Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ; ക്വറികൾ എത്തിയതോടെ സിഎജിയെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കിയത് സ്വകാര്യ കമ്പനി എന്ന ന്യായത്താൽ; കള്ളം പറയാനും എഴുതാനും ഡിലോയിറ്റിനും മടി; കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിട്ട് വർഷം നാലായി; കണക്ക് പുറത്ത് അറിയിക്കാതെ കിയാൽ

മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ; ക്വറികൾ എത്തിയതോടെ സിഎജിയെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കിയത് സ്വകാര്യ കമ്പനി എന്ന ന്യായത്താൽ; കള്ളം പറയാനും എഴുതാനും ഡിലോയിറ്റിനും മടി; കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിട്ട് വർഷം നാലായി; കണക്ക് പുറത്ത് അറിയിക്കാതെ കിയാൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സി ആൻഡ് എജിയെ വെട്ടി സ്വകാര്യ കുത്തക കമ്പനിയായ ഡിലോയിറ്റിനെ ഓഡിറ്റിനു ഏർപ്പാട് ചെയ്തിട്ടും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ ഓഡിറ്റ് അവതാളത്തിൽ തന്നെ. വിവാദ നീക്കത്തിലൂടെ സി ആൻഡ് എജിയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയിട്ടും കിയാലിൽ ഓഡിറ്റ് നടക്കുന്നില്ല. രണ്ടു വർഷമായി കിയാലിൽ ഓഡിറ്റ് നടന്നിട്ടില്ല എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.

പ്രവർത്തനം തുടങ്ങി രണ്ടു വർഷം പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഓഡിറ്റ് റിപ്പോർട്ട് തയാറായില്ല. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (സിഎജി) ഒഴിവാക്കി സ്വകാര്യ സ്ഥാപനമായ ഡിലോയിറ്റ് ആൻഡ് ടുഷെയെയാണ് ഓഡിറ്റിങ്ങിനായി കിയാൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നടന്ന വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂർത്തിയാക്കാത്തതിനാലാണ് കണക്ക് അവതരിപ്പിക്കാത്തതെന്നും ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നുമായിരുന്നുമായിരുന്നു ഓഹരി ഉടമകളെ അറിയിച്ചിരുന്നത്.

സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും പങ്കാളിത്തമുള്ള കമ്പനിയെന്ന നിലയിൽ കിയാലിന്റെ തുടക്കം മുതൽ സിഎജിയായിരുന്നു ഓഡിറ്റ് നടത്തിയിരുന്നത്. എന്നാൽ 2016ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഓഡിറ്റ് ചെയ്യുന്നതിൽ നിന്നു സിഎജിയെ വിലക്കി. ഓഡിറ്റ് തുടർച്ചയായി തടസ്സപ്പെടുത്തിയതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാൽ മാനേജിങ് ഡയറക്ടർക്കു നോട്ടിസ് അയച്ചു. തുടർന്ന്, സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കിയാൽ ഹൈക്കോടതിയെ സമീപിച്ചു. കിയാലിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി സിഎജി ഓഡിറ്റ് നടപടി സ്റ്റേ ചെയ്യുകയും കേന്ദ്ര സർക്കാരിനുൾപ്പെടെ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിൽ അഞ്ചു മന്ത്രിമാരും എയർപോർട്ട് അഥോറിറ്റി, ബിപിസിഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികളും വ്യവസായികളും സ്വതന്ത്ര ഡയറക്ടർമാരും ഉൾപ്പെടെ 16 പേരാണുള്ളത്. 2018ലെ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 38.94 ശതമാനമാണു കിയാലിൽ സംസ്ഥാന സർക്കാരിന്റെ ഓഹരി പങ്കാളിത്തം. ഭാരത് പെട്രോളിയത്തിന് 24.12 ശതമാനവും എയർപോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 7.42 ശതമാനവും പങ്കാളിത്തമുണ്ട്. വിമാനത്താവള കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റ് ആൻഡ് ടുഷെ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നു കിയാൽ എഡി വി.തുളസീദാസ് പറഞ്ഞു. ഡിസംബറിൽ നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക തിരിമറികളുടെ സാക്ഷ്യപത്രമായി മാറിയ അക്കൗണ്ട്സ് ആണ് കിയാലിലേത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൊണ്ട് തന്നെയാണ് ഓഡിറ്റ് റിപ്പോർട്ട് കിയാൽ പറയുന്ന രീതിയിൽ നൽകാൻ കഴിയില്ലെന്ന് ഡിലോയിറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക തിരിമറികൾ മറച്ചുവെച്ച് ഒരു ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റ് നൽകിയാൽ പ്രമുഖ ഓഡിറ്റ് കമ്പനി എന്ന നിലയിൽ ഇവരുടെ വിശ്വാസ്യതയ്ക്ക് മങ്ങൽ വീഴും. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുള്ളതിനാൽ സി ആൻഡ് എജി തന്നെ വീണ്ടും ഓഡിറ്റിനും വരും എന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. പിന്നീട് സിആൻഡ് എജി ഓഡിറ്റ് വന്നാൽ പിടി വീഴുക ഡിലോയിറ്റിനു ആകും. ഇതെല്ലാം ഓഡിറ്റിൽ പ്രതിസന്ധിയാണ്.

സി ആൻഡ് എജിയാണ് ലാസ്റ്റ് ഓഡിറ്റ് നടത്തിയത്. ഈ ഓഡിറ്റിൽ തന്നെ ഒട്ടനവധി വിശദീകരണങ്ങൾ സി ആൻഡ് എജി ചോദിച്ചിട്ടുണ്ട്. അതിനാലാണ് സ്വകാര്യ കമ്പനി എന്ന വാദം ചൂണ്ടിക്കാട്ടി സി ആൻഡ് എജിയെ ഒഴിവാക്കി സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയത്. നാല് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്ത് വരേണ്ടത്. സിആൻഡ് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഒട്ടനവധി ക്വറികൾ ഉണ്ടായിരുന്നു. മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ ആയതിനാലാണ് സിആൻഡ് എജി ഒട്ടനവധി കാര്യങ്ങൾക്ക് വിശദീകരണം തേടിയത്. ഇത് പ്രശ്നമായപ്പോഴാണ് കിയാൽ ഒരു പ്രൈവറ്റ് കമ്പനി എന്നത് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട് നൽകാൻ ഡിലോയിറ്റിനെ സർക്കാർ ചുമതലപ്പെടുത്തിയത്.

സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതാണ് കിയാലിന്. അതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കമ്പനികാര്യ മന്ത്രാലയം കിയാലിനു തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് നടത്താൻ അനുമതി നൽകിയത്. കൊച്ചി വിമാനത്താവളത്താവള കമ്പനിപോലെ കിയാലും ഒരു പ്രൈവറ്റ് കമ്പനിയാണെന്നാണ് സർക്കാർ നിലപാട്. വിമാനത്താവളത്തിൽ നടത്തിയ ക്രമക്കേടുകൾ കണ്ടുപിടിച്ചതിനാലാണ് സിആൻഡ്എജിയെ ഇടത് സർക്കാർ പിന്തള്ളിയത്. കിയാലിൽ സമ്പൂർണ ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP