Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വക്കീൽ നോട്ടീസ് നിയമസഭയിൽ അംഗങ്ങൾക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരമമായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കം; കൈറ്റ് സിഇഒയ്ക്കും മാനേജർക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വക്കീൽ നോട്ടീസ് നിയമസഭയിൽ അംഗങ്ങൾക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരമമായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കം; കൈറ്റ് സിഇഒയ്ക്കും മാനേജർക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ അൻവർ സാദത്ത്, മാനേജർ ദീപ അനിരുദ്ധൻ എന്നിവർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.

കൈറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകളേയും, ഈ ഇടപാടുകളിലെ ബിനാമി ബന്ധങ്ങളേയും സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിന്മേൽ കൈറ്റ് പ്രതിപക്ഷ നേതാവിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. നിയമസഭ ഉൾപ്പെടെയുള്ള വേദികളിൽ ഇത് സംബന്ധിച്ച് യാതൊരു ആക്ഷേപവും ഉന്നയിക്കരുതെന്നുള്ള ഗൂഢലക്ഷ്യം കൂടി ഈ നോട്ടീസിന് പിന്നിലുണ്ടെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 194 (1) പ്രകാരം നിയമസഭയിൽ അംഗങ്ങൾക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരമമായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കമാണെന്നും കാണിച്ചാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.

കസ്റ്റംസ് വകുപ്പിന് 03.08.2020 ന് നൽകിയ മൊഴിയിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ അബ്ദുൾ ഹമീദ് വരിക്കോടൻ താൻ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരുപ്രതിയായ റമീസുമായി ഐറ്റി പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി തിരുവനന്തപുരത്ത് വന്നിരുന്നതായും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപിനെ അവിടെ വച്ച് കണ്ടിരുന്നതായും ബോധിപ്പിച്ചിട്ടുണ്ട് എന്ന് രമേശ് ചെന്നിത്തല നോട്ടീസിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളാണെന്ന പത്രവാർത്തകളും റിപ്പോർട്ടുകളും അപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 07.11.2020 ൽ താൻ നടത്തിയ പത്രസമ്മേളനത്തിൽ കൈറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകളേയും, ഈ ഇടപാടുകളിലെ ബിനാമി ബന്ധങ്ങളേയും സംബന്ധിച്ച് പ്രതിപക്ഷനേതാവെന്ന നിലയിൽ തനിക്ക് ഉത്തമബോധ്യമുള്ള വസ്തുതകൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും, സംസ്ഥാനവിജിലൻസ് മേധാവിക്കും കത്തുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പത്രസമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 14 ന് കൈറ്റിന്റെ മാനേജർ ദീപ അനിരുദ്ധനുവേണ്ടി ന്യൂഡൽഹിയിലുള്ള Solicitorsindia Law Offices എന്ന സ്ഥാപനം മുഖേന തനിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

പ്രതിപക്ഷനേതാവെന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ഒരു സുപ്രധാന പദ്ധതിയിൽ നടന്ന അഴിമതിയും, ക്രമക്കേടും ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ നിയമവ്യവഹാര നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിശബ്ദനാക്കാനാണ് വക്കീൽ നോട്ടീസിലൂടെ കൈറ്റിന്റെ ബന്ധപ്പെട്ട അധികാരികൾ ലക്ഷ്യമിട്ടുള്ളത് എന്ന് രമേശ് ചെന്നിത്തല അവകാശ ലംഘന നോട്ടീസിൽ പറയുന്നു. നിയമസഭ ഉൾപ്പെടെയുള്ള വേദികളിൽ ഇത് സംബന്ധിച്ച് യാതൊരു ആക്ഷേപവും ഞാൻ ഉന്നയിക്കരുതെന്നുള്ള ഗൂഢലക്ഷ്യം കൂടി ഈ നോട്ടീസിന് പിന്നിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 194 (1) പ്രകാരം നിയമസഭാ സാമാജികർക്കുള്ള ഏറ്റവും വലിയ അവകാശം സഭയ്ക്കുള്ളിൽ നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരമമായ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തിനുപോലും കടിഞ്ഞാണിടുന്നതിനുള്ള ശ്രമമാണ് കൈറ്റിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിട്ടുള്ളത്. മാത്രമല്ല എന്റെ സഹ എംഎൽഎ മാർ അടക്കമുള്ള അനുയായികളും ഈ അഴിമതി സംബന്ധിച്ച് യാതൊരു പ്രസ്താവനകളും നടത്തരുതെന്ന് അവരെ ഉപദേശിക്കണമെന്നുകൂടി ഈ വക്കീൽനോട്ടീസിലുണ്ട്. ഇത് നിയമസഭാ സാമാജികനെന്ന നിലയിലും, പ്രതിപക്ഷനേതാവെന്ന നിലയിലും എനിക്കുള്ള വിശേഷ അധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും, അതിന്റെ ലംഘനവുമാണ്. പ്രതിപക്ഷനേതാവെന്ന പദവിയെ തന്നെ ഇകഴ്‌ത്തി കാട്ടുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഉണ്ടായിരിക്കുന്നത്.
കൈറ്റിന്റെ സിഇഒ അൻവർസാദത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ ഈ സ്ഥാപനത്തിന്റെ മാനേജർക്ക് ഇപ്രകാരം ഒരു വക്കീൽ നോട്ടീസ് തനിക്ക് അയക്കുവാൻ കഴിയില്ല.അതിനാൽ അൻവർ സാദത്ത്, ദീപ അനിരുദ്ധൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും, നിയമസഭാ ചട്ടം 159 പ്രകാരം ഈ നോട്ടീസ് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് റഫർ ചെയ്യണമെന്നും രമേശ് ചെന്നിത്തല നോട്ടീസിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP