Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിലെ മലിനീകരണം ശ്വാസകോശ അണുബാധയേറ്റ സോണിയ ഗാന്ധിക്ക് താങ്ങാനാവുന്നതിലും അപ്പുറം; കോൺഗ്രസ് അദ്ധ്യക്ഷ രാജ്യ തലസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് ഡോക്ടർമാർ; സോണിയ ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറും

ഡൽഹിയിലെ മലിനീകരണം ശ്വാസകോശ അണുബാധയേറ്റ സോണിയ ഗാന്ധിക്ക് താങ്ങാനാവുന്നതിലും അപ്പുറം; കോൺഗ്രസ് അദ്ധ്യക്ഷ രാജ്യ തലസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് ഡോക്ടർമാർ; സോണിയ ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറി താമസിക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ. ശ്വാസകോശ അണുബാധയുള്ളതിനാൽ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനിൽക്കാനാണ് ഡോക്ടർമാരുടെ നിർദ്ദേശമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സോണിയ യാത്ര തിരിച്ചേക്കുമെന്നും രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ അവർക്കൊപ്പമുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഡൽഹിയിലെ വായു മലിനീകരണം സോണിയയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഡൽഹിയിൽ നിന്ന് മാറാനുള്ള നിർദ്ദേശമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.ശ്വാസകോശ അണുബാധയെ തുടർന്ന് ജൂലായ് 30ന് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ആശുപത്രി വിട്ട ശേഷവും അവർ മരുന്നുകൾ തുടരുന്നുണ്ട്.സെപ്റ്റംബറിൽ മെഡിക്കൽ പരിശോധനയ്ക്കായി വിദേശത്തേക്കും പോയിരുന്നു.

ഡൽഹിയിൽ മലിനീകരണം രൂക്ഷം

ലോകത്തിലെ പത്തിൽ ഒമ്പതു പേരും ഇന്ന് അന്തരീക്ഷമലിനീകരണം നേരിടുന്നവരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ. 2014-ലാണ് ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന പദവി ലോകാരോഗ്യസംഘടന ഡൽഹിക്ക് നൽകിയത്. 'ഒന്നാം' സ്ഥാനം ചിലപ്പോഴൊക്കെ മാറിമറിയാറുണ്ടെങ്കിലും നിത്യേന 80-ഓളം ആളുകളാണ് ഡൽഹിയിൽ ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾമൂലം മാത്രം മരിക്കുന്നത്.

വായു മലിനീകരണത്തോത് പി.എം. 2.5, പി.എം. 10 എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഒരു പി.എം. 2.5 എന്നത് തലമുടിയെക്കാൾ 100 മടങ്ങ് നേർത്തതാണ്. ഈ വലുപ്പമുള്ള പൊടികൾ പ്രധാനമായും സൃഷ്ടിക്കപ്പെടുന്നത് വാഹനങ്ങളിൽനിന്നുള്ള ബഹിർഗമനം മൂലമാണ്. വർഷങ്ങളായി അനുവദനീയമായ അളവിന്റെ (ഒരു ക്യുബിക് മീറ്ററിൽ യഥാക്രമം 60-ഉം 100-ഉം) നാലഞ്ച് ഇരട്ടിയിലേറെയാണ് ഡൽഹിയിലെ മലിനീകരണം. പൊതുവിൽ, ദീപാവലിയോട് അനുബന്ധിച്ചാണ് ഇത്തരം വാർത്തകൾ കൂടുതലും പുറത്തുവരാറുള്ളത്. ദീപാവലി നാളിൽ അനുവദനീയമായ അളവിന്റെ 15-20 ഇരട്ടിയോളം ഉയരാറുണ്ട് ഡൽഹിയിലെ വായുമലിനീകരണം. അതായത് പുകവലിക്കാത്ത ഒരാൾ ഒരു ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നത്. എന്നാൽ, പതിവിന് വിപരീതമായി, ജനുവരിയിലും ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മാംഗനീസ്, ലെഡ്, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ അളവുകൾ ഡൽഹിയുടെ അന്തരീക്ഷത്തിൽ ഏറെ കൂടുതലാണെന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നു. ദീപാവലി സമയത്ത് ബാരിയത്തിന്റെ അളവായിരുന്നു അന്തരീക്ഷത്തിൽ കൂടുതൽ.

ഡൽഹി അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണം, കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ അമിത ഉപയോഗമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡും (CPCB) കേന്ദ്ര പരിസ്ഥിതി എൻജിനീയറിങ് ഗവേഷണസ്ഥാപനവും (NEERI) ചൂണ്ടിക്കാട്ടുന്നു. തണുപ്പുകാലത്തെ കാറ്റില്ലാത്ത അവസ്ഥയും ദീപാവലി, വിവാഹം തുടങ്ങിയ സമയങ്ങളിൽ ഉപയോഗിക്കുന്ന പടക്കങ്ങളും വൻകിടനിർമ്മാണവും വ്യാവസായിക മാലിന്യവും പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരവും എല്ലാം ഡൽഹിയെ തളർത്തുന്നുണ്ട്. ഇത മനസ്സിലാക്കി ദീപാവലിക്ക് പടക്ക നിയന്ത്രണവും, ഒറ്റയക്ക ഇടട്ടയക്ക വാഹനനിയന്ത്രണവുമൊക്കെ സർക്കാർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഒന്നും പ്രയോഗികമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP