Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ.ആഷ കിഷോറിന്റെ കാലാവധി നീട്ടിയത് റദ്ദാക്കിയ സിഎടി തീരുമാനത്തിന് എതിരെ ഹൈക്കോടതിയിലേക്ക്; നീക്കം താൽക്കാലിക ഡയറക്ടറെ നിയമിച്ച് ഇടക്കാല ഉത്തരവ് വന്നതിന് പിന്നാലെ; ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽ ഡയറക്ടർ നിയമനത്തിനും കാലാവധിക്കും ചട്ടമില്ലാത്തതും വിചിത്രമെന്ന് സിഎടി വിധിയിൽ

ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ.ആഷ കിഷോറിന്റെ കാലാവധി നീട്ടിയത് റദ്ദാക്കിയ സിഎടി തീരുമാനത്തിന് എതിരെ ഹൈക്കോടതിയിലേക്ക്; നീക്കം താൽക്കാലിക ഡയറക്ടറെ നിയമിച്ച് ഇടക്കാല ഉത്തരവ് വന്നതിന് പിന്നാലെ; ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽ ഡയറക്ടർ നിയമനത്തിനും കാലാവധിക്കും ചട്ടമില്ലാത്തതും വിചിത്രമെന്ന് സിഎടി വിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള അധികാരതർക്കം സങ്കീർണമാകുന്നു. വിഷയം വീണ്ടും കോടതി കയറുകയാണ്. നിലവിലെ ഡയറക്ടർ ഡോ.ആശ കിഷോറുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടിയ ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ ഉത്തരവ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ ഡോ.ആശ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാൻ കഴിയാതെയായി. ശ്രീചിത്രയിലെ ഏറ്റവും മുതിർന്ന ഡോക്ടർ ജയകുമാറിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് ഇറങ്ങി.കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബുണൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ ശ്രീ ചിത്ര പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഡോ. കെ. ജയകുമാർ ഇന്ന് ചുമതലയേറ്റത്.

നിലവിൽ ദേശീയ പദവിയിലുള്ള സ്ഥാപനത്തിന് ഡയറക്ടർ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരം സാഹചര്യത്തിൽ മുതിർന്ന പ്രൊഫസറിനെ താത്കാലികമായി ചുമതല കൊടുക്കണമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമാവലി. ഇതോടെ സിഎടി തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് ഡോ.ആശ കിഷോർ.

കേന്ദ്രത്തിന്റെ അനുമതി കൂടാതെയാണ് ഡയറക്ടറുടെ കാലാവധി നീട്ടി കൊടുത്തതെന്നാണ് ഒരുവിഭാഗം ഡോക്ടർമാരുടെ ആരോപണം. എന്നാൽ സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാൽ അതിന്റെ ആവശ്യമില്ലെന്നാണ് മറുവാദം. നിലവിൽ ട്രിബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

2020 ജൂലൈ 15 മുതലാണ് ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് വീണ്ടും നീട്ടിയത്. ജൂലൈ 12-ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടേതായിരുന്നു തീരുമാനം. 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെ പ്രൊഫ. ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാം എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവാണ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യതയുണ്ടെന്നും സിഎടിയുടെ ഉത്തരവിൽ പറയുന്നു.

ശ്രീചിത്രയിൽ ന്യൂറോളജി വിഭാഗത്തിൽ അഡീഷണൽ പ്രൊഫസറായ ഡോ.സജിത് സുകുമാരനാണ് ആശ കിഷോറിന്റെ കാലാവധി നീട്ടിയത് ചോദ്യം ചെയ്ത് സിഎടിയെ സമീപിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ നിയമന കമ്മിറ്റി(എസിസി) യുടെ അംഗീകാരമില്ലാതെയാണ് കാലാവധി നീട്ടിയത് എന്നായിരുന്നു മുഖ്യവാദം. ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവിടണമെന്നും, ഡോ.ആശ കിഷോറിനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.

നിലവിൽ ശ്രീചിത്രയിൽ ഉയർന്ന യോഗ്യതയും പരിചയവുമുള്ള കഴിവ് തെളിയിച്ച ഡോക്ടർമാരുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഡയറക്ടറുടെ കാലാവധി നീട്ടുന്നത് അവർക്ക് ഡയറക്ടർ സ്ഥാനത്തേക്ക് വരാനുള്ള വഴി അടയ്ക്കൽ കൂടിയാണ്. ശരിയായ ഭരണനേതൃത്വമില്ലാത്തതുകൊണ്ട് ശ്രീചിത്രയ്ക്ക് എൻഐആർഎഫ് റാങ്കിങ് പോലും കിട്ടിയില്ലെന്നും ഡോ.സജിത് സുകുമാരൻ വാദിച്ചു.

അതേസമയം തന്റെ കാലാവധി അഞ്ചുവർഷം നീട്ടിയതിന് എസിസി അംഗീകാരം ആവശ്യമില്ലെന്ന് ഡോ.ആശ കിഷോർ വാദിച്ചു. ഡോ.എബ്രഹാം കുരുവിള വേഴ്സസ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കേസിൽ ഡയ്റക്ടർ നിയമനത്തിന് എസിസിയുടെ അംഗീകാരം ആവശ്യമില്ലെന്ന് വിധിയുണ്ടെന്നും ഡോ.ആശ കിഷോർ വാദിച്ചു

അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിൽ 25 വർഷം പൂർത്തിയാക്കിയ 31 പ്രൊഫസർമാരും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടുന്നത് തങ്ങളുടെ ഡയറക്ടർ നിയമന സാധ്യതകളെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും, ഡയറക്ടറും ഒരുഭാഗത്തും, കേന്ദ്രസർക്കാർ മറുഭാഗത്തുമായി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നാൽ, നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും തർക്കം തീർപ്പാക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യതയുണ്ടെന്നും സിഎടി വിധിയിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ഇതുവരെ ആരും കേന്ദ്രസർക്കാരിന്റെ ഈ അധികാരത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ കത്തയച്ചതിലും തെറ്റില്ല.

ഇത് രണ്ടാംതവണയാണ് ഡയറക്ടറുടെ കാലാവധി നീട്ടൽ തർക്കം കേസാവുന്നത്. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനത്തിൽ ചീഫ് എക്സിക്യൂട്ടീവിനെ നിയമിക്കാനുള്ള ഉചിതമായ നിയമന ചട്ടങ്ങൾ ഇതുവരെ രൂപീകരിക്കാത്തത് അത്ഭുതകരമാണെന്നും സിഎടി വിധിയിൽ പറയുന്നു. കേരള ഹൈക്കോടതി നിരീക്ഷണം നടത്തിയിട്ട് പോലും ഡയറക്ടറുടെ കാലാവധി നിശ്ചയിക്കാനോ, പ്രായം, തിരഞ്ഞെടുപ്പ് പ്രക്രിയ, ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ അധികാരങ്ങൾ എന്നിവയ്ക്കായി ചട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും സിഎടി വിധിയിൽ വിമർശിക്കുന്നു. എബ്രഹാം കുരുവിള കേസിൽ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പാലിച്ചിട്ടില്ലെന്നും വിധിയിൽ പറയുന്നു.\

ആശ കിഷോറിന് കാലാവധി നീട്ടിയത് ഏകപക്ഷീയമായി?

അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയ ഉത്തരവ് ലഭിച്ചതോടെ ആശ കിഷോർ ശ്രീ ചിത്രയിൽ വീണ്ടും ചാർജ് എടുത്തിരുന്നു. ചാർജ് എടുത്ത ഉടൻ തന്നെയാണ് നിയമനം തടഞ്ഞ തീരുമാനം കൂടി വന്നത്. കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധി ഹൈക്കോടതി റദ്ദ് ചെയ്യുകായിരുന്നു. ഇതോടെ 2025 വരെ ആശാകിഷോറിന് ശ്രീചിത്ര ഡയറക്ടർ ആയി തുടരാനാകുന്ന സ്ഥിതി വന്നു. ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയാണ് ഡോ.ആശാ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് തുടരാൻ നേരത്തേ അനുവദിച്ചത്. എന്നാൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്. ഇത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നവംബർ ആറിന് ചേർന്ന സിഎടിയാണ് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ശ്രീചിത്ര ഡയറക്ടർ പോലുള്ള പോസ്റ്റുകൾക്ക് കാലാവധി നീട്ടുമ്പോൾ കാലാവധി തീരുന്നതിന് ആറു മാസം മുമ്പ് അനുമതി വാങ്ങണം. ആശ കിഷോറിന്റെ നിയമനം നീട്ടിക്കൊടുത്ത കാര്യത്തിൽ ഈ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവർ അടങ്ങുന്ന ഉന്നതാധികാര സമിതിയുടെ അംഗീകാരമാണ് ഇതിനു ലഭിക്കേണ്ടത്. ആശ കിഷോറിനു ഈ അനുമതി ലഭിച്ചിരുന്നില്ല.

പുതിയ നിയമനത്തിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ്മ ശ്രീചിത്രയിലെ പുതിയ ഡയറക്ടറെ നിയമിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം തയ്യാറാക്കുകയും, അത് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി.കെ. സാരസ്വതിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇത് മറച്ചു വച്ചാണ് ആശ കിഷോറിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കാലാവധി നീട്ടി നൽകിയത്. ശ്രീചിത്ര പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ ഒരു വസ്തുത പരിശോധനാ സമിതിയെ നിയമിച്ചിരുന്നു. സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യുബുണലിന്റെ മുൻ ഉപാധ്യക്ഷൻ സച്ചിദാനന്ദൻ അധ്യക്ഷനായ ഈ സമിതി, മറ്റ് മൂന്ന് അംഗങ്ങളോടൊപ്പം പല ദിവസങ്ങളിലായി സിറ്റിങ് നടത്തുകയും, ശ്രീചിത്രയുമായി ബന്ധപ്പെട്ടവരുടെ വാദമുഖങ്ങൾ വിശദമായി കേൾക്കുകയും ചെയ്തിരുന്നു. ഈ സമിതി തങ്ങളുടെ റിപ്പോർട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധന് സമർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി ഈ റിപ്പോർട്ട് അംഗീകരിക്കുകയും ഡോ. ആശാ കിഷോറിന്റെ അഞ്ച് വർഷത്തെ കാലാവധി തീരുന്ന മുറക്ക് പുതിയ ഡയറക്ടർ ചുമതല ഏൽക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ സ്ഥാപനത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് മന്ത്രിയുടെ നിർദ്ദേശങ്ങൾ മറികടന്നു നിയമനം നീട്ടി നൽകുകയായിരുന്നു. ഡോ. ആശാ കിഷോർ പട്ടികജാതി പട്ടികവർഗ്ഗ സംവരണ നിയമങ്ങൾ അട്ടിമറിച്ചത് വിവാദമായി മാറിയിരുന്നു. ഗവേണിങ് ബോഡി അംഗമായിരുന്ന മുൻ ഡിജിപി സെൻകുമാർ ഇത് ചൂണ്ടിക്കാട്ടുകയും ഇത് കേന്ദ്രത്തെ ധരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വസ്തുതാന്വേഷണ സമിതി വന്നത്.

ശ്രീചിത്രയിലെ ആഭ്യന്തര പ്രശ്നങ്ങളും ക്രമക്കേടുകളും അഴിമതികളുമാണ് ഗവേണിങ് ബോഡി അംഗമായി കേന്ദ്രം നിയമിച്ചപ്പോൾ സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുൻ ഡിജിപി എന്ന നിലയിൽ എല്ലാ ക്രമവിരുദ്ധ നടപടികളെയും നിയമനങ്ങളെയും അഴിമതികളെയും ശക്തമായി എതിർക്കുന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചത്. സ്വാഭാവികമായും ആശാ കിഷോറും സെൻകുമാറും അകന്നു. നിലവിൽ ഡയറക്ടർ എന്ന നിലയിൽ ഒട്ടനവധി അധികാരങ്ങളാണ് ആശാ കിഷോറിനുള്ളത്. ഇതെല്ലാം ആശാ കിഷോർ തോന്നും പടി എടുത്തുപയോഗിക്കുന്നതിൽ ഡോക്ടർമാരും മറ്റു സ്റ്റാഫുകളും അസ്വസ്ഥരായിരുന്നു. ഈ ഘട്ടത്തിലാണ് സെൻകുമാർ ഗവേണിങ് ബോഡി അംഗമായി എത്തുന്നത്. നിയമനങ്ങളിൽ സംവരണ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നത് സെൻകുമാർ ശക്തമായി എതിർത്തിരുന്നു. ഡയറക്ടർ തന്റേതായ അധികാരങ്ങൾ ഉപയോഗിക്കുന്നത് കണ്ട സെൻകുമാർ ഗവേണിങ് അംഗത്തിന്റെ അധികാരങ്ങളും ഉപയോഗിച്ചു. ഇങ്ങനെയാണ് സെൻകുമാർ കേന്ദ്രത്തിനു ശ്രീചിത്രയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP