Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടവന്ത്ര പള്ളിയിലെ മിശ്രവിവാഹ വിവാദം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കും; വിവാഹം സാധുവാക്കുന്നതു റിപ്പോർട്ടു വന്നതിന് ശേഷം മാത്രം; വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദത്തിന് കാരണമെന്ന് ഒരു വിഭാഗം; പ്രശ്‌നമുണ്ടാക്കിയത് കടവന്ത്ര വികാരിയുടെ നടപടിയെന്ന് എതിർവിഭാഗവും

കടവന്ത്ര പള്ളിയിലെ മിശ്രവിവാഹ വിവാദം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കും; വിവാഹം സാധുവാക്കുന്നതു റിപ്പോർട്ടു വന്നതിന് ശേഷം മാത്രം; വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദത്തിന് കാരണമെന്ന് ഒരു വിഭാഗം; പ്രശ്‌നമുണ്ടാക്കിയത് കടവന്ത്ര വികാരിയുടെ നടപടിയെന്ന് എതിർവിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിയിൽ നടന്ന മിശ്ര വിവാഹത്തിൽ വിവാദം കൊഴുക്കുന്നു. മിശ്രവിവാഹം സഭാ ചട്ടക്കൂടുകൾ ലംഘിച്ചുകൊണ്ടാണെന്ന ആരോപണമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതോടെ മിശ്രവിവാഹം നടന്നതുമായി ബന്ധപ്പെട്ട വിവാദം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കും. ഇതിന്റെ റിപ്പോർട്ട് വന്നശേഷമെ പള്ളിയിൽ നടത്തിയ വിവാഹം സാധുവാക്കുന്നകാര്യം തീരുമാനമാകൂ.

പള്ളിയിൽ മിശ്രവിവാഹങ്ങൾ അപൂർവമല്ലെങ്കിലും ഇതിനുള്ള കാനോനിക നടപടികൾ പൂർത്തീകരിച്ചോ എന്നതുസംബന്ധിച്ച തർക്കം സാമൂഹികമാധ്യമങ്ങളിൽ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നവംബർ ഒൻപതിനാണ് ഇരിങ്ങാലക്കുട അതിരൂപതയിലെ ഒരു ഇടവകാംഗമായ യുവതിയും ഇതര മതസ്ഥനുമായുള്ള വിവാഹം പള്ളിയിൽ നടന്നത്. ഡോക്ടർമാരായ ഇരുവരും കൊച്ചിയിലെ ആശുപത്രിയിൽ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുൻപ് രജിസ്റ്റർ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താൻ വീട്ടുകാർ തയ്യാറായത്.

മിശ്രവിവാഹങ്ങൾ നടത്തുമ്പോൾ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയിൽനിന്ന് രൂപതമെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറിനൽകണം. പെൺകുട്ടിയുടെ ഇടവകയിൽനിന്ന് നൽകിയ കുറിയിൽ വിവാഹം ആശിർവദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികൾ അവിടെ പൂർത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്. വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങൾ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പിൽ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനു നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. തടസ്സങ്ങൾ ഇല്ലാതാക്കാനുള്ള ചുമതല കത്തോലിക്ക വിശ്വാസിയായ പങ്കാളിയുടെ വികാരിക്കും രൂപത മെത്രാനുമാണെന്നും സിറോ മലബാർ സഭ കാനോനിക നിയമം ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിഹാഹം സഭാവൃത്തങ്ങൾക്കിടയിൽ വൻ വിവാദമായതിനെത്തുടർന്ന് എറണാകുളം, ഇരിങ്ങാലക്കുട മെത്രാന്മാർ പരസ്പരം സംസാരിച്ചു പെൺകുട്ടിയെ കടവന്ത്ര ഇടവകയിൽച്ചേർത്ത് പുതിയ അപേക്ഷവാങ്ങി വിവാഹം സാധുവാക്കാൻ ആലോചനയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണു വിഷയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കട്ടെയെന്നു തീരുമാനിച്ചതെന്നറിയുന്നു. വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദങ്ങളിലേക്കു നയിച്ചതെന്നു ഒരുവിഭാഗവും കടവന്ത്ര വികാരിയുടെ നടപടിയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് എതിർവിഭാഗവും വാദിക്കുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട എറണാകുളത്തെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കൺവീനറായിരുന്നു ഫാ. ബെന്നി മാരാംപറമ്പിൽ. ഇതു വിവാദങ്ങൾക്ക് ആക്കംകൂട്ടി. അതേസമയം സിറോ മലബാർ സഭയിൽ വർദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങൾ തടയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികൾ രംഗത്തുവന്നിരുന്നു.

കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ച് നിൽക്കുമെന്നും തങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികളെ ഇതേ വിശ്വാസത്തിൽ വളർത്തുമെന്നും ഉറപ്പു നൽകിയാണ് ഇത്തരം വിവാഹങ്ങൾ പള്ളിയിൽ വെച്ച് നടത്തുന്നത്. സഭ നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ സമൂഹത്തിലെ ചില ഉന്നതർക്കുവേണ്ടിയാണെന്നും ഇത് യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസികൾ ആരോപിക്കുന്നു.

'നമ്മുടെ ഒരു പള്ളിയിൽ ക്രിസ്ത്യാനിയല്ലാത്ത ഒരാൾ വന്ന് ക്രിസ്ത്യാനിയായിട്ടുള്ള ഒരു യുവതിയെ കല്ല്യാണം കഴിക്കുമ്പോൾ സാധാരണക്കാരായ വിശ്വാസികൾക്ക് ഉണ്ടാകുന്ന ആകുലതയും ആശങ്കയുമാണ് ചർച്ചയാകുന്നത്. അത് ന്യായമാണ്. നമ്മുടെ പള്ളിയിൽ ക്രൈസ്തവനല്ലാത്ത ഒരാൾ ക്രൈസ്തവയായ ഒരു യുവതിയെ നമ്മുടെ വൈദികൻ വിവാഹം ആശീർവദിക്കുന്നത് എപ്രകാരമുള്ള നിയമപ്രകാരമാണ്. കാനോനിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ സഭയിൽ എല്ലാ കാര്യങ്ങളും നടക്കുന്നത്. അപ്പോൾ എങ്ങനെയാണ് ക്രൈസ്തവനല്ലാത്ത ഒരാൾ പള്ളിയിൽ വന്ന് കല്ല്യാണം കഴിക്കുന്നത്. അത് കാനോനിക നിയമത്തിന്റെ ചെറിയൊരു ആനൂകൂല്യത്തിന്റെ പിൻബലത്തോടെയാണ് ആ കല്യാണം നടന്നത്. അത്തരത്തിൽ നമ്മുടെ പള്ളികളിൽ വെച്ച് ഇത്തരത്തിൽ കല്യാണം നടത്തുമ്പോൾ സാധാരണക്കാരായ വിശ്വാസികൾക്ക് ആശങ്ക ഉണ്ടാകും. അത്തരം കാര്യങ്ങൾ ശക്തമായ ചർച്ച ആവശ്യമാണ്. ഈ നിയമത്തിന്റെ അഴിച്ചുപണിയെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്.' ക്രൈസ്തവ യുവജന നേതാവായ സിജോ അമ്പാട്ട് പറഞ്ഞു.

എറണാകുളം കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ നടന്ന മിശ്രവിവാഹത്തെച്ചൊല്ലിയാണ് ഇപ്പോൾ വിശ്വാസികൾ തമ്മിൽ തർക്കിക്കുന്നത്. കാനോനിക നിയമപ്രകാരമാണ് വിവാഹം നടന്നതെന്ന് ഒരു വിഭാഗം പറയുമ്പോൾ, നടന്നത് നിരുത്തരവാദിത്വപരമായ സമീപനം ആണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയും തലശേരി സ്വദേശിയായ മുസ്ലിം യുവാവും തമ്മിലാണ് പള്ളിയിൽവെച്ച് വിവാഹം കഴിച്ചത്. സത്‌ന രൂപതയുടെ മുൻ ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് അനുമതി നൽകിയ ഫാ ബെന്നി മാരാംപറമ്പിലിനെതിരെ വിശ്വാസികൾ രൂക്ഷ പ്രതികരണമാണ് നടത്തുന്നത്. കർദ്ദിനാൾ ആലഞ്ചേരിക്കെതിരെയുള്ള ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്റെ കൺവീനറാണ് അദ്ദേഹം.

വേണ്ടത്ര രേഖകൾ ഇല്ലാതെയാണ് വിവാഹം നടന്നത് എന്നാണ് വിശ്വാസികളുടെ ആരോപണം. ഡിസ്പാരിറ്റി ഓഫ് കൾട്ടിനുള്ള കാനോനിക അനുവാദം ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷനിൽ നിന്നോ എറണാകുളം മെട്രോപ്പൊലീത്തൻ വികാരിയിൽ നിന്നോ വാങ്ങിയിരുന്നില്ലെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വൈദികന് വീഴ്ച സംഭവിച്ചുവെന്നാണ് വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP