Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൂര്യ പറഞ്ഞത് ക്യാപ്റ്റൻ ഗോപിനാഥിന്റെ വിജയഗാഥയെങ്കിൽ സിനിമയാകാതെ പോയത് തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടെ ആകാശ സ്വപ്നം തകർന്ന കഥ; ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ സ്ഥാപിച്ച വർക്കല സ്വദേശിയുടെ മരണം ഇപ്പോഴും ദുരൂഹം; വാഹിദ് കൊല്ലപ്പെട്ടതിന് പിന്നിലെ മാസ്റ്റർ മൈൻഡ് ഗോപിനാഥിന്റെ ശത്രുവോ?

സൂര്യ പറഞ്ഞത് ക്യാപ്റ്റൻ ഗോപിനാഥിന്റെ വിജയഗാഥയെങ്കിൽ സിനിമയാകാതെ പോയത് തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടെ ആകാശ സ്വപ്നം തകർന്ന കഥ; ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ സ്ഥാപിച്ച വർക്കല സ്വദേശിയുടെ മരണം ഇപ്പോഴും ദുരൂഹം; വാഹിദ് കൊല്ലപ്പെട്ടതിന് പിന്നിലെ മാസ്റ്റർ മൈൻഡ് ഗോപിനാഥിന്റെ ശത്രുവോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ ഏവിയേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ബജറ്റ് എയർലൈൻ. ക്യാപ്റ്റൻ ജി.ആർ ഗോപിനാഥും എയർ ഡെക്കാനും ഇന്ന് വീണ്ടും ചർച്ചയാകാൻ കാരണം സുധാ കൊങ്കാരയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ സൂരരറൈ പോട്ര് എന്ന സിനിമയാണ്. സാധാരണക്കാരനെ ഒരു രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കി കൊടുത്ത എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ കഥ സിനിമയായതോടെ അദ്ദേഹത്തിന് നിറഞ്ഞ പ്രശംസയാണ് ലഭിച്ചത്. മാരൻ എന്ന കഥാപാത്രമായി സൂര്യയും ബൊമ്മ എന്ന നായിക കഥാപാത്രവുമായി മലയാളികളുടെ സ്വന്തം അപർണ ബാലമുരളിയുമാണ് രംഗത്തെത്തിയത്.

ഇന്ത്യയിലെ ആദ്യത്ത് ബജറ്റ് എയർലൈനായ എയർ ഡക്കാനെ തകർത്തത് ആരായിരുന്നു. തകർച്ചയും എങ്ങനെ ആയിരുന്നു എന്നത് സിനിമയിൽ പറയാത്ത കാര്യമാണ്. എയർ ഡക്കാന്റെ തുടക്കം മാത്രമാണ് സിനിമ പറയുന്നത്. സിനിമയിലെ മറ്റ് വിമാന കമ്പനികളുടെ പേരുകൾ ഇന്ന് മുഖ്യധാരയിലുള്ള സർവീസുകളുടെ പേരിനോട് സാമ്യപ്പെടുത്തുന്നതാണ്. ഗോരൂർ രാമസ്വാമി ഗോപിനാഥനായി സൂര്യ എത്തിയപ്പോൾ ജാസ് എയർ ലൈൻസ് മേധാവി പരേഷ് ഗോസ്വാമി എന്ന പേരിൽ എത്തുന്നതാണ് ആരാണ്? ഇന്നത്തെ ജെറ്റ് എയർലൈൻസ് ഭീമൻ നരേഷ് ഗോയൽ തന്നെയല്ലേ ഈ പരേഷ് ഗോയൽ എന്നത് എത്രപേർക്ക് അറിയാം. വിമൽ ബാലയ്യ എന്ന പേര് വിജയ് മല്യ എന്ന് ചേർത്ത് എഴുതാത്തത് സിനിമയിലെ നിയമക്കുരുക്കുകൾ ഭയന്ന് ആയിരിക്കാം. പക്ഷേ ഇന്ന് എയർ ഡാക്കാൻ പൂർണമായും വിജയ് മല്യയുടെ അധീനതയിലായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത.

2003 ഓഗസ്റ്റ് 25 നു ബെംഗളൂരുവിൽ നിന്നും ഹുബ്ലിയിലേക്ക് ആയിരുന്നു എയർ ഡെക്കാന്റെ ആദ്യത്തെ പറക്കൽ.ആ സമയത്ത് രണ്ട് ATR 42 എയർക്രാഫ്റ്റുകൾ മാത്രമായിരുന്നു എയർ ഡെക്കാന്റെ ഫ്ലീറ്റിൽ ഉണ്ടായിരുന്നത്.55 ആഭ്യന്തര ലക്ഷ്യ സ്ഥാനങ്ങളും, 30 എയർക്രാഫ്റ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർലൈൻ എന്ന ഖ്യാതി എയർ ഡെക്കാൻ നേടി. 2006 2007 വർഷങ്ങളിലും എയർ ഡെക്കാനിലെ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കണക്കുകൾ പ്രകാരം 2007 ൽ എയർ ഡെക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻ എന്ന നിലയിൽ എത്തിച്ചേർന്നു. എയർ ഡക്കാനെ ഒതുക്കിയത് ആരാണ് എന്ന് ചരിത്രം അന്വേഷിക്കുമ്പോൾ ഇതേ വെല്ലുവിളി നേരിട്ട് ക്രൂരകൊലയ്ക്ക് കീഴടങ്ങിയ ഒരു മലയാളി വിമാന ഉടമയെ വിസ്മരിക്കേണ്ടി വരും.

ഇന്ത്യയിലെ ആദ്യ സ്വകാര്യ എയർലൈൻസ് ;-  ഈസ്റ്റ് വെസറ്റ് എയർലൈൻ

ഇന്ത്യയിൽ ആദ്യമായി സ്വകാര്യ എയർലൈൻസ് തുടങ്ങി ചരിത്രവിജയം കൈവരിച്ച മലയാളി. അപസർപക കഥ പോലെ മുംബൈയിൽ ഒരു തെരുവ് ഗുണ്ടയുടെ വെടിയേറ്റ് മരിച്ച കഥ എത്രപേർക്ക് അറിയാം. മലയാളികൾക്ക് എന്നും അഭിമാനിക്കാൻ വകയുള്ള ഒന്നായിരുന്നു മലയാളിയായ തഖിയുദ്ദീൻ വാഹിദ് എന്ന വർക്കലക്കാരൻ തുടങ്ങിയ ഈസ്റ്റ്‌വെസ്റ്റ് എയർലൈൻസ്.മുംബൈ ആസ്ഥാനമാക്കി വിമാനക്കമ്പനി തുടങ്ങിയ മലയാളിയുടെ വളർച്ചയും മരണവും പെട്ടന്നായിരുന്നു.

ആരെയും അമ്പരപ്പിക്കുന്ന ജീവിതമായിരുന്നു തഖിയുദ്ദീന്റേത്. ഇടവ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന് മുബൈയിൽ വൻ വ്യവസായി ആയി മറുകയും ആദ്യത്തെ സ്വകാര്യ വിമാനകമ്പനി തുടങ്ങുകയും ചെയ്ത അത്ഭുതങ്ങൾ കാണിക്കുന്ന ബിസിനസുകാരൻ.

അധോലോക നേതാവ് ഇജാസ് ലക്ഡാവാലയുടെ സംഘമായിരുന്നു തഖിയുദ്ദീനെ വെടിവെച്ച് കൊലപ്പെടുത്തിയത്. മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈയായിരുന്നു ഇദ്ദേഹത്തെ കൊന്നത്. ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം ഉണ്ടാക്കിയ വ്യക്തിയാണ് ലക്ഡാ വാല. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകളുള്ള ഇയാൾ ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇയാൾ അറസ്റ്റിലാകുകയും ചെയ്തു.
ഈസ്റ്റ്‌വെസ്റ്റ് എയർലൈൻസ് ഉടമയും മലയാളിയുമായ തഖിയുദ്ദീൻ വാഹിദിനെ 1995 നവംബർ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നിൽ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടർന്ന് ഈസ്റ്റ്‌വെസ്റ്റ് എയർലൈൻസ് അടച്ചുപൂട്ടി.

തഖിയുദ്ദീന്റേത് ഇടവ ഗ്രാമത്തിൽ നിന്നും തുടങ്ങിയ ജീവിതം

ഇടവയിലെ ഓടയമെന്ന ഗ്രാമത്തിൽനിന്നു രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയർലൈൻസ് വ്യവസായിയായി വളർന്ന ചരിത്രമാണ് തക്കിയുദീൻ വാഹിദിന്റേത്. ബിസിനസിൽ തിളങ്ങി നിൽക്കെ 40-ാം വയസ്സിൽ അദ്ദേഹം വെടിയേറ്റുവീണു. അതോടെ അവസാനിച്ചത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന കമ്പനിയുടെ ചരിത്രവും.

കഠിനാധ്വാനവും കരുണയാർന്ന മനസ്സുമായാണ് തക്കിയുദീൻ വാഹിദ് ബിസിനസ് സാമ്രാജ്യത്തിലേക്കു നടന്നുകയറിയത്. സഹോദരങ്ങളുമായി ചേർന്ന് ഗൾഫ് രാജ്യങ്ങളിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ജോലിയായിരുന്നു ആദ്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ആൾക്കാരെ കയറ്റിയയച്ചു തുടങ്ങിയതോടെ മുംബൈ ആസ്ഥാനമാക്കി ട്രാവൽസ് ആരംഭിച്ചു. നാലുവർഷംകൊണ്ട് ഇന്ത്യയിലുടനീളം 18 ഏജൻസികളും തുടങ്ങി. 1992-ലാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ആരംഭിച്ചത്. ആഭ്യന്തര സർവീസുകളാണ് നടത്തിയത്. 1995 ആയതോടെ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയർന്നു. കമ്പനി അഭിമാനകരമായ വളർച്ച കൈവരിച്ചതോടെ എതിർപ്പുകളും തുടങ്ങി.

ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ചിറകറ്റ് വീണത് എങ്ങനെ?

ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഇന്ത്യയിൽ ആഗോളവൽക്കരണം തുടങ്ങിയ കാലത്ത് കേരളത്തിൽനിന്ന് ഒരു വ്യവസായസംരംഭകൻ ആരംഭിച്ച കമ്പനി. ഇന്ത്യയിൽ 1991ൽ ആഗോളവൽകരണം തുടങ്ങുകയും സാമ്പത്തികമേഖല തുറക്കുകയും ചെയ്തതിനു ശേഷമുള്ള മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പരിവർത്തനത്തിനു വിധേയമായത് വ്യോമയാന മേഖലയാണ്.

ഈസ്റ്റ് വെസ്റ്റ് എയർലൈൻസും ജെറ്റ് എയർവെയ്സും അങ്ങനെ തുടങ്ങിയ രണ്ടു കമ്പനികളാണ്. തഖിയുദ്ദീൻ വാഹിദും നരേഷ് ഗോയലും. രണ്ടു പേർക്കും വലിയ വ്യവസായ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഉൽകർഷേച്ഛുക്കളായ വ്യവസായസംരംഭകരായിരുന്നു. അതിൽ തഖിയുദ്ദീൻ കൊല്ലപ്പെട്ടു. ഇതോടെ ഈസ്റ്റ് വെസ്റ്റ് തകരുകയായിരുന്നു. നരേഷ് ഗോയലിന്റെ ജെറ്റ് എയർവെയ്സ് ഇന്ന് രാജ്യത്തെ പ്രമുഖ എയർലൈൻസായി തഴച്ചുവളർന്നു കഴിഞ്ഞു. എന്തായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ തകർച്ചയുടെ പിന്നിൽ എന്ന ചോദ്യത്തിന് ഉത്തരമായി നിൽക്കുന്നത് അധോലോകമാണ്.

തഖിയുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് ജോസി ജോസഫ് എന്ന് മാധ്യമപ്രവർത്തകനും വിശദമായി എഴുതിയിരുന്നു. മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ക്രൈംനമ്പർ 596/95, ഓരോ മാസവും അധോലോക കൊലപാതകങ്ങളെക്കുറിച്ച് മുംബൈ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഡസൻ കണക്കിനു കേസുകളിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേ ഒരു വ്യത്യാസം ഇവിടെ കൊല്ലപ്പെട്ടത് രാജ്യത്തെ ഒരു വലിയ എയർലൈൻസിന്റെ ഉടമയാണ് എന്നതുമാത്രമാണ്. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീൻ വാഹിദിനു മുന്നറിയിപ്പു നൽകിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജൻ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജൻ ഗ്രൂപ്പിന്റെ ചനലങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പൊലീസിന്റെ കൈവശം അവർ കൊലപ്പെടുത്താൻ ആലോചിച്ചിരുന്ന പ്രമുഖരുടെ പട്ടികയും ഉണ്ടായിരുന്നു. അതിൽ ഏറ്റവും ആദ്യമുള്ള പേര് തഖിയുദ്ദീന്റേതായിരുന്നു 1990 കളിലെ ഒരു പഴയ ഡയറിയിൽനിന്ന് ഈ വിവരം ഒരു പൊലീസ് ഉദ്യോഗസ്ഥൻ എടുത്തു കാട്ടിയിരുന്നു.

ഈ ഭീഷണി കണക്കിലെടുത്ത് തഖിയുദ്ദീന്റെ വസതിയായ ന്യൂ ജൽദർശനു സമീപം മുംബൈ പൊലീസ് ഒരു വാഹനം സ്ഥിരമായി നിർത്തിയിരുന്നു അതിൽ ആയുധധാരികളായ പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസം മുൻപ് ഈ വാഹനം പിൻവലിച്ചു. തഖിയുദ്ദീനു ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ സജീനയ്ക്കും അറിയാമായിരുന്നു. വാഹിദ് കുടുംബം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കാൻ തീരുമാനമെടുത്തതു മുതൽ സജീനയ്ക്ക് ഫോൺ കോളുകൾ വന്നിരുന്നുഭർത്താവിനോടു പറയുക, എയർലൈൻ തുടങ്ങരുത് എന്ന്. എന്നാൽ തഖിയുദ്ദീൻ അത് ബിസിനസ്സ് എതിരാളികളുടെ ഒരു ഭീഷണിപ്പെടുത്തൽ തന്ത്രമായേ കണക്കാക്കിയുള്ളൂ.

കോടതിയിൽ മുംബൈ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ എത്തിച്ചേർന്ന നിഗമനം ഇതാണ്: ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുണ്ടായിരുന്നതിനാൽ ഛോട്ടാ രാജൻ ഗ്രൂപ്പ് തഖിയുദ്ദീനെ കൊലചെയ്തതാണ്. രോഹിത് വർമയുടെ നേതൃത്വത്തിലുള്ള വാടകക്കൊലയാളികളാണ് ഇതു ചെയ്തത്. രോഹിതിന് ഒപ്പമുണ്ടായിരുന്നതു ജോ എന്നു വിളിക്കുന്ന ജോസഫ് ജോൺ ഡിസൂസയായിരുന്നു. (രണ്ടുപേർ കൂടി ഈ കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിബണ്ഡി പാണ്ഡേയും ഇജാസ് ലക്ഡാ വാലയും. ) രോഹിത് വർമയാണ് കയ്യിൽ ചുറ്റികയുമായി കാറിന്റെ ചില്ലു തകർക്കുകയും മുന്നിൽനിന്നു വെടി വയ്ക്കുകയും ചെയ്തത്. വലതുവശത്തു നിന്നു വെടിവച്ചത് ജോയും. രോഹിത് വർമ ആ ചുറ്റിക കാറിൽ ഉപേക്ഷിച്ചാണു സ്ഥലം വിട്ടത്. നേരത്തെയും പല അക്രമങ്ങളിലും രോഹിത് വർമ ഇതുപോലെ ചുറ്റിക ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഈ രോഹിത് വർമ 2000 സെപ്റ്റംബറിൽ ബാങ്കോക്കിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ബാങ്കോക്കിൽ ഒളിവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണു ദാവൂദ് സംഘം. എന്നാൽ രാജന്റെ മുന്നിലേക്കു ചാടിവീണു രക്ഷിക്കാൻ ശ്രമിച്ച രോഹിത് വർമയ്ക്കാണു വെടിയേറ്റത്. രാജൻ അന്ന് രക്ഷപ്പെട്ടു. 2004ൽ ജോ എന്ന ജോസഫ് ജോൺ ഡിസൂസയും കൊല്ലപ്പെട്ടു മുംബൈയിൽത്തന്നെ. മുംബൈ പൊലീസിലെ കുപ്രസിദ്ധനായ ഏറ്റുമുട്ടൽ ഓഫിസർ ഇൻസ്പെക്ടർ പ്രദീപ് ശർമ, ജോയെയും സഹോദരനെയും ഒരു രഹസ്യസങ്കേതത്തിൽ നടന്ന ഏറ്റുമുട്ടലിൽ വെടിവച്ചു കൊല്ലുകയായിരുന്നു. 1996ൽ തഖിയുദ്ദീൻ കൊല്ലപ്പെട്ട് ഒരുവർഷം കഴിഞ്ഞ്, ഛോട്ടാ രാജൻ ഒരു പ്രമുഖ ഇംഗ്ലിഷ് വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു: ''വാഹിദിനെ കൊലപ്പെടുത്താൻ ഉത്തരവു നൽകിയതു ഞാനാണ്. ഇന്ത്യയിൽ ദാവൂദിന്റെ ഫിനാൻഷ്യർ ആയിരുന്നു അയാൾ. ബോംബ് ആക്രമണത്തിനു ദാവൂദിനോടുള്ള പ്രതികാരം തീർക്കാൻ ഞാനാണ് ആ കൊല നടത്തിയത്.''

ഇതിനിടെ തഖിയുദ്ദീന്റെ സംസ്‌കാരച്ചടങ്ങുകൾ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ സഹോദരൻ ഫൈസൽ എന്താണ് ആ കൊലപാതകത്തിനു പിന്നിൽ എന്നു കണ്ടെത്താൻ ശ്രമം തുടങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് കമ്മിഷണർ എന്നിവരെയെല്ലാം കണ്ടു. എല്ലാവരും സഹാനുഭൂതിയോടെ കാര്യങ്ങൾ കേട്ടു. എന്നാൽ കാര്യങ്ങൾ അവിടെ നിന്നു. എന്നാൽ ഇത്രയും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു കൊലപാതകക്കേസിൽ തഖിയുദ്ദീന്റെ കുടുംബാംഗങ്ങളുടെയോ ഉറ്റ ബന്ധുക്കളുടെയോ ഒരു സാക്ഷ്യപത്രം പോലും പൊലീസ് ഹാജരാക്കിയില്ല. ആകെ ഹാജരാക്കിയത് ഫൈസലിന്റെ ഒന്നര പേജു വരുന്ന മൊഴി മാത്രം. തഖിയുദ്ദീന്റെ ഭാര്യയിൽനിന്നു പൊലീസ് ഒരുവിവരവും ശേഖരിച്ചില്ല. സഹോദരങ്ങളായ നാസിറുദ്ദീൻ, ഷിഹാബുദ്ദീൻ, താഹാക്കുട്ടി എന്നിവരിൽ നിന്നോ സഹോദരീ ഭർത്താക്കന്മാരായ പീർ മുഹമ്മദ്, നജ്മുദ്ദീൻ എന്നിവരിൽ നിന്നോ (ഇവരെല്ലാം കമ്പനിയുടെ ഡയറക്ടർ ബോർഡിലും അംഗങ്ങളായിരുന്നു) ഒരുവിവരവും എടുത്തില്ല. അധോലോകം ചെയ്ത ഒരു കൊല എന്ന നിഗമനത്തിൽ പൊലീസ് മറ്റെല്ലാം മാറ്റിവച്ചു.

രാകേഷ് മരിയ സമർഥനായ െഎപിഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം അന്നു ഡപ്യൂട്ടി കമ്മിഷണറായിരുന്നു. തഖിയുദ്ദീൻ കൊലപാതകം അന്വേഷിക്കുന്നതിന്റെ ചുമതല രാകേഷിനായിരുന്നു. 1993ലെ മുംബൈ സ്ഫോടനങ്ങൾക്കുശേഷം ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽനിന്നു തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജന്റെ അടുത്ത അനുയായിയെ രാകേഷ് പിടികൂടിയിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം പിന്നീടു മുന്നോട്ടു നീങ്ങിയില്ല. 'ദാവൂദ് ഇബ്രാഹിമുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല'' തഖിയുദ്ദീൻ വാഹിദിന്റെ സഹോദരൻ ഫൈസൽ പറയുന്നു. ''ഉണ്ടായിരുന്നുവെങ്കിൽ 1997ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയിൽ പെടില്ലായിരുന്നുവല്ലോ? എന്ായിരുന്നു അന്ന് ഫൈസൽ ചോദിച്ചത്.

തഖിയുദ്ദീന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാവിമാനങ്ങളിലും സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരൊക്കെ പലപ്പോഴും ഈ വിമാനങ്ങളിൽ തഖിയുദ്ദീന്റെ അതിഥികളായിരുന്നു. വാഹിദ് സഹോദരന്മാർ തങ്ങളുടെ വിമാനസർവീസിൽ മികവുറ്റ സേവന നിലവാരം കർശനമായി ഉറപ്പുവരുത്തിയിരുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി ചേർന്ന് ബെംഗളൂരുവിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഒരു എംആർഒ സെന്റർ (മെയിന്റനൻസ്, റിപ്പയർ, ഓവറോൾ) തുടങ്ങാനിരുന്നതാണ്. അത് ഒരിക്കലും നടന്നില്ല. ഏതാനും ആഴ്ചകൾക്കകം സജീനയും കുട്ടികളും ബെംഗളൂരിലേക്കുതന്നെ താമസം മാറ്റി.

1995 ഒക്ടോബർ ആയിരുന്നു ഈസ്റ്റ് വെസ്റ്റ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ മാസം. തൊട്ടടുത്ത മാസം നവംബർ 13ന് തഖിയുദ്ദീൻ കൊല ചെയ്യപ്പെട്ടു. രണ്ടു വർഷത്തിനു ശേഷം 1997ൽ ഇന്ത്യയുടെ വ്യോമയാന ചിത്രത്തിൽ നിന്ന് ഈസ്റ്റ് വെസ്റ്റ് തുടച്ചുനീക്കപ്പെട്ടു. കേന്ദ്രസർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിസർച്ച് ആൻഡ് അനാലിസിസ് വിങ് എന്ന ആർഎഡബ്ളിയു അഥവാ റോ. പലപ്പോഴും റോ ഫോൺ ചോർത്തൽ നടത്താറുണ്ട്. 2003ൽ റോയ്ക്ക് കിട്ടിയ ഒരു സുപ്രധാന ഫോൺ സംഭാഷണത്തിൽ തഖിയുദ്ദീനെ കൊലപ്പെടുത്തിയതു ദാവൂദ് ഇബ്രാഹിമിന്റെ സംഘം തന്നെയാണ് എന്ന സൂചനലഭിച്ചു. ഈ കൊലപാതകം നടത്തിയതു ഛോട്ടാ രാജൻ സംഘമാണെന്ന മുംബൈ പൊലീസിന്റെ നിഗമനം പാടേ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ ൺ സംഭാഷണം.

മുംബൈയിലെ അധോലോക സംഘങ്ങളുടേതായിരുന്നു ഈ ഫോൺ കോളുകൾ. തഖിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പ്രതിഫലം സംബന്ധിച്ച ചില ഫോൺ സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഇതേമട്ടിലുള്ള മറ്റു പല ഫോൺ സന്ദേശങ്ങൾകൂടി ലഭിച്ചതോടെ റോ ഈ വിഷയം ഗൗരവപൂർവം ഏറ്റെടുത്തു. 2005ൽ റോ ഈ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചു. ഡൽഹിയിൽനിന്നു മുംബൈ പൊലീസ് കമ്മിഷണർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം പോയി. 1995 നവംബർ 13-നാണ് തഖിയുദ്ദീൻ വെടിയേറ്റ് മരിക്കുന്നത്. രാത്രിയിൽ ഓഫീസിനു സമീപം തക്കിയുദീൻ വാഹിദ് അക്രമികളുടെ വെടിയേറ്റ് വീഴുകയായിരുന്നു. ഇതോടെ കമ്പനിയുടെ തകർച്ചയും തുടങ്ങി. അടുത്തവർഷം സർവീസുകൾ അവസാനിപ്പിക്കേണ്ടിവന്നു.

ഇപ്പോഴും സഹോദരൻ നാസറുദീൻ ചെയർമാനും മറ്റു സഹോദരങ്ങളായ താഹാക്കുട്ടി, ഫൈസൽ, സഹോദരീ ഭർത്താവ് പീർ മുഹമ്മദ് എന്നിവർ ഡയറക്ടർമാരുമായി കമ്പനിയുണ്ട്. തക്കിയുദീൻ വാഹിദിന്റെ മരണത്തിനു ശേഷം സിബിഐ., ഡി.ആർ.ഐ., എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെയെല്ലാം അന്വേഷണം കുടുംബം നേരിട്ടു. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടിൽ ജ്യേഷ്ഠസഹോദരൻ നാസറുദീൻ വാഹിദും തൊട്ടടുത്ത വീട്ടിൽ സഹോദരി ഐഷാബീവിയും കുടുംബവുമാണ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP