പ്രതികളെ പിടികൂടുന്നതിനും ചോദ്യംചെയ്യുന്നതിനും സ്വീകരിക്കാവൂ. ഒരാളെ ഇടിച്ച് ഉത്തരം പറയിച്ചാൽ ഭാഗികമായ തെളിവുകളേ കിട്ടൂ. മറിച്ചു ശാസ്ത്രീയമായ രീതിയിൽ ചോദ്യംചെയ്താൽ നമ്മൾ പ്രതീക്ഷിക്കാത്ത തെളിവുകൾ പോലും കിട്ടും.'

ഹെഡ്ക്വാർട്ടേഴ്സ് എഎജി അനൂപ് കുരുവിള ജോണിനെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന എഡിജിപിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തെയും ഭാഗമാക്കി. രാഷ്ട്രീയ സ്വാധീനങ്ങൾക്കു വഴങ്ങാത്ത ഉദ്യോഗസ്ഥർ തന്നെ വേണമെന്ന എഡിജിപിയുടെ നിലപാടാണു കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.വി. സന്തോഷ്, തലശ്ശേരി ഡിവൈഎസ്‌പി എ.പി. ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി ജോസി ചെറിയാൻ, കുറ്റ്യാടി സിഐ വി.വി. ബെന്നി എന്നിവരെയും സംഘത്തിന്റെ ഭാഗമാക്കിയത്. ഇതുകൂടാതെ, ഇവരെ സഹായിക്കാൻ നിരവധി പ്രത്യേക സംഘങ്ങളും. ഈ സംഘങ്ങളിലെ സാധാരണ പൊലീസുകാരാണ് ജീവൻ പണയംവച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു പ്രതികളെ പിടികൂടിയത്.

അന്വേഷണം തുടങ്ങി ആദ്യ പത്തു ദിവസം, കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നു പഠിക്കാൻ, ടിപി കൊല്ലപ്പെട്ട വടകര വള്ളിക്കാട് ജംക്ഷനിൽനിന്നു പൊലീസ് പിറകിലേക്കു സഞ്ചരിച്ചു. കണ്ണൂർ - കോഴിക്കോടു ജില്ലയിലെ ലക്ഷക്കണക്കിനു ഫോൺ കോളുകൾ പരിശോധനയ്ക്കു വിധേയമാക്കി. തിരുവനന്തപുരത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൽ പ്രത്യേക വിഭാഗം തന്നെ ഇതിനായി ആരംഭിക്കുകയുണ്ടായി..

പലതവണ പൊലീസ് പ്രതികൾക്കടുത്തെത്തിയെങ്കിലും റെയ്ഡ് വിവരങ്ങൾ ചോർന്നിരുന്നു. പിന്നീടാണ് കൊടിസുനിയും സംഘവും ജില്ലയിലെ ഏറ്റവും പ്രധാന പാർട്ടി ഗ്രാമങ്ങളിലൊന്നായ മുഴക്കുന്ന് മുടക്കോഴി മലയിലുണ്ടെന്ന നിർണായക വിവരം പുറത്തുവന്നത്. പലതവണ ചോർന്ന റെയ്ഡ് വിവരം ഇത്തവണ പുറത്തുപോകാതിരിക്കാൻ അതീവ രഹസ്യമായാണ് അന്വേഷണസംഘം കൊടി സുനിയെ തേടി മല കയറാൻ പദ്ധതി തയാറാക്കിയത്. വിവരം ചോരാൻ സാധ്യതയുള്ളതിനാൽ ലോക്കൽ പൊലീസിന്റെ സഹായം തേടാതെ അന്വേഷണ സംഘം ഗൂഗിൾ മാപ്പിനെ ആശ്രയിച്ചായിരുന്നു മുടക്കോഴി മലയിലേക്കുള്ള യാത്ര. കൊടി സുനി മുടക്കോഴിയിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റാരൊക്കെയാണ് കൂടെയുള്ളത് എന്നു വ്യക്തമായിരുന്നില്ല. ആയുധങ്ങളുമായുള്ള ചെറുത്തുനിൽപ്പ് ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നതിനാൽ വേണ്ടത്ര മുൻകരുതലോടെയാണു സംഘം മലകയറിയത്.

ഓപ്പറേഷൻ രാത്രി നടത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. മലയുടെ വശങ്ങളിലൂടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ മുഴക്കുന്ന്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. പതിവു വാഹന പരിശോധനയ്ക്കെന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു പൊലീസിന്റെ നിൽപ്പ്. ഡിവൈഎസ്‌പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയിൽനിന്ന് ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടു മണിയോടെ മുഴക്കുന്നിൽ എത്തി. ചെങ്കല്ല് എടുക്കുന്ന സ്ഥലമായതിനാലാണ് ടിപ്പർ തിരഞ്ഞെടുത്തത്.

ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയിൽനിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഉളിയിൽ, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയിൽനിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാൽ, മാലൂർ വഴി പുരളിമലയുടെ മുകളിൽനിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.

പുലർച്ചെ രണ്ടു മണിക്കാണ് പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിന് മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്‌കരമായി. മൊബൈൽ ഫോണുകൾ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തിൽ പൊലീസിന്റെ ചലനശബ്ദങ്ങൾ ആരും കേൾക്കാത്തതു ഗുണം ചെയ്തു. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാൽ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതൽ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോൾ സമയം പുലർച്ചെ നാലുമണി.

മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിൽ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളിൽ കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞ് പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു.

പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കു ചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂർ നീണ്ട ബലപ്രയോഗത്തിലൂടെ സംഘത്തെ പൊലീസ് കീഴടക്കി. ജനവാസ കേന്ദ്രത്തിൽനിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശമായതിനാലും പാർട്ടി ഗ്രാമമെന്ന നിലയിൽ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ചതിനാലും നാട്ടുകാരും പ്രതികളെ ഒളിപ്പിച്ചവരും പൊലീസ് ഓപ്പറേഷൻ അറിഞ്ഞതേയില്ല. നേരത്തെ, പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് മുഴക്കുന്നിലെ മലഞ്ചരുവിൽ ഒളിവിൽ താമസിക്കാൻ കൊടി സുനിയും സംഘവും തീരുമാനിച്ചത്. മുടക്കോഴി മലമുകളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം സുനി കയറിയതു കൂടെയുള്ളവരുടെ കൈത്താങ്ങിലാണ്. സുനിയുടെ കാലിലെ പരുക്കു ഭേദമാകാത്തതു താവളം മാറാൻ തടസ്സമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP