Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുസംഘങ്ങളായി പുറമെ റോന്തു ചുറ്റി ഒരു വിഭാഗം; പള്ളിക്കകത്ത് പ്രാർത്ഥിച്ചും വിലപിച്ചും കണ്ണീരൊഴുക്കിയും മറ്റൊരു കൂട്ടർ; എന്തുവന്നാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായക്കാർ; പള്ളി കിട്ടിയേ തീരുവെന്ന് ഓർത്തഡോക്‌സ് പക്ഷവും; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും; കോതമംഗലത്തെ പള്ളി പിടിക്കാൻ സിആർപിഎഫ്?

ചെറുസംഘങ്ങളായി പുറമെ റോന്തു ചുറ്റി ഒരു വിഭാഗം; പള്ളിക്കകത്ത് പ്രാർത്ഥിച്ചും വിലപിച്ചും കണ്ണീരൊഴുക്കിയും മറ്റൊരു കൂട്ടർ; എന്തുവന്നാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായക്കാർ; പള്ളി കിട്ടിയേ തീരുവെന്ന് ഓർത്തഡോക്‌സ് പക്ഷവും; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും; കോതമംഗലത്തെ പള്ളി പിടിക്കാൻ സിആർപിഎഫ്?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; ചെറുസംഘങ്ങളായി പുറമെ റോന്തു ചുറ്റി ഒരു വിഭാഗം. പള്ളിക്കകത്ത് പ്രാർത്ഥിച്ചും വിലപിച്ചും കണ്ണീരൊഴുക്കിയും മറ്റൊരുകൂട്ടർ. എന്തുവന്നാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ,ജാഗ്രതയിൽ യുവാക്കളുടെയും വൈദീകരുടെയും നേതൃത്വത്തിൽ ഗെയിറ്റുകളിൽ കാവലും. കോതമംഗലം മാർത്തോമ ചെറിയ പള്ളിപ്പരിസരത്തെ കാഴ്ചകൾ ഇങ്ങനെയാണ്.

പള്ളിയേറ്റെടുക്കാൻ ഏതുനിമഷവും പൊലീസെത്തിയേക്കാമെന്ന സ്ഥിതി സംജാതമായതോടെയാണ് ഇന്നലെ വൈകിട്ടുമുതൽ വിശ്വാസികൾ പള്ളിയിൽ ഒത്തുചേർന്ന് ചെറുത്തുനിൽപ്പിന് നീക്കം തുടങ്ങിയത്. മാറിയ സാഹചര്യത്തിൽ യാക്കോബായ വിശ്വാസികളിൽ ഭൂരിപക്ഷവും അതീവദുഃഖിരാണ്. ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്നാണ്് ഇന്നലെ പള്ളിയിൽ ഒത്തുകൂടിയ വിശ്വാസികൾ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇന്നലെ രാത്രി വൈകിയും പള്ളിയിലേയ്ക്കെത്തിയിരുന്നു. പൊലീസ് നീക്കത്തിന്റെ സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 20-ളം വരുന്ന മാധ്യമപ്രവർത്തകരുടെ സംഘവും രാത്രി പള്ളിയിൽ തങ്ങിയിരുന്നു. വൈകുന്നേരത്തോടെ സി ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പിന്നാലെ ഇടവിട്ട് പരിസരത്തെ റോഡിൽ പൊലീസ് വാഹനം റോന്തുചുറ്റുകയും ചെയ്തത് പള്ളിയെത്തിയിരുന്ന വിശ്വാസികളുടെ ആശങ്കകൾ വർദ്ധിക്കുന്നതിന് കാരണമായി.

ഇതോടെ കൂടുതൽ വിശ്വാസികളെ പള്ളിയിലെത്തിച്ച് പ്രതിരോധം ശക്തിപ്പെടുത്താൻ സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കവും ശക്തമാക്കിയിരുന്നു. രാത്രിയായതോടെ പലഭാഗത്തുനിന്നും വൈദീകരും വിശ്വാസികളും ചെറുസംഘങ്ങളായി പള്ളിയിലേയ്ക്ക് എത്തുന്നതും കാണാമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ മുമ്പുണ്ടായിരുന്നതുപോലെ വിശ്വാസികളുടെ വൻതോതിലുള്ള തള്ളിക്കയറ്റം ഇന്നലെ പ്രകടമായിരുന്നില്ല.

കോവിഡിനെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും വിവരങ്ങൾ എല്ലാമേഖലയിലും അറിക്കാൻ വൈകിയതുമാണ് മുമ്പത്തെ രീതിയിൽ വിശ്വാസി പ്രവാഹമില്ലാത്തതിന് കാരണമെന്നും അത്യവശ്യഘട്ടമെന്നു കണ്ടാൽ എല്ലാം മറന്ന് വിശ്വാസികൾ പള്ളിയിലേയ്ക്ക് ഒഴുകിയെത്തുമെന്നുമാണ് ഇക്കാര്യത്തിൽ സഭാനേതൃത്വത്തിന്റെ വിശദീകരണം. നേരത്തെ വിശ്വാസികളുടെ പ്രതിരോധത്തെത്തുടർന്ന് അനുകൂല കോടതി വിധിയുമായെത്തിയ ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാന് ഒന്നര ദിവസത്തോളം കാത്തുനിന്നിട്ടും പള്ളിയിൽ പ്രവേശിക്കാനായില്ല.

പൊലീസ് സംരക്ഷണമൊരുക്കിയതിനാൽ മാത്രമാണ് വിശ്വാസികളുടെ വൈകാരികപ്രകടനങ്ങളിൽ പരിക്കേൽക്കാതെ അന്ന് റമ്പാച്ചൻ രക്ഷപെട്ടത്. വിശ്വാസികളെ അടിച്ചൊതുക്കി റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കേണ്ടെന്ന നിർദ്ദേശം ഉന്നതങ്ങളിൽ നിന്നും ലഭിച്ചതിലാണ് അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീക്കം ഉണ്ടാവാതിരുന്നതെന്നാണ് പരക്കെ പ്രചരിച്ച വിവരം. ഇതുൾപ്പെടെ മൂന്നുതവണ റമ്പാച്ചൻ പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് പള്ളിയിൽ എത്തിയ അവസരത്തിൽ തനിക്ക് നേരെ ആക്രമണമുണ്ടായതായും തോമസ്സ് പോൾ റമ്പാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പള്ളിവിഷയത്തിൽ ഇന്നലെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലാണ് നിലവിലെ സംഭവവികാസങ്ങൾക്ക് ആധാരം. പള്ളി ഏറ്റെടുക്കുന്ന വിഷയത്തിൽ രണ്ടുദിവസംകൂടി നോക്കിയിട്ടും ഫലമുണ്ടായില്ലങ്കിൽ ആ ചുമതല സി ആർ പി എഫിന് കൈമാറുമെന്ന് കോടതി വാക്കാൽ പരാമർശച്ചതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം. നടപടിയുണ്ടായില്ലങ്കിൽ കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലന്ന റിപ്പോർട്ടും ഉൾപ്പെടുത്തിയായിരിക്കും തുടർനടപടികളുണ്ടാവുക എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് മുഖം രക്ഷിക്കാൻ സർക്കാർ പള്ളിപിടിച്ചെടുക്കാൻ ഉടൻ നീക്കം ആരംഭിക്കുമെന്നുള്ള ഊഹഭോഗങ്ങൾ പുറത്തുവന്നത്.

ഈ വിഷയത്തിൽ തങ്ങൾ യാതൊനടപടിയും ആരംഭിച്ചിട്ടില്ലന്നാണ് ഇന്നലെ രാത്രി വൈകിയും ഉന്നതപൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് പ്രതികരിച്ചത്. ഒരേ സമയം ചർച്ചയും പള്ളി പിടുത്തവും ആണ് ഇപ്പോൾ നടക്കുന്നത് എന്നും പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തെ വിശ്വാസി സമൂഹം ശക്തമായി പ്രതിരോധിക്കുമെന്നും ഇടവക വികാരി ഫാ ജോസ് പരത്തുവയലിൽ ഇന്നലെ മറുനാടനോട് പ്രതികരിച്ചിരുന്നു.

50 പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്തെന്നും കോവിഡ് സാഹചര്യം അവഗണിച്ചും വൻ പ്രധിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പും യാക്കോബായ പക്ഷം നൽകുന്നുണ്ട്. പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ഒരു കാരണവശാലും പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകില്ലന്നും ഇതിനായി ജീവൻപോലും തൃജിക്കാൻ തയ്യാറാണെന്നുമാണ് പള്ളിയിലൈത്തിയ വിശ്വാസികളും വൈദീകരും വ്യക്തമാക്കുന്നത്.പള്ളി ഏറ്റെടുക്കൽ നീക്കം ചെറുക്കാൻ രൂപീകൃതമായ മതൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ ക്തമാക്കിയിട്ടുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിയിൽ യോഗംചേർന്നാണ് സമിതി സമരപരിപാടികൾക്ക് അന്തിമ രൂപം നൽകിയത്.

വ്യാഴാഴ്ച ഹർത്താൽ ആചരിക്കാനാണ് പ്രധാന തീരുമാനം.സമിതിയുടെ പ്രവർത്തനങ്ങൾക്ക് വ്യാപാരി സമൂഹവും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൂർണ്ണ പിൻതുണ അറിയിച്ചിട്ടുണ്ട്.പള്ളി പിടിച്ചെടുക്കാനുള്ള നീക്കമുണ്ടായാൽ അതിനെ ശക്തമായി പ്രതിരൊധിക്കുമെന്ന് മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ ഏ ജി ജോർജ്ജും കൺവീനർ കെ എ.നൗഷാദും മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP