Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നോവൽവായന(കൾ)

നോവൽവായന(കൾ)

ഷാജി ജേക്കബ്‌

'The Novelist destroys the house of his life and uses its stones to build the house of his Novel' - Milan Kundera

ധുനികതയുടെ സാംസ്‌കാരിക മാനിഫെസ്റ്റോയാണ് നോവൽ. അച്ചടി, പുസ്തകം, വായന, റിയലിസം, മുതലാളിത്തം എന്നിവയാണ് നോവലിന്റെ പഞ്ചഭൂതങ്ങൾ. യഥാക്രമം സാങ്കേതികത, മാധ്യമം, സാമൂഹികത, ഭാവുകത്വം, രാഷ്ട്രീയം എന്നീ അനുഭവമണ്ഡലങ്ങളോട് നോവലിനെ സമീകരിക്കുന്നത് ഈ ഘടകങ്ങളാണ്. അതുവഴി കേവലമൊരു ഭാവനാപാഠവും വിനിമയരൂപവുമെന്നതിനപ്പുറം സ്ത്രീ സ്വാതന്ത്ര്യം, മതേതരത്വം, വ്യക്തിവാദം, ദേശീയത, യുക്തിചിന്ത തുടങ്ങിയ ആധുനികതാസംവർഗങ്ങളുടെ ഭാവഭൂമിക തന്നെയായി മാറി, നോവലുകൾ. ജനപ്രിയ-'ചരിത്രം', വീര-'ഇതിഹാസം', ആക്ഷേപ-'ഹാസ്യം', യാത്രാ-'വിവരണം', സ്മൃതി-'രേഖ', പത്ര-'പ്രവർത്തനം', ജീവിത-'കഥ', ചാപ്പ്-'ബുക്ക്'.... എന്നിങ്ങനെ 15-16 നൂറ്റാണ്ടുകളിൽ അച്ചടി സൃഷ്ടിച്ച നിരവധിയായ ആഖ്യാനങ്ങളുടെ പാരമ്പര്യത്തെ സർഗാത്മകമായി പുനർനിർവചിച്ചും പുനർനിർണയിച്ചും കൊണ്ടാണ് മിഗ്വെൽ സെർവാന്റിസ് 1605ൽ ഡോൺ ക്വിക്‌നോട്ട് എഴുതുന്നത്. മനുഷ്യഭാവനയെ ആധുനികീകരിച്ച നോവലിന്റെ രൂപഭാവതത്വങ്ങൾക്കടിത്തറയായി മാറി, ആ രചന. 'സെർവാന്റിസിന്റെ പൈതൃകം' (Legacy of Cervantes) എന്നാണ് മിലൻ കുന്ദേര നോവലിനെ വിളിക്കുന്നത്. അദ്ദേഹമെഴുതി: 'Indeed for me the founder of Modern era is not only Descartes, but also Cervantes'.

സെർവാന്റിസിലും അദ്ദേഹത്തിന്റെ പിന്മുറക്കാരിലും കൂടി 17-ാം നൂറ്റാണ്ട് യൂറോപ്പിൽ നോവലിന്റെ അസ്തിവാരമുറപ്പിച്ചു. 18-ാം നൂറ്റാണ്ട്, ഇയാൻ വാട്ട് ചൂണ്ടിക്കാണിക്കുന്നതുപോലെ ഫിക്ഷണൽ റിയലിസത്തിലൂടെ, അതിന്റെ സൗന്ദര്യാത്മകവും ഭാവുകത്വപരവുമായ കുതിപ്പുകൾ സാധ്യമാക്കി. സാമുവൽ റിച്ചാർഡ്‌സൺ ഉൾപ്പെടെയുള്ളവരുടെ രചനകൾ മുൻനിർത്തി ഹേബർമാസിനെപ്പോലുള്ളവരും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പത്രപ്രവർത്തനം, സാഹിത്യവിമർശനം എന്നിവക്കൊപ്പം നോവലും കൂടി ചേർന്നാണ് ആധുനികതയുടെ രാഷ്ട്രീയ, സാഹിതീയ പൊതുമണ്ഡലങ്ങൾക്കു രൂപം നൽകിയച്. ചരിത്ര, സാമൂഹിക, പ്രണയനോവലുകളുടെ സമാന്തര ധാരകൾ പത്തൊൻപതാം നൂറ്റാണ്ടിൽ വരേണ്യവും ജനപ്രിയവുമായ വായനാലോകങ്ങൾക്കു പിറവികൊടുത്തു. നൂറ്റാണ്ടുമധ്യത്തോടെ വിക്ടോറിയൻ നോവൽ യൂറോപ്പിന്റെ സാംസ്‌കാരിക രാഷ്ട്രീയം നിർണയിച്ചു നിലവിൽവന്നു. കോളനിരാജ്യങ്ങളിൽ ദേശരാഷ്ട്രത്തിന്റെ തന്നെ ഭാവനാരൂപമെന്ന നിലയിൽ ഈ സാഹിത്യഗണം ഉടലെടുക്കുന്നതും അക്കാലത്താണ്. പ്രസാധകർ, വായനശാലകൾ, നിരൂപകർ എന്നിങ്ങനെയുള്ള ആധുനിക സാഹിതീയസ്ഥാപനങ്ങളും എഴുത്തുകാർ, വായനക്കാർ എന്നിവർക്കൊപ്പം പ്രാമാണ്യം നേടി. പാശ്ചാത്യ രാജ്യങ്ങളിൽ നോവലിന്റെ നൂറ്റാണ്ട് എന്ന് പിൽക്കാലത്തറിയപ്പെട്ടു, പത്തൊൻപതാം ശതകം. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, റഷ്യൻ.... തുടങ്ങിയ ഭാഷകളിൽ പിന്നീട് വിശ്വവിഖ്യാതമായ എത്രയെങ്കിലും നോവലുകൾ രചിക്കപ്പെട്ടതും അവയുടെ കർത്താക്കൾ പ്രസിദ്ധരായതും നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ആധുനികതാവാദത്തിന്റെ കാലത്ത്, നോവലിനൊപ്പമോ അതിലധികമോ ഖ്യാതിയും പ്രാമാണ്യവും സിനിമ നേടിയെടുക്കുന്നതാണ് പിന്നീടു നാം കാണുന്നത്. ജനപ്രീതി നേടിയ നോവലുകൾ ഒന്നൊഴിയാതെ സിനിമയായി. കാഴ്ച, വായനയുടെ ഭാവുകത്വരസതന്ത്രത്തെ കീഴടക്കി. യൂറോപ്പും അമേരിക്കയും മാത്രമല്ല, ഏഷ്യയും ആഫ്രിക്കയും ലാറ്റിനമേരിക്കയും കണക്കിലെടുത്താലും 1850 തൊട്ടുള്ള ഒന്നര നൂറ്റാണ്ടുകാലമായിരുന്നു ലോകനോവലിന്റെ സുവർണഘട്ടം എന്ന് ഇന്നു നമുക്കു തീർത്തുപറയാൻ കഴിയും.

ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ 1850-1960 കാലത്തെഴുതപ്പെടുകയും ലോകവ്യാപകമായി പ്രചാരവും അംഗീകാരവും നേടുകയും മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ചലച്ചിത്രാനുകല്പനം നടക്കുകയും ചെയ്ത പത്തുനോവലുകളുടെ വായനയാണ് ആർ.ബി. ശ്രീകലയുടെ 'കാറ്റുവിതച്ചവർ'. നോവലിന്റെ രൂപ-കലാപദ്ധതിയുടെയോ ചരിത്ര-രാഷ്ട്രീയബദ്ധതയുടെയോ വിശകലനം ഈ പുസ്തകത്തിന്റെ സമീപനമല്ല. നോവൽവിമർശനത്തിന്റെ സൈദ്ധാന്തികതയോ അക്കാദമിക വിശകലനമോ ശ്രീകലയുടെ ഊന്നലുകളായി മാറുന്നുമില്ല. ഒറ്റയൊറ്റ രചനകളുടെ സൗന്ദര്യാത്മകവും ഉള്ളടക്കപരവുമായ ആസ്വാദനവും വിവരണവുമാണ് ശ്രീകലയുടെ രീതി. എന്നുതന്നെയുമല്ല ഈ പത്തു കൃതികളുടെയും വായന ഇംഗ്ലീഷിലല്ല, അവയ്ക്കുണ്ടായ മലയാളവിവർത്തനത്തിലാണ് ഗ്രന്ഥകാരി നിർവഹിച്ചിട്ടുള്ളതും. വായനയുടെ സമീപനപരവും മാധ്യമപരവുമായ ഈ സ്വഭാവങ്ങൾ സൃഷ്ടിക്കുന്ന പരിമിതികൾ ആദ്യന്തം ഈ പഠനങ്ങളിലുണ്ട് എന്നു പറയാതെവയ്യ. എങ്കിലും ലോകനോവൽസാഹിത്യത്തിന്റെ അമ്പരപ്പിക്കുന്ന ഭാവനാലോകത്തേക്കുള്ള ആത്മാർഥവും ചടുലവും പ്രസന്നവുമായ കടന്നുപോക്കുകൾ എന്ന നിലയിൽ ഈ പത്തുലേഖനങ്ങളും തികച്ചും പ്രസക്തമാണ്. ഓരോ രചനയും തികച്ചും വായനാക്ഷമവുമാണ്.

ഗുസ്താവ് ഫ്‌ളോബറിന്റെ 'മദാംബോവറി', വിക്ടർ ഹ്യൂഗോവിന്റെ 'ലെ മിറാബ്‌ലെ' എന്നീ ഫ്രഞ്ച് നോവലുകളും ജോൺ സ്റ്റീൻബക്കിന്റെ 'ദ ഗ്രേപ്‌സ് ഓഫ് റാത്ത്', ഏണസ്റ്റ് ഹെമിങ്‌വേയുടെ 'ഓൾഡ്മാൻ ആൻഡ് ദ സീ' എന്നീ ഇംഗ്ലീഷ് നോവലുകളും ഇവാൻ തർഗനീവിന്റെ ഫാദേഴ്‌സ് ആൻഡ് സൺസ്, ഫിയൊദർ ദസ്തയവ്‌സ്‌കിയുടെ ക്രൈം ആൻഡ് പണിഷ്‌മെന്റ്, ലിയോ ടോൾസ്റ്റോയിയുടെ അന്നാ കരേ നിന, മാക്‌സിം ഗോർക്കിയുടെ മദർ, ബോറിസ് പാസ്തർനാക്കിന്റെ ഡോക്ടർ ഷിവാഗോ എന്നീ റഷ്യൻ നോവലുകളുമാണ് ശ്രീകല അവലോകനം ചെയ്യുന്നത്.

കാമനാനിർഭരമായ മനുഷ്യജീവിതത്തിന്റെയും രാഷ്ട്രീയബദ്ധമായ സാമൂഹ്യചരിത്രത്തിന്റെയും കാറ്റുവിതച്ച് ഭാവലോകങ്ങളിൽ കടൽക്കോളുകളുണർത്തിയ കൊടുങ്കാറ്റുകൾ കൊയ്ത രചനകളെന്ന നിലയിൽ ഇവയോരോന്നും നോവലെഴുത്തിനെ എന്നപോലെ നോവൽവായനയെന്ന സാംസ്‌കാരികാനുഭൂതിയെയും അടിമുടി പുനർനിർണയിച്ച വാങ്മയങ്ങളാണ്. ഓരോ നോവലും, അതാതിന്റെ രചനാകാലം; കൃതിക്ക് നോവലിസ്റ്റിന്റെ വ്യക്തി-സ്വകാര്യജീവിതവുമായുള്ള ബന്ധം; അതിലെ നാനാതരം സംഘർഷങ്ങൾ; കൃതിയുടെ ഭാവുകത്വപശ്ചാത്തലം; പ്രമേയം, ഇതിവൃത്തം, ഭാഷ എന്നീ തലങ്ങൾ; ശ്രദ്ധേയങ്ങളായ ചില നിരൂപകാഭിപ്രായങ്ങൾ; കൃതി അത് പുറത്തുവന്ന കാലത്തു സൃഷ്ടിച്ച പ്രഭാവങ്ങൾ, നേടിയ അംഗീകാരങ്ങൾ തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി സവിസ്തരം വിവരിച്ചുപോകുന്ന ഗ്രന്ഥകാരി പത്തുനോവലുകളെക്കുറിച്ചും ഒരേപോലെ മുന്നോട്ടുവയ്ക്കുന്ന ഒരു നിരീക്ഷണം അവ ഗ്രന്ഥകർത്താവിന്റെ ജീവിതാനുഭവങ്ങളുടെ പല രീതിയിലുള്ള പുനരാഖ്യാനമാണ് എന്നതാണ്. പകുതിയിലധികം രചനകൾ റെയ്മണ്ട് വില്യംസും ഇയാൻ വാട്ടുമൊക്കെ ചൂണ്ടിക്കാണിക്കുന്ന സ്ത്രീ-കുടുംബവ്യവസ്ഥകളുടെ വിഖ്യാതങ്ങളായ വിമർശനപാഠങ്ങളുമാണ്. ഈ കാഴ്ചപ്പാടുകൾ ആദ്യന്തം പാലിക്കുന്ന ആർജ്ജവമുള്ള വായനാഭിരതിയാണ് ശ്രീകലയുടെ എഴുത്തിനെ പ്രസക്തമാക്കുന്ന മുഖ്യഘടകം.

യൂറോപ്യൻ റിയലിസത്തിന്റെ പരമമാതൃകയായി കരുതപ്പെടുന്ന പ്ലോബറിന്റെ മദാംബാവറി മനുഷ്യചോദനകളുടെ മഹാസംഘർഷങ്ങൾക്കു കൈവന്ന നോവൽരൂപമാണ്. ആദർശങ്ങൾക്കും യാഥാർഥ്യങ്ങൾക്കുമിടയിലെ അഗാധഗർത്തങ്ങളുടെ ആഖ്യാനം. പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ മാനവികമൂല്യങ്ങളുടെ നിശിതമായ അപനിർമ്മാണം. സ്ത്രീപുരുഷബന്ധത്തിലെ നിഗൂഢവും അനിശ്ചിതവുമായ ലോകങ്ങളുടെ മറനീക്കൽ. പിൽക്കാലത്ത് സിഗ്മണ്ട് ഫ്രോയ്ഡ് ചോദിച്ച വിഖ്യാതമായ ചോദ്യം, 'ഒരു സ്ത്രീക്ക് യഥാർഥത്തിൽ എന്താണ് വേണ്ടത്?', അരനൂറ്റാണ്ടു മുൻപേ ഉന്നയിച്ച നോവൽ.

മദാംബോവറിയുടെ വായനയിൽ ശ്രീകല എമിലിസോളയും മോപ്പസാങ്ങുമുൾപ്പെടെയുള്ളവരെ ഉദ്ധരിച്ചുകൊണ്ട് എമ്മയെന്ന സ്ത്രീയുടെ ജീവിതം നോവലിസ്റ്റ് ആവിഷ്‌ക്കരിക്കുന്നതിന്റെ സാധ്യതകൾ വിവരിക്കുന്നു. 'ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന കാമുകസവിധത്തിൽ എമ്മയിലുണരുന്ന ഭാവം ഫ്‌ളോബർ ആഖ്യാനം ചെയ്യുന്നതിങ്ങനെയാണ്, 'അവർ പരസ്പരം നോക്കി. പരസ്പരം വിറപൂണ്ട് ചേർന്നിരിക്കുന്ന നഗ്നരായ രണ്ട് കമിതാക്കളെപ്പോലെ അവരുടെ ചിന്തകൾ പരസ്പരം ഒരേ വിഷാദഭാവം പൂണ്ടിരുന്നു'.

എനിക്ക് ബർത്തയെ ഒന്നു ചുംബിക്കണം എന്ന് ലിയോൺ എമ്മയോടു പറയുന്നത് പ്രതിരൂപാത്മകമായിട്ടാണ്. എമ്മയെ ചുംബിക്കണം എന്നതിനു പകരം അവളുടെ മകളെ ചുംബിക്കണമെന്നാണ് കാമുകൻ പറയുന്നത്. എമ്മയുടെ സാന്നിധ്യത്തിൽത്തന്നെ ബർത്തയെ അയാൾ ചുംബിക്കുന്നു. അവളുടെ കഴുത്തിൽ പലവട്ടം. ഫ്‌ളോബറിന്റെ രചനാതന്ത്രത്തിന്റെ സവിശേഷതയാണ് ഇത്തരം രംഗങ്ങളിൽ കാണുന്നത്. ഭാവഗീതത്തോടടുക്കുന്ന കാവ്യാത്മകഭാഷ നോവലിലെ പല സന്ദർഭങ്ങളിലും കാണാം.

മഴ പെയ്യാറായി. എമ്മ പറഞ്ഞു.

എനിക്കൊരു മഴക്കോട്ടുണ്ട്. അയാൾ മറുപടി പറഞ്ഞു.

നെറ്റി മുന്നോട്ടു ചരിച്ച്, താടി താഴ്‌ത്തി അവൾ തിരിഞ്ഞുനിന്നു. കൺപീലികളിലേക്ക് പ്രകാശം ഒരു മാർബിൾ കഷണത്തിലേക്കെന്നപോലെ പതിച്ചു. ചക്രവാളത്തിൽ എമ്മയ്ക്ക് ദൃശ്യമാകുന്നതെന്താണെന്നോ തന്റെ മനസ്സിലെ ചിന്ത എന്താണെന്നോ ആർക്കും ഊഹിക്കാൻ കഴിഞ്ഞിരുന്നില്ല.

സ്‌നേഹഭാവത്തിനുള്ളിൽപ്പോലും നിഗൂഢത നിറഞ്ഞ മനസ്സാണ് എമ്മയുടേത്. അത് ആവിഷ്‌ക്കരിക്കാൻ ബിംബസമൃദ്ധമായ ഭാഷയാണ് നോവലിസ്റ്റ് പ്രയോഗിക്കുന്നത്'. ഭർത്താവിനും ഒന്നിലധികം കാമുകന്മാർക്കുമിടയിൽ എമ്മ ജീവിച്ച ജീവിതം ഫ്രാൻസിന്റെ നിലനിന്ന സദാചാരബോധങ്ങളെ പിടിച്ചുലച്ചു. '1856-ൽ മദാം ബൊവറി പ്രസിദ്ധീകരിച്ചപ്പോൾ അതൊരു കോളിളക്കമായിരുന്നു. സദാചാര സങ്കല്പങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന കൃതിയായി അത് വ്യാഖ്യാനിക്കപ്പെട്ടു. കഥാനായികയുടെ ദുരന്തത്തിന് വ്യാഖ്യാനങ്ങൾ നൽകാതെ നോവൽ നിർമമതയിൽ അവസാനിപ്പിച്ചതിന് ആദ്യമേ തന്നെ എതിർപ്പുണ്ടായി. വിക്ടോറിയൻ യുഗത്തിലെ അധികാരസ്ഥാപനങ്ങൾക്ക് മദാം ബൊവറിയിലെ സദാചാരധ്വംസനം സഹിക്കാവുന്നതിലപ്പുറമായിരുന്നു. മാറിമാറി രണ്ട് യുവാക്കളെ പ്രണയിക്കുന്ന സ്ത്രീയെ, അതും വിവാഹിതയെ, ഒരു ഡോക്ടറുടെ ഭാര്യയെ ഉൾക്കൊള്ളാൻ ആ കാലഘട്ടത്തിനു വിമുഖതയായിരുന്നു. ഇത്തരം പ്രമേയങ്ങളും ആഖ്യാനങ്ങളും നൽകുന്ന തെറ്റായ സന്ദേശങ്ങളും ധ്വനിപ്പിക്കുന്ന അശ്ലീലവും നോവലിനെ കോടതികയറ്റി. എന്നാൽ അക്കാലത്തെ പല നോവലുകളെയും പോലെയല്ല, കലാസുഭഗമായിട്ടാണ് ഫ്‌ളോബർ മദാംബൊവറിയിലെ വിവാദരംഗങ്ങൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത് എന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. കോടതി കയറിയതുകൊണ്ടുതന്നെ മദാംബൊവറിയുടെ ഒട്ടനവധി കോപ്പികൾ വിറ്റഴിക്കുകയുണ്ടായി. വായനക്കാർക്കും നിരൂപകർക്കുമിടയിൽ നടന്ന ചൂടുപിടിച്ച ചർച്ച ലോകസാഹിത്യത്തിലേക്ക് നോവലിനെ ഉയർത്തി'.

മറ്റൊരു ഫ്രഞ്ച്‌നോവൽ ഹ്യൂഗോയുടെ 'പാവങ്ങൾ' ആണ്. മാനവികതയുടെ എക്കാലത്തെയും മഹാമാതൃക. മനുഷ്യന്റെ നന്മതിന്മകളെക്കുറിച്ചുള്ള വിശ്വവിഖ്യാതമായ സാഹിതീയ സംവാദം. കുറ്റവും ശിക്ഷയും തമ്മിലുള്ള അപാരമായ വൈരുധ്യങ്ങളുടെ വാൾത്തലയിൽ നൃത്തം ചെയ്യുന്ന മർത്യവിധിയുടെ ഇതിഹാസപാഠം. gmMv hm gmMv എന്ന മനുഷ്യന്റെ അചഞ്ചലവും അപരിമേയവുമായ ജീവിതദർശനങ്ങളെ പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ സമസ്ത മാനവിക മണ്ഡലങ്ങളോടും ബന്ധിപ്പിക്കുന്ന മഹാകാവ്യം. ഹ്യൂഗോ എഴുതുന്നു:

'I don't know whether it will be read by everyone, but it is meant for everyone. It addresses English as well as Spain, Italy as well as France, Germany as well as Ireland, the republic that harbour slaves as well as empires that have serfs. Social problems go beyond frontiers. Humankind's wounds, those huge sores that litter the world, do not stop at the blue and red lines drawn on maps. Wherever men go in ignorance or despair, wherever women sell themselves for bread, wherever children lack a book to learn from or a warm hearth, Les Miserables knocks at the door and says: 'open up, I am here for you'.'.

ശ്രീകല എഴുതുന്നു: 'കാലത്തിന്റെ നീതിപൂർവ്വമല്ലാത്ത നിയമങ്ങളെ വെല്ലുവിളിക്കുകയും മറികടക്കുകയും ചെയ്യുന്ന നോവലാണത്. നോവലിന്റെ ആദ്യം സൂചിപ്പിച്ചതുപോലെ ദാരിദ്ര്യവും അജ്ഞാനവും ലോകത്തു നിന്ന് തുടച്ചുനീക്കാത്തിടത്തോളം ഈ നോവലിന് പ്രസക്തിയുണ്ട്. മാനവരാശിയുടെ മോചനം ആ രണ്ടു ഘടകങ്ങളെയും ആസ്പദമാക്കിയാണല്ലോ ഇരിക്കുന്നത്. ഭൂമുഖത്തു നിന്ന് അവ രണ്ടും നിർമ്മാർജനം ചെയ്യാൻ സാധിക്കുകയുമില്ല.

ജീവതാവസ്ഥയുടെ ദൈന്യമുഖത്തുനിന്ന് ഉയർന്നുനിൽക്കുന്ന കൃതി, അതു പാവങ്ങൾ മാത്രമാണ്. സാമൂഹ്യാവസ്ഥയും വൈയക്തിതാനുഭവങ്ങളും തമ്മിൽ കൈകോർത്തു നിൽക്കുന്ന മറ്റൊരു നോവൽ ലോകസാഹിത്യത്തിൽ അപൂർവ്വമാണ്. വ്യവസ്ഥിതികൾക്കെതിരെ നായകൻ വിപ്ലവം നയിക്കുന്നില്ല; മറികടക്കാനുള്ള ആഹ്വാനം പോലും നൽകുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ജീവിതമെന്ന കീറാമുട്ടിയെ അന്ത്യം വരെ കാത്തുപോരുന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലൂടെ ആപത്കരമായ ജീവിതത്തിലേക്ക് ആഹ്ലാദപൂർവ്വം കടന്നുപോവുകയാണ് പാവങ്ങളിലെ നായകൻ. അയാളെ പിന്തുടരുന്ന ഴാവേർ ഉൾപ്പെടെയുള്ളവർ പരാജിതരാവുകയാണ്. ഒടുവിൽ നിയമവും നീതിക്കു മുന്നിൽ മുട്ടുകുത്തുന്നു. 'മനുഷ്യൻ, ഹാ! എത്ര മഹത്തായ പദം' എന്ന് ലോകത്തെ കാട്ടിക്കൊടുത്ത നോവൽ, ശീർഷകം പോലെ പാവങ്ങളുടെ കഥ തന്നെയാണ്'.

ഇംഗ്ലീഷ് നോവലുകളിൽ ആദ്യത്തേത് 1939ൽ പ്രസിദ്ധീകരിച്ച സ്റ്റീൻബക്കിന്റെ 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങ'ളാണ്. 1920കളിലെ വൻ സാമ്പത്തികത്തകർച്ചക്കുശേഷം കാലിഫോർണിയയിലേക്കു നടന്ന കുടിയേറ്റങ്ങളുടെയും പുറപ്പാടുകളുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അസാധാരണമായ ഒരു ജീവിതഗാഥ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇത്രമേൽ മൂർത്തമായി ചരിത്രവൽക്കരിച്ച നോവലുകൾ മറ്റധികമില്ല. വംശഹത്യകളുടെ, പ്രകൃതിവിരുദ്ധതകളുടെ, മുതലാളിത്തചൂഷണത്തിന്റെ, ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകളുടെ ഘോരകാണ്ഡങ്ങൾ നിറഞ്ഞ രചന. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ അമേരിക്കൻ രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ ചോരയിറ്റുനിൽക്കുന്ന പരിഛേദം. ആനന്ദ് 'സ്ഥാനം തെറ്റിയ വസ്തു'വിൽ എഴുതുന്നതുപോലെ, 'orgasms set by gears, raping methodically, raping without passion.' വായിക്കൂ:

'അമ്മേ, ഞങ്ങൾ തൊഴിലന്വേഷിച്ച് നടക്കുകയായിരുന്നു. സകല വാതിലുകളും മുട്ടി നോക്കി. പ്രയോജനമില്ലെന്നറിഞ്ഞിട്ടും അതിനായി പരിശ്രമിക്കുന്ന യുവാക്കളുടെ ഭീഷണമായ മുഖമാണ് ആ അധ്യായത്തിൽ നിറയുന്നത്. വർദ്ധിച്ച തൊഴിലില്ലായ്മയുടെ ലോകത്തെമ്പാടുമുള്ള മുഖം, അരക്ഷിതാവസ്ഥ എന്നിവ ക്രോധത്തിന്റെ 'മുന്തിരിപ്പഴങ്ങളി'ലൂടെ ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു.

ജീവിതം ദുസ്സഹമായപ്പോൾ വേറൊരിടം തേടി ആ കുടുംബം ഉഴറുന്നു. ഒടുവിൽ അമ്മ തന്നെ കണ്ടെത്തുന്നു പ്രതിവിധി. അമ്മയ്ക്ക് കൂലിയെക്കാൾ പണിയാണ് പ്രധാനം. പടിഞ്ഞാറോട്ട് പോയാൽ പരുത്തിപറിക്കാൻ ആളുകളെ ആവശ്യമുണ്ട്. എന്നാൽ തെക്കോട്ടു പോകാനാണ് ആ കുടുംബം തീരുമാനിച്ചത്. പീച്ച് പഴങ്ങൾ പറിക്കുന്ന തോട്ടത്തിൽ അവർക്കു പണികിട്ടുന്നു. പക്ഷേ അവിടെയും വേലയ്‌ക്കൊത്ത കൂലിയില്ല. അരക്ഷിതാവസ്ഥയിൽ കൂലിക്കുവേണ്ടി മുറവിളി ഉയരുന്നു. അതിനെ അടിച്ചമർത്താൻ അധികൃതരും വാങ്ങുന്ന കൂലിയുടെ പകുതി കൈപ്പറ്റാൻ ഇടനിലക്കാരും. വറചട്ടിയിൽ നിന്ന് എരിതീയിലെറിഞ്ഞപോലായി അവരുടെ ജീവിതം. കൂട്ടത്തിൽ ചുവപ്പന്മാരെ തേടി പൊലീസും.

സംഭാഷണ പ്രധാനമാണ് നോവൽ ശില്പം. അതിലൂടെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. അവർ വ്യാപരിക്കുന്ന മേഖലകളിലും അതിനൊത്ത ഭാഷയും സ്റ്റെയിൻബെക്കിന്റെ കൃതികൾക്ക് ലാളിത്യം പകരുന്നു. ഒപ്പം ബിംബങ്ങളിലൂടെ കഥാപരിസരത്തിന് എന്തെന്നില്ലാത്ത കലാസുഭഗതയും കൈവരുന്നു.

പ്രകൃതി ഈ നോവലിൽ ഒരു കഥാപാത്രം തന്നെയാണ്. വേനലും മഴയും വിരുദ്ധധ്രുവങ്ങളിൽ ജീവിതത്തെപ്പോലെ നിലയെടുക്കുകയാണ്. ആരംഭത്തിലെ വേനലിൽ നിന്നും നോവൽ ഒടുവിലെ മഴക്കാലത്തിലേക്കു കടക്കുമ്പോൾ ദുരിതപൂർണ്ണമാവുകയാണ് ജീവിതം. പട്ടിണി കൊടുമ്പിരികൊള്ളുമ്പോൾ മഴയും കൊടുങ്കാറ്റുമാണ് നദീതടങ്ങളിൽ ജലനിരപ്പുയരുന്നു. പണികുറഞ്ഞു പട്ടിണി പുകഞ്ഞു. വിശപ്പിന്റെ വിളിയും മഴയുടെ അലർച്ചയും പുഴവക്കത്തെ താത്കാലിക വാസസ്ഥലങ്ങൾ നനഞ്ഞുവിറച്ചു. റോസ പ്രസവിക്കുന്നു. ഏറെക്കഴിയും മുമ്പ് ആ കുഞ്ഞു മരിക്കുന്നു. കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യണം. എവിടെ? ജോൺ അങ്കിൾ കുഞ്ഞിന്റെ ശരീരം മറവുചെയ്ത കാർഡ് ബോർഡ് പെട്ടിയുമായി നടക്കുകയാണ്. ഭൂമിയിൽ വെള്ളം കയറാത്ത ഒരു സ്ഥലവും കണ്ടെത്താനായില്ല. ജോണിന്റെ ഇടം തേടിയുള്ള യാത്ര മനുഷ്യവിധിയുടെ നേർക്കുള്ള ചോദ്യചിഹ്നമായി നോവലിൽ നിറയുന്നു'.

ഹെമിങ്‌വേയുടെ 'കിഴവനും കടലു'മാണ് രണ്ടാമത്തെ ഇംഗ്ലീഷ് നോവൽ. ഹെർമൻ മെൽവിലിന്റെ മൊബിഡിക് പോലെ രചിക്കപ്പെട്ട ഹ്രസ്വമെങ്കിലും അനുപമമായ ഒരു കടൽക്ലാസിക്. നോവലിനെക്കാൾ വിചിത്രമായ വ്യക്തിജീവിതം ആരോപിക്കപ്പെട്ടയാളായിരുന്നു ഹെമിങ്‌വേ. വന്യമായ സ്വപ്നങ്ങളും അതിനെക്കാൾ വന്യമായ യാഥാർഥ്യങ്ങളും ചേർന്നു പൂരിപ്പിക്കുന്ന കൊടുങ്കാറ്റു പോലൊരു പുരുഷായുസിന്റെ ആദിപ്രരൂപമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ് നോവലിലെ സാന്റിയാഗോ. ആഴക്കടലിലെ മത്സ്യവേട്ടയുടെ മുഴുവൻ സാഹസങ്ങളും ഒറ്റക്കേറ്റെടുത്ത യോദ്ധാവ്. നൂറുകണക്കിനു റാത്തൽ ഭാരമുള്ള ഭീമനൊരു മാർലിൻ മത്സ്യത്തെ ചൂണ്ടയിൽ കുരുക്കി കരയിലേക്കു വഞ്ചിതുഴയുകയാണയാൾ. സ്രാവുകൾ മാർലിനെ ആക്രമിച്ചുതുടങ്ങി. കരയിലെത്തുമ്പോൾ ഭീമാകാരമായ ഒരസ്ഥികൂടം മാത്രമാണ് ബാക്കി. ജീവിതത്തിന്റെ കൊടിപ്പടം താഴ്‌ത്താൻ മരണത്തെയെന്നല്ല ഒരു ശക്തിയെയും അനുവദിക്കാത്ത ഒറ്റമനുഷ്യന്റെ പടപ്പാട്ടാണ് 'കിഴവനും കടലും'. 'അമരത്വമുള്ള കഥാപാത്രമാണ് സാന്റിയാഗോ. ദിവസങ്ങളോളം ഭക്ഷണമില്ലാതെ സ്രാവുവേട്ടയിലേർപ്പെട്ട് വിജയിയായി തിരിച്ചെത്തുന്ന നായകൻ ആഫ്രിക്കൻ ദ്വീപുകളിലെ സിംഹങ്ങളെ സ്വപ്നം കണ്ടുകൊണ്ട് ഉറങ്ങുകയാണ്. കാരുണ്യരഹിതമായ മനുഷ്യാവസ്ഥയുടെ അടിക്കുറിപ്പെഴുതുകയാണ് ഹെമിങ്‌വേ യഥാർത്ഥത്തിൽ ചെയ്തത്. യുദ്ധക്കളത്തിലെ സമരവീര്യം ആളിക്കത്തിച്ച് നേട്ടങ്ങളിലേക്ക് വഴിതുറക്കുന്ന സർഗ്ഗാത്മക രചനയിൽ സൗന്ദര്യകൽപനകൾ അധികമില്ല. മനുഷ്യർ ജീവിതത്തോടു നടത്തുന്ന പോരാട്ടങ്ങളും മാനസികവും ശാരീരികവുമായ മൽപ്പിടുത്തങ്ങളുമാണ് കൃതിയിലെ പ്രമേയം പ്രതീകവത്കരിക്കുന്നത്. സ്ത്രീ പുരുഷബന്ധമോ അവരുടെ പ്രണയമോ ഇല്ലാത്ത നിരാർദ്രമായ ഈ നോവൽ ജീവിതത്തിന്റെ ആത്യന്തിക സത്യം വെളിപ്പെടുത്തിക്കൊണ്ട് വിശ്വസാഹിത്യത്തിലെ ക്ലാസ്സിക് നോവലുകളിൽ ഇടം കണ്ടെത്തുകയായിരുന്നു.

'കിഴവനും കടലും' ഉയർത്തുന്ന ദാർശനിക മാനങ്ങളിൽ ജീവിതാസക്തിയുടെ മേൽ അനാസക്തന്റെ വിജയഗാഥയുണ്ട്. പ്രതിബന്ധങ്ങളോടു പോരടിച്ചു വിജയം വരിക്കുന്ന ഒറ്റപ്പെട്ട കിഴവൻ ജീവിത വഴിയിൽ ഏകാകിയായിത്തീരുന്ന ഓരോ മനുഷ്യന്റെയും പ്രതീകമാണ്. സ്പാനിഷ് യുദ്ധകാലത്ത് ഗറില്ലായുദ്ധമുറകളുടെ ഏറ്റവും സമർത്ഥമായ പ്രയോഗം കണ്ടുപിടിച്ച ഹെമിങ്‌വേ സ്വന്തം കൃതികളിലും ഒരൊളിപ്പോരാളിയുടെ പരോക്ഷ സാന്നിധ്യത്തിലൂടെ വിജയം ഉറപ്പുവരുത്തുന്നു. എല്ലാ കൃതികളിലും നായകന്മാർ ദുർബലരായ പോരാളികളാണ്. അവരാകട്ടെ എഴുത്തുകാരന്റെ ആത്മവത്ത പ്രകാശിപ്പിക്കുന്നവരുമാണ്. 'കിഴവനും കടലും' എന്ന കൃതിയിൽ അത് സ്ഫടികപ്രായത്തിൽ കാണാം.

വാർദ്ധക്യത്തിന്റെ ഏകാന്തതയിലും പരാധീനതകളിലും മനസ്സുതളരാതെ ജീവിതാസക്തിയുടെ ലവണജലപ്രവാഹത്തിൽ നീന്തിത്തുടിക്കുകയാണ് ഹെമിങ്‌വേയുടെ നോവലിലെ കിഴവൻ'.

ആറ് റഷ്യൻ നോവലുകൾ. ആദ്യത്തേത് പിതാക്കളും പുത്രന്മാരും. ദസ്തയവ്‌സ്‌കിക്കും ടോൾസ്റ്റോയിക്കും മുൻപ് റഷ്യൻനോവലിൽ മർത്യജീവിതത്തിന്റെ കാമനാവൈചിത്ര്യങ്ങൾ, രക്തബന്ധങ്ങൾ, മൂല്യബോധങ്ങൾ, പാപപുണ്യങ്ങൾ.... ഒക്കെ പ്രശ്‌നവൽക്കരിച്ച പ്രതിഭ. 'നിഹിലിസ'ത്തിന്റെ വിഖ്യാതമാതൃകയായി ചർച്ചചെയ്യപ്പെട്ടതാണ് ഈ നോവൽ. ഇരുപതാം നൂറ്റാണ്ടിൽ ലോകനോവലിൽ ഏറെ പ്രചാരം കിട്ടിയ ശൂന്യതാവാദത്തിന്റെ തലതൊട്ടപ്പൻ എന്ന പദവി ഈ രചനയിലെ ബസാറോവിനു കൈവന്നു. 'ഐതിഹാസികത' എല്ലാ അർഥത്തിലും സ്വാംശീകരിക്കുന്ന നോവലുകളുടെ പരമ്പരക്കു തുടക്കമിട്ട കൃതികളിലൊന്നാണിത്. മിഖായേൽ ബക്തിൻ ഈ സങ്കല്പനത്തെ തലകീഴ്മറിക്കുന്നുണ്ടെങ്കിലും.

'ആൺപെൺ ബന്ധങ്ങളുടെ ഊഷ്മളമായ മുഹൂർത്തങ്ങൾ നോവലിൽ ധാരാളമുണ്ട്. സ്ത്രീയും പുരുഷനും ഹൃദയംകൊണ്ടടുക്കുന്നതും പ്രണയം തട്ടിത്തെറിപ്പിക്കുന്നതും രണ്ടു കഥാപാത്രങ്ങളിലൂടെ വ്യക്തമാക്കുന്നു. അർക്കാഡിയോവ് സ്‌നേഹത്തിന്റെ നനുത്ത തലത്തിലൂടെ ഒഴുകിനീങ്ങുമ്പോൾ ബസറോവ് സ്‌നേഹിക്കുന്നവരെ നിരാകരിക്കുകയാണ് ചെയ്യുന്നത്. നിർമ്മമതയോടെ പ്രണയത്തെ സമീപിക്കുന്ന ബസറോവിന്റെ അന്ത്യമുഹൂർത്തങ്ങളിൽ ഒരിക്കൽ തന്റെ ഹൃദയത്തെ തരളിതയാക്കിയ അന്ന എന്ന പെൺകുട്ടി കടന്നുവരുന്നുണ്ട്. സ്‌നേഹനിരാകരണത്തിലുള്ള പകപോക്കൽ പോലെയാണ് അന്തമുഹൂർത്തത്തിലെ ആ പ്രണയിനിയുടെ വരവ്.

ബസറോവിന്റെ പ്രണയസങ്കല്പവും സ്ത്രീകളോടുള്ള കാഴ്ചപ്പാടും സാധാരണയുവാക്കളുടേതുപോലെയായിരുന്നില്ല. ചപലചിത്തനോ ചതിയനോ ആയിരുന്നില്ല ബസറോവ്. ശൂന്യതാവാദം എല്ലാ ബന്ധങ്ങളിലും അയാൾക്കുണ്ടായിരുന്നു. നിലവിലുള്ള വ്യവസ്ഥയ്ക്ക് എതിരെ സഞ്ചരിക്കാനുള്ള ത്വരകൊണ്ടാവാം അന്നാസർജയ്‌വ്‌നയോടും അനുഷ്‌ക്കയോടും തോന്നുന്ന അനുരാഗങ്ങൾ നൈമിഷികമായത്. അയാളുടെ ചിന്താശേഷിയിലും ആശയങ്ങളിലും ആകൃഷ്ടരായവരുടെ ഉള്ളിലെ യുക്തിചിന്തയിലേക്ക് ഭൗതികസത്യത്തിൽ അധിഷ്ഠിതമായ വ്യാഖ്യാനങ്ങളാണ് അയാൾ നിറച്ചത്. കാല്പനികഭാവം തീരെയില്ലാത്ത ആശയലോകത്തിലൂടെ സഞ്ചരിച്ചുകൊണ്ട് മനസ്സുതുറക്കാനും അയാൾക്കു കഴിഞ്ഞില്ല'.

ദസ്തയവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും ഇരുപതാം നൂറ്റാണ്ടിൽ രൂപംകൊണ്ട തത്വചിന്താപരവും മനോവിജ്ഞാനീയപരവുമായ ആധുനികതാവാദ ചിന്തകളുടെ ബൈബിളാണ്. റസ്‌കോൽ നിക്കോഫിനെക്കാൾ പാശ്ചാത്യ മനുഷ്യഭാവനയെ ദ്രവിപ്പിച്ച മറ്റൊരു കഥാപാത്രം ലോകനോവലിലില്ല. സോണിയയുമായുള്ള അയാളുടെ ബന്ധം പോലെ ഇത്രമേൽ സങ്കീർണമായ മറ്റൊരു കാമനാലോകം മറ്റധികം പേർ അനാവരണം ചെയ്തിട്ടുമില്ല. ക്രിസ്തുമതം ജീവിതത്തെക്കുറിച്ചു പഠിപ്പിക്കുന്ന ഏറ്റവും മൂർത്തമായ തത്വത്തിന്റെ പ്രയോഗപാഠമാകുന്നു, 'കുറ്റവും ശിക്ഷയും'. ദസ്തയവ്‌സ്‌കിയുടെ പ്രശസ്തമായ വാക്കുകൾ ഓർക്കുക: 'Man is a mystery, a mystery that has to be solved, and if you spend your whole life unravelling it, dont say you'have wasted your time. I am working on this mystery for I want to be a man'.

'അവളുടെ മുഖത്തു നോക്കാതെ അയാൾ അപ്പോഴും നിശ്ശബ്ദനായി മുറിയിൽ ഉലാത്തുകയാണ്. അവസാനം അയാൾ അവളുടെ നേരെ മുന്നിൽ വന്നു നിന്നു. അയാളുടെ കണ്ണുകൾ തിളങ്ങി. അവളുടെ തോളിൽ പിടിച്ചു. കണ്ണുനീരിൽ കുതിർന്ന മുഖത്തേക്കു നോക്കി ആ കണ്ണുകൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ തേജസ്സുറ്റതായിരുന്നു. ചുണ്ടുകൾ കോച്ചിവലിഞ്ഞു. പെട്ടെന്നയാൾ നിലത്തോളം കുനിഞ്ഞ്, അവളുടെ പാദങ്ങളിൽ ചുംബിച്ചു. ഒരു ഭ്രാന്തനെ കണ്ടതുപോലെ സോണിയ പരിഭ്രമിച്ചു പിൻവാങ്ങി. തീർച്ചയായും അപ്പോൾ അയാളെ കണ്ടാൽ ആർക്കും ഭ്രാന്തനാണെന്നേ തോന്നൂ. അവളുടെ പരിഭ്രമിച്ചുള്ള ചോദ്യത്തിന് അയാളുടെ മറുപടി ഇപ്രകാരമായിരുന്നു,

'നീയെന്ന വ്യക്തിയെയല്ല ഞാൻ നമസ്‌കരിച്ചത്. എല്ലാവിധ കഷ്ടപ്പാടുകളും യാതനകളും അനുഭവിക്കുന്ന മനുഷ്യവർഗ്ഗത്തെയാണ്'. അയാൾ അതും പറഞ്ഞ് ജാലകത്തിനരികിലേക്കു നടക്കുകയാണ്.

നാടകീയ മുഹൂർത്തങ്ങളുടെ തിരതള്ളലാണ് ആ അധ്യായം. മുൾമുനയിൽ നിൽക്കുന്ന ജീവിതമാമ് സോണിയയുടേത്. അവളുടെ മുന്നിൽ മൂന്നു വഴികളാണുള്ളത്. ഒന്നുകിൽ വെള്ളത്തിൽച്ചാടി ആത്മഹത്യ ചെയ്യുക. അല്ലെങ്കിൽ ഭ്രാന്താലയത്തിൽ അഭയം തേടുക, അതുമല്ലെങ്കിൽ അസന്മാർഗ്ഗികതയിൽ മുങ്ങി ഹൃദയത്തെ കല്ലാക്കി മാറ്റി മൃഗതുല്യമായ ജീവിതം നയിക്കുക.

നാടകത്തിൽ അരങ്ങിനെ അവതരണ വസ്തുവാക്കുന്ന ചിലതുണ്ട്. അതുപോലെയാണ് സോണിയയ്ക്കും റസ്‌ക്കോൾ നിക്കോവിനും ഇടയിലേക്കു കടന്നു വരുന്ന ബൈബിൾ. അതാണ് ഇരുവരെയും ഒന്നിപ്പിക്കുന്നത്. ഇവളൊരു പരിശുദ്ധയായ വിഡ്ഢിയാണ് അയാൽ ആത്മഗതമായി പറഞ്ഞു. മേശവലിപ്പിൽ ഒരു പുസ്തകം കിടക്കുന്നതു കമ്ടു. മുറിയിൽ ഉലാത്തുമ്പോഴെല്ലാം അയാൽ അതു ശ്രദ്ധിച്ചിരുന്നു. അയാളാ പുസ്തകം എടുത്തു മറിച്ചു നോക്കി. പുതിയനിയമത്തിന്റെ റഷ്യൻ പരിഭാഷയാണ്. തുകൽകവറിട്ട പഴയൊരു പതിപ്പ്. അത് വളരെയധികം ഉപയോഗിച്ച് പഴകിയിരിക്കുന്നു.

ആ ബൈബിളിൽ നിന്ന് ലാസറിന്റെ ഉയിർത്തെഴുന്നേല്പ് വായിക്കാൻ റസ്‌ക്കോൾ നിക്കോവ് സോണിയയോട് ആവശ്യപ്പെടുന്നു. സോണിയയുടെ കൂട്ടുകാരിയാണ് കൊല്ലപ്പെട്ട ലിസാവെറ്റയെന്ന് അയാൾ അറിയുന്നു; അത് അവൾ കൊടുത്ത ബൈബിളാണെന്നും. ഇവിടെ കഥാഗതി ചെല്ലുന്നത് ഉയരങ്ങളിലേക്കാണ്. ദസ്തയേവ്‌സ്‌കി എന്ന മഹാനായ എഴുത്തുകാരൻ മനുഷ്യന്റെ നിഗൂഢ മനസ്സിന്റെ കാണാക്കയങ്ങളിലേയ്ക്ക് അനുവാചകരെ കൊണ്ടുപോകുന്നു.

മരിച്ച ലാസറിനെ യേശുക്രിസ്തു കല്ലറയ്ക്കു പുറത്തുകൊണ്ടുവരുന്ന ബൈബിൾ മുഹൂർത്തമാണ് സോണിയ വായിക്കുന്നത്. ലാസറിന്റെ ഉയിർത്തെഴുന്നേല്പിനപ്പുറത്തേയ്ക്കു പോകാനാകാതെ സോണിയ വിങ്ങി. അമ്മയെയും അനിയത്തിയെയും ഉപേക്ഷിച്ചുവന്ന നായകൻ തീരുമാനം അറിയിക്കുന്നു.

'എനിക്കിപ്പോൾ ആകെ അവശേഷിക്കുന്നത് നീ മാത്രമാണ്. അയാൾ തുടർന്നു. നമുക്കൊന്നിച്ച് മുന്നോട്ടുപോകാം'. ശപിക്കപ്പെട്ട അവർ രണ്ടുപേരും ഒരേ മാർഗ്ഗത്തിലൂടെ ഒന്നിച്ചു പോകാൻ തീരുമാനിക്കുന്നു.

'അറിവിന്റെയും ധാർമ്മികതയുടെയും ഭക്തിയുടെയും ലോകത്തു ജീവിക്കേണ്ടവളായ നീ തെരുവിൽ ചെന്നെത്തും... എന്നാൽ നിനക്കതു താങ്ങാനാവില്ല. ഈ നില തുടർന്നാൽ, നീ ഇങ്ങനെ ഒറ്റയ്ക്കു കഴിഞ്ഞാൽ, എന്നെപ്പോലെ നിന്റെയും സമനില തെറ്റും. അതുകൊണ്ട് നമ്മൽ ഒരേ പാതയിലൂടെ ഒന്നിച്ചു പോകണം. നമുക്ക് പോകാം'.

'തകർക്കപ്പെടേണ്ടവ എല്ലാം തല്ലിത്തകർക്കുക, എന്നെന്നേക്കുമായി അത്രതന്നെ. എന്നിട്ട് എല്ലാ യാതനകളും നമ്മൾ സ്വയം ഏറ്റെടുക്കുക. എന്താ നിനക്കു മനസ്സിലാകുന്നില്ലേ? പിന്നീടതു നിനക്കു മനസ്സിലാകും. സ്വാതന്ത്ര്യവും അധികാരവും... എല്ലാറ്റിനുമുപരി അധികാരം, വിറകൊള്ളുന്ന മനുഷ്യർക്കുമേലുള്ള അധികാരം, അതാണ് ലക്ഷ്യം. അതോർക്കുക. അതാണെന്റെ വിടവാങ്ങൽ സന്ദേശം' (പുറം 405)'.

'നാളിതുവരെ എഴുതപ്പെട്ട നോവലുകളിൽ ഏറ്റവും മഹത്തായ രചന' എന്ന് പലരും വാഴ്‌ത്തുന്ന 'അന്നാ കരേ നിന'യാണ് ശ്രീകല വായിക്കുന്ന മറ്റൊരു കൃതി. സ്ത്രീയുടെ ശരീരവും ആത്മാവും തമ്മിലുള്ള സംഘർഷത്തിന്റെ വിശ്വവിഖ്യാതമായ സാഹിത്യപാഠം. കുടുംബം, സമൂഹം, മതം, വിശ്വാസം, ദാമ്പത്യം, പ്രണയം, മാതൃത്വം... അന്നയെ നരകത്തിന്റെ കെടാത്ത തീയാൽ നിരന്തരം പൊള്ളിക്കുന്ന അനുഭവങ്ങളുടെ പരമ്പരകൾ നോവലിൽ ആളിനിറയുകയാണ്. ടോൾസ്റ്റോയിക്കു കഴിഞ്ഞതുപോലെ മറ്റൊരെഴുത്തുകാരനും, ആധുനിക റഷ്യയുടെ കുടുംബഘടനകളെ അവയുടെ അടിക്കല്ലുകളോളം ചെന്ന് പൊളിച്ചടുക്കാനായിട്ടില്ല. ഇന്ത്യയിൽ പോലും എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച നോവലുകളും നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച സിനിമകളും 'അന്ന'യുടെ രൂപാന്തരങ്ങളും ഭാവാന്തരങ്ങളുമാണ്.

'അന്നാകരെനീന ബൂർഷ്വാ ഭൂവുടമാസദാചാരത്തിന്റെ നേരെ ഉയർത്തുന്ന വെല്ലുവിളിയായിട്ടാണ് എസ്.എം. പെട്രോവ് എന്ന സാഹിത്യനിരൂപകൻ കണക്കാക്കുന്നത്. ബൂർഷ്വാ സമൂഹത്തിൽ സ്ത്രീക്ക് വന്നുചേരുന്ന ദുരന്തത്തെ വരച്ചുകാട്ടിക്കൊണ്ട് ആ സമൂഹത്തിന്റെ കാപട്യത്തെ ടോൾസ്റ്റോയി അനാവരണം ചെയ്യുന്നു.

സ്‌നേഹം അവസാനിക്കുന്നിടത്ത് വെറുപ്പ് ആരംഭിക്കുകയാണ്. ദാമ്പത്യത്തിലെ ഈ സത്യം അന്നയും കരെനീനും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ പ്രകടമാകുന്നു.

ഭർത്താവുള്ളൊരു സ്ത്രീ കാമുകനോടൊപ്പം അഴിഞ്ഞാടിനടക്കുന്നുവെന്ന് സമൂഹം പറഞ്ഞുതുടങ്ങി. ഭർത്താവിനെ വിട്ട് എപ്പോഴും അന്ന കാമുകസന്നിധിയിലാണ്. അപവാദം അന്നയുടെ ഭർത്താവിന്റെ ചെവിയിലുമെത്തി. അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പൊട്ടിത്തെറിക്കുന്നു, 'ശരി തന്നെ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹത്തെ പ്രാണനുതുല്യം. അദ്ദേഹത്തിന്റെ കാമുകിയാണ്, ഭാര്യയാണ് ഞാൻ. നിങ്ങളെ ഞാൻ വെറുക്കുന്നു'.

പ്രണയശക്തി മത്തുപിടിപ്പിച്ചതുകൊണ്ടാണ് അന്ന ഭർത്താവിനോട് ഇങ്ങനെ പറയുന്നത്. സ്‌നേഹം അവസാനിച്ചതിന്റെ തെളിവാണ് വെറുപ്പിന്റെ ഭാഷണം. എന്നാൽ ആ പൊട്ടിത്തെറിയിലും അന്ന വേദനിക്കുകയാണ്. നിസ്സഹായാവസ്ഥയിൽ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കേണ്ടി വരുമ്പോൾ എതിർപ്പിനെ വകഞ്ഞുമാറ്റുന്നത് പരുഷഭാഷണത്തിലൂടെയാണ്. എന്നാൽ അപ്പോഴും അന്ന വേവുന്നുണ്ട്.

അന്നയ്ക്ക് കുറ്റബോധമുണ്ട്. താൻ ചെയ്ത പ്രവൃത്തിക്ക് അവൾക്ക് ഒരു ന്യായീകരണവുമില്ല. അജ്ഞാതമായ സംഘർഷങ്ങൾക്ക് ഒപ്പമാണ് അന്ന സഞ്ചരിച്ചുകൊണ്ടിരുന്നത്. അന്നയും വ്രോൺസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചകൾ പതിവായി. ഒരിക്കൽ വ്രോൺസ്‌കിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വേളയിൽ അന്ന സോഫയിൽ നിന്നെഴുന്നേറ്റ് വ്രോൺസ്‌കിയുടെ കാൽക്കലിരുന്നു. അവൽ പറഞ്ഞു, 'എന്റെ ദൈവമേ, എന്നോട് ക്ഷമിക്കണമേ'.'.

ചെക്കോവിന്റെ വാർഡ് നമ്പർ 6 എന്ന രചന, ഒരാശുപത്രിയിൽ രോഗിയും ഡോക്ടറും തമ്മിലുടലെടുക്കുന്ന രൂപകാത്മകവും അസാധാരണവുമായ ബന്ധത്തിന്റെ നിയോഗങ്ങളിലൂടെ വ്യക്തിപരവും സാമൂഹികവും സ്ഥാപനപരവുമായ റഷ്യൻ ക്രമത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അർഥതലങ്ങൾ ആഖ്യാനം ചെയ്യുന്ന കഥയാണ്. പ്രതീകാത്മകമായ മാനങ്ങളിലേക്കു വളരുന്നവരാണ് ഓരോ കഥാപാത്രവും. വ്യക്തിസ്വത്വങ്ങളിലേക്കുള്ള ഭരണകൂടത്തിന്റെ മനുഷ്യവിരുദ്ധമായ കടന്നുകയറ്റങ്ങളുടെ ആവിഷ്‌ക്കാരം. ഡോക്ടർ തന്നെ ചിത്തരോഗിയായി മാറുന്ന അവസ്ഥ.

'ആൻഡ്രൂ എഫിമിച്ച് എന്ന ബഹുമാന്യനായ ഡോക്ടർ കൊടിയ പീഡനങ്ങൾ അനുഭവിക്കുന്നതിനിടയിൽ ചിന്തിക്കുന്നത് ഇപ്രകാരമാണ്. 'ഇരുപതിൽപ്പരം കൊല്ലങ്ങളായി ദിനംതോറും ഈ ആൾക്കാർ താൻ അനുഭവിക്കുന്ന വേദനയല്ലേ അനുഭവിച്ചുകൊണ്ടിരിക്കുന്നത്'.

രോഗികൾക്ക് കൊടിയ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന ആറാം നമ്പർ വാർഡ് ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ മറുപുറമായിട്ട് വായിക്കാം. റഷ്യയുടെ അധീശത്വമാളിയിരുന്ന സാർഭരണകാലത്തിന്റെ പ്രതിഫലനം ചെക്കോവ് സാധ്യമാക്കുന്നത് ചിത്തഭ്രമ ചികിത്സയ്‌ക്കൊരുക്കിയ ആറാം നമ്പർ വാർചിലൂടെയാണ്. ചുറ്റുമുഴള്ള സാധാരണ മനുഷ്യരുടെ ദുരന്തജീവിതാവിഷ്‌കാരമാണ് ചെക്കോവിന്റെ കൃതികൾ'.

'അക്കാലത്തെ സ്വതന്ത്രബുദ്ധിജീവിയുടെ പ്രതീകമാണ് ഇവാൻഡിമിട്രിച്ച്. എഫിമിച്ചും അയാളുടെ ആശയഗതിക്കാരനാണ് എന്നോർക്കുമ്പോൾ നോവലിന്റെ അന്ത്യം വ്യത്യസ്തമാകാതെ തരമില്ലെന്നു ബോധ്യമാവും.

ചെക്കോവിന്റെ ജീവിതവീക്ഷണം വേണ്ടുവോളം നിഴലിക്കുന്ന 'ആറാം നമ്പർ വാർഡ്' സ്വന്തം നിലപാടുതറയുടെ പ്രഖ്യാപനം കൂടിയാണ്. മനുഷ്യനെപ്പറ്റിയുള്ള വീക്ഷണം, അതും സാധാരണ മനുഷ്യരെപ്പറ്റി, ചെക്കോവിന്റെ കഥകളിൽ നിന്നു ലഭിക്കുന്ന സാരത്തെ ദർശനമാക്കി അവതരിപ്പിച്ചിരിക്കുന്നത്,

'മനുഷ്യന്റെ നിലനില്പ് പൂർണ്ണമായും വിശപ്പിനെയും തണുപ്പിനെയും മറ്റുമുള്ള ബോധത്തിലും ഹാംലെറ്റിനെപ്പോലെ മൃത്യുവിലുള്ള ഭീതിയിലുമാണ് നില്ക്കുന്നത്. ജീവിതം വികാരങ്ങളാൽ രൂപപ്പെട്ടിരിക്കുന്നു'. ഈ ദർശനം ചെക്കോവിന്റെ മറ്റു കൃതികളെ ആസ്പദമാക്കിയാലും കണ്ടെത്താൻ കഴിയും. ഇവാൻ ഡിമിട്രിച്ചിലൂടെ ആറാം നമ്പർ വാർഡിൽ ആ കാഴ്ചപ്പാട് വെളിവാക്കുന്നു എന്നു മാത്രം'.

മാക്‌സിം ഗോർക്കി, ചെക്കോവിന്റെ സമാഹൃതകൃതികളുടെ ആമുഖത്തിൽ ചെക്കോവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചെഴുതുന്നുണ്ട്. ഒരിക്കൽ ചെക്കോവ് ഗോർക്കിയോടു പറയുന്നു: ''To live simply to die is by no means amusing, but to live with the knowledge that you will die before your time, that really is idiotic''.

സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ക്ലാസിക്കായി വാഴ്‌ത്തപ്പെടുന്ന മാക്‌സിം ഗോർക്കിയുടെ 'അമ്മ', റഷ്യൻവിപ്ലവത്തിന്റെ പശ്ചാത്തലചരിത്രത്തെ സാക്ഷാത്കരിക്കുന്ന രചനയാണ്. കമ്യൂണിസ്റ്റ് സാഹിത്യസംസ്‌കാരത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട മാതൃക. ഗോർക്കിയുടെ ഏറ്റവും മോശം കൃതിയായി പലരും കണക്കാക്കുമ്പോഴും 'അമ്മ' വിശ്വവിഖ്യാതമായി മാറിയത് കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രചരണസാഹിത്യത്തിന്റെ സുവർണ ഘട്ടത്തിലാണ്. 'മനുഷ്യത്വത്തിൽ നിന്നു വേർപെട്ട വിപ്ലവം വിപ്ലവമല്ല. വിപ്ലവത്തിൽ നിന്ന് വേർപെട്ട മനുഷ്യത്വം മനുഷ്യത്വവുമല്ല' എന്നു തെളിയിക്കുന്ന രചനയാണ് 'അമ്മ'യെന്ന നിരീക്ഷണം വിഖ്യാതമാണ്. സെന്റിമെന്റൽ വിപ്ലവത്തിന്റെ ലഹരിപടർത്തിയ ഉപരിപ്ലവരചനയായിട്ടും മലയാളത്തിലുൾപ്പെടെ ഏറെ വായിക്കപ്പെട്ട കൃതി. അലക്‌സാണ്ടർ ഡ്യൂമാസിന്റെ പ്രസിദ്ധമായ പ്രയോഗം, 'All for one, one for all', ഗോർക്കിയും പിന്നീട് ഐസൻസ്റ്റീനും ഉപയോഗിക്കുന്നത് യഥാർഥത്തിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ രാഷ്ട്രീയോർജ്ജത്തിൽ നിന്നാണ്.

ബോറിസ് പാസ്തർനാക്കിന്റെ 'ഡോക്ടർ ഷിവാഗോ' രാഷ്ട്രീയമായി മാത്രമല്ല ഭാവുകത്വപരമായും അമ്മയുടെ മറുപുറത്താണ് നിലകൊള്ളുന്നത്. സോവിയറ്റ് യൂണിയന്റെ സർവാധിപത്യവ്യവസ്ഥയും കമ്യൂണിസത്തിന്റെ മനുഷ്യവിരുദ്ധതയും വിപ്ലവത്തിന്റെ വ്യർഥതയും ഒരുപോലെ തുറന്നുകാട്ടിയ ഉദാത്തമായ നോവൽ. ഈ നോവലിനുണ്ടായ വിവർത്തനം പോലെ ഇത്രമേൽ രാഷ്ട്രീയപ്രസക്തി കൈവന്ന മറ്റൊരു തർജമപ്രക്രിയ മലയാളത്തിലില്ല. വിമോചനസമരത്തിന്റെ സാംസ്‌കാരിക നായകരിലൊരാളായിരുന്ന മുട്ടത്തുവർക്കിയാണ് സമരം നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ കമ്യൂണിസത്തിന്റെ കറുത്ത രാഷ്ട്രീയം മറനീക്കുന്ന ഷിവാഗോ വിവർത്തനം ചെയ്ത് 1960ൽ പ്രസിദ്ധീകരിക്കുന്നത്. ദസ്തയവ്‌സ്‌കിക്കും ടോൾസ്റ്റോയിക്കുമൊപ്പം മനുഷ്യാനുഭവങ്ങളുടെ മഹാസങ്കടങ്ങളെ, വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഡോക്ടർ ഷിവാഗോ ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും രാഷ്ട്രീയതീവ്രമായ സാഹിത്യാഖ്യാനങ്ങളിലൊന്നാണ്.

ആനന്ദ്, 'വിഭജനങ്ങളി'ൽ ഡോക്ടർ ഷിവാഗോയിൽനിന്നുള്ള ഒരു ഭാഗം ഉദ്ധരിക്കുന്നുണ്ട്.

'അയാൾ മടങ്ങിവന്ന്, വാതിൽ പിന്നിൽ കുറ്റിയിട്ട്, കോട്ടൂരി. രാവിലെ ലാരാ ശ്രദ്ധയോടെ വൃത്തിയാക്കിയതും, അവളുടെ തിരക്കിട്ട പാക്കിങ്ങിന്റെ ഫലമായി വീണ്ടും താറുമാറായതുമായ കിടക്കയിലും കസേരകളിലും നിലത്തും ചിതറിക്കിടന്ന സാധനങ്ങൾ കണ്ടപ്പോൾ, നിലത്ത് മുട്ടുകുത്തി കട്ടിലിന്റെ മരപ്പലകമേൽ നെഞ്ചുചേർത്ത്, കിടക്കവിരിയിൽ മുഖംതാഴ്‌ത്തി, അയാളൊരു കുട്ടിയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് കരഞ്ഞു. പക്ഷേ, അധികനേരമില്ല. എഴുന്നേറ്റ് ധൃതിയിൽ മുഖം തുടച്ച് അയാൾ ക്ഷീണിതനായി ചുറ്റും കണ്ണോടിച്ചു. അനവധാനതയോടെ അയാൾ കൊമാരോവ്‌സ്‌കി വിട്ടുപോയ വോഡ്കയുടെ കുപ്പി കണ്ടെടുത്ത് കോർക്കൂരി ഒരു ഗ്ലാസിൽ പകുതിയോളം ഒഴിച്ച്, വെള്ളവും മഞ്ഞുകട്ടകളും ചേർത്ത്, നിരാശയുടെയും ഇത്തിരി മുമ്പു പൊഴിച്ച കണ്ണീരിന്റെയും അതേ അളവിലും ശക്തിയിലുമുള്ള അഭിരുചിയോടെ നീണ്ട ആർത്തി നിറഞ്ഞ ഇറക്കുകൾ എടുത്തു. അയാൾ ആലോചിച്ചു, Revolutions are made by fanatical men of action with one track mind, men who are narrow minded to the point of genius. They over turn the old order in a few hours or days. The whole upheaval takes a few weeks or at most years, but for decades thereafter, for centuries, the spirit of narrowness which led to the upheaval is worshipped as holy'.

മിഷ ഗോർഡൻ എന്ന കഥാപാത്രത്തിന്റെ ഭാഷണത്തിലൂടെ തന്റെ നോവൽ അവസാനിപ്പിക്കുന്ന ഭാഗത്ത് പാസ്തർ നാക്ക് ഇങ്ങനെയെഴുതി:

'It has often happened in history that a lofty ideal has degenerated into crude materialism. Thus Greece gave way to Rome, and the Russian Enlightenment has become the Russian Ravolution. There is a great difference between the two periods. Blok says somewhere: 'We, the children of Russia's terrible years'. Blok meant this in a metaphorical, figurative sense. The children were not children, but the sons, the heirs, the intelligentsia, and the terrors were not terrible but sent from above, apocalyptic; that's quite different. Now the meraphorical has become literal, children are children and the terrors are terrible, there you have the difference'.

നാളിതുവരെ മലയാളത്തിലുണ്ടായ വിവർത്തനങ്ങളിൽ ഒന്നെങ്കിലും ഒരു നോവലിന്റെയും മഹത്തായ ഭാവലോകങ്ങളോടു നീതിപുലർത്തുന്നതായി ഞാൻ കരുതുന്നില്ല. ഇതുതന്നെയാണ് വിവർത്തനങ്ങളെ മുൻനിർത്തി നോവലുകളുടെ മൂല്യവിചാരം നടത്തുന്നതിലെ തരക്കേട്. എങ്കിൽപ്പോലും, തുടക്കത്തിൽ പറഞ്ഞതുപോലെ ലോകനോവലിലെ ഏറ്റവും ഖ്യാതികേട്ട പത്തു രചനകളെ, അവയുടെ ലാവണ്യഭൂമികകളിലാകൃഷ്ടയായി വായിച്ചതിന്റെ അനുഭവങ്ങളാവിഷ്‌ക്കരിക്കുന്ന ലേഖനങ്ങളെന്ന നിലയിൽ ഈ പുസ്തകം ശ്രദ്ധേയവും പ്രസക്തവുമാണ്.

പുസ്തകത്തിൽ നിന്ന്:-

'മരണത്തിന്റെ വായിൽനിന്ന് രക്ഷപ്പെട്ട അന്നയ്ക്ക് ജീവിതത്തോടുള്ള ആസക്തി വളരെ ശക്തമായിരുന്നു. പുതിയ സന്തുഷ്ടമായ ജീവിതം അവളെ ലഹരി പിടിപ്പിച്ചു. വ്രോൺസ്‌കിയെ ആഴത്തിൽ അറിയുന്തോറും അയാളെ കൂടുതൽ കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങി. വ്രോൺസ്‌കിയെ പൂർണ്ണമായും തന്റേതാക്കുക എന്നുള്ള ആനന്ദിപ്പിക്കുന്ന ഒരുതരം ആവേശമായിരുന്നു. പട്ടാളവേഷത്തിൽനിന്ന് സാധാരണ വേഷത്തിലേക്കുള്ള അയാളുടെ മാറ്റം അനുരക്തയായ ഒരു പെൺകുട്ടിയുടെ വികാരങ്ങളാണ് അവളിൽ ഉണർത്തിയത്.

ഭ്രാന്തമായ ആവേശത്തിന്റെ കാല്പനിക പ്രഭയിൽ ജീവിതം കുഴഞ്ഞുമറിഞ്ഞു. ഒറ്റ ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന പ്രണയമായിരുന്നു അന്നയുടേത്. അതിനൊത്ത് വ്രോൺസ്‌കിയുടെ പ്രണയം ഉയരാത്തത് അവളിൽ നിരാശ പടർത്തി. സ്വാർത്ഥമായ വിചാരങ്ങൾക്കകത്ത് അന്നയുടെ സാമ്രാജ്യം വിപുലമായിരുന്നു. കാല്പനിക ലോകത്ത് സഞ്ചരിക്കുന്ന അവൾ ബാഹ്യലോകത്തെ പുറത്താക്കി വാതിലടച്ചു. അന്ന സ്വന്തം മനസ്സിനെ വെളിവാക്കുകയാണ്, 'എന്റെ പ്രണയം ദിനംപ്രതി വർദ്ധിക്കുകയാണ്. അത് കൂടുതൽ കൂടുതൽ വൈകാരികവും സ്വാർത്ഥവുമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അയാളുടെ പ്രണയം ദിനംപ്രതി കുറഞ്ഞുകുറഞ്ഞു വരികയും ചെയ്യുന്നു. അതെ. അതുകൊണ്ടുമാത്രമാണ് ഞങ്ങൾ വേർപിരിയുന്നത്.'

വ്രോൺസ്‌കിക്കു ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുകയാണ് അന്നയുടെ ജീവിതം. അദ്ദേഹം പൂർണ്ണമായും സ്വന്തമാകണമെന്നാണ് അന്ന ആഗ്രഹിക്കുന്നത്. വ്രോൺസ്‌കിയുടെയും അന്നയുടെയും ബന്ധത്തിൽ തിരിഞ്ഞും മറിഞ്ഞും വരുന്ന പല മുഹൂർത്തങ്ങളിലൊന്നിൽ വ്രോൺസ്‌കി ചോദിക്കുന്നു, ''അന്ന നീ സ്വയം വേദനിക്കുന്നു. ഒപ്പം വേദനിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് ആർക്ക് എന്ത് മെച്ചമാണ് ഉള്ളത്? അവളുടെ കരം സ്വന്തം കൈയിലെടുത്തുകൊണ്ട്, അയാൾ അതിൽ ചുംബിച്ചുകൊണ്ട്, ചോദിച്ചു. ആ സമയത്ത് അയാളുടെ മുഖം കരുണാദ്രമായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുതി. കണ്ണുനീർകണങ്ങൾ അവളുടെ കൈത്തണ്ടയിൽ വീണു ചിതറി. പെട്ടന്നവളുടെ ദേഷ്യവും അസൂയയുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതായി. അവളുടെ ഹൃദയം സ്‌നേഹത്താൽ തുടിച്ചു. അവൾ അയാളെ ആലിംഗനം ചെയ്ത് ശിരസ്സും കഴുത്തും കൈകളും എല്ലാം ചുംബനങ്ങൾ കൊണ്ട് മൂടി''.

വൈകാരിക ഭാവങ്ങളാണ് അന്നയെ നയിച്ചത്. കാമുകന്റെ ആലിംഗനത്തിലും ചുംബനത്തിലും സ്വസ്ഥത കിട്ടുമെങ്കിലും വീണ്ടും ആകുലതകളും സന്ദേഹങ്ങളും കൊണ്ട് സംഘർഷത്തിലേക്ക് വഴുതുന്ന അന്ന അസ്വസ്ഥയാകുമ്പോൾ ഇടതുവിരലിലെ മോതിരം ഇടുകയും ഊരുകയും ചെയ്യുന്നതു കാണാം. അവൾ മരിച്ചു കഴിഞ്ഞാൽ വ്രോൺസ്‌കിക്ക് ഉണ്ടായേക്കാവുന്ന വികാരവിചാരങ്ങളെ സങ്കൽപ്പിച്ചുകൊണ്ടുള്ള ഇരിപ്പാണ് അസ്വാസ്ഥ്യത്തിന്റെ ഒടുവിൽ അന്ന ചെയ്യുന്നത്. തന്റെ മരണത്തിൽ അയാൾ നീറിനീറി ഇല്ലാതാകുമെന്ന് അവൽ കരുതുന്നു. 'ഞാനിപ്പോൾ ഒന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. നിങ്ങളുടെ സ്‌നേഹം. അതെനിക്ക് വേണ്ടുവോളമുണ്ട്. അപ്പോൾ അപമാനകരമായി ഞാൻ മറ്റൊന്നിനെയും കാണുന്നില്ല. അതുള്ളപ്പോൾ എനിക്ക് ശക്തിയുണ്ട്. അഭിമാനമുണ്ട്. സ്ഥാനമുണ്ട്. പദവിയുണ്ട്. അന്തസ്സുണ്ട്.' വ്രോൺസ്‌കിയിലുള്ള വിശ്വാസം അന്നയ്ക്ക് ക്രമേണ കുറയുകയാണുണ്ടായത്.

അന്നയുമായുള്ള ബന്ധം ദൃഢമായപ്പോൾ വ്രോൺസ്‌കിക്ക് അൽപ്പം ഭയമെല്ലാം ഉണ്ടായിത്തുടങ്ങി. അന്ന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അയാളൊന്നു ഭയന്നു. അയാളുടെ മനോഗതമിങ്ങനെയാണ്, 'ഭർത്താവിനെ ഉപേക്ഷിച്ച് അവളോട് ഇങ്ങോട്ട് പോരാൻ പറഞ്ഞാൽ പിന്നീടവളെ എന്റെ കൂടെത്തന്നെ താമസിപ്പിക്കണം. പണമില്ലാതെ ഞാനെങ്ങനെ അവളെ എന്റെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കും?'

ഇത്തരം ചകിതചിന്തകൾ കാമുകമനസ്സിലേക്ക് എത്തുക സ്വാഭാവികമാണ്. പ്രണയത്തിന്റെ മധുവിധു കഴിയുന്നതോടെ കാമുകന്റെ മനസ്സ് പ്രായോഗികതലത്തിലേക്കു മാറുന്നത് നോവലിസ്റ്റ് അനാവരണം ചെയ്യുന്നത് ഏത് കാലത്തിലേക്കും ലോകത്തിലേക്കുമാണ്. മാതൃത്വത്തിന്റെ വേദന.

പ്രണയസാഫല്യത്തിനുവേണ്ടി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോകുന്നെങ്കിലും അന്ന മാതൃസഹജമായ വികാരങ്ങൾക്ക് അടിമയാണ്. കാമുകനെയും സ്വന്തം കുടുംബത്തെയും ഒരേപോലെ സ്‌നേഹിക്കാൻ അന്ന ഇഷ്ടപ്പെടുന്നില്ല. എന്നാൽ മകനെ കാണാനുള്ള മോഹം അന്നയ്ക്ക് അമർത്താൻ കഴിയുമായിരുന്നില്ല. കളിക്കോപ്പുകളുമായി അവൾ രാവിലെ എട്ടുമണിക്ക് സ്വന്തം വീട്ടിൽ കയരിച്ചെല്ലുന്നു. മകന്റെ പിറന്നാൾ ദിവസമാണ്. ജോലിക്കാർ പകച്ചുപോവുകയാണ്. കരെനീൻ കാണാതെ അവൽ കുഞ്ഞിനരികിലെത്തുന്നു. നോവലിലെ ഏറ്റവും വികാരനിർഭരമായ കൂടിക്കാഴ്ചയാണ് അന്നയും മകൻ സെരേസയും തമ്മിലുള്ളത്.

അവൻ എത്ര വളർന്നിരിക്കുന്നു. പെട്ടെന്ന് കണ്ണുതുറന്ന് അവൻ അമ്മയെ തുറിച്ചു നോക്കി. സന്തോഷത്തോടെ അമ്മയുടെ നേർക്ക് കൈനീട്ടി. അവളെ കെട്ടിപ്പിടിച്ചു.

സെരേസാ, എന്റെ പൊന്നുമോനേ, കുഞ്ഞിനെ ആലിംഗനം ചെയ്തുകൊണ്ട് അവൾ വിളിച്ചു.

മമ്മാ... അവൻ മന്ത്രിച്ചു. അവളവന്റെ കഴുത്തിലും തോളിലുമെല്ലാം ഉമ്മവച്ചു.

ഇന്നെന്റെ പിറന്നാളാണ്. മമ്മാ തീർച്ചയായും വരും എന്നെനിക്കറിയാമായിരുന്നു. അവൻ കണ്ണുകളടച്ചു.

അവൾ മകനെ കൊതിയോടെ നോക്കിനിന്നു. അവനെ വീണ്ടും വീണ്ടും ചുംബിച്ചു. ഒന്നും സംസാരിക്കാൻ കഴിയാത്തതുകൊണ്ട് കണ്ണുനീർ പൊഴിച്ചുനിന്നു.

എന്തിനാണ് മമ്മ കരയുന്നത്? അവൻ അതിശയിച്ചു.

സന്തോഷം കൊണ്ടാണ് മോനെ. എത്രനാളായി നിന്നെ കണ്ടിട്ട്. കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

എഴുന്നേൽക്കൂ! ഉടുപ്പ് മാറ്റണ്ടേ? ഞാനില്ലാത്തപ്പോൾ എങ്ങനെയാണ് നീ ഉടുപ്പ് മാറ്റാറുള്ളത്? അവളുടെ തൊണ്ടയിടറി.

ഞാനിപ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കാറില്ല. അതു വേണ്ടെന്നാണ് പപ്പ പറഞ്ഞിരിക്കുന്നത്. എന്റെ ഉടുപ്പ് മാറ്റാൻ വേലക്കാരൻ ഇപ്പോൾ വരും. മമ്മ എവിടെയാണിരിക്കുന്നത്. എന്റെ ഉടുപ്പുന്മേലാണോ?

അവൻ പൊട്ടിച്ചിരിച്ചു. മകനെ നോക്കി അവൾ പുഞ്ചിരിച്ചു.

എന്റെ മമ്മാ! അവൻ കെട്ടിപ്പിടിച്ചു.

ഞാൻ മരിച്ചുപോയെന്നാണോ നീ കരുതിയത്?

ഞാനൊരിക്കലും അത് വിശ്വസിച്ചില്ല.

ഇല്ലേ. എന്റെ പൊന്നുമോനേ.

എനിക്കറിയാം എനിക്കറിയാം. അമ്മയുടെ മുഖത്ത് ഉമ്മവെച്ചുകൊണ്ട് അവൻ പറഞ്ഞു.

അന്നയുടെ ഹൃദയവികാരമെന്തെന്ന് മനസ്സിലാക്കിത്തരുന്ന ജീവിതമുഹൂർത്തമാണിത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിനപ്പുറം ഇരമ്പുന്ന സ്‌നേഹശക്തിയിൽ ചുഴികൾ ഉയർത്തുന്ന പ്രണയാതുരയായ ഒരു സ്ത്രീയുടെ മനസ്സിന്റെ പിടച്ചിലാണത്.

അവൾ കൊണ്ടുവന്ന കളിക്കോപ്പുകളുടെ പൊതി അഴിക്കാനോ കുഞ്ഞിന് കൊടുക്കുവാനോ അവൾക്ക് സാധിച്ചില്ല. എത്ര സ്‌നേഹത്തോടെയും സങ്കടത്തോടെയും തലേന്ന് തെരഞ്ഞെടുത്ത ആ സമ്മാനം അന്ന അതേപടി മടക്കിക്കൊണ്ടുപോയി.

സെരേസായോടുള്ള സ്‌നേഹവും വാത്സല്യവും വ്രോൺസ്‌കിയിൽ പിറന്ന പെൺകുഞ്ഞിനോട് അവൾക്ക് തോന്നിയില്ല.

'എല്ലാം അവസാനിച്ചു. ഞാൻ വീണ്ടും ഏകയായി'.

എന്ന ആത്മഗതം പലപ്പോഴും അന്ന നടത്തുന്നത് നോവലിൽ അവളുടെ വിചിത്രമായ മാനസികനിലയിൽ നിന്നുകൊണ്ട് ഈ വാക്കുകൾ അപഗ്രഥിക്കുമ്പോൾ ഉപബോധമനസ്സിലെ തോന്നലാണിതെന്ന് കാണാൻ കഴിയും. അന്ന ഉത്കണ്ഠാകുലയാണ്. വർത്തമാനകാലത്തെക്കാൾ വരാനിരിക്കുന്ന കാലം ദുരന്തപൂർണ്ണമാണെന്ന് സന്ദേഹിക്കുന്നവളാണ്. അതിനു കാരണം സമൂഹനീതിക്ക് നിരക്കാത്തത് ചെയ്തത് മഹാപരാധമാണെന്ന വിശ്വാസമാണ്. മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കിലും മാന്യയായ ഒരു സ്ത്രീയുടെ അശുഭചിന്തകളിൽ അവൾ തനിച്ചാണ്. പ്രണയത്തിന്റെ തണുപ്പും ചൂടും'.

കാറ്റുവിതച്ചവർ
ആർ.ബി. ശ്രീകല
മെലിൻഡ ബുക്‌സ്
2020, 230 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP