Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ആരും കാണണ്ട: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: പൊതുതെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും ഭീകര വർഗ്ഗീയ പ്രസ്ഥാനങ്ങളെ താലോലിച്ച് സംരക്ഷിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ട്ബാങ്ക് ശൈലി വീണ്ടും ആവർത്തിക്കാൻ ക്രൈസ്തവ സമൂഹം തയ്യാറല്ല. ഇന്നലകളിൽ തെരഞ്ഞെടുപ്പുവേളകളിൽ ക്രൈസ്തവർ പിന്തുണച്ചവർ അധികാരത്തിലിരുന്ന് എന്തുനേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദർശമൂല്യങ്ങളിൽ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കിൽ നിലനില്പുതന്നെ അപകടത്തിലാകും. രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വർഗീയ ശക്തികളിലേയ്ക്ക് നാടിന്റെ ഭരണസംവിധാനം തീറെഴുതപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടിനെ വലിയ ധ്രുവീകരണത്തിലേയ്ക്ക് തള്ളിവിടും.

രാഷ്ട്രീയ നേതൃത്വങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്ഥിരം സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങളായി അധഃപതിക്കാൻ സമുദായത്തിനെ ഇനിയും കിട്ടില്ല. മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമപ്പുറം സമുദായബോധവും സാമൂഹ്യപ്രതിബദ്ധതയും ജനകീയ ഇടപെടലുകളും നിസ്വാർത്ഥവും സത്യസന്ധവുമായ സേവനപാരമ്പര്യവും മാതൃകകളുമായ വ്യക്തിത്വങ്ങളെ നാടിന്റെ മുഖ്യധാരയിൽ പ്രവർത്തനനിരതരാക്കുവാൻ വിശ്വാസിസമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു.

അധികാരത്തിലേറുവാൻ ഭീകരപ്രസ്ഥാനങ്ങളോട് കൂട്ടുചേരുന്നവരെ ക്രൈസ്തവർ ശക്തമായി എതിർക്കും. മതേതരത്വം പ്രസംഗിക്കുന്നവർ മത വർഗീയ ഭീകര പ്രസ്ഥാനങ്ങളുമായി തെരഞ്ഞെടുപ്പ് ഉടമ്പടിയുണ്ടാക്കുന്നത് വിരോധാഭാസമാണ്. ക്രൈസ്തവ സമുദായത്തെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തുടച്ചുനീക്കുവാനുള്ള ആസൂത്രിത നീക്കങ്ങൾ അണിയറയിലൊരുങ്ങുന്നതും കേരളത്തിന്റെ സമസ്ത മേഖലകളിലും ഇക്കൂട്ടർ നുഴഞ്ഞുകയറി തീവ്രവാദ അജണ്ടകളിലൂടെ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നതും വൈകിയ വേളയിലെങ്കിലും വിശ്വാസികൾ തിരിച്ചറിയണം. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. ഭീകരതീവ്രവാദങ്ങളും അഴിമതിയും ധൂർത്തും എക്കാലവും എതിർക്കപ്പെടണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നിരന്തരമുയരുന്ന വെല്ലുവിളികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകണം.

സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ ക്രൈസ്തവരായ ജനപ്രതിനിധികൾ കാലങ്ങളായി ഒളിച്ചോട്ടം നടത്തുകയാണ്. അധികാരത്തിലേറാനുള്ള ഏണിപ്പടികൾ മാത്രമായി സമുദായത്തെ കാണുകയും അതുകഴിഞ്ഞാൽ ഇക്കൂട്ടരുടെ പുച്ഛവും അവജ്ഞയും അവഗണനയും നിരന്തരം ആവർത്തിക്കുന്നതിനും അവസാനമുണ്ടാകണം. തെരഞ്ഞെടുപ്പുകളിലെ സാമുദായിക നിലപാടുകളെക്കുറിച്ച് വിലയിരുത്തുവാനും പങ്കുവയ്ക്കുവാനും വിവിധ തലങ്ങളിൽ സമ്മേളനങ്ങൾ വിളിച്ചുചേർക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP