Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരനാക്കാം; മമ്മൂട്ടിയോടൊപ്പം ഇഫ്താർ വിരുന്നും; 75 ലക്ഷം മുടക്കിയാൽ വർഷം തോറും 15 ലക്ഷം രൂപ ലാഭം ഉണ്ടാക്കാം; കെൻസ റിസോർട്ട് എന്ന പേരിൽ ശിഹാബ് പ്രവാസികളെ പറ്റിച്ചത് പിണറായിയോടും മമ്മൂട്ടിയോടുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം; ഒരു അസാധാരണ തട്ടിപ്പിന്റെ കഥ

മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരനാക്കാം; മമ്മൂട്ടിയോടൊപ്പം ഇഫ്താർ വിരുന്നും; 75 ലക്ഷം മുടക്കിയാൽ  വർഷം തോറും 15 ലക്ഷം രൂപ ലാഭം ഉണ്ടാക്കാം; കെൻസ റിസോർട്ട് എന്ന പേരിൽ ശിഹാബ് പ്രവാസികളെ പറ്റിച്ചത് പിണറായിയോടും മമ്മൂട്ടിയോടുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം; ഒരു അസാധാരണ തട്ടിപ്പിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഗൾഫ് മലയാളികളെ കേന്ദ്രീകരിച്ച് നടത്തിയ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി വെളിയിൽ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷായ്ക്ക് എതിരെയാണ് വില്ലാ തട്ടിപ്പിന്റെ പേരിൽ ഗൾഫ് മലയാളികൾ മുഖ്യമന്ത്രിക്ക് തന്നെ പരാതി നൽകിയത്. കോടികളാണ് വില്ലാ പ്രോജക്റ്റിന്റെ പേര് പറഞ്ഞു കെൻസ ഹോൾഡിംസ് തട്ടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പ്രവാസി മലയാളികൾ തന്നെയാണ് വില്ലാ തട്ടിപ്പിന്റെ ഈ കഥ മറുനാടനോട് പറഞ്ഞത്. 2016 ൽ പൂർത്തിയാകും എന്ന് പറഞ്ഞ 2015-ൽ തന്നെ മുഴുവൻ പണവും വാങ്ങിയ വില്ലാ-റിസോർട്ട് പ്രോജക്റ്റ് ആറു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തങ്ങൾ പണം മുടക്കിയ പ്രോജക്റ്റ് മാറ്റി മറിച്ചും വേറെ നിക്ഷേപം ക്ഷണിച്ചും ശിഹാബ് ഷാ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രവാസി മലയാളികൾ ആരോപിക്കുന്നത്.

വയനാടൻ പ്രകൃതി ഭംഗി നുകർന്ന് മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒപ്പം അയൽക്കാരായി വില്ലകളിൽ താമസിക്കാം. 45 ലക്ഷം മുതൽ 75 ലക്ഷം വരെ മുടക്കി ഒരു വില്ല വാങ്ങിയാൽ വർഷം തോറും 15 ലക്ഷം വരുമാനം കിട്ടും എന്നൊക്കെയാണ് ദുബായിലെ മലയാളികൾക്ക് മുൻപിൽ തന്റെ വയനാട്ടിലെ വില്ലാ പ്രോജക്റ്റിനെക്കുറിച്ച് കെൻസ ഹോൾഡിങ്‌സിന്റെ ശിഹാബ് ഷാ പറഞ്ഞത്. ഓരോ വർഷവും നിങ്ങൾക്ക് 15 ദിവസം വില്ലയിൽ കുടുംബ സഹിതം ഫ്രീയായി താമസിക്കാം എന്ന് കൂടി പറഞ്ഞതോടെയാണ് കെൻസയുടെ വില്ലാ പ്രോജക്ടിൽ ഗൾഫ് മലയാളികൾ പണം മുടക്കിയത്. 2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പ്രോജക്റ്റ് കൂടെക്കൂടെ മാറ്റുന്നതും ഇതേ പ്രോജക്ടിൽ കൂടുതൽ പേരിൽ നിന്നും ശിഹാബ് ഷാ നിക്ഷേപം ക്ഷണിക്കുന്നതുമാണ് നിക്ഷേപകർ കണ്ടത്.

20 വില്ലകൾ പിന്നീട് 48 വില്ലകൾ ആയി മാറുകയും റിസോർട്ട് പ്രോജക്റ്റ് വെൽനെസ് ആശുപത്രി പ്രോജക്റ്റ് ആവുകയുമൊക്കെ ചെയ്തു. 2016-ൽ പൂർത്തിയാക്കും എന്ന പറഞ്ഞ വില്ലാ പ്രോജക്ടിന്റെ വാലും തുമ്പും പോലും ഇതുവരെ ആയിട്ടുമില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലാക്കി ഗൾഫ് മലയാളികൾ പരാതിയുമായി രംഗത്ത് വന്നത്. വില്ലാ പ്രോജക്ടിന്റെ പോഎരിൽ ഗൾഫ് മലയാളികളിൽ നിന്നും കോടികളാണ് സ്വപ്നങ്ങളുടെ ഈ വ്യാപാരി കവർന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ തട്ടിപ്പിന്നിരയായവരെ പരാതി നല്കിയിട്ടുണ്ട്. നിയമ നടപടികൾ സ്വീകരിക്കാൻ മലയാളികൾ ഇപ്പോൾ കേരളത്തിലും എത്തിയിട്ടുണ്ട്. തൃശൂർ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാൽ നടപടികൾ കേരളത്തിൽ സ്വീകരിക്കണം. ഗൾഫിൽ നിന്നും നടപടികൾ സ്വീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ വന്നു കെൻസയ്ക്ക് എതിരായ നടപടികൾക്ക് നിക്ഷേപകർ തുടക്കമിടുന്നത്. തൃശൂരിൽ രൂപീകരിച്ച് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെൻസ ഹോൾഡിങ്‌സ്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റി എന്നാണ് കെൻസ ഹോൾഡിങ്‌സിനെതിരെയുള്ള പരാതി. നിരവധി മലയാളികളാണ് കെൻസ ഹോൾഡിങ്‌സ് ചെയർമാൻ ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷായുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.

ഷായ്ക്ക് മികച്ച സംരഭകനുള്ള അവാർഡ് നൽകിയത് പിണറായി വിജയൻ

മുഖ്യമന്ത്രിയിൽ നിന്ന് മികച്ച സംരഭകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഡോ.ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷാ. സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യവസായമന്ത്രി ഇ.പി.ജയരാജനും സംബന്ധിച്ച ചടങ്ങിലാണ് ഈ അവാർഡ് ശിഹാബ് ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് വെൽനെസ് ടൂറിസം മേഖലയിലും മികവ് തെളിയിച്ച ശിഹാബ് ഷാ തൃശൂർ വെങ്കിടങ്ങ് സ്വദേശിയാണ്. വെൽനെസ് ടൂറിസം രംഗത്ത് വ്യത്യസ്ത ആശയങ്ങളോടെ ബിസിനസ് രംഗത്ത് വിജയം കൈവരിച്ച വ്യക്തിത്വമാണ് ശിഹാബ് ഷാ എന്നാണ് ഈ അവാർഡ് പരിപാടിയിൽ പ്ലേ ചെയ്ത പ്രൊഫൈൽ വീഡിയോയിൽ പറയുന്നത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വേരുറപ്പിച്ച കെൻസ ഹോൾഡിങ്‌സിന്റെ ചെയർമാൻ. ആകാശത്തോളമുള്ള സ്വപ്നങ്ങളും ആശയങ്ങളും യാഥാർഥ്യമാക്കാനുള്ളതാണ് എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയുന്നു ശിഹാബ് ഷാ. ഇതെല്ലാം കേട്ട് ചേർത്ത് നിർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിഹാബ് ഷായ്ക്ക് ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്‌ക്കാരം നൽകുന്നത്. ഈ രീതിയിൽ ഉള്ള വ്യവസായി തങ്ങളെ ചതിക്കും എന്ന് കരുതാതിരുന്നതുകൊണ്ടാണ് മലയാളികൾ ശിഹാബ് ഷായുടെ വാക്കുകളിൽ വീണത്. ഇപ്പോൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് ഇവർ മനസിലാക്കുന്നത്.

വരുന്നത് യെമണ്ടൻ പ്രോജക്റ്റ്; 2016 മുതൽ വരുമാനവും

2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് ശിഹാബ് ഷാ പറഞ്ഞത്. ഇപ്പോൾ ആറു വർഷം കഴിഞ്ഞിട്ടും പ്രോജക്റ്റ് ഒന്നുമായില്ല. അനൗൺസ് ചെയ്ത പ്രോജക്റ്റ് പൂർത്തിയാക്കാതെ അതിൽ മാറ്റങ്ങൾ വരുത്തി ഗൾഫ് മലയാളികളിൽ നിന്നും ഇതേ പ്രോജക്റ്റ് ചൂണ്ടിക്കാണിച്ച് തട്ടിപ്പ് തുടരുകയാണ് എന്നാണ് തട്ടിപ്പിന്നിരയാവർ ആരോപിക്കുന്നത്. 2015-ൽ റിസോർട്ട് പ്രോജക്ടും ഇരുപത് വില്ലകളും എന്നാണ് പറഞ്ഞത്. പിന്നീടത് 48 വില്ലയായി വികസിപ്പിച്ചു യെമണ്ടൻ പ്രോജ്കറ്റ് ആണ് വരുന്നത് എന്ന് പറഞ്ഞു. ഹെലിപ്പാഡ് അടക്കം വരും എന്നൊക്കെ പറഞ്ഞു പിന്നെയും പണം പിരിച്ചു. ഇപ്പോൾ ഇതേ പ്രോജക്ടിൽ ആശുപത്രി നിർമ്മിക്കുന്നു എന്ന് പറഞ്ഞു തട്ടിപ്പ് തുടരുകയാണ് ശിഹാബ് ഷാ ചെയ്യുന്നത് എന്നാണ് ഗൾഫ് മലയാളികൾ ആരോപിക്കുന്നത്. 2015-ൽ മുഴുവൻ അനൗൺസ് ചെയ്ത വില്ലാ പ്രോജക്റ്റ് പൂർത്തീകരിക്കാതെയാണ് നിരന്തരം പുതിയ പ്രോജക്ടുകൾ കെൻസ പ്രഖ്യാപിക്കുന്നത്. ആദ്യം പണം മുടക്കിയവരോടു ആലോചിക്കാതെ പ്രോജക്ടിൽ മാറ്റം വരുത്തുന്നതെങ്ങിനെ എന്ന നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയാണ് നിക്ഷേപകർ ചെയ്തിരിക്കുന്നത്.

ഒരു തവണ പണം മുടക്കിയവരെ പിന്നീട് വിളിക്കില്ല

ഒരു തവണ പണം മുടക്കി വഞ്ചിതരായവരെ ഇതേ പ്രോജക്റ്റ് വേറെ രീതിയിൽ അവതരിപ്പിക്കുമ്പോൾ കെൻസ ക്ഷണിക്കില്ല. മുൻപ് കുറെ ആളുകൾ മുതൽ മുടക്കിയ ഭൂമിയിലാണ് തങ്ങളും നിക്ഷേപം നടത്തുന്നത് എന്നത് അറിയാതെയാണ് അടുത്ത സംഘം നിക്ഷേപകർ പണം നിക്ഷേപിക്കുന്നത്. തൃശൂർ കേന്ദ്രമാക്കി കെൻസ ഹോൾഡിങ്‌സ് രൂപീകരിക്കുകയും ഗൾഫ് നാടുകളിൽ കറങ്ങി നടന്നു തട്ടിപ്പ് നടത്തുകയുമാണ് കെൻസയുടെ ശിഹാബ് ഷാ ചെയ്തത്. പിടി വീഴാത്തതിനാൽ തട്ടിപ്പുകൾ തുടരാനും ശിഹാബ് ഷായ്ക്ക് കഴിയുന്നു. വേറൊരാളുടെ ഭൂമി കാണിച്ച് പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിനു ശിഹാബ് ഷായുടെ പേരിൽ കേസുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്ത് ഗൾഫിൽ സുഖലോലുപതയിൽ തട്ടിപ്പും നടത്തി കഴിയുകയാണ് ശിഹാബ് ഷാ എന്നാണ് കെൻസയുടെ തട്ടിപ്പിന്നിരയായവർ പറയുന്നത്.



മമ്മൂട്ടിയുടെയും സുനിൽ ഷെട്ടിയുടെയും കാവ്യയുടെയും പേര് പറഞ്ഞു കബളിപ്പിക്കൽ:

കെൻസ ഹോൾഡിങ്‌സ് വയനാട്ടിൽ റിസോർട്ട് തുടങ്ങുന്നു. നിങ്ങൾക്ക് ഒരു വില്ല വാങ്ങാം എന്നാണ് പറഞ്ഞത്. 45 ലക്ഷവും അറുപത് ലക്ഷവും വില്ലയ്ക്ക് മുടക്കിയവരുണ്ട്. വയനാട് ബാണാസുര സാഗർ ഡാമിന്റെ തീരത്ത് കുറച്ച് സ്ഥലം കണ്ടെത്തിയാണ് കെൻസ റിസോർട്ട് വില്ല പ്രോജ്കറ്റ് ഗൾഫിൽ അനൗൺസ് ചെയ്തത്. ഗൾഫ് മലയാളികളെ ഉന്നം വച്ചാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചത് എന്നതിനാൽ തട്ടിപ്പിന്നിരയായത് ഗൾഫ് മലയാളികളാണ്. വില്ലയ്ക്കായി പണം മുടക്കുമ്പോൾ അബുദാബിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയ സന്തോഷ് കുമാറിനോട് ശിഹാബ് ഷാ പറഞ്ഞത് നിങ്ങളുടെ തൊട്ടടുത്തുള്ള വില്ല കാവ്യാ മാധവന്റെതാണ് എന്നാണ്.. സുനിൽ ഷെട്ടി ഇവിടെ വില്ല വാങ്ങുന്നുണ്ട് എന്ന് പറഞ്ഞ ശിഹാബ് ഷാ പിന്നീട് പറഞ്ഞത് മമ്മൂട്ടിക്കും അവിടെ വില്ലയുണ്ട് എന്നാണ്. നടി ഭാമ വില്ല വാങ്ങിയ ചിത്രവും പുറത്തു വിട്ടിരുന്നു.

അൻപത് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കോടിയാകും

ഇതേ രീതിയിൽ സിനിമാ താരങ്ങളുടെ പേര് പറഞ്ഞു കബളിപ്പിച്ചാണ് കോടികൾ തട്ടിയത്. സുനിൽ ഷെട്ടിയും ശിഹാബ് ഷായും മമ്മൂട്ടിയും ശിഹാബ് ഷായും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ശിഹാബ് ഷാ പുറത്ത് വിടുകയും ചെയ്തിരുന്നു. നാൽപ്പത്തിയഞ്ചു ലക്ഷത്തിനു വില്ല വാങ്ങിയാൽ ആജീവാന്ത സമ്പാദ്യം. പത്ത് വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒരു വർഷം കഴിഞ്ഞു വില്ല പൂർത്തിയാകുമ്പോൾ 25000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. അഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങളുടെ മുടക്ക് മുതൽ ഒരു കോടി രൂപയാകും. വില്ലകൾ ടൂറിസ്റ്റുകൾക്ക് നൽകും. നിങ്ങൾക്ക് വില്ലയിൽ വന്നാൽ ഭക്ഷണം ഉൾപ്പെടെ പതിനഞ്ചു ദിവസം താമസിക്കാം എന്നൊക്കെയുള്ള മോഹനവാഗ്ദാനമാണ് ശിഹാബ് ഷാ നിരത്തിയത്. പറഞ്ഞ പണം നൽകിയെങ്കിലും പിന്നീടൊന്നും നടന്നില്ല. പതിനഞ്ചു ലക്ഷം മുതൽ 60 ലക്ഷം വരെ കയ്യിൽ നിന്നും നഷ്ടമായവരുണ്ട്. അഞ്ചോ ആറോ വില്ലയുടെ പണി മാത്രം തുടങ്ങിയിട്ടുണ്ട്. -കെൻസയുടെ തട്ടിപ്പിന്നിരയായവർ പറയുന്നു.

തട്ടിപ്പിന്നിരയായ സന്തോഷ് പറയുന്നത് ഇങ്ങനെ:

ബഷിർ അലി ശിഹാബ് തങ്ങൾ ആണ് 2015 ൽ പ്രൊജക്റ്റ് ലാഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. അതൊക്കെ കണ്ടിട്ട് തന്നെയാണ് പണം നൽകിയത്. നാല്പത്തിയഞ്ചു ലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത്. അഞ്ചു വർഷം മുൻപ് നൽകിയ തുക. അവിടെ ഒരു റിസോർട്ട് വരുമെന്നും വില്ല ജീവിതകാലം ആദായം കിട്ടാൻ വഴിയോരുങ്ങുമെന്നും മനസ്സിൽ കരുതി. പക്ഷെ പിന്നീടാണ് ഈ പ്രോജ്കക്റ്റ് നിരന്തരം മാറ്റുന്നതായും വേറെ പരിപാടികൾ ഇതേ ഭൂമിയിൽ ആസൂത്രണം ചെയ്തു ശിഹാബ് മുഹമ്മദ് പണം തട്ടുന്നതായും വ്യക്തമാകുന്നത്. കാവ്യാ മാധവന്റെ വില്ലയാണ് തൊട്ടടുത്ത് ഉള്ളത് എന്നാണ് എന്നോടു പറഞ്ഞത്.

നല്ല റിസോർട്ട് പ്രോജക്റ്റ് ആയി തോന്നുകയും ചെയ്തു. ആകർഷകമായ ഓഫർ ആണ് നൽകിയിരുന്നത്. നാൽപ്പത്തിയഞ്ചു ലക്ഷം നൽകി ഒരു വില്ല വാങ്ങിയാൽ അത് നമ്മുടെ പേരിൽ ആജീവനാന്ത പ്രോപ്പർട്ടിയായി കിടക്കുകയും ചെയ്യും. തട്ടിപ്പ് ആണെന്ന് മനസിലാക്കാൻ വൈകുകയും ചെയ്തു. ഇപ്പോൾ ഈ കാര്യവുമായി ബന്ധപ്പെട്ടു ഞാൻ തിരുവനന്തപുരത്ത് ഉണ്ട്. നിയമനടപടിക്ക് തുടക്കമിടണം എന്നാണ് ഞങ്ങൾ കരുതുന്നത്. അതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വാർത്ത വന്നാൽ കൂടുതൽ പേര് തട്ടിപ്പിൽ കുടുങ്ങാതെ രക്ഷപ്പെട്ടേക്കും. കെൻസയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അനുഭവം ഇങ്ങനെ:

കെൻസയെ ബന്ധപ്പെട്ടപ്പോൾ:

കെൻസയുടെ ഉടമ ശിഹാബ് ഷാ വിദേശത്താണ്. കെൻസയുടെ കാലിക്കറ്റ് നമ്പറിൽ വിളിച്ചപ്പോൾ സെയിൽസ് ടീമിനെയാണ് ലഭിച്ചത്. പ്രോജക്റ്റ് വൈകിയെന്നു സെയിൽസ് വിഭാഗം പറഞ്ഞു. റിസോർട്ട് പ്രോജക്റ്റ് ആശുപത്രിയാക്കി മാറ്റി എന്നാണ് പറഞ്ഞത്. പണം മുടക്കിയവർക്ക് വിവരം നൽകാതെ ഇങ്ങനെ റിസോർട്ട് പ്രോജക്റ്റ് എങ്ങനെ മാറ്റി എന്ന ചോദ്യത്തിനു സെയിൽസ് വിഭാഗം മറുപടി പറഞ്ഞില്ല. എല്ലാം ശിഹാബ് ഷായ്ക്ക് മാത്രമേ അറിയാവൂ എന്നാണ് പറഞ്ഞത്. പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നറ്റ് എന്നാണ് സെയിൽസ് വിഭാഗം പറഞ്ഞത്. ശിഹാബിന്റെ നമ്പർ വാങ്ങി വാട്‌സ് അപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ പറയുന്നത്:

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെൻസ ഹോൾഡിങ്‌സ് എന്ന സ്ഥാപനം അഞ്ചു വർഷം മുൻപേ വയനാട് വൈത്തിരി കാവുംമന്ദത്ത് വില്ലകൾ നിർമ്മിക്കാനായി നിക്ഷേപം സ്വീകരിക്കുകയും വില്ലകൾ പണിത് നൽകുകയോ ഭൂമി രജിസ്‌ട്രേഷൻ ചെയ്ത് തരുകയോ ചെയ്തിട്ടില്ല. വർഷങ്ങളായി യുഎഇയിൽ പ്രവാസ ജീവിതം നയിക്കുന്ന ഒരു കൂട്ടം മലയാളികളാണ് ഞങ്ങൾ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും മണലാരണ്യത്തിൽ സ്വരുക്കൂട്ടിയ സമ്പാദ്യം സുരക്ഷിതമായും ഒപ്പം ജന്മനാടിന്റെ വികസനത്തിനു കൂടി ഉപകരിക്കണം എന്ന നിക്ഷേപം വൻ തട്ടിപ്പായിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ടു ഞങ്ങൾക്ക് നീതി ലഭ്യമാക്കണം.

വൈത്തിരി ബാണാസുര സാഗർ റിസർവോയറിന് അഭിമുഖമായി 48വില്ലകൾ പണിത് ആ വില്ലകൾ എല്ലാം ചേർത്ത് റിസോർട്ട് രൂപീകരിക്കുകയും ഈ റിസോർട്ട് ടൂറിസം രംഗത്തിനു വലിയ മുതൽക്കൂട്ടാകും. നിക്ഷേപം നടത്തിയാൽ സ്വന്തമായി ഒരു വില്ലയും 25000 രൂപ സ്ഥിരം വരുമാനവും ടൂറിസം പാക്കേജുകളും ഒപ്പം അഞ്ചു വർഷം കഴിഞ്ഞാൽ ഒരു കോടി രൂപയുടെ ബൈ ബാക്ക് ഗാരണ്ടിയും ഉൾപ്പെടെ ഉറപ്പ് നൽകിയാണ് ഓരോരുത്തെയും പ്രലോഭിപ്പിച്ച് കെൻസ ഹോൾഡിങ്‌സിന്റെ ശിഹാബ് ഷാ പണം കൈപ്പറ്റിയത്. എന്നാൽ വാഗ്ദാനം ചെയ്ത വില്ലകൾ പൂർത്തിയാക്കുകയോ ഞങ്ങളിൽ പലർക്കും ഭൂമി രജിസ്റ്റർ ചെയ്തു നൽകുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ശിഹാബ് ഷായെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും പ്രവാസികളെ പറ്റിച്ച് തട്ടിപ്പ് തുടരുകയുമാണ് ശിഹാബ് ഷാ ചെയ്യുന്നത്.

ഈ പരാതിയിൽ ഒപ്പ് വെച്ചിരിക്കുന്ന ഞങ്ങളുടെ പത്ത് പേരിൽ നിന്നും മാത്രം മൂന്നു കോടിയാണ് ഇയാൾ തട്ടിയത്. തട്ടിപ്പിന്നിരയായ പ്രവാസികൾ എല്ലാവരും രംഗത്ത് വന്നാൽ പ്രവാസ ലോകത്തെ ഏറ്റവും വലിയ തട്ടിപ്പായി കെൻസ തട്ടിപ്പ് മാറും. കേരളം ആസ്ഥാനമാക്കി നടന്ന ഭൂമി തട്ടിപ്പ് കേസിൽ യുഎഇയിൽ നിയമനടപടികൾ സ്വീകരിക്കാൻ പരിമിതികളും ബുദ്ധിമുട്ടുകളുമുണ്ട്. ഞങ്ങൾ പ്രവാസികൾ ആയതിനാലും കോവിഡ് കാലമായതിനാലും നിയമനടപടികൾ സ്വീകരിക്കാൻ പ്രയാസമുണ്ട്. ഞങ്ങൾ പത്തു പേരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന്റെ എല്ലാ ഡോക്യുമെന്റ്‌സുകളും ഞങ്ങൾ പരാതിക്ക് ഒപ്പം വെച്ചിട്ടുണ്ട്. ഈ പരാതിയിൽ സർക്കാർ ഇടപെടണം. ഇപ്പോൾ നിർമ്മാണം നടത്തുന്ന കെൻസ വെല്ലാസ് ഹോസ്പിറ്റലിന്റെ നിർമ്മാണം തടഞ്ഞുള്ള സ്റ്റോപ്പ് മെമോ നൽകി മറ്റുള്ള പ്രവാസികളെ വഞ്ചിക്കാതിരിക്കാൻ അവസരം ഒരുക്കണം. ശിഹാബ് മുഹമ്മദിനെതിരെ ഐപിസി 420 ഉൾപ്പെടെ വകുപ്പുകൾ ചുമത്തി നിയമനടപടി സ്വീകരിക്കണം-പരാതിയിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP