Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന് കെ സുരേന്ദ്രൻ; സിപിഎമ്മിന്റെ കയ്യേറ്റവും കൊലവിളിയും ഗൗരവത്തോടെ കാണണമെന്ന് എം. കെ മുനീർ: മനോരമ ഫോട്ടോ ഗ്രാഫറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്

നടന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന് കെ സുരേന്ദ്രൻ; സിപിഎമ്മിന്റെ കയ്യേറ്റവും കൊലവിളിയും ഗൗരവത്തോടെ കാണണമെന്ന് എം. കെ മുനീർ: മനോരമ ഫോട്ടോ ഗ്രാഫറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതയായി സിപിഎം കൗൺസിലർ പത്രിക നൽകുന്നതിന്റെ ചിത്രം പകർത്തുന്നതിനിടെ മനോരമ സീനിയർ ഫൊട്ടോഗ്രഫർ സജീഷ് ശങ്കറിനെ ഭീഷണിപ്പെടുത്തുകയും ചിത്രം ക്യാമറയിൽ നീക്കം ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.വ്യാഴാഴ്ച നടന്ന സംഭവത്തിൽ കണ്ടാലറിയുന്ന അഞ്ചു പേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.

ആഴ്ചവട്ടത്ത് നിലവിലെ കൗൺസിലർ വിമതയായി നാമനിർദ്ദേശം നൽകുമെന്നറിഞ്ഞ് അവരെ നിരീക്ഷിക്കാൻ വന്നവരാണ് ഫൊട്ടോഗ്രഫറുടെ ജോലി തടസ്സപ്പെടുത്തി ചിത്രം നീക്കം ചെയ്യിച്ചത്. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം അക്രമങ്ങളെ പാർട്ടി അംഗീകരിക്കുന്നില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

മാധ്യമപ്രവർത്തകനെതിരായ സിപിഎം ആക്രമണം: നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: മലയാള മനോരമ ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിനെ സിപിഎമ്മുകാർ ആക്രമിച്ച സംഭവത്തിൽ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സ്ഥാനാർത്ഥികൾ പത്രിക നൽകുന്ന ചിത്രം പകർത്തുന്നതിനിടെയാണ് അക്രമം എന്നത് ഞെട്ടിക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ് കോഴിക്കോട് നടന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൗൺസിൽ ഹാളിലെ സി.സി.ടി.വി പരിശോധിക്കണം. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നുറപ്പായതോടെ സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ബിജെപി സ്ഥാനാർത്ഥികളെ വീടു കയറി ഭീഷണിപ്പെടുത്തിയ മാർകിസ്റ്റു പാർട്ടിക്കാർ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും മനംമടുത്ത് പ്രവർത്തകർ സിപിഎം വിടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്. സംഭവത്തിൽ പത്രപ്രവർത്തക യൂണിയന്റെ മൗനം നിരാശജനകമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ കയ്യേറ്റവും കൊലവിളിയും ഗൗരവത്തോടെ കാണണം: എം.കെ മുനീർ
കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിൽ ജോലിക്കിടെ മലയാള മനോരമയുടെ ന്യൂസ് ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിനെ കയ്യേറ്റത്തിന് ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ആവശ്യപ്പെട്ടു. ക്യാമറ പിടിച്ചു വാങ്ങി ഫോട്ടോകൾ നശിപ്പിക്കുകയും ജീവനോടെ വെച്ചേക്കില്ലെന്ന് കൊലവിളി നടത്തുകയും ചെയ്ത സിപിഎം നേതാക്കൾക്കെതിരെ അടിയന്തരമായ നടപടിക്ക് പൊലീസ് തയ്യാറാവണം. ടൗൺ പൊലീസ് സ്റ്റേഷനിൽ സജീഷ് ശങ്കർ നൽകിയ വധശ്രമം ഉൾപ്പെടെയുള്ള പരാതി ആശങ്കപ്പെടുത്തുന്നതാണ്.

ഭരണ സ്വാധീനത്തിൽ കേസ്സ് അട്ടിമറിക്കാമെന്ന ഹുങ്കാണ് പരസ്യമായി പൊതു സ്ഥാപനത്തിൽ വെച്ചു പോലും ഇത്തരം ഹീനകൃത്യം ചെയ്യാൻ അവർക്ക് ധൈര്യം നൽകുന്നത്. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സ്ഥാനാർത്ഥികൾ പത്രിക നൽകുന്ന ചിത്രം പകർത്തുന്നതിനിടെയാണ് സിപിഎം അക്രമം. പ്രതിപക്ഷ കൗൺസിലർമാരെ കൗൺസിൽ യോഗത്തിൽ പോലും നിരന്തരം കായികമായി നേരിട്ട സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ തുടർച്ചയാണ് മനോരമ ഫോട്ടോഗ്രാഫർക്കെതിരെ അരങ്ങേറിയത്. പ്രധാന സിപിഎമ്മുകാരുടെ നേതൃത്വത്തിലാണ് കേരളത്തെ ഭീതിപ്പെടുത്തുന്ന കൃത്യം നടന്നതെന്ന് കൗൺസിൽ ഹാളിലെ സി.സി.ടി.വി പരിശോധിച്ചാൽ ബോധ്യപ്പെടും.

മൂന്നു പതിറ്റാണ്ടിലേറെ ഇടതടവില്ലാതെ സിപിഎം ഭരിച്ച് മുടിച്ച കോർപ്പറേഷനിൽ ഇത്തവണ ഭരണം നഷ്ടമാവുമെന്ന ഭീതിയിൽ സിപിഎമ്മിന് സമനില തെറ്റിയിരിക്കുന്നു. ജനവികാരം പാടെ എതിരായതോടെ മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നതുപോലെ സിപിഎമ്മിൽ നിന്ന് നേതാക്കളും അണികളും കൊഴിയുകയാണ്. ഇത്തരം സംഭവങ്ങളെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി എത്രകാലം മറച്ചുപിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. കൊലയും ഗുണ്ടായിസവും ഭീഷണിയും കൊലവിളിയും കള്ളക്കേസും കൊണ്ട് പിടിച്ചു നിൽക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും എം.കെ മുനീർ മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP