Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സണ്ണി ഡാനിയേലിന്റെ ബഥേൽ നഴ്സിങ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു വിദ്യാർത്ഥി കൂടി; വിജയിച്ചെന്ന് കാണിച്ചു സർട്ടിഫിക്കറ്റ് നൽകിയ കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റിന് വേണ്ടി ചെന്നപ്പോൾ പരാജയപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പ്; നാല് വർഷം പൂർത്തിയാക്കിയ കോഴ്സ് ഇനിയും നാല് വർഷം കൂടി പഠിക്കണമെന്നും കോളേജ് ചെയർമാൻ

സണ്ണി ഡാനിയേലിന്റെ ബഥേൽ നഴ്സിങ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു വിദ്യാർത്ഥി കൂടി; വിജയിച്ചെന്ന് കാണിച്ചു സർട്ടിഫിക്കറ്റ് നൽകിയ കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റിന് വേണ്ടി ചെന്നപ്പോൾ പരാജയപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പ്; നാല് വർഷം പൂർത്തിയാക്കിയ കോഴ്സ് ഇനിയും നാല് വർഷം കൂടി പഠിക്കണമെന്നും കോളേജ് ചെയർമാൻ

ജാസീം മൊയ്ദീൻ

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂർ ലെഗരിയിൽ പാസ്റ്റർ സണ്ണി ഡാനിയേൽ നേതൃത്വം നൽകുന്ന ബഥേൽ നഴ്സിങ് കോളേജിൽ വെച്ച് വിദ്യാർത്ഥിനിക്കും കുടുംബത്തിനും ക്രൂരമർദ്ദനം ഏറ്റു വാങ്ങേണ്ടി വന്ന വാർത്ത മറുനാടൻ മലയാളി പുറത്തുവിട്ടത്. കോളേജ് ചെയർമാൻ പാസ്റ്റർ സണ്ണിഡാനിയേലും ഗുണ്ടകളുമായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയായ അബി ഗെയിൽ എന്ന വിദ്യാർത്ഥിനിയെയും അവരുടെ കുടുംബത്തെയും കോളേജിനകത്തിട്ട് മർദ്ദിച്ചത്.

കോളേജിനും ചെയർമാനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇന്ന് ഒരു വിദ്യാർത്ഥി കൂടി രംഗത്ത് വന്നിരിക്കുകയാണ്. 2014 മുതൽ 2018 വരെ ബഥേൽ മെഡിക്കൽ കോളേജിൽ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന തിരുവനന്തപുരം ഭീമപള്ളി ഈസ്റ്റ് സ്വദേശിയായ ഡയാന ഫ്രാൻസിസാണ് ഇപ്പോൾ കോളേജ് തന്നോട് കാണിച്ച ക്രൂരതകൾക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2014ലാണ് ഡയാന ഫ്രാൻസിസ് തിരുവല്ലയിലുള്ള അഡിമിഷൻ സെന്ററിൽ നിന്നും ബാംഗ്ലൂർ ബഥേൽ നഴ്സിങ് കോളേജിൽ ബിഎസ്സി നഴ്സിംഗിന് അഡ്‌മിഷനെടുത്തത്. വിദ്യാഭ്യാസ വായ്പയെടുത്ത് നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. 2018ൽ കോഴ്സ് പൂർത്തിയാക്കി ഡയാന ബാങ്കിൽ സമർപ്പിക്കാനായി മാർക്ക് ലിസ്റ്റ് ആവശ്യപ്പെടുകയും കോളേജിൽ നിന്നും മാർക്ക് ലിസ്റ്റ് നൽകുകയും ചെയ്തു. കോളേജ് അയച്ചുനൽകിയ മാർക്ക് ലിസ്റ്റിൽ ഡയാന ഫ്രാൻസിസ് എല്ലാ വിഷയങ്ങൾക്കും വിജയിച്ചിരുന്നു. എന്നാൽ പിന്നീട് ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങാനായി കോളേജിലെത്തിയപ്പോൾ സണ്ണി ഡാനിയേൽ പറഞ്ഞത് ഡയാന നാല് വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്നാണ്.

നേരത്തെ അയച്ച മാർക്ക് ലിസ്റ്റിൽ എല്ലാ വിഷയങ്ങൾക്കും വിജയിച്ചിട്ടുണ്ടെന്ന കാര്യം പറഞ്ഞപ്പോൾ അത് വിദ്യാർത്ഥിനിയും കുടുംബവും കൃത്രിമമായി ഉണ്ടാക്കിയതോ കോളേജിൽ ആരെയെങ്കിലും സ്വാധീനിച്ച് നേടിയെടുത്തതോ ആണെന്നാണ് സണ്ണി ഡാനിയേൽ പറഞ്ഞത്. മാത്രവുമല്ല കോഴ്സ് പൂർത്തിയാക്കണമെങ്കിൽ നാല് വർഷം കൂടി ഇനിയും ഇവിടെ പഠിക്കണമെന്നും കോളേജ് ചെയർമാൻ പറഞ്ഞു. നാല് വർഷം മാത്രം കാലയളവുള്ള ബിഎസ്സി നഴ്സിങ് കോഴ്സിന് എട്ടുവർഷം പഠിക്കണമെന്ന വിചിത്രവാദമാണ് സണ്ണിഡാനിയേൽ പറഞ്ഞത്. ഇനിയും നാല് വർഷം പഠിക്കാനാകില്ലെന്നും എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ തിരിച്ചു തന്നാൽ മതിയെന്നും വിദ്യാർത്ഥിയും രക്ഷിതാക്കളും പറഞ്ഞു.

എന്നാൽ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കണമെങ്കിൽ 1 ലക്ഷം രൂപ നൽകണമെന്നാണ് കോളേജ് അറിയിച്ചത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങൾ ഉണ്ടാകുകയും അവസാനം ഗത്യതന്തരമില്ലാതെ 25000 രൂപ നൽകി സ്‌കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു. കോളേജിൽ നിന്നിറങ്ങി രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോഴാണ് ഡയാനഫ്രാൻസിസും കുടുംബവും അറിയുന്നത് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കിയതാണെന്ന്. കോളേജിൽ നിന്നും നൽകിയ തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ നമ്പർ യൂണിവേഴ്സിറ്റിയുടെ രേഖകളിൽ ഉണ്ടായിരുന്നുമില്ല. യൂണിവേഴ്സിറ്റിയുടെ പേര് ഉപയോഗിച്ച് അനധികൃതമായി വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകിയ കോളേജിനെതിരെ യൂണിവേഴ്സിറ്റിയും പരാതി നൽകിയിട്ടുണ്ട്. കർണ്ണാടകയിൽ നിന്നുകൊണ്ട് സണ്ണിഡാനിയേലിനെതിരെ പരാതി നൽകിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ഡയാന ഫ്രാൻസിസും കുടുംബവും തിരിച്ചുപോരുകയായിരുന്നു.

നാട്ടിൽ തിരച്ചെത്തി നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി ശംഖുമുഖം പൊലീസിൽ പരാതി നൽകിയെങ്കിലും വാദി പ്രതിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സണ്ണി ഡാനിയേലിന്റെ തിരക്കഥക്കനുസരിച്ചാണ് പിന്നീട് ശംഖുമുഖം പൊലീസ് ഈ കേസിൽ ഇടപെട്ടതെന്ന് ഡയാനഫ്രാൻസിസിന്റെ പിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജയിച്ചെന്ന് കാണിച്ച് കോളേജ് നൽകിയ മാർക്ക് ലിസ്റ്റ് ബാങ്കിൽ നൽകാനായി തങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് മാനസികമായി തളർത്തുകയും ചെയ്തു. പരാതി പിൻവലിച്ച് തയ്യൽ ജോലിക്ക് പൊയ്ക്കൂടെയെന്നും ശംഖുമുഖം പൊലീസ് സ്റ്റേഷനിൽ നിന്നും പറഞ്ഞു. മൊഴിനൽകാനായി ഉച്ചക്ക് 1 മണിക്കെത്തിയ പരാതിക്കാരെ രാത്രി 10 മണിക്കാണ് വിട്ടയച്ചത്. ഈ സമയമത്രയും സണ്ണിഡാനിയേൽ പറഞ്ഞ കഥകൾ ഡയാന ഫ്രാൻസിസിനെ കൊണ്ട് പറയിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്.

കോളേജിലെ ജീവനക്കാരിയുമായി ചേർന്ന് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയതാണെന്ന് ഡയാനഫ്രാൻസിസിനെ കൊണ്ട് പറയിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. മൊഴി രേഖപ്പെടുത്തിയത് കാണിക്കാതെ ഒപ്പിടാനും പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും ഒപ്പിട്ടില്ലെങ്കിൽ പിതാവിനെ മർദ്ദിക്കുമെന്ന് പറഞ്ഞ് പൊലീസ് ഷർട്ടിൽ പിടിച്ച് വലിച്ചപ്പോൾ ആണ് ഡയാന ഫ്രാൻസിസ് മൊഴിവായിക്കാതെ ഒപ്പിട്ടുനൽകിയത്. ഡയാനയെ കുറിച്ച് വ്യാജവാർത്തകൾ ഉണ്ടാക്കുമെന്നും അത് പ്രചരിപ്പിച്ച് മാനം കെടുത്തുമെന്നും ശംഖുമുഖം പൊലീസ് ഭീഷണിപ്പെടുത്തി. ശംഖുമുഖം പൊലീസ് സണ്ണിഡാനിയേലുമായി ചേർന്ന് കേസ് അട്ടിമറിക്കുകയും ചെയ്തു.

പൊലീസ് സണ്ണി ഡാനിയേലുമായി ചേർന്ന് നടത്തിയ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ശംഖുമുഖം പൊലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സണ്ണി ഡാനിയേലിന്റെ നിർദ്ദേശത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണ് ശംഖുമുഖം പൊലീസ് നൽകിയിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

നാല് മാസങ്ങൾക്ക് മുമ്പ് ഹിയറിംഗിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കൊറോണ കാരണം സാധിച്ചിട്ടില്ല. ബാങ്ക് വായ്പയുടെ തിരിച്ചടവിന്റെ കാലമായി. നിരന്തരം ബാങ്കിൽ നിന്നും മെസേജ് വരുന്നുണ്ട്. നാല് വർഷം ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും അതെല്ലാം അവതാളത്തിലായ അവസ്ഥയിലാണ് തങ്ങൾ ഇപ്പോഴെന്നും ഡയാന ഫ്രാൻസിസും പിതാവ് ഫ്രാൻസിസും മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP