Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീജിത്ത് പണിക്കർ തമാശയ്ക്ക് കുറിച്ചത് മോദിയുടെ പേരിലെടുത്ത് അടിച്ച് ജനയു​ഗം; വാതിൽപ്പഴുതിലൂടെ ദേവിക നോക്കിയപ്പോൾ കണ്ട "യതോ കമല സ്തതോ വിജയ" അല്ല യഥാർത്ഥ സംഭവമെന്ന് പണിക്കരും; ഓൺലൈൻ പോസ്റ്റ് പിൻവലിച്ചെങ്കിലും ദീപയടിയുടെ പേരു​ദോഷം മാറാതെ സിപിഐ പത്രം

ശ്രീജിത്ത് പണിക്കർ തമാശയ്ക്ക് കുറിച്ചത് മോദിയുടെ പേരിലെടുത്ത് അടിച്ച് ജനയു​ഗം; വാതിൽപ്പഴുതിലൂടെ ദേവിക നോക്കിയപ്പോൾ കണ്ട

മറുനാടൻ ഡെസ്‌ക്‌

സിപിഐ മുഖപത്രമായ ജനയു​ഗത്തിൽ തന്റെ വാചകം കോപ്പിയടിച്ചെന്ന് ശ്രീജിത്ത് പണിക്കർ. ജനയു​ഗത്തിൽ ദേവിക എന്ന തൂലികാ നാമത്തിൽ എഴുതുന്നയാളാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകത്തെ മോദിയുടെ ട്വീറ്റ് എന്ന നിലയിൽ അവതരിപ്പിച്ചത്. വാതിൽപ്പഴുതിലൂടെ എന്ന കോളത്തിലെ "യതോ കമല സ്തതോ വിജയ" എന്ന തലക്കെട്ടിൽ ഇന്ന് പ്രസിദ്ധീകരിച്ചതാണ് വിവാദമാകുന്നത്. ഇത് മോദിയുടെ ട്വീറ്റല്ല മറിച്ച് തന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് എന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

സത്യത്തിൽ അങ്ങനെയൊരു സംസ്കൃത വാചകമുണ്ടോ? ഇല്ല. മോദി അങ്ങനെ പറഞ്ഞോ? ഇല്ല. കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റിൽ മോദി അങ്ങനെ എഴുതിയോ? ഇല്ല. പിന്നെ?പറഞ്ഞത് പണിക്കരാണ്. ഇന്നലെ, ഫേസ്‌ബുക്കിൽ. യതോ ധർമ്മ സ്തതോ ജയഃ എന്ന സംസ്കൃത വാചകത്തെ തമാശയ്ക്ക് ഇങ്ങനെ മാറ്റി. അതെടുത്ത് ജനയുഗം മോദിയുടെ പേരിൽ താങ്ങി. ജയഃ എന്നതിനെ പണിക്കർ വിജയ എന്നു മാറ്റിയത് അതെപോലെ വന്നിട്ടുണ്ട്; അതെന്തിനാണ് പണിക്കർ അങ്ങനെ മാറ്റിയതെന്നതും അത് അതേപടി സിപിഐ പത്രത്തിൽ വന്നെന്നതും അതിലേറെ തമാശ. ദീപയടിയാണെന്ന് തോന്നുകയേ ഇല്ല- ശ്രീജിത്ത് പണിക്കർ കുറിച്ചു.ശ്രീജിത്ത് പണിക്കർ ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ ജനയു​ഗത്തിന്റെ ഓൺലൈൻ ഈ കോളം പിൻവലിച്ചിരുന്നു.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഇങ്ങനെ

സിപിഐ മുഖപത്രമായ ജനയുഗത്തിലെ ഇന്നത്തെ കോളം ആണിത്. എഴുതിയത് ദേവിക. "യതോ കമല സ്തതോ വിജയ" എന്നാണ് തലക്കെട്ട്. സംസ്കൃതത്തിലുള്ള ഈ വാചകം പറഞ്ഞത് നരേന്ദ്ര മോദി ആണെന്നും, കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റാണ് ഇതെന്നും ഒക്കെ പറയുന്നുണ്ട് ഈ കോളത്തിൽ.
സത്യത്തിൽ അങ്ങനെയൊരു സംസ്കൃത വാചകമുണ്ടോ? ഇല്ല. മോദി അങ്ങനെ പറഞ്ഞോ? ഇല്ല. കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റിൽ മോദി അങ്ങനെ എഴുതിയോ? ഇല്ല.
പിന്നെ?
പറഞ്ഞത് പണിക്കരാണ്. ഇന്നലെ, ഫേസ്‌ബുക്കിൽ. യതോ ധർമ്മ സ്തതോ ജയഃ എന്ന സംസ്കൃത വാചകത്തെ തമാശയ്ക്ക് ഇങ്ങനെ മാറ്റി. അതെടുത്ത് ജനയുഗം മോദിയുടെ പേരിൽ താങ്ങി. ജയഃ എന്നതിനെ പണിക്കർ വിജയ എന്നു മാറ്റിയത് അതെപോലെ വന്നിട്ടുണ്ട്; അതെന്തിനാണ് പണിക്കർ അങ്ങനെ മാറ്റിയതെന്നതും അത് അതേപടി സിപിഐ പത്രത്തിൽ വന്നെന്നതും അതിലേറെ തമാശ. ദീപയടിയാണെന്ന് തോന്നുകയേ ഇല്ല.
എന്ത് കോളം എഴുത്താണ് ജനയുഗമേ ഇത്? എന്നോട് ചോദിച്ചാൽ ഞാൻ തന്നെ എഴുതി തരുമായിരുന്നല്ലോ.
ലിങ്കുകൾ കമന്റിൽ.

വാതിൽപ്പഴുതിലൂടെ ദേവിക എഴുതിയത് ഇങ്ങനെ...

യതോ കമല, സ്തതോ വിജയ!
‌ദേവിക

പണ്ടത്തെ ഒരു പരസ്യമുണ്ട്. ലെെഫ്ബോയ് സോപ്പിന്റേതാണ്. ‘എവിടെ ലെെഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട്' എന്ന പരസ്യവാചകം. ഇപ്പോൾ ആ പരസ്യം കാണാനില്ല. പിന്നീട് ആ വാചകം കേൾക്കുന്നത് ഇപ്പോഴാണ്. സംസ്കൃതത്തിലാണെന്നു മാത്രം. പറഞ്ഞതോ മോദിയും. ‘യതോ കമല സ്തതോ വിജയ'. കമല (താമര) എവിടെയുണ്ടോ വിജയവും അവിടെയുണ്ട് എന്ന് അർത്ഥം. യുഎസ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബെെഡനൊപ്പം തമിഴകത്തു ജനിച്ച കമലാഹാരിസ് വെെസ് പ്രസിഡന്റായപ്പോഴാണ് മോദിയുടെ ഈ അഭിനന്ദന ട്വീറ്റ്. ബിഹാറിലടക്കം രാജ്യമെങ്ങും ബിജെപിയുടെ താമര വാടിക്കൊഴിയുന്നതിനിടെയാണ് യുഎസിൽ താമര വിരിയുന്നതിൽ മോദിയുടെ ആഹ്ലാദാതിരേകം. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്നു ചോദിച്ചതുപോലെയായി മോദിയുടെ കമലാശംസ. മോദിയെ നാറുന്നുവെന്നും ഇന്ത്യ ദുർഗന്ധം വമിക്കുന്ന രാജ്യമാണെന്നും മെെക്കുവച്ച് പ്രസംഗിച്ച് ഡൊണാൾഡ് ട്രംപിനെ വിജയിപ്പിച്ചെടുക്കാൻ പതിനെ‍ട്ടടവും പയറ്റിയ മോദിയാണ് ട്രംപ് തോറ്റപ്പോൾ കമലയിൽ കയറിപ്പിടിക്കുന്നത്. ട്രംപ് വിജയശ്രീലാളിതനാവുമെന്ന് മോദിയുടെ ഒരു ജ്യോതിഷികൂടി പ്രവചിച്ചിരുന്നു. ട്രംപിന് ലഗ്നത്തിൽ സിംഹവും പത്താം ഭാവത്തിൽ ആദിത്യനുമുള്ളതിനാൽ വെെറ്റ്ഹൗസിൽ അദ്ദേഹം വീണ്ടുമെത്തുമെന്ന ഈ പ്രവചനം പങ്കുവച്ചത് ഇന്ത്യൻ ബഹുരാഷ്ട്ര കോർപ്പറേറ്റും മോദിയുടെ വലംകെെകളിലൊരാളുമായ ആനന്ദ് മഹീന്ദ്രയെന്നതു വേറെ കൗതുകം. മറ്റൊരു കാര്യം കൂടി തെളിഞ്ഞു. മേൽപടി ജ്യോതിഷിയെപ്പോലെയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രവാചകരുമെന്നു നാമെല്ലാം പണ്ടേ കണ്ടതാണ്. ഇപ്പോഴിതാ അമേരിക്കൻ പ്രവാചകരും ട്രംപ് വിജയഭേരി മുഴക്കുമെന്ന് പ്രഖ്യാപിച്ച ശേഷം മണ്ണുകപ്പുന്നു. പ്രവചനമെല്ലാം ഒരാഴ്ചത്തെ കളികളല്ലേ എന്ന് ഒരിക്കൽക്കൂടി തെളിയുന്നു.

ഒരു സ്കൂൾ ഹോസ്റ്റലിലെ ഉപ്പുമാവിന്റെ കഥപോലെയാണ് ബിഹാർ തെരഞ്ഞെടുപ്പും ഇന്ത്യൻ തെരഞ്ഞെടുപ്പുകളിലെ ബിജെപിയും. ഹോസ്റ്റലിൽ എന്നും രാവിലെ വിളമ്പുന്നത് നാക്കിൽ തൊടാനാവാത്ത ഉപ്പുമാവ്. കുട്ടികൾ ഉപ്പുമാവ് വിരുദ്ധസമരം തുടങ്ങി. ഒടുവിൽ ഹിതപരിശോധന നടത്താൻ ഹോസ്റ്റൽ അധികൃതർ തയ്യാറായി. 100 കുട്ടികളുള്ള ഹോസ്റ്റലിലെ വോട്ടെടുപ്പുഫലം വന്നപ്പോൾ 20 പേർക്കു മാത്രം ഉപ്പുമാവ് മതി. 18 പേർക്ക് മസാല ദോശ മതി. 16 പേർക്ക് പൂരി, 19 കുട്ടികൾക്ക് ചപ്പാത്തി. രുചിഭേദങ്ങൾ അങ്ങനെയങ്ങനെ നൂറിലെത്തി. ജനാധിപത്യമെന്നാൽ ഭൂരിപക്ഷമല്ലേ. ഒടുവിൽ 20 പേരുടെ ഉപ്പുമാവ് 100 പേരുള്ള ഹോസ്റ്റലിലെ പ്രാതൽ വിഭവമായി, 35 ശതമാനം വോട്ടു നേടിയ മോദി നാടുവാഴുന്ന പോലെ. പക്ഷെ ബിഹാറിലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉപ്പുമാവ് ഭരണത്തിനെതിരെ ഭിന്നരുചിക്കാർ ഒത്തുചേർന്നപ്പോൾ വിജയപഥത്തിലേക്കു നീങ്ങുന്നു. ഭൂരിപക്ഷത്തിനെതിരെ ന്യൂനപക്ഷം വിജയം കൊയ്യുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചകമായി ബിഹാറിലെ മഹാസഖ്യം.

ബഹുമുഖ പ്രതിഭയും തിരു-കൊച്ചി നിയമസഭയിലെ സിപിഐ അംഗവും 'ജനയുഗം' പത്രാധിപരുമായിരുന്ന കാമ്പിശേരി കരുണാകരൻ പറഞ്ഞ ഒരു കഥയുണ്ട്. കൂട്ടുകാരുമൊത്ത് അദ്ദേഹം ഒരിക്കൽ കൊക്കുകളെ വെടിവച്ചുകൊന്ന് ഇറച്ചിയുണ്ടാക്കാനിറങ്ങി. കൂട്ടുകാരുടെ വെടികളേറ്റ് കൊക്കുകൾ ചത്തുമലച്ചു. കാമ്പിശേരിയും തുരുതുരാ വെടിയുതിർത്തു. പക്ഷേ കൊക്കുകളുടെ ഭാഗ്യത്തിന് എന്റെ ഒരൊറ്റ വെടിയും ലക്ഷ്യം കണ്ടില്ല എന്നാണ് അദ്ദേഹം ആത്മകഥയിലെഴുതിയത്. ഇതുപോലെയായിരുന്നു പണ്ടത്തെ തലസ്ഥാനത്ത് ചാലയിലും പരിസരങ്ങളിലും നടന്ന ലഹളയും. അക്രമികൾ കരമനയിൽ ഒത്തുകൂടി. ലാത്തിച്ചാർജും കണ്ണീർ വാതകവുമെല്ലാം വിഫലമായി. അന്നാണെങ്കിൽ പ്രക്ഷോഭകാരികളെ കുളിപ്പിക്കുന്ന ജലപീരങ്കിയുമില്ല. ആത്മരക്ഷാർത്ഥം പൊലീസ് ജനക്കൂട്ടത്തിലേയ്ക്ക് വെടിവച്ചു. വെടിയെല്ലാം ചെന്നുതുളച്ചത് സമീപത്തെ പെട്ടിക്കടയിലെ മിഠായിക്കുപ്പികളിൽ. കടയുടമസ്ഥൻ സുരക്ഷിതൻ! ഇതുപോലെയായി കഴിഞ്ഞ ദിവസം വയനാട് ബാണാസുരവനത്തിൽ നടന്ന തണ്ടർബോൾട്ട് പൊലീസ് എന്ന വീരശൂരപരാക്രമികളുടെ മാവോയിസ്റ്റ് വേട്ട. വെടിയുണ്ടകൾ തറച്ച് വനത്തിലെ വൃക്ഷങ്ങളെല്ലാം വിണ്ടുകീറി. തൊട്ടപ്പുറത്തുള്ള ഒരൊറ്റ മാവോയിസ്റ്റിനും വെടിയേറ്റില്ല. മാവോവാദികളിലൊരാൾ അബദ്ധത്തിൽ മുന്നിൽ വന്നുചാടി. അയാളെ തൊട്ടടുത്തുനിന്ന് 40 വെടിയുണ്ടകൾ പായിച്ചുകൊന്ന് തണ്ടർബോൾട്ട് വണ്ടർഫുൾ വീരസ്യം കാട്ടി. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് മാത്രം മുക്കുന്ന കലാപരിപാടി ആവർത്തിക്കും. എങ്കിലും നൂറുകണക്കിന് മരങ്ങൾ വെടിവച്ചു നശിപ്പിച്ച തണ്ടർബോൾട്ടന്മാർക്കെതിരെ വനനശീകരണത്തിനെങ്കിലും കേസെടുക്കേണ്ടതല്ലേ!

മക്കൾ പിതാശ്രീമാരെ ചീത്തയാക്കുന്ന കലികാലമാണിത്. എന്നാൽ അച്ഛനും അമ്മയും ചേർന്ന് മകനു പേരുദോഷം വരുത്തിയാലോ. തമിഴകത്ത് രജനീകാന്തും കമൽഹാസനും രാഷ്ട്രീയ പാർട്ടിയുണ്ടാക്കിനിറങ്ങി ഒരു പരുവത്തിലായ അവസ്ഥയാണ്. ഇതെല്ലാം കണ്ടപ്പോൾ ഇളയദളപതി വിജയ്‌യുടെ അപ്പനമ്മമാർക്കും ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാലോ എന്ന ഭാവം. അച്ഛൻ ചന്ദ്രശേഖരൻ പ്രസിഡന്റായും അമ്മ ശോഭ ട്രഷററായും ആൾ ഇന്ത്യാ വിജയ് പീപ്പിൾസ് ഫോറം എന്ന രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട് ഇളയദളപതി അന്തം വി‍ട്ടു. എൻ കടവുളേ അപ്പാ അമ്മമാരെ കാപ്പാത്തണേ എന്നു മുട്ടിപ്പായി പ്രാർത്ഥിച്ചുപോയി. രാഷ്ട്രീയ പാർട്ടിയുണ്ടാക്കി നാണംകെടാൻ താനില്ലെന്ന് പത്രക്കുറിപ്പുമിറക്കി. മാതാപിതാക്കളെ ഇതിന്റെ പേരിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ടോ എന്നറിയില്ല. എന്തായാലും തന്റെ പേരിൽ പടച്ച രാഷ്ട്രീയ പാർട്ടി ചാപിള്ളയായി. എന്തിനുമേതിനും ഈ ദുനിയാവിൽ സ്വന്തം പാർട്ടിയുണ്ടാക്കുന്നവർക്ക് ഗുണപാഠം എഴുതുന്ന തിരക്കിലാണത്രേ ഇളയദളപതിയിപ്പോൾ.

പെണ്ണൊരുമ്പെ‍ട്ടാൽ ബ്രഹ്മനും തടുക്കുമോ എന്ന മട്ടിലല്ലേ കാര്യങ്ങളുടെ പോക്ക്. സ്വപ്ന, സരിത തുടങ്ങി എത്രയെത്ര വേഷങ്ങൾ. പക്ഷേ പിള്ളേർ തുനിഞ്ഞിറങ്ങിയാൽ പിടിച്ചാൽ പിടികിട്ടില്ല എന്ന ഒരു പാഠഭേദവും ഈ കൊറോണക്കാലത്തു പിറക്കുന്നു. കൊറോണമൂലം അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികൾ ഓൺലെെനായി പഠിക്കുന്നു. ചിത്രം വരച്ചും പാടിയും നൃത്തം ചെയ്തും കാലം തള്ളിനീക്കുന്നു. ഇതെല്ലാം അറുബോറാണെന്ന നിലപാടാണ് ബ്രിട്ടനിലെ ദിമിത്രിസ് മാരിയോസ് എന്ന പന്ത്രണ്ടുകാരൻ. അവധിക്കാലത്ത് അയാൾ സൂപ്പർമാർക്കറ്റുകളിൽ കയറിയിറങ്ങി പൂപ്പൽ പിടിച്ചു കേടുവന്ന റൊ‍ട്ടികളാകെ ശേഖരിച്ചു ബ്രെഡ് കുതിർത്ത് കോടയുണ്ടാക്കി വാറ്റിയെടുത്തു. സൂപ്പർ ബിയർ. പണ്ടത്തെ ബ്രസീൽ ബിയറിന്റെ സ്വാദ്. ഫ്യൂചർ ബ്രൂവറീസ് എന്ന മദ്യനിർമ്മാണശാലയും തുടങ്ങി. ബ്രസീൽ ബിയർ വാങ്ങാൻ കുടിയന്മാർ ഇടിച്ചുകയറുന്നു. പയ്യന്റെ തന്തപ്പടി നമ്മുടെ വാറ്റുകേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ കുളത്തൂർക്കാരനാണോ എന്ന ബലമായ സംശയം. ബ്രിട്ടന് ഒരു വിജയ്‌മല്യ പിറക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP