Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാമണ്ഡലത്തിന്റെ നവതി വർഷത്തിൽ ചെറുതുരുത്തി വിടാനൊരുങ്ങി വള്ളത്തോൾ കുടുംബം; പഴയ കലാമണ്ഡലത്തോട് ചേർന്നുള്ള രണ്ട് വീടുകളും വിറ്റ് കുടുംബം തൃശൂരിലേക്ക്

കലാമണ്ഡലത്തിന്റെ നവതി വർഷത്തിൽ ചെറുതുരുത്തി വിടാനൊരുങ്ങി വള്ളത്തോൾ കുടുംബം; പഴയ കലാമണ്ഡലത്തോട് ചേർന്നുള്ള രണ്ട് വീടുകളും വിറ്റ് കുടുംബം തൃശൂരിലേക്ക്

സ്വന്തം ലേഖകൻ

ചെറുതുരുത്തി: മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കുടുംബം ചെറുതുരുത്തി വിടാനൊരുങ്ങുന്നു. അദ്ദേഹം സ്ഥാപിച്ച കലാമണ്ഡലത്തിന്റെ നവതി വർഷത്തിലാണ് കുടുംബം ചെറുതുരുത്തി വിട്ട് തൃശൂരിലേക്ക് താമസം മാറാൻ ഒരുങ്ങുന്നത്. പഴയ കലാമണ്ഡലത്തോടു ചേർന്നു വള്ളത്തോൾ കുടുംബം നിർമ്മിച്ചിരുന്ന രണ്ട് വീടുകളാണ് വിൽക്കുന്നത്. നിളയോടു ചേർന്നുള്ള വള്ളത്തോൾ മ്യൂസിയത്തിന് ഇടതും വലതുമായി രണ്ടു വീടുകളാണു കുടംബത്തിനുണ്ടായിരുന്നത്. ഇവ രണ്ടുമാണ് വിറ്റൊഴിയുന്നത്. ഇതിൽ ഒന്നിന്റെ വിൽപ്പന നടന്നു. മറ്റേതിന്റെ വിൽപ്പന ഫെബ്രുവരിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

പേരക്കുട്ടികൾ എല്ലാവരും പല ഭാഗങ്ങളിലായി താമസിക്കുന്നതിനാലാണ് ചെറുതുരുത്തിയിലെ വീടുകൾ വിറ്റു തൃശൂരിലേക്കു താമസം മാറുന്നതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. 90 വർഷം മുൻപാണ് വള്ളത്തോൾ കുടംബം ഇവിടെ എത്തിയത്. കവിയുടെ പുത്രിമാരിൽ ഒരാളായ പരേതയായ മല്ലികയുടെ സ്ഥലവും വീടുമാണ് കഴിഞ്ഞ ദിവസം വിറ്റത്. ഇതു മ്യൂസിയത്തിനു വലതു വശത്തായാണ്. ഇവിടെ താമസിച്ചിരുന്നവർ ഈ മാസം തന്നെ ചെറുതുരുത്തി വിടും. വള്ളത്തോളിന്റെ ഇളയ മകളും പരേതയുമായ വാസന്തി മേനോന്റെ ഭൂമിയും വീടുമാണ് മ്യൂസിയത്തിന് ഇടതു വശത്തുള്ളത്. ഇത് ഫെബ്രുവരിയിൽ വിൽക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മഹാകവിയുടെ എട്ടു മക്കളിൽ ആറു പേർ വർഷങ്ങൾക്കു മുൻപേ ചെറുതുരുത്തിയിലെ ഭൂമി വിറ്റിരുന്നു. കലാമണ്ഡലം സ്ഥാപിച്ചപ്പോഴാണു വള്ളത്തോളും കുടുംബവും ഇവിടേക്കു താമസം മാറ്റിയത്. കലാമണ്ഡലം കുന്നംകുളത്തു തുടങ്ങിയ കാലത്തു കവി അവിടെ തുടർന്നിരുന്നു. സ്ഥാപനം അമ്പലപുരത്തേക്കു മാറ്റിയപ്പോൾ അവിടെയും താമസിച്ചിരുന്നു.

കലാമണ്ഡലത്തിൽ നവതി ആഘോഷം
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഒരു വർഷം നീണ്ട നവതി ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി. കലാമണ്ഡലത്തിലെ പൂർവ വിദ്യാർത്ഥി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി നിലവിളക്ക് തെളിച്ചു. അദ്ദേഹം രചിച്ച കാവ്യഹൃദയം എന്ന കവിത കലാമണ്ഡലം വിനോദ് ആലപിച്ചു. ഇതിനുശേഷമുള്ള പരിപാടികൾ ഓൺലൈനായാണ് നടത്തിയത്.

ഡോ. എൻ.അജയകുമാർ വള്ളത്തോൾ ജയന്തി പ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.അക്കാദമിക് കോ ഓർഡിനേറ്റർ കലാമണ്ഡലം വി. അച്യുതാനന്ദൻ, ഭരണസമിതി അംഗങ്ങളായ പെരുവനം കുട്ടൻ മാരാർ, ഡോ. എൻ.ആർ.ഗ്രാമപ്രകാശ്, ടി.കെ.വാസു,കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നവതി ആഘോഷങ്ങളുടെ ഭാഗമായി പ്രതിഫലമില്ലാതെ കലാമണ്ഡലം അവതരണം നടത്തിക്കൊടുക്കുമെന്ന് കലാമണ്ഡലം ഗോപി. താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ ഏർപ്പെടുത്തുന്ന കഥകളി ആസ്വാദക സംഘങ്ങൾക്കും സ്‌കൂൾ, കോളജുകൾക്കുമാണ് സോദാഹരണ പ്രഭാഷണങ്ങളും ഹ്രസ്വ കഥകളി അവതരണങ്ങളും പ്രതിഫലമില്ലാതെ നടത്തിക്കൊടുക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP