Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ; ഇതുവരെ രജിസ്റ്റർ ചെയ്ത 1,368 കേസുകളും സംബന്ധിച്ച വിവരങ്ങളും സംസ്ഥാന പൊലീസ് സിബിഐക്ക് കൈമാറും; കോടികളുടെ തട്ടിപ്പിന്റെ വേരും നേരും തേടി ഇനി സിബിഐ

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ; ഇതുവരെ രജിസ്റ്റർ ചെയ്ത 1,368 കേസുകളും സംബന്ധിച്ച വിവരങ്ങളും സംസ്ഥാന പൊലീസ് സിബിഐക്ക് കൈമാറും; കോടികളുടെ തട്ടിപ്പിന്റെ വേരും നേരും തേടി ഇനി സിബിഐ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപ്പുലർ ഫിനാൻസിനെതിരെ രജിസ്റ്റർ ചെയ്ത 1,368 കേസുകളും സിബിഐ ഏറ്റെടുക്കും. ഇതിനായി പ്രത്യേക സംഘത്തെയും സിബിഐ രൂപീകരിക്കും. വിപുലമായ നിക്ഷേപത്തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കുന്നത്. കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് എന്നിവരും മക്കളും ഡയറക്ട‌ർ ബോർഡ് അംഗങ്ങളുമായ റിനു മറിയം റേബ മേരി, റിയ ആൻ എന്നിവരുമാണ് കേസിലെ പ്രധാനപ്രതികൾ. പത്തനംതിട്ട എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ തെളിവുകൾ വരും ദിവസങ്ങളിൽ സിബിഐക്ക് കൈമാറും.

കേസ് സിബിഐയ്ക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. രണ്ടായിരം കോടി രൂപയിൽ അധികം വരുന്ന തട്ടിപ്പിന്റെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നായിരുന്നു തുടക്കം മുതൽ സംസ്ഥാന സ‍ർക്കാരിന്റെ നിലപാട്. ഇതേ ആവശ്യം ഉന്നയിച്ച് നിരവധി നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചതോടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും സിബിഐ അന്വേഷണത്തിന് പച്ചക്കൊടി കാട്ടി. സെപ്റ്റംബർ 16-ാം തീയതി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുമൻ ചക്രവർത്തി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ച വിവിരവും കേടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി തട്ടിപ്പിൽ നിക്ഷേപകർക്ക് അനുകൂലമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ ഏറ്റെടുത്താൽ മുമ്പ് ഇത്തരം സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പ്രതിസന്ധി തുടങ്ങിയത് മാർച്ച് മുതൽ

കഴിഞ്ഞ മാർച്ചിനു ശേഷമാണ് പ്രതിസന്ധി തലപൊക്കിയത്. നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ മാർച്ചിനു ശേഷം തിരികെ ലഭിച്ചിട്ടില്ല. ഈ വാർത്ത പരന്നപ്പോൾ നിക്ഷേപകർ പണത്തിനു തിടുക്കം കൂട്ടി പോപ്പുലർ ഫിനാൻസിനെ സമീപിച്ചു. പണം തിരികെ ചോദിച്ചവർക്ക് ആർക്കും പണം തിരികെ ലഭ്യമായില്ല. ഇതോടെയാണ് നിക്ഷേപകർ പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രം ഇരുനൂറോളം നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക. ഈ രീതിയിൽ പല തവണ ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവുമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്. കോന്നി സ്റ്റേഷൻ സ്റ്റേഷൻ ലിമിറ്റിൽ മാത്രം പതിനഞ്ചു കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. രേഖാമൂലമുള്ള പരാതിയിലെ തുകയാണ് ഈ പതിനഞ്ചു കോടി. നിരവധി കേസുകൾ കോന്നി പൊലീസ് ചാർജ് ചെയ്തു കഴിഞ്ഞു.

കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പൊലീസ് സ്റ്റെഷനുകളിലും പോപ്പുലർ ഫിനാൻസ് കേസിന്റെ പേരിലുള്ള പരാതികൾ വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മധ്യ കേരളത്തിലെ നിക്ഷേപകർ മുഴുവൻ പരിഭ്രാന്തമായ അവസ്ഥയിലാണ്. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ ലക്ഷങ്ങളാണ് ഓരോരുത്തർക്കും നഷ്ടമായത്. സൗത്ത് ഇന്ത്യയിൽ വേര് പടർത്തിയ സ്ഥാപനമാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

തട്ടിപ്പ് നടത്തിയത് കടലാസ് കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച്

പോപ്പുലർ ഫിനാൻസ് എന്നത് മുഖ്യ എജന്റാക്കി ഇതിന്റെ മറവിൽ ഒൻപതോളം കടലാസ് കമ്പനികൾ തുടങ്ങി നിക്ഷേപകരെ അവർ അറിയാതെ ഈ കമ്പനികളിലെ ഷെയർ ഹോൾഡേഴ്‌സ് ആക്കുകയാണ് പോപ്പുലർ ഫിനാൻസ് ചെയ്തത്. പോപ്പുലർ ഫിനാൻസിൽ തങ്ങൾ പണം നിക്ഷേപിച്ചു എന്ന് നിക്ഷേപകർ കരുതിയപ്പോൾ കടലാസ് കമ്പനിയുടെ ഷെയറുകൾ ആണ് കമ്പനി നൽകിയിരിക്കുന്നത്. കമ്പനി പൊളിഞ്ഞാൽ മുങ്ങാനുള്ള ഉടമകളുടെ അടവ് ആയാണ് ഈ രീതിയിൽ പണം നിക്ഷേപിച്ചത്.

കമ്പനി നഷ്ടത്തിലായപ്പോൾ ഷെയറുകൾ തിരികെ നൽകാൻ കഴിയുന്നില്ല എന്ന് ഉടമകൾക്ക് പറഞ്ഞു നിൽക്കാനുള്ള അവസരമാണ് ഉടമകൾ തന്നെ സൃഷ്ടിച്ചിരിക്കുന്നത്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ വിവിധ കമ്പനികളുടെ നിക്ഷേപങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ കണ്ടു പൊലീസ് പരിശോധിച്ചപ്പോഴാണ് വളരെ ആഴത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ബോധ്യമായത്. കോടികൾ നഷ്ടപ്പെട്ട നിക്ഷേപർ പരിഭ്രാന്തരാണ്.

തട്ടിപ്പ് ആസൂത്രിതം:

ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങൾ പൂർണമായും പഠിച്ച് ലൂപ്പ് ഹോൾസ് മനസിലാക്കിയുള്ള അതിഭീകരമായ തട്ടിപ്പ് ആണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കുമ്പോൾ ആറു വർഷം കഴിഞ്ഞാൽ ഇരട്ടി തുക നൽകുന്ന രീതിയാണ് അവലംബിച്ചത്. ഇങ്ങനെ തുക പത്ത് ലക്ഷമായവർ അത് പിന്നെയും പിന്നെയും നിക്ഷേപിച്ച് ഇരുപത് ലക്ഷത്തോളം രൂപയാക്കി. കമ്പനി മുങ്ങിയപ്പോൾ നിക്ഷേപകർക്ക് ഇരുപത് ലക്ഷവും ഒറ്റയടിക്ക് നഷ്ടമായി.

ലക്ഷങ്ങൾ തന്നെ ഇങ്ങനെ നിക്ഷേപിച്ചപ്പോൾ സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് നഷ്ടമായി. സൗത്ത് ഇന്ത്യയിലെ അയ്യായിരത്തിലേറെ നിക്ഷേപകരുടെ 2000 കോടിയോളമാണ് കമ്പനി തട്ടി എടുത്ത് മുങ്ങിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷ നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ ഇരട്ടി തുകയാകും. അത് പിന്നെയും നിക്ഷേപിച്ചാൽ പതിനഞ്ചു ലക്ഷമാകും. പിന്നെയും നിക്ഷേപിച്ചാൽ ഇരുപത് ലക്ഷമാകും. ഈ രീതിയിലുള്ള തട്ടിപ്പ് ആണ് ഇവർ നടത്തിയത്.

നിക്ഷേപതുക തിരികെ നൽകുന്നത് ഷെയർ മാർക്കറ്റ് നിബന്ധനകൾ അനുസരിച്ചാകും എന്ന് താഴെ ചെറിയ അക്ഷരങ്ങളിൽ എഴുതും. ഇത് പലരുടെയും കണ്ണിൽപ്പെടില്ല. അപ്പോഴാണ് പലരും ഇത് ശ്രദ്ധിക്കുന്നത്.

തട്ടിപ്പിന്റെ ആദ്യഘട്ടത്തിനു രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ്:

തട്ടിപ്പിനായി ഇവർ ആദ്യം രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ് ആണ്. ഒൻപത് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് കമ്പനികളുടെ ഷെയർ വിൽപ്പനയ്ക്കുള്ള എജന്റ്‌റ് മാത്രമാണ്. പോപ്പുലർ ഫിനാൻസ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായാണ് രൂപീകരിച്ചത്. സ്വർണപണയം എടുക്കാൻ അർഹതയുള്ള കമ്പനിയാണ്.

സ്വർണം പണയം എടുക്കുക. പലിശ സ്വീകരിക്കുക. ഇത് മറയാക്കി ഒൻപത് കമ്പനികൾ രൂപീകരിക്കുകയാണ് ഇവർ ചെയ്തത്. നിക്ഷേപകർ പണം മുടക്കുമ്പോൾ നിക്ഷേപം സ്വീകരിക്കുന്നത് കമ്പനികളുടെ പേരിലാണ്. കമ്പനി ലാഭത്തിലായാൽ ലാഭം കൊടുക്കാം. നഷ്ടത്തിലായാൽ പണം പോകും. കടലാസ് കമ്പനികൾ ആയതിനാൽ ഒരു ലാഭവും വരാൻ പോകുന്നില്ല. കടലാസ് കമ്പനികൾ രൂപീകരിച്ചത് പണം തട്ടുക എന്ന ഉദ്ദേശ്യം മുൻ നിർത്തിയാണെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്.

നിക്ഷേപം സ്വീകരിച്ചത് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്:

വ്യത്യസ്തമായ രീതിയിലാണ് നിക്ഷേപം സ്വീകരിച്ചത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് ആക്റ്റ് വഴിയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. ഈ ആക്റ്റ് വഴി കമ്പനികൾ രൂപീകരിച്ച് വിവിധ കമ്പനികളുടെ ഷെയർ ആയിട്ടാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഒൻപത് കമ്പനികളാണ് ഇവർ ഇതിനു വേണ്ടി രൂപീകരിച്ചത്. എല്ലാം കടലാസ് കമ്പനികൾ. കമ്പനി പൊട്ടിയാലും തങ്ങൾക്ക് എതിരെ ഒരു കേസും വരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്. നിക്ഷേപകർ വന്നാൽ ഏതെങ്കിലും കമ്പനിയുടെ അക്കൗണ്ട് നമ്പർ ഇവർ നൽകും.

തൊട്ടടുത്ത ബാങ്കിൽ നിന്ന് ആർടിബിഎസ് ആയി തുക അക്കൗണ്ടിലേക്ക് ഇടാൻ പറയും. നിക്ഷേപകർക്ക് വിശ്വാസം കൂടും. ബാങ്ക് വഴിയുള്ള ട്രാൻസ്‌ക്ഷൻ ആയതിനാൽ. ഇത് കമ്പനിക്ക് രക്ഷപ്പെടാനുള്ള പഴുതായിരുന്നു. നിക്ഷേപകർക്ക് നൽകിയത് കമ്പനിയുടെ ഷെയർ ആണ്. കമ്പനി നഷ്ടത്തിലായതിനാൽ ഷെയർ തിരികെ കൊടുക്കാൻ കഴിയുന്നില്ല. ഇതിനു അനുസരിച്ചാണ് കമ്പനി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്.

പോപ്പുലർ ഫിനാൻസിന്റെ പേരിൽ ഒരു രേഖയും നൽകിയിട്ടില്ല:

പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്താൻ വന്ന നിക്ഷേപകർക്ക് ബുദ്ധിപൂർവ്വം പോപ്പുലർ ഫിനാൻസിന്റെ ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ല. പകരം കടലാസ് കമ്പനികളുടെ സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്.

പലരും ഇത് പോപ്പുലർ ഫിനാൻസിന്റെ സർട്ടിഫിക്കറ്റ് ആയി കണ്ടു. കമ്പനികളുടെ പേരിൽ കൊടുത്തത് നിക്ഷേപകർ പലരും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. പോപ്പുലർ ട്രേഡേഴ്‌സ്, വകയാർ ലാബ്, പോപ്പുലർ പ്രിന്റെഴ്‌സ്, മറൈൻ പോപ്പുലർ, മേരി റാണി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വിവിധ കമ്പനികളുടെ പേരിലാണ് നിക്ഷേപകർക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. പോപ്പുലർ ഫിനാൻസിന്റെ പേരിൽ നിക്ഷേപം നടത്തിയവർ ഏറ്റുവാങ്ങിയത് പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് അല്ല പകരം കടലാസ് കമ്പനികളുടെ ഷെയർ സർട്ടിഫിക്കറ്റ് ആണ്.ഇത് കമ്പനി പൊളിഞ്ഞപ്പോഴാണ് നിക്ഷേപകർ മനസിലാക്കുന്നത്. പല തരത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് പരാതിയുമായി വന്നപ്പോൾ പൊലീസ് കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP