Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്‌ത്തി; 14 അടി നീളമുള്ള കൂറ്റൻ പെൺ രാജവെമ്പാലയെ പിടികൂടിയത് തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്ന്; 45 രാജവെമ്പാലകളെ പിടിച്ച തായ്ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കോഡ് തിരുത്തി മലയാളികളുടെ സ്വന്തം വാവ; ഇത് അത്യപൂർവ നേട്ടം

ആർ പീയൂഷ്

കൊല്ലം: മലയാളികളുടെ പ്രിയപ്പെട്ട പാമ്പു പിടുത്തക്കാരൻ വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്‌ത്തി. കൊല്ലം ജില്ലയിലെ തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്നാണ് 14 അടി നീളമുള്ള കൂറ്റൻ പെൺ രാജവെമ്പാലയെ പിടികൂടിയത്.

ജനവാസ മേഖലയിൽ കണ്ട പാമ്പിനെ ചേരയാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് രാജവെമ്പാലയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് സുരേഷ് എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

കടിയേറ്റാൽ നിമിഷങ്ങൾക്കകം ജീവനെടുക്കുന്ന വിഷമാണ് രാജവെമ്പാലയുടേത്. കടിയേൽക്കുന്ന ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ, ആന്റിവെനം നൽകാനോ മെനക്കെടേണ്ടി വരില്ല. അതിനുമുന്നേ തന്നെ ജീവൻ മറയും. മാത്രമല്ല, രാജവെമ്പാല വിഷത്തിന് ആന്റിവെനം ലഭ്യവുമല്ല. തായ്‌ലൻഡിൽ മാത്രമാണ് ഇതിനുള്ള ആന്റിവെനം ഉള്ളത്. അതുപക്ഷേ ആ നാട്ടിലെ രാജവെമ്പാല വിഷത്തിനുമാത്രം യോജിച്ചതാണ്.

അതിവിടെ ഫലപ്രദമാകില്ലെന്ന് വാവ പറയുന്നു. 200 രാജവെമ്പാലകളെയാണ് വാവ ഇന്നു വരെ പിടികൂടിയത്. ആർക്കും നേടാനാവാത്ത ലോക റെക്കാഡ്. 45 രാജവെമ്പാലകളെ പിടിച്ച തായ്‌ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കാഡാണ് വാവ തിരുത്തിക്കുറിച്ചത്. പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ നിന്നായിരുന്നു ആദ്യ രാജ വെമ്പാലയെ വാവയ്ക്ക് കിട്ടുന്നത്. പിന്നീട് എണ്ണം കൂടി കൂടി ഇരുന്നൂറിലെത്തി.

മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയെ പിടിക്കുന്നത് താരതമ്യേന പ്രയാസം കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കൊല്ലം മാത്രം ഒൻപത് രാജവെമ്പാലകളെയാണ് വാവ പിടികൂടിയത്. എന്തുകൊണ്ട് ഇത്രയധികം രാജവെമ്പാലകളെന്നു ചോദിച്ചാൽ വ്യാപകമായി വനങ്ങൾ നശിപ്പിക്കുന്നതാണ് കാരണമെന്നാണ് വാവ പറയും. തീറ്റ തേടി കാടിറങ്ങുന്ന രാജവെമ്പാലകളുടെ എണ്ണം പണ്ടത്തേക്കാൾ കൂടുതലാണിപ്പോൾ.

ഒറ്റ ഫോൺ വിളിയിൽ ഏതു പാതിരാത്രിയാണെങ്കിലും ഏതുനാട്ടിൽ നിന്നാണെങ്കിലും. വാവയ്ക്ക് പാമ്പുപിടിത്തം സേവനം മാത്രമല്ല പുണ്യപ്രവർത്തി കൂടിയാണ്. പല ജീവനുകളെ രക്ഷിക്കാൻ കഴിയുന്നതിന്റെ ആശ്വാസവും സന്തോഷവുമാണ്. പാമ്പിനെ കാണുമ്പോൾ പേടിച്ച് വിളിക്കുന്ന മനുഷ്യർക്കും അവരുടെ ജീവനെടുക്കാതെ, ജീവിതം തിരികെ നൽകുന്ന പാമ്പുകൾക്കും വാവ ഒരുപോലെ പ്രിയങ്കരനാണ്. മറ്റുള്ളവരുടെ ജീവിതം സുരക്ഷിതമാക്കുമ്പോഴും വാവയുടെ ജീവന് പക്ഷേ ആ ഉറപ്പില്ല. പലവട്ടം രക്ഷാദൗത്യത്തിനിടയിൽ വാവയുടെ ജീവൻ മുൾമുനയിലായിട്ടുണ്ട്.

44 വയസിനിടയിൽ രാജവെമ്പാലകളടക്കം ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി നാട്ടുകാരെയും പാമ്പുകളെയും ഒരുപോലെ രക്ഷിച്ചിട്ടുള്ള വാവയ്ക്ക് ഫെബ്രുവരി മാസം എല്ലായ്‌പ്പോഴും കഷ്ടതകളുടേതാണ്. മാരകമായി പാമ്പുകടിയേറ്റതിന്റെ കണക്കെടുത്താൽ അതെല്ലാം ഫെബ്രുവരിയിലാണെന്നതാണ് ഏറെ യാദൃശ്ചികത. ഇത്തവണയും അതുതന്നെ സംഭവിച്ചു. ചെറുതും വലുതുമായ 396 സർപ്പദംശനങ്ങൾ പലപ്പോഴായി അദ്ദേഹത്തിന് ഏറ്റിട്ടുണ്ട്. ഇതിൽ 11 തവണ കാര്യങ്ങൾ കുറച്ച് ഗുരുതരമായി.

എട്ടുതവണ കടിച്ചത് മൂർഖനാണ്. മൂന്നുപ്രാവശ്യം അണലിയും. 11 ആശുപത്രി വാസങ്ങളിൽ രണ്ടുപ്രാവശ്യം വെന്റിലേറ്ററിലായി. നാലുതവണ ഐ.സി.യുവിലും അഞ്ചുപ്രാവശ്യം വാർഡിലും കിടക്കേണ്ടിവന്നു. ഇക്കുറിയേറ്റ അണലിവിഷം ജീവന് തന്നെ ഭീഷണിയായി. ഫെബ്രുവരി 13ന് കോന്നിക്കടുത്ത് കലഞ്ഞൂർ കല്ലറയത്ത് കിണറ്റിൽ നിന്ന് അണലിയെ പിടിച്ചുകൊണ്ടുപോകുന്നതിനിടയാണ് വാവയുടെ വലതു കൈയിലെ നടുവിരലിൽ കടിയേറ്റത്. ചുറ്റിനും കൂടിയ ആൾക്കാർക്ക് വേണ്ടി പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിലായിരുന്നു അത് സംഭവിച്ചത്. വിഷത്തിന്റെ വീര്യം കൂടിയതുകൊണ്ട് ഇത്തവണ 40 ബോട്ടിൽ ആന്റിവെനമാണ് കുത്തി വയ്ക്കേണ്ടിവന്നത്.

പാമ്പ് സംരക്ഷണവും പരിസ്ഥിതി പ്രവർത്തനവുമൊക്കെ സേവനമാണ്. അടുക്കളയിലോ വീട്ടുമുറ്റത്തോ കയറി പേടിപ്പിക്കുന്ന പാമ്പിനെ പിടികൂടി സഹായിക്കണമെന്ന് ഫോണിലൂടെ ആവശ്യപ്പെടുന്ന ആളിനോട് എങ്ങനെയാണ് പണം വാങ്ങുക സഹായാഭ്യർത്ഥന നടത്തുന്നതിലേറെയും സ്ത്രീകളാണ്.

കേട്ടാൽ ആ നിമിഷം തന്നെ സ്‌കൂട്ടറിലോ ഓട്ടോയിലോ പാഞ്ഞെത്തി പാമ്പിനെ പിടികൂടി ഭീഷണി ഒഴിവാക്കും. അവരോടൊക്കെ ഒറ്റക്കാര്യമേ പറയാറുള്ളൂ, ഞാനെത്തുന്നതുവരെ ആ പാമ്പിനെ നിരീക്ഷിക്കണം. ചിലരൊക്കെ പാമ്പിനെ പിടിക്കാനായി ശ്രമിച്ച് ആളും ബഹളവും കൂടുമ്പോൾ പാമ്പ് അതിന്റെ വഴിക്ക് പോകും. പിന്നെ നമ്മളെത്തുമ്പോൾ അവിടെ കക്ഷി ഉണ്ടാകില്ല. ആരിൽ നിന്നും പ്രതിഫലം ചോദിച്ചു വാങ്ങില്ല.

ആരെങ്കിലും എന്തെങ്കിലും തന്നാൽ സന്തോഷപൂർവം സ്വീകരിക്കും. വണ്ടി പിടിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നല്ലൊരു തുക അതിന് ചെലവാകാറുണ്ട്. ചിലപ്പോൾ കടംവാങ്ങിയാണ് പാമ്പുപിടിത്തത്തിന് പോകുന്നത്. വണ്ടിക്ക് പെട്രോളടിക്കാതെ പോകാൻ പറ്റില്ലല്ലോ. ഒരുപാട് കടമുണ്ട്, അത് കൂടി കൂടി വരികയാണ്. പാമ്പുപിടിത്തം നിറുത്തിയാലോ എന്നുപോലും ആലോചിക്കാറുണ്ട്.

പക്ഷേ, ആരെങ്കിലും സഹായമഭ്യർത്ഥിച്ച് വിളിച്ചാൽ തനിക്ക് പറ്റില്ലെന്ന് പറയാൻ ആകില്ല. പാമ്പുപിടിത്തമില്ലെങ്കിൽ പിന്നെ വാവ സുരേഷ് ഇല്ല. വാവ മദ്യപിക്കാറില്ല, അതേ പോലെ നോൺ വെജും കൈ കൊണ്ട് തൊടില്ല. പാമ്പുപിടുത്തത്തിൽ സത്യമുണ്ടെന്നാണ് വാവ വിശ്വസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP