Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്‌നയും മന്ത്രി ഐസക്കും തമ്മിലെ ഫോൺ വിളിയും അന്വേഷിക്കണം; 8000 കോടിയുടെ പദ്ധതി ടെൻഡർ വിളിക്കാതെ ഊരാളുങ്കലിനു കൊടുത്തുവെന്നും ആക്ഷേപം; സിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തുന്നതും ഗുരുതര കുറ്റം; ധനമന്ത്രി തുറന്നു വിട്ടത് സ്വയം ഉറക്കം കെടുത്തുന്ന ഭൂതത്തെ; സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് കെഎം എബ്രഹാമും; ലൈഫിന് പിന്നാലെ കിഫ്ബിയിലും പിണറായിക്ക് ചെക്ക്!

സ്വപ്‌നയും മന്ത്രി ഐസക്കും തമ്മിലെ ഫോൺ വിളിയും അന്വേഷിക്കണം; 8000 കോടിയുടെ പദ്ധതി ടെൻഡർ വിളിക്കാതെ ഊരാളുങ്കലിനു കൊടുത്തുവെന്നും ആക്ഷേപം; സിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തുന്നതും ഗുരുതര കുറ്റം; ധനമന്ത്രി തുറന്നു വിട്ടത് സ്വയം ഉറക്കം കെടുത്തുന്ന ഭൂതത്തെ; സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് കെഎം എബ്രഹാമും; ലൈഫിന് പിന്നാലെ കിഫ്ബിയിലും പിണറായിക്ക് ചെക്ക്!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയിലും സ്വപ്‌നാ സുരേഷ് ഇടപെടൽ എന്ന് ആരോപണം. കിഫ്ബിയിലും സ്വപ്‌നാ സുരേഷും എം ശിവശങ്കറും ചേർന്ന് ചില കളികൾ കളിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന വാദം. സ്വപ്‌നാ സുരേഷും മന്ത്രി തോമസ് ഐസക്കുമായി അടുത്ത ബന്ധമുണ്ടെന്നും ആക്ഷേപം എത്തിക്കഴിഞ്ഞു. അതിനിടെ കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് മാറുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം. ഇതും സർക്കാരിനെ വെട്ടിലാക്കുന്നത്. കെ എം എബ്രഹാമിനെ പദവിയിൽ തുടരാൻ സർക്കാർ നടത്തിയ സമ്മർദ്ദം എല്ലാം വെറുതെയായി. അതിനിടെയാണ് പുതിയ വിവാദങ്ങൾ തേടിയെത്തുന്നതും.

ഡിസംബർ 31ന് കിഫ്ബിയുമായുള്ള എബ്രഹാമിന്റെ കരാർ തീരും. അതിന് ശേഷം മുംബൈയിലേക്ക് മടങ്ങാനാണ് എബ്രഹാമിന്റെ തീരുമാനം. കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള തീരുമാനം മാറ്റാൻ സർക്കാർ പല സമ്മർദ്ദവും ചെലുത്തി. എന്നാൽ വിട്ടുവീഴ്ചയില്ലാതെ പോവുകയാണ് എബ്രഹാം. ഇതോടെ കിഫ്ബിയുടെ തലപ്പത്തേക്കും പുതിയൊരാളെ കണ്ടെത്തേണ്ടി വരും. ഇതും കിഫ്ബിയിൽ സർക്കാരിന് തലവേദനായണ്. ഇതിനൊപ്പമാണ് സിഎജിയുടെ കണ്ടെത്തലുകളും.

സിഎജിയുടെ കരട് റിപ്പോർട്ടാണ് താൻ പുറത്തു പറഞ്ഞതെന്ന വാദവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരുന്നു. ഇതും വിനയാകുകകയാണ്. കരട് റിപ്പോർട്ടും അതീവ രഹസ്യമാണ്. ഇതിൽ സർക്കാരിന്റെ വിശദീകരണം തേടിയാണ് അന്തിമ റിപ്പോർട്ട് പുറത്തു വരുന്നതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതും. അങ്ങനെയുള്ള റിപ്പോർട്ടിന്റെ കരടു ചോർത്തിയത് തോമസ് ഐസക്കിന് വിനയാണ്. ഇതിന് പിന്നാലെയാണ് സ്വപ്‌നാ സുരേഷുമായി തോമസ് ഐസക്കിന് ബന്ധമുണ്ടെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കിഫ്ബിയിലെ ഓഡിറ്റിനെ തടസ്സപ്പെടുത്താനുള്ള ശ്രമത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറേയും രാഷ്ട്രപതിയേയും സമീപിക്കും. ഇതിന്റെ സാധുത നിയമവിദഗ്ദ്ധരുമായി പ്രതിപക്ഷ നേതാക്കൾ ആരായും. സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ് രാഷ്ട്രപതിയെ സമീപിക്കുന്നത്. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെയാണ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്. ഇത് ചട്ടലംഘനമാണ്. ധനമന്ത്രിയുടെ വാക്കുകൾ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതേസമയം വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.

കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവർത്തിച്ചത്. അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായും സിഎജി റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്. ഇത് സിഎജിയുടെ കരട് റിപ്പോർട്ടാണ്. അത് പുറത്തു വിടുന്നതും ശരിയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഐസക്കിന്റേത് ഉണ്ടയില്ലാ വെടിയെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയർന്നുവന്നിരിക്കുന്ന വസ്തുതകൾ മറച്ചുവെക്കാൻ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നതുകൊണ്ട് ഒന്നും അവസാനിക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അത് സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് മുൻകൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനം. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോർട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ ഫൈനൽ റിപ്പോർട്ട് വെക്കേണ്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതി പൊതുജനങ്ങൾ ചർച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധതിരിച്ചുവിടുന്നത്.

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരുനിമിഷം അധികാരത്തിൽ തുടരാൻ അർഹതയില്ലാത്ത സ്ഥിതിവിശേഷം വന്നിരിക്കുന്നു. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താൻ ബാധ്യസ്ഥമാണ്. അക്കൗണ്ടുകൾ പരിശോധിക്കാനും ബാധ്യസ്ഥരാണ്. കേരളത്തിലെ സർക്കാരിന്റെ അഴിമതികൾ കണ്ടെത്താൻ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുൻസർക്കാരുകൾക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോൾ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വപ്‌നാ ആരോപണവുമായി സുരേന്ദ്രൻ

കിഫ്ബി ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും മന്ത്രി തോമസ് ഐസകും തമ്മിൽ അടുത്ത ബന്ധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയുമായി ഐസക് പലതവണ കൂടിക്കാഴ്ച നടത്തി. കേസിൽ തോമസ് ഐസകും കുടുങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇടതു സർക്കാരിന്റെ കള്ളക്കളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാൻ ഇതു കമ്യൂണിസ്റ്റ് രാജ്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഓർക്കണമെന്ന് സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാണിച്ച സിഎജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനമന്ത്രി, കേരളം ഇന്ത്യയിലാണെന്ന് ഓർക്കണം. അഴിമതി തുറന്നു കാണിച്ചതിനാണു സിഎജിയെ പോലെ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നത്. കിഫ്ബി വായ്പകൾ അനധികൃതമെന്നും ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി തയാറാക്കിയ കരട് റിപ്പോർട്ട് അട്ടിമറിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ധനമന്ത്രി തന്നെ പറയുന്നത് അപഹാസ്യമാണ്.

തോമസ് ഐസക് നടപ്പിലാക്കുന്ന പലപദ്ധതികളും വൻ അഴിമതിയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സിപിഎം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നുണ്ട്. സർക്കാരിന്റെ അഴിമതികൾക്കും തട്ടിപ്പുകൾക്കുമെതിരെ ആരു വന്നാലും സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്ന പോലെ സിഎജിക്കെതിരെയും സമരം ചെയ്യാൻ സിപിഎം തയാറാകുമോ? കിഫ്ബിയിൽ ഓഡിറ്റിങ്ങും ടെൻഡർ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികൾ വരെ ടെൻഡർ വിളിക്കാതെ ഊരാളുങ്കലിനു കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകൾ ഇഡി അന്വേഷിച്ചാൽ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും. സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP