Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയത് പിൻഗാമിയുടെ ആരോഹണമായി തന്നെ; പിണറായി സർക്കാരിനെതിരായ പ്രതിഷേധവും അറസ്റ്റും മത്സരത്തിലേക്കുള്ള ചൂണ്ടു പലക; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകും; ഉമ്മൻ ചാണ്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയത് പിൻഗാമിയുടെ ആരോഹണമായി തന്നെ; പിണറായി സർക്കാരിനെതിരായ പ്രതിഷേധവും അറസ്റ്റും മത്സരത്തിലേക്കുള്ള ചൂണ്ടു പലക; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകും; ഉമ്മൻ ചാണ്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകൻ രാഷ്ട്രീയത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കാൻ സാധ്യത തെളിയുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും, പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ അടുത്ത തവണ ഉമ്മൻ ചാണ്ടിക്ക് പകരം ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് പുതിയ നീക്കം.

പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മന് സീറ്റു നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയും ചാണ്ടിക്കായി സമർദ്ദം ചെലുത്തുന്നുണ്ട്. എ ഗ്രൂപ്പ് പ്രതിനിധിയായാണ് ഷാഫി യൂത്ത് കോൺഗ്രസ് തലപ്പത്ത് എത്തുന്നത്. ഷാഫിയുടെ നിർദ്ദേശത്തെ ഏവരും അനുകൂലിക്കുകയുമാണ്. അതുകൊണ്ട് തന്നെ ചാണ്ടി ഉമ്മന് മത്സര സാധ്യത ഏറെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പോലും ചാണ്ടി ഉമ്മനെ പരിഗണിക്കും. വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിന് അടിസ്ഥാനമെന്നും പുറയുന്നു.

കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്. ജോസ് കെ.മാണി മുന്നണി വിട്ട സാഹചര്യത്തിൽ ഇക്കുറിയും യുഡിഎഫിന്റ കരുത്ത് ചോർന്നില്ലെന്ന് തെളിയിക്കണം. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായാൽ നിയമസഭയിലേക്കുള്ള ചാണ്ടി ഉമ്മന്റെ സാധ്യത കൂട്ടും. പുതുപ്പള്ളിയിൽ മത്സരിച്ചാൽ പിന്നെ രാഷ്ട്രീയക്കാരനാകാം. അമ്പതു കൊല്ലം പുതുപ്പള്ളിയുടെ എംഎൽഎായ ഉമ്മൻ ചാണ്ടിക്ക് ഇനി മത്സരിക്കാൻ ആഗ്രഹമില്ലെന്നാണ് സൂചന. നിയമസഭയിൽ മകനെ മത്സരിപ്പിച്ച ശേഷം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കാനും ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദ്ദമുണ്ട്.

ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മത്സരത്തിനുള്ള ആഗ്രഹത്തിനെ രമേശ് ചെന്നിത്തലയും അനുകൂലിക്കും. പുതുപ്പള്ളി നിയമസഭാ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചാലും എതിർക്കില്ല. വിദ്യാഭ്യാസ കാലത്ത് ഡൽഹിയിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിൽ നേതാവായിരുന്നു ചാണ്ടി ഉമ്മൻ. സോളാർ കേസിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചു. ഇനി അതിന്റെ ആവശ്യമില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. തന്റെ പിൻഗാമിയായി പുതുപ്പള്ളിയുടെ ഭാവി എംഎൽഎയായി ഉമ്മൻ ചാണ്ടി കാണുന്നത് ചാണ്ടി ഉമ്മനെയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത ചാണ്ടി ഉമ്മനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറിയായി ചാണ്ടി ഉമ്മൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഏതാനും നാളുകളായി ചാണ്ടി ഡൽഹിയിലായിരുന്ന ചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല, യൂത്ത് കോൺഗ്രസ് ദേശീയ പ്രചാരണസമിതിയിൽ അംഗമായാണ് ഡൽഹിയിൽ എത്തിയത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോഎന്ന് ഉമ്മൻ ചാണ്ടി മനസു തുറന്നിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ ആലോചിക്കുമെന്നേ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളു. ഒരു ടേം കൂടി എംഎ‍ൽഎ ആയാൽ ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം മത്സരിച്ച റെക്കാഡ് കെ.എം.മാണിയെ മറികടന്നു ഉമ്മൻ ചാണ്ടിയുടെ പേരിലാകും. എങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ അവസാന നിമിഷം പുതുപ്പള്ളിയിൽ മകനെ സ്ഥാനാർത്ഥിയാക്കി ഉമ്മൻ ചാണ്ടി മാറി നിൽക്കുമെന്ന പ്രചാരണം ശക്തമാണ്. കോട്ടയം മാമ്മന്മാപ്പിള ഹാളിൽ നടന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളിലും പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിയുടെ സ്വീകരണ പരിപാടികളിലും ആദ്യാവസാനം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു.

പരിപാടികൾ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യത്തോടെ നിയന്ത്രിച്ചത് മകനായിരുന്നു, അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ ഉമ്മൻ ചാണ്ടി പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയതിന് സാക്ഷിയായ നാട്ടുകാർ പുതുപ്പള്ളിയുടെ പിൻഗാമിയുടെ ആരോഹണമായിട്ടാണ് അത് കണ്ടത്.യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആവുക സ്വാഭാവികമായും പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ആയിരിക്കും.

അതേ സമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ എ വിഭാഗം എംഎ‍ൽഎമാർക്ക് ഭൂരിപക്ഷം വന്നാൽ ഉമ്മൻ ചാണ്ടിക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, രമേശിനു വേണ്ടി മാറി നിൽക്കുമെന്ന സൂചനയാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP