Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വസ്തനെ കൈവിടാൻ പിണറായി സർക്കാർ പിടിവാശി കാട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വടി എടുക്കും; ലോക് നാഥ് ബെഹ്‌റയെ മാറ്റാതെ തരമില്ല; ഡിജിപിയായി ബെഹ്‌റ തുടർന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുക പരാതികളുടെ പ്രളയം; കണിശക്കാരനായ ഋഷിരാജ് സിംഗിന് പുതിയ ഡിജിപി ആയി നറുക്ക് വീഴുമോ?

വിശ്വസ്തനെ കൈവിടാൻ പിണറായി സർക്കാർ പിടിവാശി കാട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വടി എടുക്കും; ലോക് നാഥ് ബെഹ്‌റയെ മാറ്റാതെ തരമില്ല; ഡിജിപിയായി ബെഹ്‌റ തുടർന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുക പരാതികളുടെ പ്രളയം; കണിശക്കാരനായ ഋഷിരാജ് സിംഗിന് പുതിയ ഡിജിപി ആയി നറുക്ക് വീഴുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലോക് നാഥ് ബഹ്‌റയെ തന്നെ ഡിജിപിയായി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടാമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകാൻ സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ശക്തമായി നടപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നിർദ്ദേശങ്ങളിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർക്കശമായി പാലിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്രം നിർദ്ദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. ഒരു പരാതിക്കും ഇടവരാതെ തിരഞ്ഞെടുപ്പ് നടത്താനാണ് കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായി ആയ ടീക്കാറാം മീണയും ഒരുങ്ങുന്നത്. ഇതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വിട്ടുവീഴ്ച നടത്താൻ ഇടയില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡിജിപിയാക്കി നിയമിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് മീണയും ഒരുങ്ങുന്നത്.

ബെഹ്‌റ മൂന്നു വർഷം ഡിജിപി പദവിയിൽ തികച്ച സാഹചര്യത്തിൽ സർക്കാർ നീക്കം എന്തായിരിക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറ്റുനോക്കുന്നത്. ബെഹ്‌റയെ സർക്കാർ തന്നെ മാറ്റുകയാണെങ്കിൽ കമ്മിഷൻ അനങ്ങില്ല. പക്ഷെ ബഹ്‌റയെ വെച്ച് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഭാവമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടും. സർക്കാർ പിടിവാശിയിലാണെങ്കിൽ സർക്കാരുമായി ഒരേറ്റുമുട്ടലിനു തിരഞ്ഞെടുപ്പ് കമ്മിഷൻ മടിച്ചേക്കില്ല. ബഹ്‌റയെ വെച്ച് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സർക്കാർ നീക്കം എന്നു അറിയിച്ചാൽ കമ്മിഷൻ ഇടപെടും. ഇതുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന പരാതികളെക്കുറിച്ച് സർക്കാരിനെ ഓർമ്മിപ്പിക്കും. തിരഞ്ഞെടുപ്പ് കാര്യത്തിൽ അവസാന തീരുമാനം കമ്മിഷൻ ആയതിനാൽ പരാതി ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കടുംവെട്ടു തന്നെ കമ്മിഷൻ വെട്ടിയേക്കും. കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദ്ദേശം ഈ രീതിയിൽ ആയതിനാൽ വിട്ടുവീഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും സർക്കാർ പ്രതീക്ഷിക്കേണ്ടതില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

നിക്ഷ്പക്ഷനായ ഉദ്യോഗസ്ഥൻ വേണം എന്ന നിബന്ധന വെച്ചു പുലർത്തുന്നതിനാൽ ജയിൽ മേധാവി ഋഷിരാജ് സിംഗിന് തന്നെ നറുക്ക് വീണേക്കും. ഇടത് സർക്കാരുമായി ഉടക്കി നിൽക്കുന്ന ജയിൽ മേധാവിയാണ് ഋഷിരാജ് സിങ്. പല പ്രശ്‌നങ്ങളിലും രൂക്ഷമായ അഭിപ്രായ വ്യത്യാസം സർക്കാരും ഋഷിരാജ് സിംഗും തമ്മിൽ നിലനിൽക്കുന്നുണ്ട്. സർക്കാർ താത്പര്യങ്ങൾ ജയിലുകളിൽ നടപ്പിലാക്കാൻ അനുവദിക്കാതെയുള്ള കടുത്ത നിലപാട് സിങ് എടുക്കുന്നതിനാൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കടുത്ത അപ്രീതിയാണ് സിംഗിന്റെ നേർക്കുള്ളത്. ബഹ്‌റയെ മാറ്റുമ്പോൾ ഇതേ സിംഗിനെ തന്നെ ഡിജിപിയായി നിയമിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് സർക്കാരിനെ അലട്ടുന്നത്. അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ അടക്കം മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് -റവന്യു വകുപ്പുകളിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് മാറ്റണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാന് പിടിക്കുന്ന ടിക്കാറാം മീണയാണ് ഈ നീക്കത്തിന് പിന്നിൽ. ബെഹ്‌റയ്ക്ക് വിരമിക്കാൻ ഇനി ആറ് മാസം മാത്രമുള്ളപ്പോഴാണ് മാറ്റണമെന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. പൊലീസ് മേധാവിത്ത സ്ഥാനം ഏറ്റെടുത്ത് ജൂണിൽ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ബെഹ്‌റയെ മാറ്റാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ബെഹ്‌റയെ മാറ്റുകയാണെങ്കിൽ പൊലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ യുപിസിസിക്ക് കൈമാറണം. ബെഹ്‌റ മാറുകയാണെങ്കിൽ ഋഷിരാജ് സിങ്, ശ്രീലേഖ, ടോമിൻ ജെ. തച്ചങ്കരി, .സുദേഷ് കുമാർ, എന്നിവരാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇതിൽ ഋഷിരാജ് സിംഗിനെ ഡിജിപിയാക്കേണ്ട സാഹചര്യമാണുള്ളത്.

എന്നാൽ പിണറായിക്ക് താൽപ്പര്യ കുറവുണ്ട്. അങ്ങനെ ഡിജിപിയായി പുതിയ ആളിനെ നിയമിച്ചില്ലെങ്കിൽ ടികാറാം മീണ ഇടപെടൽ നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം സർക്കാർ പാലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ടികാറാം മീണയ്ക്ക് ഇടപെടൽ നടത്താനാകും. അതായത് ഋഷിരാജ് സിംഗിനെ പൊലീസ് മേധാവിയായി കമ്മീഷൻ നിയമിക്കുന്ന സാഹചര്യം ഉണ്ടാകും.

സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. എക്സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗിനെ മാറ്റിയതും പിണക്കം കാരണമാണ്. ജയിൽ ഡിജിപിയായപ്പോഴും ഋഷിരാജ് സിങ് എതിർപ്പ് തുടർന്നു. ജയിൽ വകുപ്പിലെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഋഷിരാജ് സിങ് സർക്കാരുമായി കൊമ്പുകോർത്തിരുന്നു. അത്തരത്തിലൊരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവിയാക്കാൻ സർക്കാരിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ വിരമിക്കുന്നതു വരെ ബെഹ്റ തുടരുന്നതിനോടാണ് താൽപ്പര്യം.

ലോക്നാഥ് ബെഹ്റയ്ക്ക് ജൂണിൽ സർവ്വീസ് തീരും. ഋഷിരാജ് സിംഗിന് ജൂലൈയിലും. ഈ മാസം ബെഹ്റയെ മാറ്റിയാൽ ഋഷിരാജ് സിംഗിന് പൊലീസ് തലപ്പത്ത് ആറു മാസത്തിൽ അധികം ലഭിക്കുന്ന സാഹചര്യം വരും. പട്ടികയിൽ പിന്നീടുള്ള അരുൺകുമാർ സിൻഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. എസ് പി ജിയുടെ ഡയറക്ടറായ സിൻഹ കേരളാ കേഡറിലേക്ക് തൽകാലം വരില്ല. പിന്നെയുള്ളത് ടോമിൻ തച്ചങ്കരിയാണ്. 2023 വരെ സർവ്വീസുണ്ട് തച്ചങ്കരിക്ക്. ഈ പേരിനോട് മുഖ്യമന്ത്രിക്ക് താൽപ്പര്യവുമുണ്ട്. എന്നാൽ സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയ്ക്ക് തച്ചങ്കരിയോട് താൽപ്പര്യമില്ല. പിണറായിയുടെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയും എതിരാണ്. ഇതാണ് തച്ചങ്കരിക്ക് വിനയാകുന്നത്. ലാവ്ലിൻ കേസിൽ ഉൾപ്പെടെ പല സഹായങ്ങളും ബെഹ്റ മുഖ്യമന്ത്രിക്ക് ചെയ്തു കൊടുത്തിരുന്നു. ശ്രീവാസ്തവയും എതിരാണ്. പരമാവധി സമയം, ലോക്നാഥ് ബെഹ്റയെ നിയമിക്കാനാണ് പിണറായിയുടെ ആഗ്രഹം. സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാൻ പിണറായി തയ്യാറാകുമെന്നും സൂചനയുണ്ട്. പൊലീസുകാരനെ മകൾ തല്ലിയ കേസിൽ കുടുങ്ങിയ ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP