Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കയ്യിലും കാലിലും വിലങ്ങണിഞ്ഞ് വെള്ളത്തിലേക്ക് എടുത്ത് ചാടി; അഞ്ച് മണിക്കൂർ പത്തുമിനറ്റ് കൊണ്ട് നീന്തി കയറിയത് ഗിന്നസ് റെക്കോർഡിലേക്ക്: ഗോപാൽകാർവിയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് ഡോൾഫിൻ രതീഷ്

കയ്യിലും കാലിലും വിലങ്ങണിഞ്ഞ് വെള്ളത്തിലേക്ക് എടുത്ത് ചാടി; അഞ്ച് മണിക്കൂർ പത്തുമിനറ്റ് കൊണ്ട് നീന്തി കയറിയത് ഗിന്നസ് റെക്കോർഡിലേക്ക്: ഗോപാൽകാർവിയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് ഡോൾഫിൻ രതീഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൈയിലും കാലിലും വിലങ്ങണിഞ്ഞ് ദേശീയജലപാതയിലേക്ക് എടുത്ത് ചാടിയ ഡോൾഫിൻ രതീഷ് അഞ്ച് മണിക്കൂർ പത്തുമിനറ്റ് കൊണ്ട് നീന്തി കയറിയത് ഗിന്നസ് റെക്കോർഡിലേക്ക്. ഇരുകരകളിലും നിരന്ന ആയിരങ്ങളെ സാക്ഷിനിർത്തിയാണ് യാതൊരു വിധ പരിശീലനവും സിദ്ദിഖാതെ സ്വയം നീന്തൽ വശത്താക്കിയ രതീഷ് എന്ന യുവാവ് പുതിയ റെക്കോർഡിലേക്ക് നീന്തി കയറിയത്.

കൈകാലുകൾ ബന്ധിച്ചുള്ള നീന്തലിൽ പത്ത് കിലോമീറ്ററാണ് അഞ്ച് മണിക്കൂർ കൊണ്ട് രതീഷ് താണ്ടിയത്. മാൽപെ കടലിൽ മൂന്നരക്കിലോമീറ്റർ നീന്തിയ ഗോപാൽകാർവിയുടെ റെക്കോഡാണ് തകർത്തെറിഞ്ഞത്. ബുധനാഴ്ച രാവിലെ 8.50-ന് കരുനാഗപ്പള്ളി പണിക്കരുകടവ് പാലത്തിനു സമീപത്തുനിന്നുതുടങ്ങിയ സാഹസികനീന്തൽ രണ്ടുമണിയോടെ ആയിരംതെങ്ങ് പാലത്തിനു സമീപം അവസാനിച്ചു.

കാപ്പെക്‌സ് ചെയർമാൻ പി.ആർ.വസന്തന്റെയും കോൺഗ്രസ് നേതാവ് സി.ആർ.മഹേഷിന്റെയും സാന്നിധ്യത്തിൽ കരുനാഗപ്പള്ളി എംഎ‍ൽഎ. ആർ.രാമചന്ദ്രനാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്. നീന്തൽതാരങ്ങളും ഇതിന്റെ ജഡ്ജിങ് പാനൽ അംഗങ്ങളുമായ അനുജയും ലിജുവും വിലങ്ങണിയിച്ചു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയായിരുന്നു നീന്തൽ. വേലിയിറക്കമായതിനാൽ ആദ്യം കുറച്ചുവേഗത്തിൽ മുന്നേറിയെങ്കിലും അവസാനഘട്ടത്തിൽ വേലിയേറ്റമായതിനാൽ കഠിനമായിരുന്നു. എങ്കിലും നിശ്ചയദാർഢ്യവും രക്തത്തിൽ അലിഞ്ഞു ചേർന്ന സാഹസികോർജവുംകൊണ്ട് രതീഷ് ലക്ഷ്യത്തിലെത്തി.

രതീഷിന്റെ സാഹസികത കാണാൻ ആയിരംതെങ്ങ് പാലത്തിലും പരിസരത്തും ആയിരങ്ങളാണ് അണിനിരന്നത്. ഭാര്യ നിജയും മക്കളായ യദുകൃഷ്ണനും നീരദ്കൃഷ്ണനും അവിടെയുണ്ടായിരുന്നു. ചങ്ങാടത്തിൽക്കയറി ഇളയമകൻ നീരദിനെ കൈയിലെടുത്തുയർത്തി ആഹ്‌ളാദം പങ്കുവെച്ചപ്പോൾ കരഘോഷവും ജയ് വിളികളുംകൊണ്ട് നാട് ആലപ്പാടിന്റെ സാഹസികനെ വരവേറ്റു.

കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് തീരദേശഗ്രാമത്തിൽ മത്സ്യത്തൊഴിലാളി കുടുംബത്തിൽ കൊവ്വശ്ശേരി രാധാകൃഷ്ണന്റെയും കുസുമജയുടെയും മകനായി ജനിച്ച രതീഷിന് ചെറുപ്രായത്തിലേ നീന്തലിനോട് ഭ്രമമായിരുന്നു ഒരു അക്കാദമിയുടെയും സഹായമില്ലാതെ കടലിലും കനാലിലും ചിട്ടയായ പരിശീലനത്തിലൂടെ കൈയും കാലും കെട്ടി നീന്തി 2008-ൽ ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനംനേടി. പത്തുവർഷമായി കൊല്ലം ബീച്ചിൽ ലൈഫ് ഗാർഡ് ആണ്. കടലിൽ പെട്ടുപോയ വിദേശികളടക്കം നിരവധിപേരുടെ ജീവൻ രക്ഷിച്ചിട്ടുള്ള യുവാവിന് കേരള സർക്കാറിന്റെ ബെസ്റ്റ് ലൈഫ്ഗാർഡ് അവാർഡും ലഭിച്ചിട്ടുണ്ട്.

നീന്തലിൽ അസാധ്യമായ മെയ്വഴക്കത്തോടെ അഭ്യാസങ്ങൾ ചെയ്തുവരവെയാണ്, കടലിൽ ഡോൾഫിൻ നീന്തുന്നത് നിരീക്ഷിക്കുന്നതും താത്പര്യം തോന്നുന്നതും. അങ്ങനെയാണ് കൈകാലുകൾ കെട്ടി ഡോൾഫിനെപ്പോലെ നീന്താൻ തുടങ്ങിയതെന്ന് രതീഷ് പറഞ്ഞു. അടുത്തലക്ഷ്യം ഇംഗ്ലീഷ് ചാനൽ കൈകാലുകൾകെട്ടി നീന്തുകയെന്നതാണ്. ഇതിനുവരുന്ന ഭീമമായ ചെലവാണ് രതീഷിന്റെ മുന്നിലെ വെല്ലുവിളി.

രതീഷിന്റെ സാഹസികപ്രകടനത്തിന് എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. കൊല്ലത്തുനിന്ന് അഗ്‌നിരക്ഷാസേനയുടെ സീനിയർ ഫയർ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ ഓക്സിജൻ അടക്കം ഏഴംഗ സ്‌കൂബാ ടീം, ആംബുലൻസ്, പേഴ്സണൽ സെക്യൂരിറ്റിയായി കൂടെ നിശ്ചിത അകലത്തിൽ നീന്താൻ ബാബു എന്ന സുഹൃത്ത്, സ്പീഡ് ബോട്ടുമായി പൊലീസ്, ആലപ്പാട്ടെ പട്ടാളക്കൂട്ടായ്മയായ ആൽഫയുടെ വൊളന്റിയർമാർ, സംഘാടകരായ സ്‌നേഹസേനയുടെ വൊളന്റിയർമാർ എന്നിവർ ചേർന്നാണ് സുരക്ഷയൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP