Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി അധ്യക്ഷൻ നാലുമാസം നീളുന്ന ഭാരത പര്യടനത്തിന്; ലക്ഷ്യമിടുക കഴിഞ്ഞതവണ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശങ്ങൾ; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബംഗാൾ, കേരള, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും പ്രത്യേകം വിലയിരുത്തും; അമിത്ഷായുടെ നിഴലിൽനിന്ന് മാറി പൂർണ്ണ കരുത്തോടെ ജെ പി നദ്ദ

2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി അധ്യക്ഷൻ നാലുമാസം നീളുന്ന ഭാരത പര്യടനത്തിന്; ലക്ഷ്യമിടുക കഴിഞ്ഞതവണ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശങ്ങൾ; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബംഗാൾ, കേരള, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും പ്രത്യേകം വിലയിരുത്തും; അമിത്ഷായുടെ നിഴലിൽനിന്ന് മാറി പൂർണ്ണ കരുത്തോടെ ജെ പി നദ്ദ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ആരാണെന്ന് ചോദിച്ചാൽ ഇപ്പോഴും മാധ്യമ പ്രവർത്തകരുടെവരെ നാവിൽ തുമ്പത്ത് നിന്ന് വരിക അമിതാ ഷാ എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നിട്ടും അമിത്ഷാ തന്നെയാണ് ബിജെപിയുടെ പ്രസിഡന്റിനെപ്പോലെ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ തമിഴ്‌നാട്ടിൽ എത്തി രജനീകാന്ത് അടക്കമുള്ളവരെ ബിജെപിയോട് അടുപ്പിക്കുന്നത് അടക്കമുള്ള നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ നടത്തിയതും അമിത് ഷായാണ്. ബിജെപി അധ്യക്ഷകൻ ജെ പി നദ്ദ വളരെ കുറച്ച് തവണ മാത്രമാണ് മാധ്യമങ്ങളിൽ പോലും സ്ഥാനം പിടിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്താനായി ഭാതപര്യടനത്തിന് ഒരുങ്ങുകയാണ് അദ്ദേഹം. നാലുമാസം നീളുന്ന യാത്ര ഫലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ്എന്ന നിലയിലുള്ള നദ്ദയുടെ ഒറ്റയാൻ പ്രകടനം ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ഇതേക്കുറിച്ച് എഴുതിയത് അമിത്ഷായുടെ നിഴലിൽനിന്ന് നദ്ദ പുറത്തുവരുന്ന എന്നായിരുന്നു.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ ദേശീയ പര്യടനം ആരംഭിക്കുന്നത്. 120 ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്തരാഖണ്ഡിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ഡിസംബർ 5ന് യാത്ര ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കും. ബൂത്ത്, മണ്ഡലം നേതാക്കന്മാർ മുതൽ എംഎൽഎ, എംപി തുടങ്ങി മുതിർന്ന നേതാക്കന്മാരുമായും ഓൺലൈൻ വഴി യോഗം ചേരും. ബൂത്തുകൾ നേരിട്ട് സന്ദർശിച്ച് താഴെത്തട്ടിലുള്ള പ്രവർത്തകരുമായും സംവദിക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബംഗാൾ, കേരള, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും വിലയിരുത്തും. വലിയ സംസ്ഥാനങ്ങളിൽ മൂന്നു ദിവസവും ചെറിയ സംസ്ഥാനങ്ങളിൽ രണ്ടു ദിവസവുമായിരിക്കും ചെലവഴിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, കേന്ദ്ര പദ്ധതികൾ നടപ്പിലാക്കിയത് അദ്ദേഹം വിലയിരുത്തും. ബിജെപിയുടെ സഖ്യ കക്ഷികളുമായും യോഗം ചേരും. ബിജെപിക്ക് പ്രാതിനിധ്യമില്ലാത്ത സ്ഥലങ്ങളിൽ സ്വാധീനം ഉറപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇതോടെ ബിജെപി അധ്യക്ഷൻ എന്ന നിലയിലും നദ്ദ റീചാർജ് ആകുമെന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ബീഹാറിൽ ജനിച്ച് ഹിമാചലിന്റെ രാഷ്ട്രീയക്കളരിയിലൂടെ

ബിഹാറിൽ ജനിച്ച് ഹിമാചലിലെ രാഷ്ട്രീയ കളരിയിലൂടെയാണ് ജെപി നദ്ദ ബിജെപിയുടെ ദേശീയ നേതൃത്വത്തിലെത്തുന്നത്.കുട്ടിക്കാലത്ത് നീന്തൽ താരമായിരുന്ന നദ്ദ ബീഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 1960 ഡിസംബർ രണ്ടിന് പട്‌നയിൽ നരൈൻ ലാൽ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനിച്ച ജഗത് പ്രകാശ് നദ്ദ പട്‌ന സെന്റ് സേവ്യഴ്‌സ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബാച്ചിലർ ഓഫ് ആർട്‌സിലാണ് ബിരുദം നേടുന്നത്. ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം വിദ്യാർത്ഥി കാലത്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

1993 ൽ ഹിമാചൽ എംഎൽഎയായാണ് ജെപി നദ്ദയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതെന്ന് പറയാവുന്നതാണ്. 1994-98 ഘട്ടത്തിൽ ഹിമാചലിലെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട നദ്ദ പിന്നാലെ 1998 ൽ ഹിമാചലിലെ ആരോഗ്യ മന്ത്രിസ്ഥാനത്തുമെത്തി. 2008-2010 കാലയളവിൽ ഹിമാചൽ മന്ത്രിസഭയിൽ വനം, പരിസ്ഥിതി വകുപ്പുകളും നദ്ദ കൈകാര്യം ചെയ്തിരുന്നു.

2010ൽ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന നിതിൻ ഗഡ്കരിയാണ് നദ്ദയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ജെപി നദ്ദയെ ഗഡ്കരി ബിജെപിയുടെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ തൻേറതായ ഇടംകണ്ടെത്തുകയായിരുന്നു നദ്ദ. പിന്നീട് ഒരിക്കലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരുന്ന നദ്ദ, നേതൃത്വത്തിൽ നിർണായകമായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ബിജെപിയുടെ ദേശീയ പദ്ധതിയുടെ ഭാഗമായി 2012 ഏപ്രിലിൽ രാജ്യസഭാംഗവുമായി.

2014 ൽ ഒന്നാം മോദി സർക്കാർ അധികാരമേറ്റപ്പോൾ ആരോഗ്യ മന്ത്രി സ്ഥാനമാണ് പാർട്ടി നദ്ദയ്ക്ക് നൽകിയത്. ബിജെപിയുടെ പാർലമെന്ററി ബോർഡിലും നദ്ദ അംഗമായിട്ടുണ്ട്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതല ബിജെപി നദ്ദയെയാണ് ഏൽപ്പിച്ചത്. ആ വിശ്വാസം കാത്തു എന്നതും നേതൃത്വത്തിന് നദ്ദയിൽ ആത്മവിശ്വാസം വർധിപ്പിച്ചു. യുപിയിൽ സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും കൈകോർത്തെങ്കിലും 80 ൽ 62 സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിൽ യുപി ബിജെപിയെ ജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് നദ്ദയെ വർക്കിങ് പ്രസിഡണ്ടായി നിയോഗിച്ചത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതോടെയായിരുന്നു ഇത്.

ഇപ്പോൾ ഭാരതപര്യടനത്തോടെ ജെ പി നദ്ദയുടെ രാഷ്ട്രീയ ജീവതത്തിന്റെയും പുതിയൊരു ഘട്ടം തുടങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP