Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രദീപ് കുമാർ എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം; ഒന്നുകിൽ ഗണേശ് കുമാർ അല്ലെങ്കിൽ ദിലീപ് ..ഇവരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് എന്നെ കാണാൻ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കാസർകോട്ട് എത്തിയത്; നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ

പ്രദീപ് കുമാർ എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം; ഒന്നുകിൽ ഗണേശ് കുമാർ അല്ലെങ്കിൽ ദിലീപ് ..ഇവരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് എന്നെ കാണാൻ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കാസർകോട്ട് എത്തിയത്; നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിന്റെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി.ഗണേശ് കുമാർ എംഎ‍ൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറെന്ന് ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എംഎ‍ൽഎയുടെ ഓഫീസ് സെക്രട്ടറി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ രംഗത്തെത്തുകയും ചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിൻ ലാൽ, ചെക്കു കേസിൽ റിമാൻഡിൽ കഴിയുമ്പോഴാണ് ആ സെല്ലിലേക്ക് പൾസർ സുനി എത്തുന്നത്. തുടർന്നായിരുന്നു സുനിക്കു വേണ്ടി കത്ത് എഴുതിക്കൊടുക്കേണ്ടി വന്നതെന്ന് വിപിൻ പറയുന്നു.

ഏഷ്യവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിപിൻ ലാൽ കാര്യങ്ങൾ തുറന്നടിച്ചത്. 'പ്രദീപ് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്പോൾ മറ്റാർക്കും വേണ്ടിയല്ല അയാൾ ഇവിടെ വന്നതെന്ന് പറയും. 6000 രൂപയുടെ വാച്ചാണ് അയാൾ എന്റെ മാമൻ ജോലി ചെയ്യുന്ന ജൂവലറിയിൽ നിന്നും വാങ്ങിയത്. എറണാകുളത്ത് നിന്നും ഒരാൾ വാച്ച് വാങ്ങാൻ കാസർഗോഡ് വരേണ്ട ആവശ്യം ഉണ്ടോ? ഇയാൾ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്നുള്ളത് അറിയാൻ ശരിയായ ദിശയിൽ അന്വേഷണം നടക്കേണ്ടതല്ലേ.ഒന്നുകിൽ എംഎൽഎ അല്ലെങ്കിൽ ദിലീപ് ഇവരിൽ ആരോ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് ഇയാൾ എന്നെ കാണാൻ ഇവിടെ വരുന്നത്. ദിലീപ് ജയിലിൽ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലിൽ ഗണേശ് കുമാർ പോയി കണ്ടിട്ടുണ്ട്. അപ്പോൾ തന്നെ ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. എന്റെ പരാതിയിലും ദിലീപിനെയും ഗണേശ് കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.'- അഭിമുഖത്തിൽ വിപിൻ ലാൽ പറഞ്ഞു.

വിപിൻ ലാലിന്റെ വാക്കുകൾ-'തിരുവനന്തപുരം ലോ കോളേജിൽ എൽ.എൽ.ബി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ജയിലിലാവുന്നത്. ജയിലിൽ വെൽഫെയർ ഓഫീസറുണ്ട്. തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നെ അദ്ദേഹത്തിന്റെ ഓഡർലി (അസിസ്റ്റന്റ്) ആക്കി. തടവുകാരുടെ വിസിറ്റേഴ്‌സ് ലിസ്റ്റ്, ലൈബ്രറി ചാർജ്, തുടങ്ങിയ കാര്യങ്ങളും അവർക്ക് ഹർജി എഴുതി കൊടുക്കുക, അപേക്ഷകൾ തയ്യാറാക്കുക തുടങ്ങിയ ജോലികൾ ഞാനാണ് ചെയ്തുകൊണ്ടിരുന്നത്.പൾസർ സുനി സ്വന്തമായി ഒരു കത്ത് തയ്യാറാക്കിയിരുന്നു. എന്നാൽ കയ്യക്ഷരം മോശമായതുകൊണ്ട് അത് വായിക്കാൻ പറ്റില്ല. സുനിയുടെ സെൽ മേറ്റായിരുന്നു ഞാൻ.

പൾസർ സുനി കത്ത് എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അവിടെയുള്ള അസിസ്റ്റന്റ് സൂപ്രണ്ടിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. എഴുതിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു.ജയിലിലെ അന്തരീക്ഷം പുറത്തു ജീവിക്കുന്നത് പോലെയല്ല. ഒരു സെല്ലിൽ മൂന്ന് പേരാണ് ഉണ്ടാവുക. അതിൽ ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്തുകൊടുത്തില്ലെങ്കിൽ നമ്മൾ അവർക്ക് ശത്രു ആവും. നമുക്ക് ആ ജയിലിൽ ജീവിക്കാൻ ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ നമ്മക്ക് അതിനോട് സഹകരിച്ചു പോവുകയേ സാധിക്കു. കാരണം ജയിലിലെ അന്തരീക്ഷം അങ്ങനെയാണ്. ആ ഒരു സാഹചര്യത്തിലാണ് ഞാൻ കത്ത് എഴുതി കൊടുത്തത്. സുനി പറഞ്ഞ കാര്യങ്ങൾ മാത്രമേ എഴുതിയിരുന്നുള്ളു. കത്തിനൊപ്പം തന്നെ ഇത് എന്ത് ചെയ്യണമെന്നുള്ള കുറിപ്പും ഉണ്ടായിരുന്നു. കത്ത് ഇതേ കേസിൽ ജാമ്യത്തിലിറങ്ങിയ വിഷ്ണുവെന്ന സുനിയുടെ സുഹൃത്തിന് ലഭിച്ചു. ശേഷം അവന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് അവൻ കാര്യങ്ങൾ ചെയ്തു.സെൻട്രൽ ജയിലിൽ ഉള്ളപ്പോൾ തന്നെ ജാമ്യം എടുത്തുതന്ന് ഇറക്കാനുള്ള ശ്രമങ്ങളുമായി ചിലർ സമീപിച്ചിരുന്നു. എന്റെ അറിവില്ലാതെ അവർ എന്റെ ജാമ്യം എടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഞാൻ കോടതിയെ സമീപിച്ച് അത് റിജക്ട് ചെയ്യിപ്പിക്കുകയായിരുന്നു. എന്റെ പഠിത്തം അവർ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞു. വീട് വെച്ച് തരാമെന്ന് പറഞ്ഞു.സാമ്പത്തിക സഹായം ചെയ്യാം എന്നുള്ളതൊക്കെയായിരുന്നു ഓഫറുകൾ. ഇവർ നന്നായി ആസൂത്രണം ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. സെഷൻസ് കേസ് ആയതുകൊണ്ട് കോടതിയിൽ കേസ് നേരത്തെ ഷെഡ്യൂൾ ചെയ്യും. എന്റെ ഡേറ്റ് മാർച്ച് 12 ലേക്ക് ഷെഡ്യൂൾ ചെയ്തപ്പോൾ ജനുവരി മാസത്തിൽ എനിക്കുള്ള ഓഫറുമായി ഇവർ മുന്നോട്ട് വന്നു. ആ കേസ് നവംബറലേക്ക് മാറ്റിയപ്പോൾ ഒക്ടോബറിൽ ഭീഷണി കത്തുകൾ അയച്ചു. പേടി കാരണം മിണ്ടാതെ ഞാൻ മൊഴി മാറ്റുമെന്നാണ് അവർ വിചാരിച്ചത്. ഞാൻ പരാതിയുമായി പോകുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല.

ഒരു പെൺകുട്ടിയാണ് ഈ കേസിൽ ഇരയായിട്ടുള്ളത്. ഒരു കാരണവശാലും മൊഴി മാറ്റരുതെന്ന് എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു കേസിൽ സത്യസന്ധനായി നിന്നാൽ എന്റെ ബാക്കി തെറ്റുകൾ ദൈവം ക്ഷമിക്കുമെന്നും അമ്മ പറഞ്ഞു. അമ്മ പറഞ്ഞ കാര്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ഈ കേസിൽ എന്റെ കുടുംബം പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധമായി മൊഴി പറയാൻ ഞാൻ തീരുമാനിച്ചു.ഞാൻ പരാതി നൽകിയപ്പോൾ അത് വ്യാജമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. എനിക്ക് വാർത്തകളിൽ വരാനും ദിലീപിന്റെ ജാമ്യം റദ്ദായി പോകാനും വേണ്ടിയാണോ ഞാൻ ഇത്തരത്തിലൊരു പരാതിയുമായി ചെന്നതെന്ന് അവർ അന്വേഷിച്ചു. ഇതിൽ കള്ളമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അവർ എന്റെ പരാതി പരിഗണനയിൽ എടുത്തത്.

പ്രദീപ് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്പോൾ മറ്റാർക്കും വേണ്ടിയല്ല അയാൾ ഇവിടെ വന്നതെന്ന് പറയും. 6000 രൂപയുടെ വാച്ചാണ് അയാൾ എന്റെ മാമൻ ജോലി ചെയ്യുന്ന ജൂവലറിയിൽ നിന്നും വാങ്ങിയത്. എറണാകുളത്ത് നിന്നും ഒരാൾ വാച്ച് വാങ്ങാൻ കാസർഗോഡ് വരേണ്ട ആവശ്യം ഉണ്ടോ? ഇയാൾ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്നുള്ളത് അറിയാൻ ശരിയായ ദിശയിൽ അന്വേഷണം നടക്കേണ്ടതല്ലേ.ഒന്നുകിൽ എംഎൽഎ അല്ലെങ്കിൽ ദിലീപ് ഇവരിൽ ആരോ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് ഇയാൾ എന്നെ കാണാൻ ഇവിടെ വരുന്നത്. ദിലീപ് ജയിലിൽ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലിൽ ഗണേശ് കുമാർ പോയി കണ്ടിട്ടുണ്ട്. അപ്പോൾ തന്നെ ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. എന്റെ പരാതിയിലും ദിലീപിനെയും ഗണേശ് കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP