Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന്റെ പേരിൽ എയർഇന്ത്യ തീവെട്ടിക്കൊള്ള നടത്തിയെന്ന് പരാതി; വന്ദേ ഭാരത് മിഷനിൽ ഉയർന്ന നിരക്കിൽ ടിക്കറ്റ് വിറ്റത് മനുഷ്യത്വം ഇല്ലാത്ത നിലയിൽ എന്നാക്ഷേപം; കേരളത്തിൽ നിന്നുള്ള 33 എംപിമാരും മൗനികളായപ്പോൾ പ്രതിഷധമുയർത്തിയ അമൃത്സർ എംപി ഗുർജിത് സിങ് പ്രവാസികളുടെ കയ്യടി നേടുന്നു

കോവിഡിന്റെ പേരിൽ എയർഇന്ത്യ തീവെട്ടിക്കൊള്ള നടത്തിയെന്ന് പരാതി; വന്ദേ ഭാരത് മിഷനിൽ ഉയർന്ന നിരക്കിൽ ടിക്കറ്റ് വിറ്റത് മനുഷ്യത്വം ഇല്ലാത്ത നിലയിൽ എന്നാക്ഷേപം; കേരളത്തിൽ നിന്നുള്ള 33 എംപിമാരും മൗനികളായപ്പോൾ പ്രതിഷധമുയർത്തിയ അമൃത്സർ എംപി ഗുർജിത് സിങ് പ്രവാസികളുടെ കയ്യടി നേടുന്നു

പ്രത്യേക ലേഖകൻ

ലണ്ടൻ: അവധിക്കാലത്തെ തിരക്കുള്ള സമയത്തു പോലും പതിവില്ലാത്ത നിരക്ക്, ലണ്ടനിൽ നിന്നും കൊച്ചി വരെയെത്താൻ 740 പൗണ്ട്(ഏകദേശം 73000 രൂപ) തിരികെ മടങ്ങാനും അത്ര തുക തന്നെ നൽകണം . അതായതു ഒരു യാത്രയ്ക്ക് യൂറോപ്പിലുള്ള ഒരു മലയാളി മുടക്കേണ്ടത് 1500 പൗണ്ട്(ഒന്നര രക്ഷത്തോളം രൂപ) കോവിഡിന് മുൻപുള്ള സമയത്തു ഒരു നാലംഗ കുടുംബം യാത്ര ചെയ്യാൻ ആവശ്യമായ പണം. കോവിഡ് മഹാമാരിക്കിടയിൽ എങ്ങനെയും നാട്ടിൽ എത്താൻ ഉള്ള അത്യാവശ്യകാർക്കു പണം നോക്കി യാത്ര മുടക്കാൻ കഴിയില്ല എന്ന സാഹചര്യം മനസിലാക്കിയാണ് എയർ ഇന്ത്യ വന്ദേ ഭാരത് മിഷൻ യാത്രകൾ നടത്തിയത്. ചാർട്ടേർഡ് ചെയ്യുന്ന വിമാനങ്ങൾക്കു പോലും 450 പൗണ്ട് ഈടാക്കിയാൽ പോലും ലാഭകരമായി ഈ റൂട്ടിൽ പറന്നെത്താൻ കഴിയും എന്ന് കരുത്തപ്പെടുമ്പോഴാണ് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനി ഈ തീവെട്ടി കൊള്ളയ്ക്ക് ഇറങ്ങി പുറപ്പെട്ടത്.

ഇതോടെ നാട്ടിൽ പോകണം എന്നാഗ്രഹം ഉണ്ടായിട്ടും ഇത്രയും ഉയർന്ന തുക മുടക്കാൻ ശേഷിയിലെന്നു തുറന്നു പറഞ്ഞു യാത്ര വേണ്ടെന്നു വച്ചവരും അനേകമാണ് യുകെ മലയാളികൾക്കിടയിൽ . പക്ഷെ സകലരെയും ഞെട്ടിച്ചു വന്ദേ ഭാരത് മിഷൻ എന്ന് പരസ്യം ചെയ്യുന്നില്ലെങ്കിലും എയർ ബബിൾ കരാർ അനുസരിച്ചു ഇരു രാജ്യങ്ങൾക്കിടയിൽ കൂടുതൽ സർവീസുകളും കൂടുതൽ കമ്പനികളും എത്തിയതോടെ എയർ ഇന്ത്യയുടെ നിരക്കെ താഴേക്ക് പതിക്കുന്ന റോക്കറ്റിനേക്കാൾ വേഗത്തിൽ താണിരിക്കുകയാണ്. അതായതു ഒരു വശത്തേക്കുള്ള യാത്രക്ക് 740 പൗണ്ട് ഈടാക്കിയ സ്ഥാനത്തു 300 പൗണ്ടിൽ യാത്ര ചെയ്യാം. പോയിവരാൻ ഈടാക്കിയിരുന്ന 1500 പൗണ്ടിന് പകരമായി 450 പൗണ്ട് മുടക്കിയാൽ മതി .

ചുരുക്കത്തിൽ കോവിഡ് ലോകത്തൊരിടത്തും നിയന്ത്രണ വിധേയം ആയിട്ടില്ലെങ്കിലും ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്ര നിരക്ക് കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു . ഇതെങ്ങനെ സംഭവിച്ചു ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് കടം വീട്ടാൻ സർക്കാർ ഇപ്പോഴും സഹായിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക വിമാന സർവീസ് നടത്തിയ തീവെട്ടി കൊള്ളയെ കുറിച്ച് ബോധ്യപ്പെടുന്നത്. ചുരുക്കത്തിൽ കിട്ടിയ അവസരത്തിൽ തീവെട്ടി കൊള്ള നടത്താനുള്ള സാധ്യത എയർ ഇന്ത്യ ഉപയോഗപ്പെടുത്തുക ആയിരുന്നു എന്ന് വ്യക്തം.

ലണ്ടൺ - കൊച്ചി നേരിട്ടുള്ള സർവ്വീസ് വേണമെന്ന് അനേക വർഷമായി യുകെ മലയാളികൾ ആവശ്യപ്പെട്ടപ്പോഴൊക്കെ സർവീസ് ലാഭകരമാക്കാൻ വേണ്ട യാത്രക്കാരെ ലഭിക്കില്ല എന്ന് പറഞ്ഞിരുന്ന എയർ ഇന്ത്യ ഇപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സർവീസ് നടത്തിയിട്ടും ആഴ്ചയിൽ ഒരു സർവീസ് എന്നത് മൂന്നായി വർധിപ്പിച്ചിരിക്കുകയാണ് . അതായതു എയർ ഇന്ത്യ ലക്ഷ്യം കണ്ടതിലും അധികം യാത്രക്കാർ ഈ റൂട്ടിൽ ഉണ്ടെന്നു തന്നെയാണ് . ലണ്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസിൽ ഡെൽഹിക്കും മുംബൈക്കും പിന്നിലായി മൂന്നാം സ്ഥാനമാണ് കൊച്ചിക്കു ഇപ്പോൾ ലഭിക്കുന്നത്.

എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരായ യുകെ മലയാളികളുടെ പരിഭവമോ പ്രയാസമോ കേൾക്കാൻ മലയാളികളായ 33 എംപിമാരിൽ ഒരാൾ പോലും തയ്യാറായില്ല എന്നതാണ് രസകരം. ആയിരക്കണക്കിന് യൂറോപ്യൻ മലയാളികളും ലക്ഷക്കണക്കിന് ഗൾഫ് മലയാളികളും ഈ വിഷയത്തിൽ നേരിട്ട പ്രയാസം തുല്യമാണ് . എന്നിട്ടും ഒരു എംപിക്ക് പോലും അത് സാധാരണക്കാരന്റെ പ്രയാസം ആയി തോന്നിയില്ല എന്നതാണ് സത്യം . കേരളത്തിൽ നിന്നുള്ള 20 ലോക്‌സഭാ അംഗങ്ങളും 9 രാജ്യസഭാ അംഗങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു എംപിമാരും ചേർന്ന 33 പേരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി ഒന്നിച്ചു നിന്നു . ഈ വിവേചനം പല വിദേശ മലയാളി സംഘടനകളും ഇവരുടെ അടുക്കൽ പരാതിയായി എത്തിച്ചത്തതുമാണ്.

പക്ഷെ ഒടുവിൽ യാത്രക്കാരോട് എയർ ഇന്ത്യ കാട്ടിയ ക്രൂരത തുറന്നു കാട്ടാൻ ഒരു പാർലിമെന്റ് അംഗം രംഗത്ത് വന്നിരിക്കുകയാണ് . കേരളത്തെപ്പോലെ അനേകം പ്രവാസികൾ ഉള്ള സംസ്ഥാനമായ പഞ്ചാബിൽ നിന്നുള്ള കൊണ്‌ഗ്രെസ്സ് എംപി ഗുർജീത് സിങ് ആജ്തലയാണ് ഇക്കാര്യത്തിൽ എയർ ഇന്ത്യക്കെതിരെ ആനൗഷണം ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നത് . അമൃതസർ എംപിയായ അദ്ദേഹത്തിന് ലണ്ടനിൽ നിന്നും അനേകം പരാതികൾ ലഭിച്ചിരുന്നു. ലണ്ടനിൽ നിന്നും അമൃത്സറിലേക്കും നേരിട്ടുള്ള സർവീസിൽ അമിത നിരക്ക് തന്നെയാണ് ഈടാക്കിയിരിക്കുന്നത് . ഓഗസ്റ്റ് 15 നു ആരംഭിച്ച വന്ദേഭാരത സർവീസിൽ ഏകദേശം രണ്ടു മാസത്തോളം ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത് എന്ന് ടിക്കറ്റ് ഏജൻസികൾ പറയുന്നു . അക്കാലത്തു എയർ ഇന്ത്യയിൽ നിന്നും നേരിട്ട് മാത്രമേ ടിക്കറ്റ് എടുക്കാൻ കഴിയുമായിരുന്നുള്ളൂ .

സിവിൽ ഏവിയേഷൻ വകുപ്പിനോട് ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കത്തെഴുതിയിരിക്കുകയാണ് ഗുർജീത് സിങ് . സർക്കാർ തീരുമാന പ്രകാരമാണോ ഇത്ര ഉയർന്ന തുക ഈടാക്കിയത് എന്നാണ് അദ്ദേഹം പ്രധാനമായും ചോദിക്കുന്നത് . ഒരു രക്ഷാ ധൗത്യം എന്ന നിലയിൽ തുടങ്ങിയ സർവീസ് കൊള്ളയായി മാറിയ അനുഭവമാണ് പ്രവാസികൾക്ക് ഉള്ളത് എന്നും അദ്ദേഹം പറയുന്നു . ഇതിലൂടെ എയർ ഇന്ത്യയുടെ കടക്കെണിയിലേക്കു എന്തെങ്കിലും കിട്ടിയാൽ ആകട്ടെ എന്ന ഉദ്യോഗസ്ഥ ദുഷ്ടലാക്കാണോ ഉണ്ടായതു എന്നറിയാൻ സമഗ്രമായ അംനൗഷണം വേണമെന്നണ് അമൃതസർ എംപി ആവശ്യപ്പെടുന്നത് .

എയർ ഇന്ത്യ പോലെ ഒരു സ്ഥാപനത്തിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ ചേർന്നാൽ ഇത്തരം കാര്യത്തിൽ തീരുമാനം ഉണ്ടാകില്ലെന്നും അതിനാൽ ഉന്നത തലത്തിൽ ഉള്ള ഗൂഢാലോചന നടന്നതായി സംശയിക്കേണ്ടി വരുമെന്നും പരാതിയിൽ പറയുന്നു . ഉയർന്ന തുകയ്ക്ക് വിറ്റ ടിക്കറ്റിൽ പലർക്കും കൃത്യമായ ഇൻവോയ്സ് ബിൽ ലഭിച്ചില്ലെന്നും ക്യാൻസലേഷൻ തുക മടക്കി ലഭിക്കാൻ പ്രയാസം ഉണ്ടായതുമാണ് ഇത്തരം ഒരു പരാതിയുടെ അടിസ്ഥാനം ആയതിനും സിങ് വിശദമാക്കുന്നു. എന്തായാലും ഇത്തരം പരാതികളും സംശയങ്ങളും ഒന്നും ലക്ഷക്കണക്കിന് പ്രവാസികൾ ഉള്ള കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും തോന്നാത്തത് പ്രവാസ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുകയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP