Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ ഉദ്യോഗസ്ഥ ഭരണം

ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ ഉദ്യോഗസ്ഥ ഭരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദശസ്ഥാപനങ്ങളിലെ ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന ഭരണനിർവഹണ സമിതിയായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതി രൂപീകരിക്കുന്നതു വരെയാണ് ഉദ്യോഗസ്ഥഭരണം. ദൈനംദിന പ്രവർത്തനങ്ങൾ നടത്താനല്ലാതെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ സമിതിക്ക് അധികാരമില്ല. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയെ നിയോഗിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി.

സമിതിയുടെ ഘടന: ജില്ലാ പഞ്ചായത്ത്: കലക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ. ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ. ഗ്രാമപ്പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, കൃഷി ഓഫിസർ. കോർപറേഷൻ: കലക്ടർ, കോർപറേഷൻ സെക്രട്ടറി, എൻജിനീയർ. മുനിസിപ്പാലിറ്റി: സെക്രട്ടറി, എൻജിനീയർ, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടേണ്ട വിഷയങ്ങൾ പരിഗണിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിച്ചു.

പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി, ധന അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിയുമാണു സമിതിയിൽ. അനുമതി ആവശ്യമുള്ള വിഷയങ്ങളിൽ വകുപ്പു സെക്രട്ടറി വിശദമായ കുറിപ്പു തയാറാക്കി സമിതിക്കു നൽകണം. സമിതി പരിശോധിച്ച ശേഷം അനുമതി തേടും. അനുമതി കിട്ടുന്നതനുസരിച്ചു മന്ത്രിസഭയിലോ സർക്കാർ തലത്തിലോ പരിഗണിക്കും. കമ്മിഷന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണു സർക്കാർ തീരുമാനം.

പത്രിക സമർപ്പണം നാളെ മുതൽ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ ഇറങ്ങും. നാളെ മുതൽ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 20ന് ആണു പത്രികകളുടെ സൂക്ഷ്മപരിശോധന. 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

തിരഞ്ഞെടുപ്പു വിജ്ഞാപനം കമ്മിഷൻ പുറപ്പെടുവിക്കുന്നതിനൊപ്പം അതതു വരണാധികാരികൾ തിരഞ്ഞെടുപ്പു നോട്ടിസ് പരസ്യപ്പെടുത്തുന്നതോടെയാണു പത്രികകൾ സ്വീകരിച്ചു തുടങ്ങുന്നത്. നാളെ 12 മുതൽ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും 3നും ഇടയ്ക്കു പത്രികകൾ സമർപ്പിക്കാം.

തദ്ദേശസ്ഥാപനത്തിലെ വോട്ടർപട്ടികയിൽ പേരുള്ളവർക്കു മാത്രമേ അവിടത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. 21 വയസ്സാണു കുറഞ്ഞ പ്രായപരിധി. ഗ്രാമപ്പഞ്ചായത്തിൽ മത്സരിക്കുന്നതിന് 1000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ യഥാക്രമം 2000, 3000 രൂപ വീതവും നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കണം. മുനിസിപ്പാലിറ്റികളിൽ 2000 രൂപയും കോർപറേഷനിൽ 3000 രൂപയുമാണു കെട്ടിവയ്‌ക്കേണ്ടത്. പട്ടികവിഭാഗക്കാർ പകുതി തുക നൽകിയാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP