Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ഡൗൺ സമയത്ത് പണിയില്ലാതായ സുഹൃത്തിനെ വീട്ടിൽ കയറ്റി താമസിപ്പിച്ചു; ഹോട്ടൽ ജോലി കഴിഞ്ഞുവന്നപ്പോൾ സുഹൃത്തിനെ കണ്ടത് തന്റെ ഭാര്യക്കൊപ്പം; ഇനി ഒളിച്ചുകളി വയ്യെന്ന് കാമുകൻ പറഞ്ഞപ്പോൾ ഭർത്താവിനെ വകവരുത്താൻ തീരുമാനം; കാസർകോട്ട് ഹനുമന്തപ്പയുടെ ക്രൂരകൊലപാതകം ആസൂത്രിതമായി

ലോക്ഡൗൺ സമയത്ത് പണിയില്ലാതായ സുഹൃത്തിനെ വീട്ടിൽ കയറ്റി താമസിപ്പിച്ചു; ഹോട്ടൽ ജോലി കഴിഞ്ഞുവന്നപ്പോൾ സുഹൃത്തിനെ കണ്ടത് തന്റെ ഭാര്യക്കൊപ്പം; ഇനി ഒളിച്ചുകളി വയ്യെന്ന് കാമുകൻ പറഞ്ഞപ്പോൾ ഭർത്താവിനെ വകവരുത്താൻ തീരുമാനം; കാസർകോട്ട് ഹനുമന്തപ്പയുടെ ക്രൂരകൊലപാതകം ആസൂത്രിതമായി

മറുനാടൻ ഡെസ്‌ക്‌

 കാസർകോട്: വിവാഹേതര ബന്ധങ്ങൾ ദാമ്പത്യം തകർക്കുന്നതും വില്ലൻ-വില്ലത്തി വേഷം കെട്ടുന്നതും പുതുമയല്ലാതായിരിക്കുന്നു. വിവാഹമോചനം നൽകാൻ വിസമ്മതിച്ച ഭർത്താവിനെ കാമുകന് പണം നൽകി വകവരുത്തിയതും അവിഹിത ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ വകവരുത്താൻ രണ്ട് ലക്ഷത്തിന് ക്വട്ടേഷൻ നൽകിയതും, അടക്കമുള്ള സമാനസംഭവങ്ങൾ ആവർത്തിക്കുകയാണ്. കാസർകോട്, കുഞ്ചത്തൂർപദവിൽ അംഗപരിമിതനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി, വഴിയിൽ തള്ളിയതാണ് ഒടുവിലത്തെ സംഭവം. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവമാണ് പൊലീസ് അന്വേഷണത്തിൽ കൊലപാതകമായി മാറിയത്.

കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഹൈവേയുടെ വശത്താണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അൽഅസാദ് (23) എന്നിവർ പിടിയിലായി.

പൊലീസിന്റെ ഭാഷ്യം:

മൃതദേഹം ഉപേക്ഷിക്കാൻ ആറ് കിലോമീറ്ററോളം ബൈക്കിൽ കെട്ടിവലിച്ചുകൊണ്ടുവന്നതായും അന്വേഷണത്തിൽ വ്യക്തമായി. തലപ്പാടി ദേവിപുരയിലെ വീട്ടിൽ വെച്ച് ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചിന് പുലർച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് ഹനുമന്ത വീട്ടിൽ എത്തിയപ്പോൾ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. അതിനിടെ രണ്ടുപേരും ചേർന്ന് ഹനുമന്തയെ മർദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാര്യ കാലുകൾ അമർത്തിപ്പിടിക്കുകയായിരുന്നുവെന്നും വ്യക്തമായി.

മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടുപേരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബൈക്കിൽ 23 കാരന്റെ പിറകിലായി മൃതദേഹം വെച്ച് നെഞ്ചിലും അരയിലും പ്ലാസ്റ്റിക് വള്ളികൊണ്ട് വലിച്ചുകെട്ടുകയുമായിരുന്നു. മൃതദേഹവുമായി ബൈക്ക് പുറപ്പെട്ടതിന് ശേഷം ഇതിന് പിന്നാലെ ഹനുമന്തയുടെ സ്‌കൂട്ടർ ഭാഗ്യയും ഓടിച്ചു പോയി.

ആറ് കിലോമീറ്ററോളം ഓടിച്ച് കുഞ്ചത്തൂർ പദവിൽ എത്തിയപ്പോഴാണ് മൃതദേഹത്തിന് കെട്ടിയ കയർ അഴിയാൻ തുടങ്ങിയത്. തുടർന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്‌കൂട്ടർ മറിച്ചിട്ട് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോവുകയുമായിരുന്നു. അപകട മരണമെന്ന് വരുത്തിത്തീർക്കാൻ ആണ് ശ്രമമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

23 കാരൻ ഇടക്കിടെ വീട്ടിൽ വരുന്നതിനെ ഹനുമന്ത വിലക്കിയിരുന്നു. കൊലക്ക് ഒരാഴ്ച മുമ്പും രണ്ടുപേരും വാക്കേറ്റം ഉണ്ടായതായി പരിസരവാസികളിൽ മൊഴി നൽകി. ഇതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇവരെ സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരുന്നു.

മൊഴികളിലെ വൈരുദ്ധ്യം തെളിവായി

ഹനുമന്തയെ (35) കൊലപ്പെടുത്തിയ കേസിൽ ഭാര്യ റായിബാഗ് സ്വദേശി ഭാഗ്യശ്രീ (25) കാമുകനും രാംപൂർ ഹിരേക്കോപ്പ സ്വദേശിയും ജെ.സി.ബി ഡ്രൈവറുമായ അൽഅസാദ്( 23) എന്നിവരെയാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ എം. പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊഴികളിൽ ഉണ്ടായ വൈരുദ്ധ്യമാണ് കൊലപാതകം തെളിയിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്.

ഭാഗ്യശ്രീയുടെ മൊബൈൽ ഫോണിൽ നിന്നാണ് അൽഅസാദിനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് ലഭിച്ചത്. നാളുകളായി തുടരുന്ന തങ്ങളുടെ അവിഹിത ബന്ധത്തിന് തടസ്സമായി നിൽക്കുന്ന അംഗപരിമിതനായ ഹനുമന്തയെ ഇരുവരും ചേർന്ന് ആസൂത്രിതമായി വകവരുത്തുകയായിരുന്നു. . സംഭവത്തിനുശേഷം ഭാഗ്യശ്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും കൂസലേതുമില്ലാതെ എല്ലാം നിഷേധിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ വിവരങ്ങൾ ശേഖരിച്ചു. ഇതിലെ വിവരങ്ങൾവെച്ച് ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ഭാഗ്യശ്രീ വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഗത്യന്തരമില്ലാതായതോട കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. കൊലപാതകമെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ അൽ അസാദ് നാട് വിട്ടിരുന്നു. മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും മറ്റുമായി മാറി മാറി സഞ്ചരിക്കുകയായിരുന്നു. ഒടുവിൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് നടത്തിയ തിരച്ചിലിൽ കർണാടക ഹൊന്നാവരയിൽ കെഎസ്ആർടിസി ബസിൽ വെച്ച് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി. മഞ്ചേശ്വരം എ എസ് ഐ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ മനു, സന്തോഷ് ജോൺ, ഉദ്ദേശ്, പ്രവീൺ, കാസർകോട് ഡിവൈഎസ്‌പി. പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണൻ, നാരായണൻ, ലക്ഷ്മി നാരായണൻ എന്നിവരും സിഐയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ലോക്ഡൗൺ സമയത്ത് സഹായിച്ചത് വിനയായി

അംഗപരിമിതനായ ഹനുമന്തപ്പ മംഗളൂരുവിൽ ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് തലപ്പാടിയിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചിരുന്നു. ഭാഗ്യശ്രീ ഹനുമന്തപ്പ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ലോക്ഡൗൺ സമയത്ത് ജെസിബി ഡ്രൈവറും നാട്ടുകാരനും സുഹൃത്തുമായ അൽ അസാദ് ജോലിയില്ലെന്നും താമസസൗകര്യമില്ലെന്നും ഹനുമന്തപ്പയോട് പറഞ്ഞിരുന്നു. തുടന്ന് ഇദ്ദേഹത്തെ ഹനുമന്തപ്പ സ്വന്തം വീട്ടിലേക്ക് വിളിച്ചു ഭക്ഷണവും താമസസൗകര്യവും നൽകുകയായിരുന്നു. ഇതിനിടയിൽ ഭാഗ്യശ്രീയും അൽഅസാദുമായി അടുപ്പം തുടങ്ങി. ഇവർ തമ്മിലുള്ള അവിഹിതബന്ധം ഭർത്താവ് നേരിട്ട് കണ്ടതോടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായി. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കണമെങ്കിൽ ഹനുമന്തപ്പയെ വകവരുത്തുകയല്ലാതെ രക്ഷയില്ലെന്ന് ഭാഗ്യശ്രീ കാമുകനോട് പറഞ്ഞു. അങ്ങനെയാണ് ഇരുവരും കൊല നടത്താൻ തീരുമാനിച്ചത്.

സംസാരിക്കുന്ന തെളിവുകൾ

റോഡരികിൽ പുലർച്ചെയോടെ മൃതദേഹം കണ്ടപ്പോൾ അപകടമരണമായിരിക്കാമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. റോഡരികിൽ മൃതദേഹം കിടന്നതിന് തൊട്ടടുത്തുതന്നെ ഇയാൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. അതേസമയം സ്‌കൂട്ടറിന് ഒരു പോറലുപോലുമുണ്ടായിരുന്നില്ല. പൊലീസിന്റെ പരിശോധനയിൽ മൃതദേഹത്തിൽ കൊലപാതകത്തിന്റെ അടയാളങ്ങൾ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും പിടിവലിയുടെതുമായ അടയാളങ്ങൾ പൊലീസിനെ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന്റെ നിഗമനം ശരിവച്ചതോടെ കൊലയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കാമുകനുമായി പിരിയാനാകാത്ത വിധത്തിൽ പ്രണയത്തിലായിരുന്നു ഭാഗ്യശ്രീ. രണ്ടുതവണ അവിഹിതം പിടികൂടിയതോടെ അൽഅസാദിനെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ഹനുമന്തപ്പ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട് വിട്ട് പോയെങ്കിലും പകൽ സമയത്ത് ഇയാൾ വീട്ടിലെത്തിയിരുന്നു. കാമുകൻ തന്നെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് കൊല നടത്താൻ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP