Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇമാമുകളും സർക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം; വിദേശത്തു നിന്ന് ഇമാമുകളെ കൊണ്ടു വരുന്നതും വിലക്ക്; കുട്ടികൾക്ക് മതപഠനം കുറയ്ക്കാനായി വീടുകളിൽ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കും; മസ്ജിദുകൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് വിലക്കും; ഫ്രാൻസിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ പൂട്ടാനൊരുങ്ങി മാക്രോൺ

ഇമാമുകളും സർക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം; വിദേശത്തു നിന്ന് ഇമാമുകളെ കൊണ്ടു വരുന്നതും വിലക്ക്; കുട്ടികൾക്ക് മതപഠനം കുറയ്ക്കാനായി വീടുകളിൽ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കും; മസ്ജിദുകൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് വിലക്കും; ഫ്രാൻസിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ പൂട്ടാനൊരുങ്ങി മാക്രോൺ

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളുടെ ഇപ്പോഴത്തേ ഏറ്റവും വലിയ ശത്രു അമേരിക്കയോ, സാമ്രാജ്വത്തമോ ഒന്നുമല്ല. അത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ്. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് മാക്രോൺ പറയുകയും, അദ്ധ്യാപകന്റെ തലവെട്ടിയതിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തുകയും ചെയ്തതോടെ, തങ്ങളുടെ മതത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ മനസ്സിലാക്കാതെ ഫ്രാൻസ് ഇസ്ലമോ ഫോബിയ വളർത്തുന്നുവെന്ന് ആരോപിക്കയാണ് തുർക്കിയടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി ഫ്രഞ്ച് ഉൽപ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ് പല ഇസ്ലാമിക രാജ്യങ്ങളും.

ഫ്രാൻസിലാവട്ടെ രണ്ടു തവണ ചർച്ചിൽ ഉൾപ്പടെ ഇസ്ലാമിക തീവ്രാവാദികളുടെ ആക്രമണവും ഉണ്ടായി. എന്നാൽ ഇതിന് ആ രീതിയിൽ തിരിച്ചടിക്കാൻ തീരുമാനിച്ചിരിക്കയാണ് ഫ്രാൻസും. പൊളിറ്റിക്കൽ ഇസ്ലാമിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായ നടപടികൾ അവിടെ പുരോഗമിക്കയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിപബ്ലിക്കൻ മൂല്യങ്ങൾക്ക് പ്രാഥമിക പരിഗണന നൽകുന്ന നിർദ്ദേശ പത്രിക ഫ്രഞ്ച് കൗൺസിൽ ഓഫ് ദ മുസ്ലിം ഫെയ്ത്തിനു (സി.എഫ്.സി.എം) മുന്നിൽ സർക്കാർ വെച്ചിട്ടുണ്ട്. ഈ പത്രിക അംഗീകരിക്കാൻ 15 ദിവസത്തെ സമയമാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ സംഘടനയ്ക്ക് നൽകിയിരിക്കുന്നത്.

പുതിയ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ഇമാമുകളുടെ നാഷണൽ കൗൺസിൽ രൂപീകരിക്കാൻ സി.എഫ്.സി.എം സമ്മതമറിയിച്ചിട്ടുണ്ട്. ഈ കൗൺസിൽ ആയിരിക്കും രാജ്യത്തെ ഇമാമുകൾക്ക് അക്രഡിറ്റേഷൻ നൽകുക. ഇസ്ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പത്രികയിൽ പറയുന്നുണ്ട്. പൊളിറ്റിക്കൽ ഇസ്ലാമിസത്തെ തിരസ്‌കരിക്കാനും മസജിദുകളിലും മറ്റുമുള്ള വിദേശ ഇടപെടൽ ഒഴിവാക്കാനും പത്രിക നിഷ്‌കർഷിക്കുന്നു.

ഇമാമുമാർക്കും ഇനി സർക്കാറിന്റെ ടെസ്റ്റ്

ഫ്രാൻസിൽ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങൾ ഇമ്മാനുവേൽ മക്രോൺ നടത്തിയിരുന്നു. ചർച്ചുകളെ രാജ്യത്തെ ഭരണ നിർവഹണ സംവിധാനത്തിൽ നിന്നും പൂർണമായും ഒഴിവാക്കുന്ന 1905 ൽ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു മാക്രോൺ നടത്തിയത്.ഫ്രാൻസിലെ മുസ്ലിം ഗ്രൂപ്പുകൾ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികൾ മക്രോൺ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വരുന്നത്. ഡിസംബർ ഒമ്പതിനാണ് ഈ ഭേദഗതികൾ അടങ്ങിയ ഡ്രാഫ്റ്റ് മന്ത്രിസഭയിൽ അവതരിപ്പിക്കുക.

പള്ളികളിലെ ഇമാമിന് ഫ്രാൻസിൽ പ്രവർത്തിക്കാൻ സർക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്തു നിന്നും ഫ്രാൻസിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. കുട്ടികൾക്ക് മതപഠനം കുറയ്ക്കാനായി വീടുകളിൽ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങൾ പ്രകാരം ഫ്രാൻസിലെ മുസ്ലിം സംഘടനകൾക്ക് ഇനി വിദേശരാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് ഗണ്യമായി കുറയും.ഷാർലെ ഹെബ്ദോ കാർട്ടൂണിന്റെ പേരിൽ ഫ്രാൻസിൽ തുടരെ ഭീകരമാക്രമങ്ങൾ നടന്നതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങൾ.

പ്രവാചകന്റെ കാർട്ടൂൺ ക്ലാസിൽ കാണിച്ചതിന്റെ പേരിൽ ഒക്ടോബർ 16 ന് ചരിത്രാധ്യാപകനായ സാമുവേൽ പാറ്റി കൊല്ലപ്പെട്ടിരുന്നു. അബ്ദുള്ള അൻസൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. തുടർന്ന് ഫ്രാൻസിൽ ചർച്ചിൽ അടക്കം രണ്ടുതവണ തീവ്രാവാദ ആക്രമണങ്ങളും നടന്നു.

കുടിയേറ്റക്കാർക്കെതിരെയും ശക്തമായ നടപടി

കുടിയേറ്റക്കാർക്കെതിരെയും ഫ്രാൻസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും മുഖം തിരിച്ചപ്പോൾ സിറിയിൽനിന്ന് വരെ വന്ന കുടിയേറ്റക്കാർക്ക് അഭയം നൽകിയ രാജ്യമാണ് ഫ്രാൻസ്. എന്നാൽ ഇസ്ലാമിക മൗലികാ വാദികളുടെ തുടർച്ചയായ ആക്രമണം ഉണ്ടായതോടെ, ആ രാജ്യവും നിലപാട് മാറ്റിയിരിക്കയാണ്. ഇതിന്റെ ഭാഗമായി അഭയാർത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേർ താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാർത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു. ഏഷ്യ, ആഫ്രിക്കൻ വൻകരകളിലെ മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയവരിൽ ഭൂരിഭാഗവും ഇന്നും ഫ്രാൻസിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്.

ഫളൈ ഓവറുകൾക്ക് താഴെയും റെയിൽവേ സ്റ്റേഷനുകളിലും കനാലുകളുടെ വശങ്ങളിലും സ്റ്റേഡിയങ്ങൾക്ക് സമീപത്തുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാർഥികളാണ് ഇന്ന് ഫ്രാൻസിലുള്ളത്. കോവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിലും മാസ്‌കോ, സാമൂഹിക അകലമോ ഇല്ലാതെയാണ് കുടിയേറ്റക്കാർ കഴിഞ്ഞിരുന്നത്. അഭയാർത്ഥികളുടെ ഈ ദുരവസ്ഥയ്‌ക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ചില നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതൽ അഭയാർത്ഥികൾ എത്തിയതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു.

ഇതേ തുടർന്ന് ആയിരക്കണക്കിന് അഭയാർത്ഥികൾ ഫ്രാൻസിന്റെ തെരുവുകളിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടു. എന്നാൽ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച് ഫ്രാൻസിൽ അഭയാർത്ഥികളും സ്റ്റേറ്റും തമ്മിൽ നിരവധി പ്രശ്‌നങ്ങൾ ഉടലെടുത്തു. ഇതോടെയാണ് അഭയാർത്ഥികൾക്ക് ഒരു സ്ഥിരം താമസസൗകര്യമെന്ന നയത്തിലേക്ക് ഫ്രാൻസ് കടന്നത്. വിവിധ പൊലീസ് വകുപ്പുകൾ ഒഴിപ്പിക്കലിന് എത്തിച്ചേർന്നിരുന്നു. അഭയാർത്ഥികളെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വടക്കൻ ഫ്രാൻസിലെ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാർത്ഥി ക്യാമ്പിൽ മാത്രം ഏതാണ്ട് 2,000 ത്തോളം അഭയാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. പൊലീസ് നടപടി തുടങ്ങിയപ്പോൾ തന്നെ അഭയാർത്ഥികളെ കൊണ്ട് പോകാനായി നിരവധി ബസ്സുകളെത്തിയിരുന്നു.ഒഴിപ്പിക്കൽ നടക്കുമ്പോൾ പൊലീസും അഭയാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. കനാലുകളുടെ വശങ്ങളിലും പാലങ്ങൾക്കും മെട്രോകൾക്കുമടിയിലും തെരുവുകളിലുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാർത്ഥികളാണ് ഫ്രാൻസിലുള്ളത്.

അഭയാർത്ഥികളിൽ ഏറിയ പങ്കും അഫ്ഗാൻ, സോമാലിയ തുടങ്ങിയ ആഭ്യന്തരയുദ്ധം രൂക്ഷമായ ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവരാണ്.തെരുവുകളിൽ നിന്ന് ഒഴിപ്പിച്ച അഭയാർത്ഥികളെ ഒഴിഞ്ഞ ജിമ്മുകളിലേക്കും സ്റ്റേഡിയങ്ങളിലും തയ്യാറാക്കിയ താൽക്കാലിക കൂടാരങ്ങളിലേക്കാണ് കൊണ്ടുപോയത്.70 ബസ്സുകളിലായി 26 താത്കാലിക കേന്ദ്രങ്ങളിലേക്കാണ് അഭയാർത്ഥികളെ മാറ്റിയതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP