Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വസ്ത്രം ചുളിയുന്നത് പേടിച്ച് സ്ത്രികൾ സീറ്റ് ബെൽറ്റ് ധരിക്കാറില്ല; ഉയരക്കുറവും മറ്റ് ശാരീരികമായ പ്രത്യേകതകളും കൊണ്ട് രണ്ട് വശത്തും കാല് കുത്തി ടൂവീലർ നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ; സ്ത്രീവിരുദ്ധ പോസ്റ്റുമായി മോട്ടോർ വാഹന വകുപ്പ്; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

വസ്ത്രം ചുളിയുന്നത് പേടിച്ച് സ്ത്രികൾ സീറ്റ് ബെൽറ്റ് ധരിക്കാറില്ല; ഉയരക്കുറവും മറ്റ് ശാരീരികമായ പ്രത്യേകതകളും കൊണ്ട് രണ്ട് വശത്തും കാല് കുത്തി ടൂവീലർ നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ; സ്ത്രീവിരുദ്ധ പോസ്റ്റുമായി മോട്ടോർ വാഹന വകുപ്പ്; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

'ശെരിയാ സാറേ.. അല്ലേലും ഈ പെണ്ണുങ്ങൾ എന്തിനാ വണ്ടി എടുത്തിട്ട്. വീട്ടില് കഞ്ഞീം കറീം വച്ച് ഇരുന്നാൽ പോരെ? ഇതിപ്പോ അപകടം ആയി, പരിചയക്കുറവായി, ആകെ മൊത്തം ഇടങ്ങേറാകും.. അല്ലാ.. റോട്ടിൽ വണ്ടി ഓടിക്കണ ആണുങ്ങൾക്കൊക്കെ സുഖമാണോ സാറേ.. അവർ പിന്നെ ജനിച്ചപ്പോഴേ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ചതോണ്ട് ആ ഒരു കൺഫ്യുഷൻ ഇല്ല. ഹാവൂ.. മര്യാദയ്ക്ക് വീട്ടിൽ ഇരുന്നോണം പെണ്ണുങ്ങളേ''

കൊറോണാനന്തര ഗതാഗത പ്രശ്നങ്ങളും സ്ത്രീപക്ഷ ഡ്രൈവിങ്ങും എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ചെയ്ത് പുറത്തിറക്കിയ നിർദ്ദേശത്തിനെതിരെ ഫേസ്‌ബുക്കിൽ സ്റ്റേറ്റ് പോവർട്ടി ഇറാഡിക്കേഷൻ മിഷനിലെ ജില്ലാ പ്രോഗ്രാം മാനേജർ ആരതി ജഹനാര ഉന്നയിച്ച വിമർശനമാണിത്.

ഇത്തരത്തിൽ നിരവധി പേരാണ് വനിതാ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വന്ന വിമർശനങ്ങൾക്കൊടുവിൽ മോട്ടോർവാഹന വകുപ്പ് പോസ്റ്റ് പിൻവലിച്ചെങ്കിലും അവർ നിരത്തിയ യുക്തിയില്ലാത്ത വാദങ്ങൾ ചർച്ചയാകേണ്ടത് തന്നെയാണ്.

'വനിതാ ഡ്രൈവിങ്ങ് വെല്ലുവിളികളും മുൻകരുതലും' എന്ന പേരിലാണ് മോട്ടോർവാഹന വകുപ്പ് ഫേസ്‌ബുക്കിൽ നിർദ്ദേശങ്ങൾ പങ്കുവെച്ചത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ച നിർദ്ദേശത്തിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാണിച്ച് സ്ത്രീകൾ തന്നെ മുന്നോട്ട് വന്നതിന് ശേഷം വനിതാ ഡ്രൈവിങ്ങ് വീണ്ടും ചർച്ചകളിലേക്കെത്തുകയാണ്.


സ്ത്രീകൾ വാഹനമോടിക്കുമ്പോഴുള്ള ഗുണപരമായ കാര്യങ്ങളും വെല്ലുവിളികളും എന്നിങ്ങനെ വേർതിരിച്ചാണ് മോട്ടോർ വാഹനവകുപ്പ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിലെ അപകടമരണങ്ങളിലെ കണക്കുകളിൽ ഏകദേശം അഞ്ചിലൊന്നാണ് സ്ത്രീകൾ. എന്നാൽ ഡ്രൈവിങ്ങിലെ സ്ത്രീ പുരുഷ അനുപാതം കണക്കാക്കുമ്പോൾ ഇത് വളരെ ഉയർന്ന നിരക്കാണെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

സ്ത്രീകൾ വണ്ടിയോടിക്കുമ്പോഴുള്ള ഗുണപരമായ കാര്യങ്ങളായി മോട്ടോർ വാഹന വകുപ്പ് ലിസ്റ്റ് ചെയ്യുന്നത് ഇവയാണ്.

1.ആൺകുട്ടികളെ അപേക്ഷിച്ച് അമിത വേഗതയും, അപകടകരമായ ഡ്രൈവിങ്ങിന്റെയും അഭാവം.
2.ട്രിപ്പിൾ റൈഡിംഗിന്റെ കുറവ്.
3. രാത്രികാല യാത്രകളുടെയും ദീർഘദൂര ഡ്രൈവിംഗിലെയും കുറവ്
4. മദ്യപാനവും ലഹരി ഉപയോഗിച്ചുള്ള വാഹന ഉപയോഗത്തിന്റെ കുറവ്
5.മൽസര ഓട്ടങ്ങൾക്കുള്ള സാദ്ധ്യത ഇല്ലായ്മ (ഇീാുലശേശേീി ൃശറശിഴ)

സ്ത്രീകൾ വണ്ടിയോടിക്കുന്നതിലെ ഗുണപരമായ കാര്യങ്ങൾ അഞ്ചക്കത്തിലൊതുക്കിയ മോട്ടോർ വാഹന വകുപ്പ് പക്ഷേ സ്ത്രീകൾ വണ്ടിയോടിക്കുമ്പോൾ നിരത്തുന്ന വെല്ലുവിളികൾ അനേകമാണ്.

ഇതിൽ പലതും സ്റ്റീരിയോടൈപ്പ് സങ്കൽപങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പലരും മോട്ടോർ വാഹന വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് വനിതാ ഡ്രൈവിങ്ങിലെ വെല്ലുവിളികളായി ഉയർത്തിക്കാട്ടുന്നത് ഇവയാണ്.

1. വീട്ടിലെയും ജോലിസ്ഥലത്തേയും തിരക്കുകൾക്ക് ഇടയിൽ നിന്നുള്ള സമയക്കുറവിന്റെയും ബദ്ധപ്പാടുകളുടെയും ഇടക്കുള്ള ഡ്രൈവിംഗിന്റെ അപകട സാദ്ധ്യത.2. ചെറിയ കുട്ടികളെയും കൊണ്ടുള്ള യാത്രകളിലെ അപകട സാദ്ധ്യതകൾ
3. യാന്ത്രികമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് കുറവ്.4. സാരിയും ചുരിദാറിന്റെ ഷാൾ പോലുള്ള ലൂസായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള അപകട സാദ്ധ്യതയും അസൗകര്യങ്ങളും.
5. ഡ്രൈവിംഗിലെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന പ്രശ്നങ്ങൾ .
6. ഡിഫൻസീവ് ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള അറിവ് കുറവ്.
7. ഡ്രൈവിംഗിലെ പരിചയക്കുറവ് കൊണ്ട് MSM ( മിറർ സിഗ്നൽ മാന്വർ ) തത്വങ്ങൾ പാലിക്കാൻ പറ്റാതെ യു ടേൺ എടുക്കുന്നതും വലത്തേക്ക് തിരിക്കുന്നതും പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ.
8. ലൈൻ ഡ്രൈവിംഗിനെക്കുറിച്ചുള്ള പരിചയക്കുറവിനാൽ ക്യാരിയേജ് വേയുടെ വലത് വശത്ത് കൂടെയും മീഡിയനോട് ചേർന്നും വാഹനം ഓടിക്കുമ്പോഴുള്ള പ്രശ്നങ്ങൾ.
9. ഉയരക്കുറവും മറ്റ് ശാരീരികമായ പ്രത്യേകതകളും കൊണ്ട് രണ്ട് വശത്തും കാല് കുത്തി ടൂവീലർ നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ.
10. ഹെയർ സ്റ്റൈലും പൂ ചൂടലും മറ്റും നിമിത്തം ഹെൽമെറ്റ് ധരിക്കുന്നതിലുള്ള അസൗകര്യങ്ങൾ
11. ചിലരെങ്കിലും വസ്ത്രങ്ങളിൽ ചുളിവ് വീഴുന്നതൊഴിവാക്കാൻ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക.
12.കൃത്യമായ പരിശീലനം നേടിയതിന് ശേഷം മാത്രമേ പുതുതായി വാഹനവുമായി നിരത്തിലിറങ്ങൂ എന്ന് സ്വയം തീരുമാനിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

പന്ത്രണ്ടിലധികം വെല്ലുവിളികളാണ് സ്ത്രീകൾ വണ്ടിയോടിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ പലതും സമൂഹം സ്ത്രീക്ക് കൽപിച്ചു നൽകിയിരിക്കുന്ന ജെൻഡർ റോളുകളുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളുടെ വസ്ത്രധാരണം, ഹെയർസ്‌റ്റൈൽ, കുടുംബത്തിലെ ഉത്തരവാദിത്തം, കുട്ടികൾ, ശാരീരിക പ്രത്യേകതകൾ തുടങ്ങിയവയാണ് മോട്ടോർ വാഹന വകുപ്പ് സ്ത്രീകൾ വണ്ടിയോടിക്കുന്നതിലെ പ്രധാന വെല്ലുവിളികളായി ഉയർത്തിക്കാട്ടുന്നത് എന്നത് ഈ നിർദ്ദേശങ്ങളിൽ നിന്നും വ്യക്തമാണ്.

മറ്റൊരു വിമർശനം സ്ത്രീകൾക്ക് മെക്കാനിക്കൽ കാര്യങ്ങളും, ഡ്രൈവിങ്ങ് നിയമങ്ങളുമായി ബന്ധപ്പെട്ട് അറിവില്ല എന്നതാണ്. ഇതെല്ലാം പഠിപ്പിച്ചിട്ടാണല്ലോ റോഡ് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നത്. പിന്നെ എങ്ങിനെയാണ് ഈ അറിവില്ലായ്മ സ്ത്രീകൾക്ക് മാത്രമാണെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നതെന്ന ചോദ്യവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്.

മാധ്യമ പ്രവർത്തകയായ അനുപമ വെങ്കിടേഷ് ഉൾപ്പെടെയുള്ളവർ മോട്ടോർ വാഹനവകുപ്പിന്റെ വനിതാ ഡ്രൈവിങ്ങ് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയും മോട്ടോർ വാഹന വകുപ്പിന്റെ അപക്വമായ നിർദ്ദേശങ്ങളെ പരിഹസിച്ചുമാണ് നിരവധി പേർ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തിനെതിരെ വുമൺസ് ഡ്രൈവർ ചലഞ്ചും അനുപമയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.റോഡിൽ സ്ത്രീകളേക്കാൾ അപകടകാരികൾ പുരുഷന്മാരാണെന്ന പഠനങ്ങൾ ചൂണ്ടിക്കാണിച്ചും സ്ത്രീകൾ മോട്ടോർ വാഹന വകുപ്പിന്റെ വാദങ്ങൾ പൊളിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP