Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻ ഭാഗവതും മോദിയുമായി ചാർട്ടേഡ് അക്കൗണ്ടന്റിനുള്ളത് ആത്മബന്ധം; കേസ് വാദിക്കാൻ മാത്യു കുഴൽനാടനും; കിഫ്ബിയിലെ സിഎക്കാരൻ രഞ്ജിത് കാർത്തികേയന്റെ ഹർജിയിൽ പിണറായി സർക്കാർ കാണുന്നത് അതീവ ഗൗരവതരമായ അന്വേഷണ സാധ്യത; ലൈഫ് മിഷന് പിന്നാലെ കിഫ്ബിയിലും തിരിച്ചടി മുന്നിൽ കണ്ട് മന്ത്രി തോമസ് ഐസക്; ഓഡിറ്റ് വിവാദത്തിന് പിന്നിലും രാഷ്ട്രീയമോ?

മോഹൻ ഭാഗവതും മോദിയുമായി ചാർട്ടേഡ് അക്കൗണ്ടന്റിനുള്ളത് ആത്മബന്ധം; കേസ് വാദിക്കാൻ മാത്യു കുഴൽനാടനും; കിഫ്ബിയിലെ സിഎക്കാരൻ രഞ്ജിത് കാർത്തികേയന്റെ ഹർജിയിൽ പിണറായി സർക്കാർ കാണുന്നത് അതീവ ഗൗരവതരമായ അന്വേഷണ സാധ്യത; ലൈഫ് മിഷന് പിന്നാലെ കിഫ്ബിയിലും തിരിച്ചടി മുന്നിൽ കണ്ട് മന്ത്രി തോമസ് ഐസക്; ഓഡിറ്റ് വിവാദത്തിന് പിന്നിലും രാഷ്ട്രീയമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷനിൽ സിഎജി അന്വേഷിക്കേണ്ടത് സിബിഐയും ഇഡിയും പരിശോധിക്കുന്നുവെന്നതായിരുന്നു സിപിഎമ്മിന്റെ പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അധികാരമില്ലാത്ത ഏജൻസികൾ ലൈഫ് മിഷനിലെ കാര്യങ്ങൾ നോക്കുന്നതാണ് പ്രശ്‌നമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തൊട്ടു പിന്നാലെ സിഎജിയും രംഗത്തു വന്നു. ഇതോടെ അതും നിയമവിരുദ്ധമായി. അങ്ങനെ എല്ലാ ഏജൻസികളും പിണറായിയെ പൂട്ടാൻ കേരളത്തിൽ സജീവമാകുകയാണ്.

വായ്പയെടുത്തും സർക്കാരിൽ നിന്നു വിഹിതം വാങ്ങിയും 5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുകയാണ് സ്വതന്ത്ര സംവിധാനമായ കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) ലക്ഷ്യം. കിഫ്ബിയിൽ നിർബന്ധിത ഓഡിറ്റ് നടത്താൻ സിഎജി അനുവാദം തേടിയെങ്കിലും സ്വന്തം ഓഡിറ്റ് സംവിധാനമുണ്ടെന്നു പറഞ്ഞ് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പകരം നിർബന്ധിതമല്ലാത്ത ഓഡിറ്റ് അനുവദിച്ചു. ഏറ്റവുമൊടുവിൽ ഈ വർഷം നടത്തിയ തുടർ ഓഡിറ്റിലാണ് കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന പരാമർശമുള്ളത്.

സിഎജിക്കു നിർബന്ധിത ഓഡിറ്റിന് അവകാശമുണ്ടെന്നും വായ്പയെടുക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി രഞ്ജിത് കാർത്തികേയൻ എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സിഎജിയെയും ഈ കേസിൽ കക്ഷി ചേർത്തു. രഞ്ജിത്തിനു വേണ്ടി വാദിക്കുന്നത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ബിജെപിയും സിഎജിയും കോൺഗ്രസും ചേർന്നുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്നു മന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. എന്നാൽ, അഭിഭാഷകനെന്ന നിലയ്ക്കാണു കേസ് ഏറ്റെടുത്തതെന്നും വിലകുറഞ്ഞ ആരോപണങ്ങൾ പദവിക്കു ചേർന്നതാണോയെന്നു മന്ത്രി പരിശോധിക്കണമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ഈ ഹർജിയാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്.

ആർ എസ് എസ് നേതൃത്വവുമായി എറ്റവും അടുപ്പമുള്ള കേരളത്തിലെ വ്യക്തികളിൽ ഒരാളാണ് രഞ്ജിത് കാർത്തികേയൻ. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതുമായി പോലും ആത്മബന്ധമുള്ള വ്യക്തി. പ്രധാനമന്ത്രി മോദിയുമായി അടുത്ത സൗഹൃദമുണ്ട്. ബിജെപിയിലേക്ക് പല വിവിഐപികളും എത്തുന്നത് രഞ്ജികാർത്തികേയന്റെ സൗഹൃദത്തിന്റെ പ്രതിഫലനുമാണ്. ഈ സാഹചര്യത്തിലാണ് രഞ്ജിത് കാർത്തികേയൻ ഹർജിയുമായി എത്തുന്നതിനെ ഭയപ്പാടോടെ സിപിഎമ്മും പിണറായി സർക്കാരും കാണുന്നത്. ഈ സാഹചര്യത്തിലാണ് വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നതും.

രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും കിഫ്ബി എടുക്കുന്ന വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നുമുള്ള സിഎജി കണ്ടെത്തലിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ യുദ്ധപ്രഖ്യാപനം. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലെ വീഴ്ച കണ്ടത്തേണ്ടത് സിഎജിയാണ്. ലൈഫ് മിഷനിലും രേഖകൾ പരിശോധിക്കാനും അതിൽ നിലപാട് എടുക്കാനും അധികാരം സിഎജിക്കാണെന്ന് പിണറായി പോലും സമ്മതിച്ചിരുന്നു. കിഫ്ബിയിലും ഇതിനുള്ള അധികാരമുണ്ട്. കിഫ്ബിയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആസന്നമാണെന്നാണ് സൂചന.

നേരത്തെ കിഫ്ബിയിലെ പണം യെസ് ബാങ്കിൽ നിക്ഷേപിച്ചതിലെ വിവാദം പാർലമെന്റിൽ പോലും കേന്ദ്ര സർക്കാർ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി ഇടപെടൽ. കേന്ദ്ര ഏജൻസികളെ വച്ച് സംസ്ഥാനങ്ങളെ മെരുക്കാനുള്ള നീക്കത്തിന്റെ തുടർച്ചയായാണ് സിഎജിയെ രംഗത്തിറക്കിയതെന്നും ഇതിനു കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. സിഎജിയുടെ അന്വേഷണം തിരിച്ചടിയാകുമെന്ന് തോമസ് ഐസക് മനസ്സിലാക്കുന്നുണ്ട്.

കിഫ്ബിയിൽ നടത്തിയ ഓഡിറ്റിന്റെ കരടു റിപ്പോർട്ട്, ആക്ഷേപങ്ങളുണ്ടെങ്കിൽ അറിയിക്കാൻ സിഎജി ധനവകുപ്പിനു കൈമാറിയിരുന്നു. ധനവകുപ്പിൽ നിന്നു ലഭിക്കുന്ന മറുപടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് നിയമസഭയ്ക്കു കൈമാറുകയാണു സിഎജി ചെയ്യുക. അതിനു മുൻപ് റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടുന്നതു സഭയുടെ അവകാശം ലംഘിക്കുകയാണെന്ന് അറിഞ്ഞിട്ടും ധനമന്ത്രി അതിനു തയാറായത് സർക്കാരിന്റെ രണ്ടുംകൽപിച്ചുള്ള നീക്കമാണു വ്യക്തമാക്കുന്നത്.

റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ പ്രതിപക്ഷത്തിനു ചോർന്നുകിട്ടിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുമെന്നു കണക്കുകൂട്ടിയാണ് മുൻകൂട്ടിയുള്ള മന്ത്രിയുടെ നീക്കമെന്നും സൂചനയുണ്ട്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതണ്ട. ഇത് ഇഡിയുടെ ചുവടുപിടിച്ചുള്ള നീക്കമാണ്. സിഎജി ഉന്നയിച്ച 76 ചോദ്യങ്ങൾക്കു വിശദമായ മറുപടി നൽകിയിരുന്നു. പക്ഷേ, സർക്കാരിന്റെ പ്രതിനിധികളോട് എജി പറഞ്ഞു 'ശരി ശരി... ഞങ്ങൾ ചിലത് എഴുതിവയ്ക്കുന്നുണ്ട്. അപ്പോൾ കാണാം. അപ്പോൾ മനസ്സിലാകും.' ഭരണഘടനാ പദവി വഹിക്കുന്നയാൾക്കു യോജിച്ചതാണോ ഇത് ? -തോമസ് ഐസക് പറയുന്നു.

ആദ്യം നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചു. പിന്നീടു കോൺഗ്രസും ബിജെപിയും ചേർന്നു കേസ് കൊടുത്തു. അതിൽ സിഎജിയെ കക്ഷി ചേർത്തു. അതേകാര്യങ്ങൾ സിഎജി റിപ്പോർട്ടിലും വന്നു. ഇതു ഗൂഢാലോചനയെന്നു മനസ്സിലാക്കാതിരിക്കാൻ ഞങ്ങൾ മണ്ടന്മാരല്ല. സംസ്ഥാനത്തിനു വായ്പയെടുക്കാനുള്ള അവകാശത്തിനെതിരെ കെപിസിസി സെക്രട്ടറി തന്നെ വക്കാലത്തെടുത്തു വാദിക്കാൻ പോകുകയാണ്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ ചിലർക്കു സിഎജിയുമായി ബന്ധമുണ്ട്. 1999 ൽ നിലവിൽ വന്ന കിഫ്ബിയിൽ ഇതുവരെ നടന്ന ഓഡിറ്റുകളിലൊന്നും ഉന്നയിക്കാത്ത ഭരണഘടനാ വിരുദ്ധത ഇപ്പോൾ സിഎജി കണ്ടെത്തുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. എല്ലാ കോർപറേറ്റ് സ്ഥാപനങ്ങളെയും പോലെ കിഫ്ബിക്കും വിദേശത്തു നിന്നടക്കം വായ്പയെടുക്കാം. അതു തടയുന്നത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കലാണ്-മന്ത്രി ആരോപിക്കുന്നു.

നിയമസഭയിൽ വയ്ക്കാത്ത കരടു സിഎജി റിപ്പോർട്ട് പരസ്യമാക്കിയ മന്ത്രി തോമസ് ഐസക്കിന്റെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നു. മന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടിസ് നൽകും. സഭയുടെ മേശപ്പുറത്തു പോലും വയ്ക്കാത്ത കരടു റിപ്പോർട്ട് മന്ത്രി തന്നെ ചോർത്തി വാർത്താസമ്മേളനം നടത്തുന്നത് അസാധാരണമാണ്. പൊലീസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുള്ള സിഎജി റിപ്പോർട്ട് മുൻപു സഭയിൽ വച്ചിരുന്നു. അതിനു 2 ദിവസം മുൻപു പി.ടി. തോമസ് സമാനമായ ഏതാനും അഴിമതികൾ സഭയിൽ ഉന്നയിച്ചിരുന്നു. എന്നിട്ടും, പ്രതിപക്ഷം സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ചവരാണു ഇപ്പോൾ യഥാർഥ ചോർത്തൽ നടത്തിയിരിക്കുന്നത്. നാലര വർഷത്തിനിടെ ഞാനും സിഎജിയും തമ്മിൽ ഒരു ബന്ധവുമുണ്ടായിട്ടില്ല. കിഫ്ബി അഴിമതിയുടെ കൂടാരമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ഇടപാടുകൾ. മടിയിൽ നല്ല കനമുള്ളതു കൊണ്ടാണു മന്ത്രിക്കു പരിഭ്രാന്തിയെന്നും ചെന്നിത്തല ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP