Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനിൽ നിന്ന് തന്നെയെന്ന് അന്വേഷണ സംഘം; തീപിടിത്തമുണ്ടായ മുറിയിൽ നിന്നു കണ്ടെടുത്ത രണ്ട് മദ്യക്കുപ്പികളിലും മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന ഫോറൻസിക് റിപ്പോർട്ട് തള്ളി; ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കൽ ചിത്രീകരണവും പുറത്തുവിട്ടു

സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനിൽ നിന്ന് തന്നെയെന്ന് അന്വേഷണ സംഘം; തീപിടിത്തമുണ്ടായ മുറിയിൽ നിന്നു കണ്ടെടുത്ത രണ്ട് മദ്യക്കുപ്പികളിലും മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന ഫോറൻസിക് റിപ്പോർട്ട് തള്ളി; ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കൽ ചിത്രീകരണവും പുറത്തുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം പിടിച്ച മുറിക്ക് സമീപത്തു നിന്നും രണ്ട് മദ്യകുപ്പികൾ കണ്ടെടുത്തതായിരുന്നു സംഭവം കൂടുതൽ ദുരൂഹമാക്കി മാറ്റിയത്. ഫോറൻസിക് സംഘത്തിന്റെ ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ എല്ലാം എളുപ്പത്തിൽ പൂട്ടിക്കെട്ടാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്തിമ ഫോറൻസിക് റിപ്പോർട്ട് തള്ളി അന്വേഷണ സംഘം രംഗത്തുവന്നു. ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന അന്തിമ ഫോറൻസിക് റിപ്പോർട്ട് പൊലീസ് പൂർണമായും തള്ളുകയാണ്. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കൽ ചിത്രീകരണം പൊലീസ് പുറത്തുവിട്ടു. അടഞ്ഞു കിടന്ന ഓഫീസിൽ ഫാൻ നിരന്തരമായി കറങ്ങുകയും കോയിൽ ചൂടായി സ്പാർക്കുണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വയറിന്റെ ഇൻസുലേഷൻ പോയതാണ് തമ്മിൽ ഉരയാൻ കാരണം. സ്പാർക്കിൽ നിന്ന് തീ ഫാനിലേക്ക് പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കൾ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ഫോറൻസിക് റിപ്പോർട്ട് പുറത്തു വരുന്നതിന് മുമ്പാണ് ഗ്രാഫിക്കൽ ചിത്രീകരണം തയ്യാറാക്കിയതെന്നതും ശ്രദ്ധേയമാണ്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ നടന്ന അന്വേഷണ സമയത്താണ് ചിത്രീകരണം തയ്യാറാക്കിയത്. തീപിടിത്തം ഉണ്ടായ സമീപ ദിവസങ്ങളിൽ തന്നെ ഇത് തയ്യാറാക്കിയിരുന്നു. എന്നാൽ പൊലീസ് മുന്നോട്ട് വെയ്ക്കുന്ന സാധ്യത പൂർണമായും തള്ളുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ ഫോറൻസിക് ലാബ് പരിശോധിച്ചിരുന്നു.

ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകൾ കത്തിനശിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടിത്തം.

സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായി ഫയലുകൾ കത്തിനശിച്ചത് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു സർക്കാരിന്റേയും അന്വേഷണസമിതികളുടേയും വിശദീകരണം. തീപിടുത്തത്തിൽ നയതന്ത്രരേഖകൾ കത്തിനശിച്ചു എന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് പരാതി സമർപ്പിച്ചിരുന്നു

ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. സെക്രട്ടറിയേറ്റിൽ ഫയർഫോഴ്സ് എത്തുമ്പോൾ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകൾ കത്തി നശിച്ചു. തീപിടിത്തം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്വർണ്ണ കടത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയമാണിതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്നും ഇടിമിന്നലിൽ സിസിടിവിക്ക് കേടുവന്നുവെന്ന് നേരത്തെ പറഞ്ഞതും അട്ടിമറി ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ മാനങ്ങൾ ഈ തീപിടിത്തത്തിന് കൈവന്നിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് സർക്കാരിനെ ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. തങ്ങൾക്ക് അനുകൂലമായ രീതിയിൽ റിപ്പോർട്ട് ലഭ്യമാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ലക്ഷ്യമിട്ട് സ്ഥാപനത്തിന്റെ തലപ്പത്ത് അഴിച്ചു പണിക്കുള്ള നീക്കം തുടങ്ങിയെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നുള്ള ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ സംസ്ഥാനത്തെ ഒരു ഐജി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP