Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫിന്റെ മുതുകിൽ ചവിട്ടി പരീക്ഷണം നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി; തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെൽഫെയർ സഖ്യത്തിൽ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം; ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വൽപ്പം സങ്കീർണമായ പ്രക്രിയ; ഇന്ത്യയിൽ കലാപവും സംഘർഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും വിമർശനം

യുഡിഎഫിന്റെ മുതുകിൽ ചവിട്ടി പരീക്ഷണം നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി; തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെൽഫെയർ സഖ്യത്തിൽ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം; ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വൽപ്പം സങ്കീർണമായ പ്രക്രിയ; ഇന്ത്യയിൽ കലാപവും സംഘർഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പു സഖ്യത്തെ വിമർശിച്ചു എ പി കാന്തപുരം വിഭാഗം. യുഡിഎഫിന്റെ മുതുകിൽ ചവിട്ടി ദൈവരാജ്യത്തിലേക്ക് കടക്കാമോ എന്ന് പരീക്ഷിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയെന്നും അതിന് വേണ്ടിയാണ് രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും കാന്തപുരം സുന്നി വിഭാഗം വിമർശിച്ചു. എ പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.

'ജമാഅത്വയും യു.ഡി.എഫും' എന്ന മാളിയേക്കൽ സുലൈമാൻ സഖാഫി എഴുതിയ ലേഖനത്തിലൂടെയാണ് യു.ഡി.എഫ്.-വെൽഫെയർ സഖ്യത്തിനെതിരേ രൂക്ഷ വിമർശനവുമായി എ.പി. സുന്നി വിഭാഗം എത്തിയിരിക്കുന്നത്. ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വൽപ്പം സങ്കീർണമായ പ്രക്രിയ ആണ്. ജനാധിപത്യം, മതേതരത്വം, തുടങ്ങിയ താഗൂത്തിയൻ ചേരുവകൾ സമാസമം ചേർത്ത് വേണം ഏകദൈവ പരമാധികാര രാജ്യം സ്ഥാപിച്ചെടുക്കാൻ. അതിന് വേണ്ടി മാത്രമാണ് അവർ പാർട്ടിയുണ്ടാക്കിയത്, ഇപ്പോൾ യു.ഡി.എഫുമായി സഖ്യം ചേരുന്നതും.

ഇന്ത്യൻ ഭരണ ഘടന, ജനാധിപത്യം മതേതരത്വം, തിരഞ്ഞെടുപ്പ്, സർക്കാർ ജോലികൾ, ഇന്ത്യൻ കോടതികൾ ഇതെല്ലാം വർജ്യമാണെന്ന് വിശ്വസിക്കുന്ന അത്യപകടകരമായ വാദങ്ങൾ ഇന്നും ജമാഅത്തെ പിൻതുടരുന്നു. അവ ഉൾക്കൊന്ന പാർട്ടി സാഹിത്യങ്ങൾ അച്ചടിച്ച് പ്രചരിപ്പിക്കുന്നു. ഇന്ത്യയിൽ കലാപവും സംഘർഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതി. സമാധാനന്തരീക്ഷത്തിൽ സാമ്രാജ്യത്വമില്ല, ജമാഅത്തെയോ ഹിന്ദുത്വയോ ഇല്ലെന്നും ലേഖനം പറയുന്നു.

ഭരണത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ദൈവിക പരമാധികാരം നഷ്ടപ്പെടുമെന്നും ദൈവാധികാരത്തെ പുനഃസ്ഥാപിക്കാനായി പ്രവർത്തിക്കേണ്ടത് ജമാഅത്തെയുടെ ബാധ്യതയാണെന്നും ജമാഅത്തെ ഇസ്ലാമി സിദ്ധാന്തിക്കുന്നു. മുസ്ലിം ലോകം ഈ വിധ്വംസക സംഘത്തെ അംഗീകരിക്കുന്നില്ല, ഇസ്ലാമിക പ്രമാണങ്ങൾക്ക് നിരക്കുന്നതുമല്ല. ജമാഅത്തെ ബന്ധം ലീഗിനെ കൂടുതൽ മലിനമാക്കും. അത് തിരിച്ചറിയാനായാൽ ലീഗിനും മുന്നണിക്കും അതാണ് നല്ലതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഇകെ വിഭാഗം സമസ്തയും യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ സംഘടനയായതുകൊണ്ട് വെൽഫെയർ പാർട്ടിയെക്കുറിച്ച് സമസ്തയ്ക്ക് അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പുത്തനാശയക്കാരോട് യോജിച്ചു പോവാനാവില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷം അടക്കമുള്ള മുന്നണികൾ അവർക്കു നേട്ടം കിട്ടുന്നവരെ ഒപ്പം കൂട്ടും. ഓരോ മുന്നണിക്കും അറിയാം ആരെ കൂട്ടിയാൽ നേട്ടമുണ്ടാകും എന്ന്. ആരെ കൂട്ടിയാൽ നഷ്ടമുണ്ടാകുമെന്ന്. കോട്ടമുണ്ടാകുന്നവരെ തട്ടും ജിഫ്രി തങ്ങൾ പറഞ്ഞു. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുമായുള്ള അകലം കുറഞ്ഞതിനെപ്പറ്റി ചോദിച്ചാൽ ജമാഅത്തെ ഇസ്്‌ലാമിയുമായുള്ള അകലം കുറച്ച കാര്യം സമസ്തയോടല്ല ചോദിക്കേണ്ടതെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറയും. അകലം കുറച്ചത് ആരാണോ അവരോടു ചോദിക്കണം. വെൽഫെയർ പാർട്ടിയെ എൽഡിഎഫോ യുഡിഎഫോ സ്വാഗതം ചെയ്താലും നമ്മൾ അഭിപ്രായം പറയില്ല. വെൽഫെയർ പാർട്ടിയുടെ ഭരണഘടന ഞങ്ങൾക്ക് അറിയില്ല. ജമാഅത്തെ ഇസ്്‌ലാമിയും മുജാഹിദും അടക്കമുള്ള പുത്തൻ ആശയക്കാരോട് സമസ്തയ്ക്കു യോജിച്ചു പോവാനാവില്ല.

ഏതു രാഷ്ട്രീയ സംഘടനയായാലും സഖ്യമുണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഗുണവും ദോഷവുമെല്ലാം അവരു നോക്കുക. അതിന്റെ നേട്ടവും കോട്ടവും അവർ അനുഭവിക്കുക. അതിൽ അഭിപ്രായം പറയൽ നമ്മുടെ രീതിയല്ല. പ്രതിഷേധം പലരും ബോധ്യപ്പെടുത്തിയിട്ടുണ്ടാവും. അത് നല്ലതല്ലെന്ന് ചിലർ പറഞ്ഞിട്ടുണ്ടാവും. അതു മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP