Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ രഞ്ജി താരം ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു; അന്ത്യം യുഎസിലെ ഹൂസ്റ്റണിൽ

മുൻ രഞ്ജി താരം ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു; അന്ത്യം യുഎസിലെ ഹൂസ്റ്റണിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു. യുഎസിലെ ഹൂസ്റ്റണിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം യുഎസിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു.

കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ച താരമായിരുന്നു സികെ ഭാസ്‌കരൻ നായർ എന്ന ചന്ദ്രോത്ത് കല്യാടൻ ഭാസ്‌കരൻ. സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യക്കായി ഭാസ്കരൻ നായർ കളിച്ച മത്സരം. അന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാൽ ഈ ടെസ്റ്റ് അനൗദ്യോഗിക മത്സരമാകുകയായിരുന്നു. ആ മത്സരത്തിൽ 18 ഓവറുകൾ എറിഞ്ഞ ഭാസ്കരൻ നായർ 51 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

1941 മെയ് അഞ്ചിന് തലശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1957 മുതൽ 1969 വരെ രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭാസ്കരൻ നായരും മുൻ താരം ടികെ മാധവും ചേർന്നുള്ള കേരളത്തിന്റെ ഓപ്പണിങ് പേസ് നിര അന്നത്തെ വമ്പന്മാരെ പോലും വിറപ്പിക്കാൻ പോന്നതായിരുന്നു. ബാലൻ പണ്ഡിറ്റ്, രവി അച്ചൻ, ജോർജ് എബ്രഹാം, ഡി റാം, എച്ച് ദേവരാജ്, അച്ചാരത്ത് ബാബു, സാന്റി ആരോൺ, കേളപ്പൻ തമ്പുരാൻ. ആർവിആർ തമ്പുരാൻ എന്നിവരടങ്ങിയ അന്നത്തെ കേരള ടീമിലെ പ്രധാനിയായിരുന്നു സികെ ഭാസ്കരൻ നായർ.

മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത ഭാസ്കരൻ നായർ 16ാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1957-58 സീസണിൽ ആന്ധ്രയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. 1968-69 സീസൺ വരെ കേരളത്തിനായി കളിച്ചു. മൈസൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

കേരളത്തിനായി 21 മത്സരങ്ങളിൽ 37 ഇന്നിങ്‌സുകളിൽ നിന്ന് 69 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ആന്ധ്രയ്‌ക്കെതിരേ 86 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. നാല് തവണ കേരളത്തിനായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. 345 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ആന്ധ്രയ്‌ക്കെതിരേ നേടിയ 59 റൺസാണ് ഉയർന്ന സ്‌കോർ. മദ്രാസിനായി 12 രഞ്ജി മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 24 വിക്കറ്റുകൾ മദ്രാസിനായി വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP