Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും; വിലക്ക് പിൻവലിക്കുന്നത് മന്ത്രിസഭ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല

കുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും; വിലക്ക് പിൻവലിക്കുന്നത് മന്ത്രിസഭ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല

ആർ പീയൂഷ്

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹ്ന്റെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ ക്യാബിനറ്റ് യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.

അതേസമയം പ്രധാനമന്ത്രി കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. കുവൈത്ത് എയർവേയ്സ് ചെയർമാൻ അലി മുഹമ്മദ് അൽ ദുക്കാൻ, ജസീറ എയർവേയ്സ് മേധാവി മർവാൻ ബുദായി, വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമൻ ഹമൂദ് അസ്സബാഹ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാന കമ്പനികൾ സമർപ്പിച്ച പദ്ധതി അധികൃതരുടെ പരിഗണനയിലാണ്. നിലവിൽ നേരിട്ടുള്ള പ്രവേശന വിലക്കുള്ള രാജ്യക്കാർ സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ അംഗീകരിച്ചു കൊണ്ടു കുവൈത്തിലേക്ക് നേരിട്ട്വരാൻ അനുവദിക്കണമെന്ന നിർദേശമാണ് വിമാന കമ്പനികൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ കുവൈത്തിൽ പ്രവേശന വിലക്കുള്ളത്. എന്നാൽ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം ഇവർക്ക് കുവൈറ്റിിലേക്ക് പ്രവേശിക്കാം.

കുവൈറ്റിൽ പ്രവേശന നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കാനുള്ള ആലോചനകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടൂറിസം ട്രാവൽ ഫെഡേറേഷൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി ഫെഡേറേഷൻ മേധാവി മുഹമ്മദ് അൽ മുത്തൈരി വ്യക്തമാക്കിയിരുന്നു. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈൻ സൗകര്യം, പിസിആർ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉൾപ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പ്രാദേശിക സമ്പദ് ഘടനക്ക് ഊർജ്ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടക്ക യാത്രക്കാർക്ക് 5 സേവനങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് പാക്കേജിന്റെ മൂല്യം നിർണയിച്ചിരിക്കുന്നത്. വൺ-വേ യാത്ര ടിക്കറ്റ്, രാജ്യത്തിനു അകത്ത് പ്രവേശിച്ചാൽ നടത്തപ്പെടുന്ന 2 ഘട്ടങ്ങളിലായുള്ള പിസിആർ പരിശോധന, ക്വാറന്റൈൻ കേന്ദ്രം, വിമാനത്താവളത്തിൽ നിന്നു ക്വാറന്റൈൻ കേന്ദ്രത്തിലേക്കും പിസിആർ പരിശോധന കേന്ദ്രത്തിലെക്കുള്ള ഗതാഗതം, 7 ദിവസത്തെ ഭക്ഷണം എന്നിവ അടങ്ങുന്നതാണു പാക്കേജ്.

മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ഈ സേവനങ്ങൾക്ക് 255 ദിനാറിന്റെ പാക്കേജ് പ്രഖ്യാപിക്കുവാൻ കഴിയുമെന്നാണ് ട്രാവൽ കമ്പനികൾ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിനായി 300 ദിനാറിന്റെ പാക്കേജ് നൽകാനാണ് ആലോചന. ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിന്റെ അന്തരമാണു ഇതിനു കാരണം.

മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് ശരാശരി ടിക്കറ്റ് നിരക്ക് 70 ദിനാർ ആണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ഇത് ശരാശരി 110 ദിനാർ എങ്കിലും ആയിരിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യ അടക്കമുള്ള ഉയർന്ന രോഗ വ്യാപന നിരക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 2 തവണ പിസിആർ പരിശോധനക്ക് വിധേയരാക്കാം എന്നാണു പ്രവേശന വിലക്ക് നീക്കുന്നതിനു ഉപാധിയായി വിമാന കമ്പനികൾ ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിച്ച നിർദ്ദേശങ്ങളിൽ ഒന്ന്. ആദ്യത്തേത് വിമാനത്താവളത്തിൽ എത്തിയ ഉടനേയും മറ്റൊന്ന് ഒരാഴ്ചത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും. അങ്ങിനെയെങ്കിൽ രണ്ടു തവണത്തെ പിസിആർ പരിശോധനക്കായി 50 മുതൽ 80 ദിനാർ വരെ ചെലവ് വരും.

വിമാനത്താവളത്തിൽ നിന്ന് ക്വാറന്റൈൻ കേന്ദ്രത്തിലേക്കും, ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമുള്ള രണ്ടാമത്തെ പിസിആർ പരിശോധനക്കുമായുള്ള ഗതാഗതത്തിനായി 5 മുതൽ 10 ദിനാർ വരെയാണു ചാർജ്ജ് കണക്കാക്കുന്നത് .ക്വാറന്റൈൻ സാധാരണ ഹോട്ടൽ അപ്പാർട്ടുമെന്റുകളിലാണു അനുഷ്ടിക്കുന്നതെങ്കിൽ ശരാശരി 15 ദിനാർ ആയിരിക്കും പ്രതി ദിന വാടക. 7 ദിവസത്തേക്ക് ഇതിന് 105 ദിനാർ ആയിരിക്കും നിരക്ക്. എന്നാൽ, ഒന്നിൽ അധികം പേർ മുറി പങ്കിടുകയാണെങ്കിൽ ഈ ഇനത്തിലുള്ള ചെലവ് കുറയും. മുന്തിയ ഹോട്ടലുകളിൽ കഴിയാൻ താൽപര്യപ്പെടുന്നവർക്ക് അതിനു അനുസൃതമായ താമസ സൗകര്യം ഒരുക്കുവാനും ട്രാവൽസ് കമ്പനികൾ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഹോട്ടൽ അപ്പാർട്ടുമെന്റിൽ താമസിക്കുന്നവർക്ക് ഒരാഴ്ചത്തേക്ക് പ്രതി ദിനം മൂന്നു നേരത്തെ ഭക്ഷണം റൂമികളിൽ എത്തിക്കുന്നതിനു ചില റെസ്റ്റോറന്റ്, കാറ്ററിങ് കമ്പനികളുമായും ട്രാവൽസ് കമ്പനികൾ ധാരണയിലെത്തിയിട്ടുണ്ട്. ഒരാൾക്ക് ഇതിനായി 25 ദിനാർ ചെലവ് വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ചുരുക്കത്തിൽ പ്രവേശന വിലക്ക് നീക്കിയാൽ ഇന്ത്യയിൽ നിന്നും നേരിട്ട് കുവൈത്തിൽ എത്തുന്ന ഒരു യാത്രക്കാരനു വിമാന ടിക്കറ്റ് നിരക്ക് ഉൾപ്പെടെ 300 ദിനാറോളം ചെലവ് വരുമെന്ന് അർത്ഥം. വിലക്ക് നീക്കുന്നതോടെ യാത്രക്കാരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നും ഇത് നേരത്തെ ദുബയ് വഴി എത്തുന്നവരുടെ കാര്യത്തിൽ സംഭവിച്ചത് പോലെ വിമാന ടിക്കറ്റിനു വില കുതിച്ചുയരുവാൻ ഇടയാകുമെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ നിശ്ചിത നിരക്കിൽ ഗണ്യമായ മാറ്റം സംഭവിക്കാമെന്നും ട്രാവൽ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP