Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുറത്തു പറഞ്ഞത് അന്തിമ റിപ്പോർട്ട് തന്നെയെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്; കരടിൽ ഇല്ലാത്ത റിപ്പോർട്ട് എങ്ങനെ അന്തിമ റിപ്പോർട്ടിൽ വന്നതെന്ന ചോദ്യവുമായി പ്രതിരോധം; കേരളത്തെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന തുറന്നു കാണിക്കാനാണ് ശ്രമിച്ചതെന്നും വിശദീകരണം; കിഫ്ബിയിൽ വിവാദം തുടരും

പുറത്തു പറഞ്ഞത് അന്തിമ റിപ്പോർട്ട് തന്നെയെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്; കരടിൽ ഇല്ലാത്ത റിപ്പോർട്ട് എങ്ങനെ അന്തിമ റിപ്പോർട്ടിൽ വന്നതെന്ന ചോദ്യവുമായി പ്രതിരോധം; കേരളത്തെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന തുറന്നു കാണിക്കാനാണ് ശ്രമിച്ചതെന്നും വിശദീകരണം; കിഫ്ബിയിൽ വിവാദം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയിൽ സർക്കാരിന് കിട്ടിയത് അന്തിമ റിപ്പോർട്ട് തന്നെയെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കരട് റിപ്പോർട്ടെന്ന് തെറ്റിധരിച്ചാണ് റിപ്പോർട്ട വായിച്ചത്. സാങ്കേതികത്വത്തിൽ അല്ല പ്രശ്‌നമുണ്ടാക്കേണ്ടത്. മറിച്ച് കരടിൽ ഇല്ലാത്ത ഭാഗങ്ങൾ എങ്ങനെ അന്തിമ റിപ്പോർട്ടിൽ വന്നുവെന്നതാണ് പ്രശ്‌നം. അതുകൊണ്ടാണ് കരടായിരിക്കുമെന്ന് തെറ്റിധരിപ്പിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. ഇതോടെ നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് തന്നെയാണ് ചോർന്നതെന്നും വ്യക്തമാക്കുകയാണ്.

കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറയുന്നു. അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താൻ ചോദിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോൾ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സി.എ.ജി. റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്നമെന്നും ധനമന്ത്രി പറയുന്നു. സി.എ.ജി.യുടെ വാദമുഖങ്ങൾ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്നം. ഇതുസംബന്ധിച്ച് യു.ഡി.എഫിന്റെ അഭിപ്രായമെന്താണെന്നാണ് ആവർത്തിച്ച് ചോദിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

സി.എ.ജി.യുടെ നിലപാട് വികസനപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ്. റിപ്പോർട്ടിന്മേൽ സി.എ.ജി. സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല. അതിനാൽ കരട് റിപ്പോർട്ടാണെന്ന് ധരിച്ചു. സർക്കാരുമായി ചർച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോർട്ട് തയ്യാറാക്കും. നേരത്തെ കരട് റിപ്പോർട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണ്.

നേരത്തെ കണ്ട കരട് റിപ്പോർട്ടിൽനിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോർട്ട്. പുതിയ റിപ്പോർട്ടിൽ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോർട്ടിൽ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമർഥിച്ച നാല് പേജ് കരട് റിപ്പോർട്ടിൽ ഇല്ല. ഇത് ഡൽഹിയിൽനിന്ന് കൂട്ടിച്ചേർത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം.

ഈ കാണുന്നത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പൻ ഗൂഢാലോചനയാണ്. ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്നമാണ്. ആ രീതിയിൽ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനിൽക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

ഇതിനിടെ മസലാ ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്തതായി രേഖകൾ പുറത്തു വന്നിരുന്നു. ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിർത്തത്. 2018 ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡിയിലാണു 14-ാം അജൻഡയായി മസാല ബോണ്ട് ചർച്ചയ്ക്കെത്തിയത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോർഡിന്റെ അനുമതി തേടുകയായിരുന്നു. ഇതിന് പിന്നിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഇടപെടലായിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ എതിർപ്പ്. ഇത് ധനമന്ത്രി തോമസ് ഐസക്കും സമ്മതിച്ചു. ബോർഡിലുള്ള എല്ലാ സ്വതന്ത്ര അംഗങ്ങളും ഇതിനെ അനുകൂലിച്ചെന്നും തോമസ് ഐസക് പറയുന്നു.

കിഫ്ബിയിൽ മസാല ബോണ്ട് നിർദ്ദേശം വന്നപ്പോൾ തന്നെ ധനസെക്രട്ടറി മനോജ് ജോഷി ചോദിച്ചു: രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്കു ബോണ്ടിറക്കി പണം സമാഹരിക്കാൻ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്കു ബോണ്ടിനു ശ്രമിക്കണം. പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസും ഇടപെട്ടു. പൊതുവേ വിദേശ വിപണിയിൽ പലിശനിരക്കു കുറഞ്ഞു നിൽക്കുമ്പോൾ എന്തു കൊണ്ടാണു മസാല ബോണ്ടിന്റെ പലിശ ഇത്രമാത്രം ഉയർന്നു നിൽക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാൽ കുറഞ്ഞനിരക്കിൽ ലഭിക്കുമോ എന്നു കണ്ടെത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, ബോർഡ് അംഗങ്ങളായ പ്രഫ. സുശീൽ ഖന്ന, ജെ.എൻ. ഗുപ്ത, സലിം ഗംഗാധരൻ, ആർ.കെ. നായർ എന്നിവർ മസാല ബോണ്ടിനെ അനുകൂലിക്കുകയും ഇതിനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നു ചർച്ച ഉപസംഹരിച്ചു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു: 'പലിശ നിരക്കു കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള ഈ അവസരം ഉപയോഗിക്കണം. ഈ ചുവടുവയ്പ് ദീർഘകാലത്തേക്കു ഗുണം ചെയ്യും'. മുഖ്യമന്ത്രിയാകട്ടെ ഒന്നും പറഞ്ഞില്ല.

വിപണിയിൽ സാഹചര്യം അനുകൂലമാകുമ്പോൾ ബോണ്ടിറക്കണമെന്നും യുഎസ് ഡോളർ ബോണ്ടുകളിൽ കുറഞ്ഞ പലിശയ്ക്കു പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും ജെ.എൻ. ഗുപ്ത ചൂണ്ടിക്കാട്ടി. ആഭ്യന്തര വിപണിയിൽ കോർപറേറ്റുകളുടെ കടുത്ത മത്സരമായതിനാൽ രാജ്യാന്തര വിപണിയിൽ നിന്നു പണം സ്വരൂപിക്കുന്നതാണ് ഉചിതമെന്നായിരുന്നു സലിം ഗംഗാധരന്റെ നിർദ്ദേശം. എത്രയും വേഗം രാജ്യാന്തര വിപണിയിൽ മസാല ബോണ്ടിറക്കി പണം സ്വരൂപിക്കണമെന്നും ഇതു കിഫ്ബിയുടെ മികവിന്റെ അളവുകോലാകുമെന്നും ആർ.കെ.നായർ പറഞ്ഞു.

ആഭ്യന്തര വിപണിയിൽ ബോണ്ടിറക്കാൻ ശ്രമിച്ചപ്പോൾ 10.15% ആയിരുന്നു പലിശയെന്നും കിഫ്ബിക്കു സമാനമായി ആന്ധ്രപ്രദേശ് ക്യാപിറ്റൽ ഡവലപ്മെന്റ് അഥോറിറ്റി 10.72% പലിശയ്ക്കാണു ബോണ്ടിറക്കിയതെന്നും കിഫ്ബി സിഇഒ യോഗത്തിൽ വിശദീകരിച്ചു. ബാങ്കിൽ നിന്നും മറ്റും പരമാവധി 1000 കോടി രൂപയാണു വായ്പ ലഭിച്ചിരുന്നതെന്നും അതിനാലാണ് ഉയർന്ന പലിശയ്ക്കാണെങ്കിലും 2150 കോടിയിലേറെ രൂപ മസാല ബോണ്ട് വഴി സമാഹരിച്ചതെന്നുമാണു സർക്കാർ വിശദീകരണം.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്നതാണു മസാല ബോണ്ടുകൾ. രൂപയിൽ ബോണ്ടിറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP