Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം ജയിലിൽവെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ജയിൽ ഡി.ഐ.ജി; ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച് സ്വർണ്ണകടത്ത് ആസൂത്രക; പലരോടും ഇങ്ങനെ പറഞ്ഞെന്നും ആരാണ് റിക്കോർഡ് ചെയ്തതെന്ന് അറിയില്ലെന്നും വിശദീകരണം; ശബ്ദരേഖയിൽ നിറയുന്നത് വിവാദം

സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം ജയിലിൽവെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ജയിൽ ഡി.ഐ.ജി; ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച് സ്വർണ്ണകടത്ത് ആസൂത്രക; പലരോടും ഇങ്ങനെ പറഞ്ഞെന്നും ആരാണ് റിക്കോർഡ് ചെയ്തതെന്ന് അറിയില്ലെന്നും വിശദീകരണം; ശബ്ദരേഖയിൽ നിറയുന്നത് വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നുത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിടും. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേർ സന്ദർശിക്കുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ജയിൽ മേധാവി ഋഷിരാജ് സിങ് നിയമ നടപടി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തു വന്നത്.

സ്വപ്ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദസന്ദേശം ജയിലിൽവെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ജയിൽ ഡി.ഐ.ജി. അജയകുമാർ പറയുന്നു. സ്വപ്ന സുരേഷിനെ പാർപ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലിൽ പരിശോധന നടത്തിയ ശേഷമാണ് ജയിൽ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലിൽവെച്ച് എടുത്തതല്ല. ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു. അതേസമയം, ശബ്ദം തന്റേതാണെന്ന് ഡി.ഐ.ജി. അജയകുമാറിനോട് സ്വപ്ന പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, എപ്പോഴാണ് ഇത് റെക്കോർഡ് ചെയ്തതെന്ന് ഓർമ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ഋഷിരാജ് സിങ് ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡി.ഐ.ജി. അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതിനിടെ ഇ.ഡിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ശബ്ദസന്ദേശം പുറത്തുവന്നത് ഇ.ഡി. സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശത്തിൽ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.

സ്വപ്നയുടെ അറസ്റ്റിന് മുമ്പും ഒരു ശബ്ദരേഖ പുറത്തു വന്നിരുന്നു. അതും മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന തരത്തിലായിരുന്നു. മുഖ്യമന്ത്രിക്ക് കേസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള സ്വപ്നയുടെ ആ ശ്രമവും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. ജയിലിനുള്ളിൽ സ്വപ്നയ്ക്ക് എല്ലാവിധ സൗകര്യവും ലഭിക്കുന്നുണ്ടെന്ന ആരോപണം സജീവമാക്കാൻ ഈ ശബ്ദ സന്ദേശം വഴിവയ്ക്കും. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കിൽ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.

ഏത് അന്വേഷണ ഏജൻസിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ചർച്ചയാവുകയാണ്. ശബ്ദരേഖയിൽ പറയുന്നതിങ്ങനെ: ''അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോൾ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റ് എന്ന് പറഞ്ഞാ, ഞാൻ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യുഎഇയിൽ പോയി, സിഎമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോഷ്യേഷൻസ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവർ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്സ് ചെയ്ത്. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്നമുണ്ടാക്കിയതുകൊണ്ടേ..''.. എന്ന അർദ്ധോക്തിയിൽ ആ ശബ്ദരേഖ അവസാനിക്കുന്നു.

സ്വപ്ന സുരേഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര വനിതാ ജയിലിൽ ഇന്നലെ ആറ് മണിക്കൂർ ചോദ്യംചെയ്തു. രാവിലെ 10നാരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് നാലുവരെ നീണ്ടു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നൽകിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്. ഡോളർ കടത്തടക്കം എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ഈ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തു വന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയിൽ ഡിജിപി ഋഷിരാജ് സിങ് രംഗത്തു വന്നിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന് ജയിൽ ഡിജിപി മുന്നറിയിപ്പ് നൽകിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിക്കാൻ നൂറുകണക്കിന് പേർ എത്തിയെന്നും, ആദ്യ ദിനം തന്നെ 15 പേരാണ് എത്തിയതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ ശബ്ദ സന്ദേശം എത്തുന്നത്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ വിവാദമായി കത്തിപടരും.

എന്നാൽ പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർക്ക് മാത്രമാണ് സന്ദർശനത്തിന് അനുമതി നൽകിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ഇതുസംബന്ധിച്ച വിവരങ്ങൾ ജയിലിലെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ മനസിലാകുമെന്നും അദേഹം വ്യക്തമാക്കി. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശബ്ദ സന്ദേശം പുറത്തു വന്നത് ജയിൽ വകുപ്പിനേയും വെട്ടിലാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP