Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ എത്തിയത് കീഴടങ്ങാൻ; ജൂലൈ ആറിന് സ്വപ്‌നയുമായി ശിവശങ്കർ ഫോണിൽ സംസാരിച്ചത് ദീർഘനേരം; അതിന് ശേഷം ഭർത്താവും മക്കളുമൊത്ത് ബംഗ്ലൂരുവിലേക്ക്; ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താവും; മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തനെ പൂട്ടി ഇഡി; പിണറായിക്ക് രാഷ്ട്രീയ കുരുക്കും

കൊച്ചിയിൽ എത്തിയത് കീഴടങ്ങാൻ; ജൂലൈ ആറിന് സ്വപ്‌നയുമായി ശിവശങ്കർ ഫോണിൽ സംസാരിച്ചത് ദീർഘനേരം; അതിന് ശേഷം ഭർത്താവും മക്കളുമൊത്ത് ബംഗ്ലൂരുവിലേക്ക്; ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താവും; മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തനെ പൂട്ടി ഇഡി; പിണറായിക്ക് രാഷ്ട്രീയ കുരുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കർ ഊരാക്കുടുക്കിലേക്ക്. അന്വേഷണ ഏജൻസി ആരോപിക്കുന്ന കുറ്റകൃത്യത്തിൽ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തിൽ വിശ്വസിക്കാനുള്ള കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതാണ് ഇതിന് കാരണം. അന്വേഷണം നിർണായക ഘട്ടത്തിലാണ്. കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് സമയം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇത് പിണറായി സർക്കാരിനും വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്കെതിരെ അന്വേഷണം നടത്താൻ ഇഡിക്ക് ഇതിലൂടെ കഴിയമെന്നാണ് വിലയിരുത്തൽ. ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ലോക്കറിലെ പണവും സ്വർണവും സംബന്ധിച്ച് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിലെ വൈരുധ്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് ശിവശങ്കറിന് ജാമ്യം അനുവദിക്കാൻ തക്ക കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ലോക്കറിലെ പണവും സ്വർണവും സ്വർണക്കടത്തിന്റെ ഭാഗമെന്ന് ആദ്യം പറഞ്ഞതിന് വിരുദ്ധമായി സർക്കാർ പദ്ധതികളിലൂടെ ലഭിച്ച കോഴപ്പണമാണെന്ന് അന്വേഷണ ഏജൻസി ഇപ്പോൾ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പുതിയ കാര്യങ്ങൾ കണ്ടെത്തുന്നത് എപ്രകാരം അന്വേഷിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. തുടരന്വേഷണത്തിലൂടെ മാത്രമേ ലോക്കറിലെ പണം ഏതിന്റെ ഭാഗമാണെന്ന് കണ്ടെത്താനാകു. സ്വർണക്കടത്തിലൂടെയും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായും കമ്മിഷൻ ലഭിച്ചെന്ന് സ്വപ്നാ സുരേഷ് സമ്മതിച്ചിട്ടുള്ളതാണ്. ഇതിൽ ശിവശങ്കറിന്റെ പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

ഇതിനൊപ്പം ബെംഗളൂരുവിലേക്ക് ഒളിച്ചു കടക്കാൻ മുഖ്യപ്രതി സ്വപ്ന സുരേഷിനു നിർദ്ദേശം നൽകിയതു ശിവശങ്കറാണെന്ന സൂചന നൽകി കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴിയും നിർണ്ണായകമാണ്. പാഴ്‌സലിൽ കസ്റ്റംസ് സ്വർണം കണ്ടെത്തിയതോടെ മുങ്ങിയ സ്വപ്നയും സന്ദീപും കൊച്ചിയിൽ ഒളിവിൽ കഴിയുമ്പോഴാണു സന്ദീപിന്റെ ഫോണിലേക്കു ജൂലൈ 6നു ശിവശങ്കർ വിളിച്ചത്. സ്വപ്നയ്ക്കു ഫോൺ കൈമാറാൻ പറഞ്ഞ ശിവശങ്കർ, ദീർഘനേരം സ്വപ്നയുമായി സംസാരിച്ചു. അതിനു ശേഷമാണു ബെംഗളൂരുവിലേക്കു പോകാമെന്നു സ്വപ്ന തന്നോടു നിർദേശിച്ചതെന്നു സന്ദീപ് പറഞ്ഞു. ബെംഗളൂരുവിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഒപ്പമുള്ള ഭർത്താവിനെയും മക്കളെയും കൂടെ കൊണ്ടുപോകാമെന്നും സ്വപ്ന പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ കോടതിയിൽ കീഴടങ്ങാനായിരുന്ന തീരുമാനം. എന്നാൽ ശിവശങ്കറുമായി ഫോണിൽ സംസാരിച്ച ശേഷം സ്വപ്ന തീരുമാനം മാറ്റിയതായും സന്ദീപ് വെളിപ്പെടുത്തി. എന്നാൽ ഒളിവിൽ കഴിയുമ്പോൾ സന്ദീപിന്റെ ഫോണിലേക്കു വിളിച്ചു ശിവശങ്കർ തന്നോടു സംസാരിച്ചതായി സ്വപ്ന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലെത്തിയതിന്റെ വിശദാംശങ്ങൾ മജിസ്‌ട്രേട്ട് മുൻപാകെ സന്ദീപ് നൽകിയ രഹസ്യമൊഴിയിലുമുണ്ട്. മുദ്രവച്ച കവറിൽ ഈ മൊഴികൾ എൻഐഎ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രയ്ക്കു റജിസ്‌ട്രേഷനും പാസും ആവശ്യമായിരുന്ന സമയത്താണു സ്വപ്ന സംസ്ഥാനം വിട്ടത്. സന്ദീപ് നായരുടെ ഈ മൊഴിയും നിർണ്ണായകമാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സർക്കാരിനും ഇടതു പാളയത്തിനും തിരിച്ചടിയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസും ബിജെപിയും ചർച്ചാവിഷയമാക്കും. വരും ദിവസങ്ങളിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുള്ളവരേയും ചോദ്യം ചെയ്യും.

സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്‌സാപ് ചാറ്റുകളെ ഉപയോഗിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഥകൾ മെനയുകയാണ് എന്ന ആരോപണമാണ് കഴിഞ്ഞ ദിവസവും ശിവശങ്കർ കോടതിയിൽ ഉയർത്തിയത്. ഇത് കോടതി അംഗീകരിച്ചില്ല. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും ജാമ്യം നിഷേധിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ഇ.ഡിക്ക് മറുവാദത്തിന് അവസരം നൽകാതെയാണ് ശിവശങ്കർ പുതിയവാദങ്ങൾ സമർപ്പിച്ചത്. ജാമ്യാപേക്ഷയിലെ വാദപ്രതിവാദങ്ങൾ 12-ന് അവസാനിച്ചതാണ്. അപ്പോൾ ഉന്നയിക്കാത്ത പലതുമാണ് പുതിയ കുറിപ്പിൽ ഉള്ളത്.

ശിവശങ്കർ സമർപ്പിച്ച കുറിപ്പിൽ പുതിയസംഭവവികാസങ്ങൾ ഒന്നുമില്ലെന്ന് മാത്രമല്ല, വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ഇ.ഡി. ആരോപിക്കുന്നു. രാഷ്ട്രീയനേതാക്കളുടെ പേരുകൾ പറയാൻ അന്വേഷണ ഏജൻസി സമ്മർദം ചെലുത്തി എന്നത് ജാമ്യത്തിൽ വാദം നടക്കുമ്പോൾ ഉന്നയിച്ചിട്ടില്ല. അന്വേഷണ ഏജൻസിക്കെതിരേ കരുതിക്കൂട്ടിയുള്ള വ്യാജ ആരോപണമാണിത്. ഇത് ജാമ്യഹർജിയുടെ ഭാഗമായി പരിഗണിക്കരുത്. ലോക്കറിലെ പണവും സ്വർണവും സംബന്ധിച്ച് എൻ.ഐ.എയുടെയും ഇ.ഡിയുടെയും റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യമുണ്ടെന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിലൂടെ സ്വപ്നാ സുരേഷിന് കുറ്റകൃത്യത്തിലൂടെ ലഭിച്ച കള്ളപ്പണം ലോക്കറിൽ വെക്കാൻ ശിവശങ്കർ സഹായിച്ചു എന്നതാണ് ഇ.ഡിയുടെ നിലപാട്.

ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താക്കളിൽ ഒരാളുമായിരുന്നു. ലൈഫ് മിഷൻ, കെ-ഫോൺ സംബന്ധിച്ച സർക്കാർ രേഖകൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തിയെന്നും തെളിഞ്ഞിട്ടുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മിൽ നടന്ന വാട്സ് ആപ്പ് ചാറ്റുകളിൽ 'കള്ളക്കടത്തിനെ' കുറിച്ച് പരാമർശമില്ലെന്ന വാദം ശരിയല്ല. മുദ്രവെച്ച കവറിൽ ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP