Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ 'ഇന്ത്യൻ ഒബാമ'; മോദിക്കെതിരെ പൊരുതി ഒടുവിൽ മോദിയുടെ കാൽക്കീഴിൽ; നാലാമതും ബീഹാർ മുഖ്യന്ത്രിയാവുന്ന നിതീഷ് കുമാറിന്റെ ജീവിതകഥ

രാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ 'ഇന്ത്യൻ ഒബാമ'; മോദിക്കെതിരെ പൊരുതി ഒടുവിൽ മോദിയുടെ കാൽക്കീഴിൽ; നാലാമതും ബീഹാർ മുഖ്യന്ത്രിയാവുന്ന നിതീഷ് കുമാറിന്റെ ജീവിതകഥ

എം മാധവദാസ്

'ഇന്ത്യൻ ഒബാമ'.. പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ, ഇപ്പോൾ നാലാമതും ബീഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന നിതീഷ് കുമാറിനെ ഒരിക്കൽ വിശേഷിപ്പിച്ചത് അങ്ങനെ ആയിരുന്നു. അത് നിതീഷ് ഭരണത്തിന്റെ രണ്ടാം ടേമിൽ ആയിരുന്നു. അന്ന് നീതീഷ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ പ്രതീക്ഷയായിരുന്നു. ജംങ്കിൾ രാജ് എന്ന് വിമർശിക്കപ്പെട്ട ലാലു- റാബ്രിക്കാലത്തെ ദുർഭരണത്തിന് പകരം ക്രമസമാധാനം പുനഃസ്ഥാപിച്ച് ആധുനിക ബീഹാറിനെ പടുത്തുയർത്താൻ നിതീഷ് നടത്തിയ ആത്മാർഥ ശ്രമങ്ങളുടെ പേരിൽ ആയിരുന്നു, പൊതുവെ പ്രംശസാ വാക്കുകൾക്ക് ഏറെ പഞ്ഞം കാട്ടാറുള്ള രാമചന്ദ്രഗുഹ അങ്ങനെ ഒരു വിശേഷണം ഉന്നയിച്ചത്്. അടിസ്ഥാന സൗകര്യങ്ങൾ തകർന്ന് കിടന്ന, യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയതിനാൽ വൃദ്ധസദനം പോലെ ആയ ഒരു നാടിനെ ആധുനികവത്ക്കരിക്കാനും, കാട്ടുനീതിയിൽനിന്ന് മോചിപ്പിക്കാനും ആത്മാർത്ഥമായി ശ്രമിച്ച വ്യക്തി കൂടിയാണ് നിതീഷ്. ബീഹാറിന്റെ ചരിത്രം എഴുതുമ്പോൾ അത് നിതീഷ്‌കുമാറിന് മുമ്പും പിൻപും എന്ന രീതിയിൽ പറയണ്ടേിവരും. ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ എന്ന കീർത്തിയും ആര് എത്ര നിഷേധിച്ചാലും നിതീഷിന് ഒപ്പമാണ്.

ബുക്കർ പുരസ്‌കാരം നേടിയ അരവിന്ദ് അഡിഗൈയുടെ 'വൈററ് ടൈഗർ' എന്ന നോവൽ വായിച്ചവർക്ക് അറിയാമായിരുന്നു, ബീഹാറിന്റെ ജീവിതം. നരകം എന്ന വാക്കിന്റെ പര്യായമായി ആ നാടിനെ നോവലിൽ വിശേഷിപ്പിക്കുന്നുണ്ട്.. സ്വാതന്ത്ര്യത്തിന് ശേഷം അമ്പത് വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് ബീഹാറിനെ അരനൂറ്റാണ്ട് പിന്നിലേക്ക് തള്ളിയാണ് ഭരണം വിട്ടുപോയത്.അതിനുശേഷമാണ് ലാലുപ്രസാദ് യാദവ് യുഗം തുടങ്ങുന്നത്. ശരിക്കും ജംങ്കിൾ രാജ്. ബൂത്തുപിടുത്തവും ജാതിക്കൊലകളുമായി 'ബീമാരി' സ്റ്റേറ്റ് എന്ന പേര് അർഥവർത്തായ നാളുകൾ. ഇന്ത്യയിലെ ഏറ്റവും പട്ടിണിക്കാരായ മനുഷ്യർ മൃഗങ്ങളേക്കാൾ മോശപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന നാട്ടിലെ ഭരണാധിപൻ കന്നുകാലിത്തീറ്റയുടെ പേരിൽ ആയിരക്കണക്കിന് കോടികൾ കീശയിലാക്കിതതു കണ്ട് ജനം അമ്പരന്നു.

പഴയ കോൺഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര വരെ ഈ തീവെട്ടിക്കൊള്ളയിൽ പങ്കാളികളായിരുന്നു.മുപ്പത് ശതമാനം വരുന്ന യാദവ- മുസ്ലിം വോട്ട് കുർത്തയുടെ പോക്കറ്റിലിട്ട് നടന്ന ലാലു അഴിമതിക്കേസിൽ അകത്തായപ്പോൾ ഭാര്യയെ ഭരണം ഏല്പിച്ച് ജനാധിപത്യത്തെ വെല്ലുവിളിച്ചു. യാദവഗുണ്ടകൾ ആഭ്യന്തരവകുപ്പ് ഭരിച്ചപ്പോൾ ഭീതിയുടെ മുൾമുനയിൽ നിന്ന പാവപ്പെട്ട മനുഷ്യർ പേടിച്ചുവിറച്ച് പട്ടാപ്പകൽ പോലും വീടിനുള്ളിൽ ഒട്ടിയ വയറുമായി ചുരുണ്ടുകൂടി.അവസാനം ലാലുവിന്റെ ജംങ്കിൾരാജ് അവസാനിപ്പിക്കാൻ ഒരു അവതാരപുരുഷനെ പോലെ അദ്ദേഹം കടന്നുവന്നു. അതായിരുന്നു നിതീഷ് കുമാർ.

ബീഹാറിനെയും സ്വപ്നം കാണാൻ പഠിപ്പിച്ചു

2005ൽ നിതീഷ്‌കുമാർ ആദ്യമായി അധികാരത്തിൽ ഏൽക്കുമ്പോൾ ബീഹാറിന്റെ അവസ്ഥയെന്ന് ഓർത്തുനോക്കണം. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, തകർന്ന കൃഷിയിടങ്ങൾ.. ഗ്രാമങ്ങളിൽ പട്ടണി മാത്രം. എവിടെയും ഗുണ്ടാരാജ്. ഈ ഒരു കാരണത്തിലാണ് രാമചന്ദ്രഗുഹ നിതീഷിന് ഫുൾമാർക്ക് കൊടുക്കുന്നത്. പൊലീസുകാർപോലും തനിഗുണ്ടകളെപ്പോലെ പെരുമാറുന്ന ഒരു സ്റ്റേറ്റിൽ ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് നിതീഷിന്റെ വലിയ മിടുക്കാണ്.

ഗവേണൻസ് എന്നാൽ എന്തെന്ന് ബീഹാറികൾ അറിഞ്ഞുതുടങ്ങിയത് നിതീഷ് മുഖ്യമന്ത്രിയായതിന് ശേഷമാണ്. വെറും 3% വരുന്ന പിന്നോക്ക കുറുമി സമുദായക്കാരനായ നിതീഷിന്റെ ചാണക്യബുദ്ധിയിൽ ലാലുപ്രസാദ് യാദവിന്റെ ഗുണ്ടാസമവാക്യങ്ങൾ തകർന്നുതരിപ്പണമായി. മികച്ച മുഖ്യമന്ത്രിക്കുള്ള അവാർഡ് വരെ നേടിയെടുത്ത നിതീഷ് കുമാർ ഭരണത്തിൽ അച്ചടക്കവും അന്തസ്സും തിരിച്ചു കൊണ്ടുവന്നു.
തമിഴ്‌നാട്ടിൽ കാമരാജ് കൊണ്ടുവന്ന മാറ്റം ബീഹാറിൽ നിതീഷ് പ്രാവർത്തികമാക്കി.
ബീഹാറിനെ നീതിഷ് സ്വർഗ്ഗമൊന്നും ആക്കിയിട്ടില്ല. പക്ഷെ ആറരപ്പതിറ്റാണ്ട് പിന്നിലായിപ്പോയ ഒരു സംസ്ഥാനത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായ പരിശ്രമം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജനതയെ പ്രതീക്ഷയുള്ളവർ ആക്കാനെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിക്കസേരിയിൽ നതീഷിന് ഇത് നാലം ഊഴമാണ്.പക്ഷേ അപ്പോഴേക്കും ഏറെ ദുർബലായിക്കഴിഞ്ഞിരിക്കുന്ന അദ്ദേഹം. എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോൾ ജെഡിയു അല്ല ബിജെപിയാണ്. കൂടുതൽ മന്ത്രിമാർ ഉള്ളതും ബിജെപിക്ക് തന്നെ. രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് ബിജെപി നിതീഷിന് ഇടതും വലതുമായി പ്രതിഷ്ഠിക്കുന്നത്. മുഖ്യമന്ത്രിപദവിപോലും ഇപ്പോൾ ബിജെപിക്ക് നിതീഷിന്റെ ദാനമാണ്. പ്രായം 70ൽ എത്തിയ നിതീഷ് ഒന്നുരണ്ടുവർഷം കൊണ്ട് സ്ഥാനം ഒഴിയുമെന്നും അതോടെ ബിജെപിക്ക് സമ്പുർണ്ണ ആധിപത്യവരും എന്നുമാണ് അവർ കരുതുന്നത്. നിതീഷ് ഇല്ലാതെ ദുർബലരാകുന്ന ജെഡിയു പതുക്കെ ബിജെപിയിൽ അലിഞ്ഞ് തീരുമെന്നും അവർ സ്വപ്നം
കാണുന്നു. എന്തായാലും ബീഹാറിൽ നിതീഷ്യുഗത്തിന്റെ അസ്തമയമായെന്ന് ചുരുക്കം. ഇനി ഒരു തെരഞ്ഞെടുപ്പിന് ഇല്ലെന്നു നിതീഷും പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിൽ എത്തിയ എഞ്ചിനീയർ

പത്താം ക്ലാസും ഗുസ്തിയുമായി സാമൂഹിക സേവനത്തിന് ഇറങ്ങുന്ന നേതാവല്ല നിതീഷകുമർ.എഞ്ചിനീയറിങ്ങ് കോളജിൽനിന്ന് ബിരുദമെടുത്ത് വൈദ്യുതി വകുപ്പിലെ എഞ്ചിനീയറായുള്ള ജോലി കളഞ്ഞാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. പാറ്റനയിൽ നിന്ന് അമ്പത് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബക്തിയാർപൂർ എന്ന ചെറു പട്ടണത്തിൽ, 1951 മാർച്ച് ഒന്നാം തീയതിയാണ് നിതീഷ് കുമാർ ജനിച്ചത്. ഒട്ടും രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലല്ല നിതീഷ് ജനിച്ചത്. രാഷ്ട്രീയത്തിലേക്ക് താൻ വഴിതെറ്റി വന്ന് വീഴുകയായിരുന്നെുവെന്നാണ് അദ്ദേഹം പറയാറ്.

ഇന്ത്യക്ക് ഇന്ന് അദ്ദേഹം ബീഹാറിനെ പതിനഞ്ചുകൊല്ലം അടക്കിഭരിച്ച മുഖ്യമന്ത്രിയാണെങ്കിലും ബക്തിയാർപൂർകാർക്ക് അദ്ദേഹം ഇന്നും അവരുടെ പ്രിയപ്പെട്ട മുന്നയാണ്. അച്ഛൻ രാം ലഖൻ സിങ് ബക്തിയാർപൂരിലെ അറിയപ്പെടുന്ന ആയുർവേദ ഭിഷഗ്വരനായിരുന്നു. അച്ഛന്റെ ഔഷധശാലയിൽ നിതീഷും സഹായിക്കാൻ ചെന്ന് ഇരിക്കുമായിരുന്നു. അച്ഛന്റെ നിർദ്ദേശാനുസാരം രോഗികൾക്കുള്ള കഷായവും ചൂർണവുമെല്ലാം നിർമ്മിച്ചുനൽകിയിരുന്നു നിതീഷ് അന്നൊക്കെ. ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കനും നേതൃപാഠവും നന്നായി ഉള്ള കുട്ടിയായിരുന്നു മുന്ന. എഴുപതുകളിൽ ദിലീപ്കുമാറും, രാജ്കുമാറും, മനോജ് കുമാറും, കിഷോർ കുമാറുമെല്ലാം ബോളിവുഡിൽ നിറഞ്ഞാടിയിരുന്ന സമയത്ത്, രാഷ്ട്രീയ നഭസ്സിലെ ഒരേയൊരു 'കുമാറാ'യിരുന്നു അന്ന് നിതീഷ് കുമാർ. 1972 -ൽ, ബിഹാർ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ(ഇന്നത്തെ എൻഐടി പട്ന) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം നേടുന്ന നിതീഷ്, അന്നത്തെ ബിഎസ്ഇബിയിൽ ചേരുന്നു. 1973 -ൽ അദ്ദേഹം മഞ്ജു കുമാരി സിൻഹയെ വിവാഹം കഴിക്കുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. മകൻ നിഷാന്ത് എഞ്ചിനീയർ ആണ്, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതെ എഞ്ചിനീയറിങ് മേഖലയിൽ തന്നെ ഉദ്യോഗം ചെയ്യുകയാണ് നിഷാന്ത്. അധികാര സ്ഥാനങ്ങളിൽ നിന്ന് തന്റെ മക്കളെ മാത്രമല്ല, ബന്ധുക്കളെപ്പോലും ദൂരെ നിർത്തുന്ന പ്രകൃതമായിരുന്നു നിതീഷ് കുമാറിന്റെത്.

ബീഹാർ ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീയറുടെ ജോലിയിൽ, മനസ്സില്ലാമനസ്സോടെ ഏർപ്പെട്ടുകൊണ്ടിരുന്ന നിതീഷ് എന്ന രാഷ്ട്രീയ ജീവി, അത് പാതിവഴി ഉപേക്ഷിച്ചിട്ടാണ് ഇന്ദിരാഗാന്ധിക്കെതിരെ ജയപ്രകാശ് നാരായണൻ തുടങ്ങിവെച്ച ബിഹാർ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടുന്നത്. പരന്ന വായനയുള്ള നീതീഷിന് പ്രിയപ്പെട്ട നേതാവായിരുന്നു ജെപി. എഞ്ചിനീയറുടെ സുരക്ഷിതാമായ ജോലി കളഞ്ഞുകൊണ്ട് അദ്ദേഹം ജന സേവനത്തിന് ഇറങ്ങുമ്പോൾ ബന്ധക്കളും കൂട്ടുകാരുമൊക്കെ നിരുൽസാഹപ്പെടുത്തുകയായിരുന്നു. പക്ഷേ ആ തീരുമാനം ബീഹിന്റെ മുഖഛായ മാറ്റി.

അടിയന്തരാവസ്ഥയുടെ ഉപോൽപ്പന്നം

ജെപിയുടെ ശിഷ്യനെന്ന നിലയിൽ, റാം മനോഹർ ലോഹ്യയുമായി സഹവാസത്തിനു യോഗം സിദ്ധിച്ച ഭാഗ്യവാനെന്ന നിലയിൽ തികഞ്ഞൊരു സോഷ്യലിസ്റ്റ് ആയിട്ടാണ് നിതീഷ് കുമാർ രാഷ്ട്രീയത്തിൽ തുടക്കം കുറിക്കുന്നത്. 1974 -77 കാലത്ത് ജെപിക്കൊപ്പം നിലയയുറപ്പിച്ചു പോരാടിയിട്ടുണ്ട് നിതീഷ്. തുടർച്ചയായ 19 മാസക്കാലം. സത്യം പറഞ്ഞാൽ അടിയന്തരവസ്ഥയുടെ ഉപോൽപ്പന്നമാണ് താൻ എന്നായിരുന്നു നിതീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇന്ദിരാഫാസിസത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന ചെറുപ്പക്കാൻ അന്നുതന്നെ എല്ലാവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പററ്റിയിരുന്നു. അതിനു ശേഷം സത്യേന്ദ്ര നാരായൺ സിൻഹ ബീഹാർ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ നിതീഷ് അതിന്റെ ഭാഗമായി.

1989 ൽ, ബാഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ച്, ആദ്യമായി പാർലമെന്റിൽ എത്തുന്നു നിതീഷ് കുമാർ.1989 -ൽ തന്നെ വിപിസിങ്ങിന്റെ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയായി നിതീഷ് കുമാർ. പ്രശ്നങ്ങൾ പഠിക്കാനും ആധികാരികമായി അഭിപ്രായം പറയാനുമുള്ള നിതീഷിന്റെ കഴിവാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വി പി സിംഗിന്റെ പ്രിയപ്പെട്ട മന്ത്രിയായി അദ്ദേഹം വളരെ പെട്ടെന്ന് വളർന്നു. പക്ഷേ നിതീഷിന് വ്യകതി പരമായും ആശയപരമായും കൂടുതൽ അടുപ്പം തീപ്പൊരി നേതാവ് ജോർജ് ഫെർണാണ്ടസുമായി ആയിരുന്നു. 1994 ൽ ഇദ്ദേഹം ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമതാ പാർട്ടി എന്നൊരു പാർട്ടി ഉണ്ടാക്കി. 1997 -ൽ ലാലുവിനെതിരെ കാലിത്തീറ്റ കുംഭകോണം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ജനതാദളിൽ ശരദ് യാദവ് ഇടയുന്നു. ലാലു രാഷ്ട്രീയ ജനതാ ദൾ ഉണ്ടാക്കി വേറിട്ടുപോകുന്നു. പിന്നീട് 2003 ൽ ശരദ് യാദവിന്റെ ജനതാദളും, സമതാപാർട്ടിയിലെ ബഹുഭൂരിപക്ഷം പേരും ചേർന്ന് ലയിച്ച് ഒരൊറ്റ പാർട്ടിയായതാണ് ജനതാദൾ യുണൈറ്റഡ് അഥവാ ജെഡിയു. അതിന്റെ ഭാഗമാണ് ഇന്നും നിതീഷ് കുമാർ. ശരത്യാദവ്, രാംവിലാസ് പാസ്വാൻ, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ .. ഈ നാലുപേരില ഒതുങ്ങി ബീഹാറിന്റെ പിൽക്കാല രാഷ്ട്രീയം.

1998-99 കാലത്ത് വാജ്‌പേയി സർക്കാരിൽ റെയിൽവേയ്സ്, ഗതാഗത മന്ത്രിയായിരുന്നു നിതീഷ്. പിന്നീട് കൃഷിവകുപ്പിലും മന്ത്രിപദം അലങ്കരിച്ചു. 1999 -ൽ ഗെയ്സലിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം ഉണ്ടായപ്പോൾ മന്ത്രി എന്ന നിലയിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാർ രാജിവെച്ചിറങ്ങുന്നു. അന്നത് അത് വലിയ സംഭവം ആയിരുന്നു. വിദേശമാധ്യമങ്ങൾ പോലും അത് വാർത്തയാക്കി. ലാൽ ബഹാദൂർ ശാസ്ത്രിക്കുശേഷം ഒരു നേതാവ് ധാർമ്മിക പ്രശ്നം ഏറ്റെടുത്ത് രാജിവെക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യവും അവസാനവും ആയിരുന്നു. 2001 -ൽ വീണ്ടും റെയിൽവേ മന്ത്രിയായി തിരിച്ചുവരുന്നു. ഇത്തവണ 2004 മെയ് വരെ തുടരുന്നു.

നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി

എറ്റവും വിചിത്രം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭാംഗമല്ല എന്നതു തന്നെയാണ്. നിതീഷ് കുമാർ, യോഗി ആദിത്യനാഥ്, ഉദ്ധവ് താക്കറെ ഇവർക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. നിയമസഭാംഗത്വമില്ലാത്ത മുഖ്യമന്ത്രിമാരാണിവർ. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമായാണ് ഇവർ മുഖ്യമന്ത്രി പദത്തിൽ തുടരുന്നത്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയായി ലെജിസ്ലേറ്റീവ് കൗൺസിലുള്ള രാജ്യത്തെ ആറു സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. 2006, 2012, 2018 വർഷങ്ങളിലാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലാണ് കാലാവധി അവസാനിക്കുക. 76 അംഗ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ആറു വർഷ കാലാവധിയിയിലാണ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മാത്രം അവകാശപ്പെടാവുന്ന മറ്റൊരു അപൂർവത കൂടിയുണ്ട്. അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷ് ഈ കാലയളവിലൊന്നും നിയമസഭാംഗമായിരുന്നില്ല. യോഗി ആദിത്യനാഥും ഉദ്ധവ് താക്കറെയും ആദ്യമായാണ് മുഖ്യമന്ത്രിമാരാകുന്നത്. നിതീഷ് ആറു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യോഗി അഞ്ച് തവണ ലോക്സഭാംഗമായി. ഉദ്ധവ് ഒരിക്കൽ പോലും പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല.

1977 ലാണ് നിതീഷ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. ബിഹാറിലെ ഹാർനൗത് മണ്ഡലത്തിൽ ജനതാപാർട്ടി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം പക്ഷെ പരാജയപ്പെട്ടു. തുടർന്ന് 1985 ൽ ഹാർനൗത് മണ്ഡലത്തിൽനിന്നു വീണ്ടും മത്സരിച്ച് നിയമസഭാംഗമായി. അദ്ദേഹം അവസാനമായി നിയമസഭയിലേക്കു മത്സരിച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. 2000 ൽ വെറും ഏഴുദിവസത്തേക്ക് നീതീഷ് ബീഹാർ മുഖ്യമന്ത്രിയാകുന്നുണ്ട് നിതീഷ്. അന്ന് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് ഒരാഴ്ച പോലും തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു എങ്കിലും, ലാലു പ്രസാദ് യാദവിന്റെ അനിഷേധ്യ നേതൃത്വത്തിന്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പ്രധാന എതിരാളിയായി ബിഹാറിൽ നിതീഷ് കുമാർ അതോടെ രംഗത്തെത്തി. അഞ്ചുവർഷത്തിനു ശേഷം, 2005 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാ ദളിനെ തോൽപ്പിക്കുന്നു, നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു. 2010 -ൽ വീണ്ടും ജയിച്ചു മുഖ്യമന്ത്രി ആകുന്നു എങ്കിലും, നരേന്ദ്ര മോദിയെ എൻഡിഎ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു. 2015 -ലെ തെരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് സഖ്യത്തിൽ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി പദം നിലനിർത്തുന്നു. 2017 -ൽ ആർജെഡിയുമായുള്ള കൂട്ടുവെട്ടി വീണ്ടും എൻഡിഎയുടെ കൂടെ സഖ്യമുണ്ടാക്കുന്നു. അങ്ങനെ സഖ്യങ്ങൾ മാറിയും മറിഞ്ഞും കഴിഞ്ഞ പതിനഞ്ചു വർഷമായി നിതീഷ് കുമാർ തന്നെയാണ് ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിൽ.



തന്റെ ഭരണത്തെ വിമർശിക്കുന്നവരോട് നിതീഷ് പറയുന്നത്, അതിനെ അതിനു മുമ്പുള്ള പതിനഞ്ചു വർഷക്കാലം, അതായത് 1990 തൊട്ട് 2005 വരെ ലാലു-റാബ്രി ഗവൺമെന്റുകൾ ഭരിച്ച ജംഗൽരാജിനോട് താരതമ്യം ചെയ്യാനാണ്. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളുടെ പേരിൽ പ്രതിപക്ഷത്തുള്ളവരുടെ നിരന്തര വിമർശനങ്ങൾക്ക് നിതീഷ് ഇരയായിരുന്നു. അങ്ങനെ നോക്കുമ്പോൾ, കോവിഡ് കടുത്ത സാഹചര്യത്തിൽ ഇത്തവണ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു തെരഞ്ഞെടുപ്പായിരുന്നു നിതീഷ് കുമാറിന് നേരിടേണ്ടി വന്നത്. ഒരു കാലത്ത് ഇന്ത്യൻ മതേതര രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ മടിച്ച വ്യക്തിയായിരുന്നു നിതീഷ്. അതുപോലെ മോദിയെ ദേശീയതലത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതും പഴയ ചരിത്രം. വൈകാതെ എൻഡിഎയിൽ തന്നെ തിരിച്ചെത്തിയ നിതീഷ് ഇപ്പോൾ മോദിയുടെ കാൽക്കീഴിൽ ഞെരിഞ്ഞ് അമരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

നിതീഷിനോട് കണക്ക് തീർത്ത് മോദി

ഒരുകാലത്തും നല്ല ബന്ധത്തിൽ ആയിരുന്നില്ല നിതീഷ് കുമാറും നരേന്ദ്ര മോദിയും. സോഷ്യലിസ്റ്റ് കക്ഷികളുടെ പരീക്ഷണശാലയായ ബീഹാറിൽനിന്ന് ഉയർന്നുവന്ന നിതീഷ് ഒരുകാലത്ത് കടുത്ത മതേതര വാദിയുമായിരുന്നു. പിന്നീട് ജനതാദളിൽ നിന്ന് വേർപിരിഞ്ഞ് സമതാ പാർട്ടി രൂപീകരിച്ച ജോർജും നിതീഷും ആദ്യം കൂട്ടുകൂടിയത് സിപിഐഎംഎലുമായിട്ടായിരുന്നു. 1995ൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതോടെ ഇരുവരും ബിജെപി ക്യാംപിലെത്തി. ബാബരി മസ്ജിദ് തകർത്ത് കേവലം മൂന്ന് കൊല്ലത്തിനകമായിരുന്നു നിതീഷിന്റെ ഈ ബിജെപി കൂട്ടുകെട്ട്. തുടർന്ന് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി എൻ.ഡി.എ.സഖ്യം വിടുന്നതുവരെ 17 വർഷം നിതീഷ് എൻ.ഡി.എ.യുടെ പ്രിയപ്പെട്ട മുഖമായിരുന്നു. 10 വർഷം ബിഹാറിൽ ഭരിച്ചത് നിതീഷും ബിജെപി.യും ചേർന്നായിരുന്നു. പക്ഷേ അന്നും നിതീഷിന് അടുപ്പം അദ്വാനിയോട് ആയിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയുമായി വേദി പങ്കിടാൻ നിതീഷ് വിസമമ്മതിച്ചിരുന്നു. മോദി മുഖ്യമന്ത്രിയായിരിക്കെ നൽകിയ പ്രളയ സഹായംപോലും തള്ളിക്കൊണ്ട് നിതീഷ് അദ്ദേഹത്തെ അപമാനിച്ചിരുന്നു. ഇപ്പോൾ ഗത്യന്തരമില്ലാതെയാണ് നതീഷ് മോദിയെ അംഗീകരിച്ചത്.

ഇപ്പോൾ ആ അപമാനങ്ങൾക്കെല്ലാം മോദി കണക്കുതീർത്തുകൊടുക്കയാണ്. മോദിയുടെ കാൽക്കീഴിലാണ് ഇന്ന് നിതീഷിന്റെ തല. ബീഹാറിൽ ബിജെപിയുടെ വളർച്ചക്ക് ഏറ്റവും വലിയ തടസ്സം നിതീഷ്‌കുമാർ തന്നെയാണെന്ന് ബിജെപി പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽനിന്ന് ക്രമേണേ ജാതിരാഷ്ട്രീയത്തിലേക്ക് നീങ്ങിയ ബീഹാറിൽ, പരിവാർ രാഷ്ട്രീയത്തിന് അടിത്തറയില്ലാത്തതിനാൽ മാത്രമാണ് ് അവർ നിതീഷിനെ കൂടെ കൂട്ടിയത്. ഇപ്പോൾ ജാതി രാഷ്ട്രീയത്തെ മതവും തീവ്രദേശീയതയുംവെച്ച് വെട്ടാൻ ബിജെപി പഠിച്ചിരിക്കുന്നു. നിതീഷിനെ അവർ വെട്ടിയതും മോദിയെ ഉയർത്തിക്കാട്ടിയാണ്.

ഏതുനിമിഷവും അകന്നുപോകാവുന്ന ഒരു അടുപ്പക്കാരനായാണ് ബിജെപി എക്കാലവും നിതീഷ് കുമാറിനെ കരുതിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ രൂപീകരണ വേളയിൽ ജെഡിയുവിന് അംഗബലത്തിന് ആനുപാതികമായി മന്ത്രിസ്ഥാനം വേണമെന്ന നിതീഷിന്റെ ആവശ്യം ബിജെപി തള്ളിയിരുന്നു. ഒരു മന്ത്രിസ്ഥാനം മാത്രമാണു നൽകിയത്. അതിൽ പ്രതിഷേധിച്ച് ബിഹാറിൽ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയാണ് നിതീഷ് തിരിച്ചടിച്ചത്. ഇരുകൂട്ടരും മന്ത്രി സ്ഥാനം നിരസിക്കുകയായിരുന്നു. പൗരത്വനിയമത്തിന്റെ പേരിലും നിതീഷ് ബിജെപിയുമായി വ്യക്തമായ ഭിന്നതയിലായിരുന്നു. ഒരുഘട്ടത്തിൽ ജെഡിയു ആർജെഡിയുടെ മഹാസഖ്യത്തിലേക്കു മടങ്ങുമോ എന്നു പോലും ബിജെപി ആശങ്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ജെഡിയു പിന്തുണച്ചെങ്കിലും പിന്നീട് ബിഹാറിൽ പൗരത്വ നിയമത്തിന്റെയും പൗരരജിസ്റ്ററിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് പൗരത്വരജിസ്റ്റർ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞതും ബിജെപി നേതൃത്വത്തെ കുരുക്കിലാക്കിയിരുന്നു. മുസ്ലീങ്ങളും മഹാദലിത് വിഭാഗവും ആയിരുന്നു നിതീഷിന്റെ എക്കാലത്തെയും വോട്ട് ബാങ്ക്. ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കയാണ്.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിതീഷ് നേരിട്ടത്. ഫലത്തിൽ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടതുപോലെയായി അദ്ദേഹത്തിന്റെ അവസ്ഥ. ബിജെപിയാവട്ടെ പ്രചരണത്തിനുപോലും ഉപയോഗിച്ചത് മോദിയുടെ ചിത്രം ആയിരുന്നു. നിതീഷിന്റെ പൊതുയോഗങ്ങളിൽ പൊതുവെ ആളില്ലാതായപ്പോൾ മോദിക്ക് വൻ കൈയടിയാണ് കിട്ടിയത്. അവസാനം മോദി ബീഹാറിലെ ജനങ്ങൾക്ക് എഴുതിയ കത്തിൽപ്പോലും പറഞ്ഞത് 'എന്റെ കരങ്ങൾക്ക് കരുത്ത് പകരാൻ നിതീഷ്‌കുമാറിനെ ജയിപ്പിക്കണം' എന്നാണ്. ഇപ്പോൾ ബീഹാറിൽ ജെഡിയു ബിജെപിക്ക് കീഴിലും ആയിരിക്കുന്നു. മുമ്പ് നിതീഷ് തന്നോട് മുമ്പ് കാട്ടിയതിന് മധുര പ്രതികാരം ചെയ്യാൻ മോദിക്കായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും മോദി മുന്നിലും നിതീഷ് പിന്നിലും ആയി.

എന്നും പിന്തുണ സ്ത്രീവോട്ടർമാർ

പക്ഷേ നീതിഷിന്റെ എക്കാലത്തെയും വലിയ പിന്തുണ സ്ത്രുവോട്ടർമാർ ആയിരുന്നു. മൂന്നാതവണ മുഖ്യമന്ത്രിയാപ്പോൾ അദ്ദേഹം നടപ്പാക്കിയ സമ്പൂർന്ന മദ്യനിരോധനം സ്ത്രീവോട്ടുകൾ ലക്ഷ്യമിട്ട് കൊണ്ട് തന്നെയായിരുന്നു. വനിതാ വോട്ടർമാർക്കു ചെവി കൊടുക്കുന്ന രാഷ്ട്രീയക്കാരൻ എന്ന പ്രതിച്ഛായ വർഷങ്ങളിലൂടെ നിതീഷ്‌കുമാർ നേടിയെടുത്തതാണ്. പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാൻ വിദ്യാർത്ഥിനികൾക്ക് അദ്ദേഹത്തിന്റെ സർക്കാർ സൈക്കിളുകൾ നൽകി. സർക്കാർ ജോലികളിൽ വനിതകൾക്കും സംവരണം നൽകി. ഗ്രാമങ്ങളിൽ സ്വയംസഹായ സംരംഭങ്ങളെ പ്രോൽസാഹിപ്പിച്ചു.മദ്യപരായ ഭർത്താക്കന്മാരെപ്പറ്റി തിരഞ്ഞെടുപ്പുകാലത്ത് തന്നോടു പരാതി പറഞ്ഞ സ്ത്രീകൾക്കുനൽകിയ വാഗ്ദാനം പാലിക്കാനായാണ് താൻ സമ്പൂർന്ന മദ്യനിരോധനം നടപ്പാക്കിയത് എന്നാണ് നിതീഷ് പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയെ കടപുഴക്കി മൂന്നാംതവണ അധികാരത്തിലെത്തിയപ്പോൾ നിതീഷ് കുമാർ സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ത്രീകളുടെ പൂർണ പിന്തുണ ഇതിനുണ്ടായിരുന്നു. നിരോധനം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ സ്ത്രീകൾ സ്‌ക്വാഡുകൾ രൂപീകരിച്ചു.
ദേശമെങ്ങും മദ്യനിരോധനം നടപ്പാക്കണമെന്ന ആശയവുമായി രാജ്യമെങ്ങും സഞ്ചരിക്കുകയാണ് നിതീഷ് കുമാർ അക്കാലത്ത് ചെയ്തത്. ദേശീയ മദ്യനിരോധന പ്രചാരകൻ എന്നാണ് ഒരു ടിവി ചാനൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ കാര്യങ്ങൾ പിന്നീട് പാളി. മദ്യമാഫിയ തഴച്ചു വളർന്നു. പൊലീസ് രാജ് തിരിച്ചുവന്നു. ദശകങ്ങളോളം മഹുവ മരത്തിന്റെ കായ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമായിരുന്നു ദളിത് ജാതിക്കാരുടെ വാസസ്ഥലമായ ഈ നദിയോരഗ്രാമത്തിലെ പ്രധാന ഉപജീവനമാർഗം. സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയതോടെ ഇവിടത്തെ വീടുകളിൽ പൊലീസ് പരിശോധനകൾ ആരംഭിച്ചു. മദ്യപരെ പിന്തിരിപ്പിക്കുകയും ഗ്രാമവാസികളെ അറസ്റ്റ് ചെയ്യുകയും പതിവായി.

മദ്യനയത്തിൽ കൈപൊള്ളി

നതീഷ് ഉണ്ടാക്കിയ സൽപ്പേരെല്ലാം മദ്യനയത്തിൽ പോകുന്നതാണ് പിന്നീട് കണ്ടത്.ആയിരങ്ങൾ ജയിലിലായി. മദ്യത്തിന്റെ കള്ളക്കടത്ത് കൂടി. മദ്യ ഉത്പാദനം നടക്കുന്നതു കണ്ടെത്താൻ സ്വയം പ്രഖ്യാപിത കാവൽക്കാർ ഇറങ്ങി.ജയിലുകൾ എപ്പോഴും നിറഞ്ഞു കവിഞ്ഞു. മദ്യനിരോധന നിയമത്തിലെ ചില വ്യവസ്ഥകളാണ് ആളുകളെ പരിഭ്രാന്തരാക്കുന്നത്. ഉദാഹരണത്തിന് കുടുംബത്തിലെ ഒരാൾ മദ്യപിച്ചാൽ കുറ്റം എല്ലാവർക്കുമാകും. വാടകക്കാരൻ മദ്യപിച്ചാൽ വീട്ടുടമയെ അറസ്റ്റ് ചെയ്യാം. മദ്യം നിർമ്മിച്ചാൽ പിഴശിക്ഷ ലഭിക്കുക ഗ്രാമത്തിനു മുഴുവനുമാണ്. പിന്നീട് വ്യപകമായ എതിർപ്പ് ഉള്ളതിനാൽ ഈ നിയമം മാറ്റി.

സർക്കാർ നിർമ്മിത മദ്യം വിൽക്കാനായി ആയിരക്കണക്കിനു മദ്യഷാപ്പുകൾ തുറന്നതും നിതീഷ് കുമാറായിരുന്നു എന്നത് വൈരുദ്ധ്യമാണ്. കഴിഞ്ഞ ദശകത്തിൽ മദ്യത്തിൽനിന്നുള്ള സർക്കാരിന്റെ വരുമാനം പത്തുമടങ്ങ് വർധിച്ച് വർഷം 550 മില്യൺ ഡോളറിലധികമായി.ഏതാനും വർഷം മുൻപ് രാജ്യത്തെ മദ്യനിർമ്മാണശാല എന്ന പദവിയോളമെത്തിയിരുന്നു ബിഹാർ. കുറഞ്ഞ കൂലി, ഗോതമ്പിന്റെയും ബാർലിയുടെയും ലഭ്യത എന്നിവ മൂലം സ്വദേശ, വിദേശ കമ്പനികൾ ഇവിടെ പ്ലാന്റുകൾ സ്ഥാപിച്ചു. സർക്കാർ സംരംഭകർക്ക് ആനുകൂല്യങ്ങളും നൽകി.2012ൽ ഇവിടെയെത്തിയ കാൾസ്ബർഗ് എന്ന ഡച്ച് ബീർ കമ്പനിയുടെ ഫാക്ടറി ഏപ്രിൽ മുതൽ പ്രവർത്തന രഹിതമാണ്. 600 പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ടത്.

കോർപറേറ്റ് കോൺഫറൻസുകൾക്കായുള്ള ഹോട്ടൽ, റിസോർട്ട് ബുക്കിങ്ങുകളും താഴേക്കാണ്. പണക്കാർ വിവാഹവേദികൾ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുന്നു.കള്ളക്കടത്തുകാർ മദ്യം മൂന്നിരട്ടി വിലയിൽ വിൽക്കുന്നു. കാലിത്തീറ്റ, ഉപ്പ്, സൈക്കിൾ ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം ഒളിച്ചുകടത്താൻ ശ്രമിച്ച മദ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്‌കൂൾ ബാഗുകളിലും പച്ചക്കറിക്കൂടകളിലും ഗ്യാസ് സിലിണ്ടറുകളിലും ആംബുലൻസുകളിലും നിന്നുവരെ മദ്യം പിടിച്ചെടുത്തിട്ടുണ്ട്.മദ്യ വിജിലാന്റിസത്തിന്റെ ഉദാഹരണമായി നാലവേർഷം മുമ്പ് നടന്ന സംഭവം പലരും ഉദാഹരിക്കാറുണ്ട്. ഗ്രാമവാസികൾ ഒരാളെ നഗ്നനാക്കി മരത്തിൽ കെട്ടിയിട്ടു മർദിച്ചു. അയാളുടെ പക്കൽ മദ്യക്കുപ്പികളുണ്ടായിരുന്നു എന്നതാണ് കാരണം. പട്‌നയിൽ പോസ്റ്റൽ സർവീസ് തലവന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡ് പലരെയും ക്ഷുഭിതരാക്കി. മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. എന്നാൽ ഒന്നും കണ്ടെടുക്കാനായില്ല. ഇപ്പോൾ പഴയ വാശിയോടെ മദ്യ നയം നടപ്പാക്കാൻ നിതീഷിനും താൽപ്പര്യമില്ല. മദ്യനയത്തിന്റെ പാർശ്വഫലങ്ങളാണ് തങ്ങൾക്ക് തട്ടുകിട്ടിയതിന്റെ പ്രധാന കാരണം എന്ന് അണികളും വിശ്വസിക്കുന്നു. എന്നാൽ സ്ത്രീവോട്ടർമാര മുന്നിൽ കണ്ട് ഇത് പിൻവലിക്കാനും ആവുന്നില്ല.

ഇത് നിതീഷ് യുഗത്തിന്റെ അവസാനം

'നേരത്തെ എഞ്ചിനീയറിങ് പഠിക്കാൻ വിദ്യാർത്ഥികൾ ബീഹാറിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാൽ ഇപ്പോൾ ബീഹാറിൽ മികച്ച എഞ്ചിനീയറിങ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകൾ ഇത്തരത്തിൽ സ്ഥാപിക്കാനായി. പുതിയ സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കാൻ പോകുന്നത്. അതുവഴി ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും കഴിയുംസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ഐ.ടികളും ഐ.ടി.ഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു.ചില രാഷ്ട്രീയക്കാർ അവരുടെ കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, അവരുടെ ഭാര്യയ്ക്ക് വേണ്ടി മകന് വേണ്ടി മകൾക്ക് വേണ്ടി ബന്ധുക്കൾക്ക് വേണ്ടി എല്ലാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്', നിതീഷ് കുമാർ പറഞ്ഞു.സ്ത്രീകളോട് സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവർ വളരെ അറിവുള്ളവരാണ്, സ്ത്രീകൾ ഇല്ലാതെ വികസനം നടക്കുമോ സ്ത്രീകളുടെ വിദ്യാഭ്യാസം തന്നെയാണ് വികസനത്തിലേക്കുള്ള ചവിട്ടുപടി. വനിതാ ശാക്തീകരണത്തിനായി ഞങ്ങൾ എന്നും പ്രവർത്തിച്ചിട്ടുണ്ട്, സ്ത്രീകൾക്കായി തുടർന്നും പ്രവർത്തിക്കു. നിതീഷ് കുമാർ തന്റെ അവസാന തെരഞ്ഞെടുപ്പ് യോഗത്തിൽ വികാരധീനനായി പറഞ്ഞത് ഇങ്ങനെയാണ്. ഇത് അത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറയുന്നു.

നിതീഷ് കുമാർ ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബിഹാറിൽ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും. ഇത്തവണ ഇതാദ്യമായി നിയമസഭയിൽ ബിജെപിയേക്കാൾ ചെറിയ കക്ഷിയുടെ നേതാവായാണ് നിതീഷ് കുമാർ അധികാരത്തിലെത്തുന്നത്. നിതീഷ് കുമാറും ബിഹാറിലെ മുതിർന്ന ബിജെപി നേതാക്കളും ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്.2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയുമുള്ള ജെഡിയു-ബിജെപി സർക്കാരുകളിൽ സുശീൽകുമാർ മോദിയായിരുന്നു നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രി. എന്നാൽ ഇത്തവണ സുശീൽകുമാർ മോദി കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് പോയേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ബിജെപിയുടെ രണ്ട് ഉപമുഖ്യമന്ത്രിമാർ താർകിഷോർ പ്രസാദും രേണു ദേവിയുമായിരിക്കും. ബിജെപി നിയമസഭ കക്ഷി നേതാവായി താർകിഷോർ പ്രസാദിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

ബിഹാർ ഉപമുഖ്യമന്ത്രി എന്നുള്ളത് ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സുശീൽകുമാർ മോദി നീക്കം ചെയ്തിട്ടുണ്ട്. ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് സുശീൽ മോദി ട്വീറ്റ് ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ നിഷേധിക്കുന്നതിലെ അതൃപ്തിയാണ് സുശീൽ മോദി പ്രകടിപ്പിക്കുന്നത് എന്ന സൂചനയുണ്ട്. അതേസമയം ഒരു പദവിയും ചെറുതോ വലുതോ അല്ലെന്ന് പറഞ്ഞാണ് സുശീൽ മോദിയെ പരോക്ഷമായി വിമർശിച്ച് ബിജെപിയിലെ എതിരാളിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയത്.

അങ്ങനെ സ്വന്തം മുന്നണിയിൽനിന്നു തന്നെ ഒറ്റപ്പെട്ട് നിതീഷ് ഇല്ലാതാവുകയാണ്. പകരം മഗധയിൽ ഇനി വളരുക ബിജെപി രാഷ്ട്രീയമാണെന്നും ഉറപ്പാണ്. അപ്പോഴും ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന കീർത്തി നിതീഷിന് ഒപ്പമുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP