Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് വർഷം നീണ്ടുനിന്ന യൂണിയൻ ബാങ്ക് കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കാൻ ധാരണയായതോടെ രക്ഷപ്പെട്ടത് ഐപിഎസുകാരി; മാനേജരെ കള്ളക്കേസിൽ കുടുക്കി മൂന്നാംമുറ പ്രയോഗിച്ച പരാതി ഒതുക്കി തീർത്തത് നഷ്ടപരിഹാരം നൽകി; ശീമാട്ടി കേസിൽ കുടുങ്ങിയ രാജമാണിക്യത്തിന്റെ ഭാര്യയ്ക്ക് പണം നൽകിയത് ആര്? ഭർത്താവിനെതിരായ വിജിലൻസ് കേസിൽ ഭാര്യയ്‌ക്കെതിരേയും സംശയങ്ങൾ

എട്ട് വർഷം നീണ്ടുനിന്ന യൂണിയൻ ബാങ്ക് കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കാൻ ധാരണയായതോടെ രക്ഷപ്പെട്ടത് ഐപിഎസുകാരി; മാനേജരെ കള്ളക്കേസിൽ കുടുക്കി മൂന്നാംമുറ പ്രയോഗിച്ച പരാതി ഒതുക്കി തീർത്തത് നഷ്ടപരിഹാരം നൽകി; ശീമാട്ടി കേസിൽ കുടുങ്ങിയ രാജമാണിക്യത്തിന്റെ ഭാര്യയ്ക്ക് പണം നൽകിയത് ആര്? ഭർത്താവിനെതിരായ വിജിലൻസ് കേസിൽ ഭാര്യയ്‌ക്കെതിരേയും സംശയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയതിൽ അന്വേഷണം നടത്തുന്നത് സർക്കാർ ആലോചനയിൽ. ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.നിശാന്തിനിക്കെതിരായ കേസാണ് റദ്ദാക്കിയത്. കക്ഷികൾ തമ്മിൽ പരാതി ഹൈക്കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിൽ തുടർ നടപടി ആവശ്യമില്ലെന്നു കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്‌സി ജോസഫിനെ വനിത പൊലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നായിരുന്നു കേസ്. കേസിൽ മറ്റ് പ്രതികളായ പിഡി പ്രമീള, കെവി മുരളീധരൻ നായർ എന്നിവർക്കെതിരായ കേസും റദ്ദാക്കി. പണം നൽകിയായിരുന്നു ഒത്തുതീർപ്പ്. ഈ സാഹചര്യമാണ് പരിശോധിക്കുന്നത്.

ഹൈക്കോടതിയുടെ മീഡിയേഷൻ സെന്ററിൽ ജൂലൈ 12 ന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. തൊടുപുഴ എസിപി ആയി ആർ നിശാന്തിനി പ്രവർത്തിച്ചിരുന്ന സമയത്താണ് ഈ സംഭവം. 2011 ജൂലൈ 26 ന് പഴ്‌സി ജോസഫിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചത്. കേസിൽ തിരിച്ചടി ഉണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഒത്തുതീർപ്പിനുള്ള പണം എവിടെ നിന്നു കൊടുത്തു എന്നതാകും അന്വേഷിക്കുക. ശീമാട്ടി ഭൂമി കേസിൽ നിശാന്തിനിയുടെ ഭർത്താവ് രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ ശീമാട്ടി ഇടപാടുമായി ഈ പണത്തിന് ബന്ധമുണ്ടോ എന്നാണ് അറിയേണ്ടത്.

നിശാന്തിനി അടക്കമുള്ളവരിൽ നിന്ന് 25 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി പഴ്‌സി ജോസഫ് ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ 18.5 ലക്ഷം രൂപയിൽ ധാരണയായി എന്നായിരുന്നു റിപ്പോർട്ട്. അങ്ങനെ എങ്കിൽ ഈ പണം നിശാന്തിനി എങ്ങനെ കൊടുത്തുവെന്നതാകും പരിശോധിക്കുക. ആർ.നിശാന്തിനിയെ കൂടാതെ വനിത സിവിൽ പൊലീസ് ഓഫീസർ വി.ഡി.പ്രമീള, പൊലീസ് ഡ്രൈവർ ടിഎം സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെഎ ഷാജി, നൂർ സമീർ, വിരമിച്ച എസ്ഐ കെവി.മുരളീധരൻ നായർ എന്നിവർക്കെതിരെയാണ് മർദ്ദിച്ചതിന് പേഴ്സി ജോസഫ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.2008 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറാണ് ആർ.നിശാന്തിനി.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേഴ്സി ജോസഫ് വിജയം നേടിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥയുൾപ്പെട്ട പൊലീസിനെതിരേയായിരുന്നു ഇടപെടൽ. പലവിധത്തിലുള്ള ഭീഷണികളുയർന്നു. ഒടുവിൽ തന്നെ ഉപദ്രവിച്ച പൊലീസുകാർക്കെതിരേ വകുപ്പുതല നടപടിക്ക് സർക്കാർ തീരുമാനിച്ചതോടെ കേസ് ഹൈക്കോടതി വരെയെത്തി. തൊടുപുഴ എഎസ്‌പിയായിരുന്നപ്പോൾ ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദിച്ചെന്ന പരാതിയിരുന്നു വകുപ്പ് തല നടപടിയും പിന്നീട് കേസ് ഹൈക്കോടതി വരെ എത്തിയതും.

യൂണിയൻ ബാങ്ക് പെരുബാവൂർ ശാഖയിൽ ചീഫ് മാനേജരായ ഇദ്ദേഹത്തിനെതിരേ മൂന്നാംമുറ പ്രയോഗിച്ചതിന് നിശാന്തിനിക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിയോട് സർക്കാർ നിർദ്ദേശിച്ചിരിരുന്നത്. സ്ത്രീപീഡനം ആരോപിച്ചാണു ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തത്. ഈ കേസ് പിന്നീട് കോടതി റദ്ദാക്കി. കള്ളക്കേസിൽ കുരുക്കുകയും കസ്റ്റഡയിൽ മർദിക്കുകയും ചെയ്തെന്ന മാനേജരുടെ പരാതിയിൽ നേരത്തേ അന്വേഷണം നടന്നിരുന്നു. കേസ് ഒത്തുതീർപ്പായതോടെ നിശാന്തിനിക്കെതിരെ നടപടിയും ഒഴിവായി. ഇതിന് വേണ്ടിയുള്ള പണം കൈമാറ്റമാണ് സംശയത്തിന് ഇട നൽകുന്നത്.

പെഴ്സി ജോസഫ് തൊടുപുഴ ബ്രാഞ്ചിൽ ജോലിചെയ്യവേ 2011 ജൂലായ് 26-നാണ് സംഭവം. ബാങ്കിൽ വാഹനവായ്പയ്ക്കെത്തിയ വി.ഡി. പ്രമീള എന്ന പൊലീസുകാരിയുടെ കൈയിൽ കയറിപ്പിടിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് തൊടുപുഴ എ.എസ്‌പി.യായിരുന്നു നിശാന്തിനി.പരാതി നൽകിയതിനെത്തുടർന്ന് അന്നത്തെ ഇടുക്കി എസ്‌പി. ജോർജ് വർഗീസ് അന്വേഷിച്ചെങ്കിലും പൊലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ സത്യം പുറത്തു കൊണ്ടു വന്നു. അതിശക്തമായ നിയമപോരാട്ടം നടന്നെങ്കിലും പിന്നീട് കേസ് ഒത്തുതീരുകയായിരുന്നു. ഇതിലെ സംശയങ്ങൾ നീക്കാനും സാമ്പത്തിക സ്‌ത്രോതസ്സ് കണ്ടെത്താനുമാണ് നീക്കം.

കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടി വസ്ത്ര വ്യാപാരശാലയുടെ ഭൂമി ഏറ്റെടുത്തതിൽ ഉയർന്ന അഴിമതിയാരോപണത്തിൽ എറാണാകുളം മുൻ ജില്ലാ കളക്ടർ എം.ജി.രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് അനുമതി കൊടുത്തിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ അനുമതി നൽകിയത്. മെട്രോ നിർമ്മാണത്തിന് വേണ്ടി ഭൂമിയേറ്റെടുക്കൽ കരാറിൽ ശീമാട്ടിക്ക് ഇളവ് നൽകിയെന്ന പരാതിയിലാണ് അന്വേഷണം. സർക്കാർ കണക്കാക്കിയ ഭൂമിയുടെ വിപണി വിലയെക്കാൾ കൂടിയ തുകയ്ക്കാണ് ജില്ലാ കളക്ടർ ശീമാട്ടിയുമായി കരാർ ഉണ്ടാക്കിയതെന്നാണ് ആരോപണം. എം.ജി.രാജമാണിക്യം നിലവിൽ കെ.എസ്‌ഐ.ടി.ഐ.എൽ എംഡിയാണ്.

ഈ സാഹചര്യത്തിലാണ് രാജമാണിക്യത്തിന്റെ ഭാര്യകൂടിയ നിശാന്തിനിക്കെതിരായ പഴയ കേസിലും അന്വേഷണം നീളുന്നത്. ആരാണ് ഒത്തു തീർപ്പ് പണം കൊടുത്തതെന്ന് കണ്ടെത്താനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP