Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാക്സി പിടിച്ച പട്ടാളക്കാരൻ ഇറങ്ങും മുൻപ് തെറിവിളിച്ചുകൊണ്ട് ക്രൂരമായി മർദ്ദിച്ചു; മർദ്ദനത്തിൽ മുഖത്തെ എല്ലുകൾ തകർന്നും തലച്ചോറിൽ രക്തമിറങ്ങിയും നോബി ഗുരുതരാവസ്ഥയിൽ; ബ്രിട്ടണിലെ മലയാളി ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച പട്ടാളക്കാരന് 9 വർഷം തടവ്

ടാക്സി പിടിച്ച പട്ടാളക്കാരൻ ഇറങ്ങും മുൻപ് തെറിവിളിച്ചുകൊണ്ട് ക്രൂരമായി മർദ്ദിച്ചു; മർദ്ദനത്തിൽ മുഖത്തെ എല്ലുകൾ തകർന്നും തലച്ചോറിൽ രക്തമിറങ്ങിയും നോബി ഗുരുതരാവസ്ഥയിൽ; ബ്രിട്ടണിലെ മലയാളി ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച പട്ടാളക്കാരന് 9 വർഷം തടവ്

സ്വന്തം ലേഖകൻ

ലയോലപ്പറമ്പ് സ്വദേശിയായ നോബി ജോസഫ് എന്ന 43 കാരനായ ടാക്സി ഡ്രൈവർക്ക് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നു 2019 ഡിസംബർ 1. അന്ന്, അതിരാവിലെ 3 മണിക്ക് നോർത്ത് യോർക്കഷയറിലെ നോർത്തലേർട്ടണിലുള്ള ക്ലബ് അമേഡിയസിന് മുൻപിൽ നിന്നും ഒരു യാത്രക്കാരൻ നോബിയുടെ ടാക്സിയിൽ കയറി.തികച്ചും സാധാരണമായ യാത്ര പക്ഷെ ലിറ്റിൽ ഹോൾട്ബിയിൽ എത്തിയപ്പോഴാണ് തികച്ചും അസാധാരണമായ സംഭവങ്ങൾ ഉണ്ടായത്.

യാതോരു പ്രകോപനവും കൂടാതെ ആ യാത്രക്കാരൻ നോബിയെ ആക്രമിക്കുകയായിരുന്നു. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ കൂടിയായ സ്റ്റെഫാൻ റൈൻ വിൽസൺ, കാറിന്റെ മുൻപിലത്തെ യാത്രക്കാരുടെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. പെട്ടെന്ന് അയാൾ മൂന്നു തവണ ഹാൻഡ് ബ്രേക്ക് വലിച്ചു. പിന്നീടാണ് നോബിയെ ആക്രമിക്കാൻ തുടങ്ങിയത്. അതിനിടയിൽ എങ്ങനെയോ നോബി 999 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു.

എന്നിട്ടും ആക്രമണം തുടരുകയായിരുന്നു. അറിയിപ്പു കിട്ടിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴും ആക്രമണം നടക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട വിൽസൺ, നോബിയെ ആക്രമിക്കുന്നത് നിർത്തി പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് നേരെ തിരിഞ്ഞു. ഒരു പുരുഷ സർജന്റും വനിത കോൺസ്റ്റബിളുമാണ് അയാളുടെ ആക്രമണത്തിന് ഇരയായത്. കോൺസ്റ്റബിളിനെ ഇടിക്കുകയും, സർജന്റിന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

അപകടം മണത്ത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ എമർജൻസി വിഭാഗത്തിൽ അറിയിച്ചതോടെ കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. അതോടെ വിൽസണെ കീഴ്പ്പെടുത്താൻ അവർക്കായി. അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ അയാൾ സർജന്റിനോട് പറഞ്ഞത്, താൻ ആ ഡ്രൈവറെ കൊല്ലാൻ പോവുകയായിരുന്നു, നിന്നെയും കൊല്ലുമായിരുന്നു എന്നാണ്. കൊലപാതകശ്രമത്തിനും, രണ്ട് എമർജൻസി ജീവനക്കാരെ ആക്രമിച്ചതിനും അന്ന് വിൽസൺന്റെ പേരിൽ കേസ് ചാർജ്ജ് ചെയ്തു,.

മദ്യത്തിന്റെ ലഹരിയിലായിരുന്ന സൈനികന്റെ തുടർച്ചയായ ആക്രമണം നോബിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾക്ക് കാരണമാവുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. മുഖത്തെ അസ്ഥികൾ ഒടിഞ്ഞിട്ടുമുണ്ടായിരുന്നു. കണ്ണ്, മൂക്ക്, ചുണ്ട് എന്നിവയ്ക്കും കാര്യമായ പരിക്കുകൾ പറ്റി. തലച്ചോറിൽ ഗുരുതരമായ മുറിവേറ്റ നോബി കോമയിലേക്ക് പോവുകയും രണ്ട് മാസത്തോളം ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു.ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായിട്ടില്ലാത്ത നോബിക്കും കുടുംബത്തിനും തീർത്താൽ തീരാത്ത ദുരിതങ്ങളാണ് ആ ആക്രമി നൽകിയത്.

ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് സൈനികനെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. തുടർന്ന് നടന്ന വിചാരണയിൽ അയാളെ ഒമ്പത് വർഷത്തെക്കും ഒമ്പത് മാസത്തേക്കും തടവിന് ശിക്ഷിക്കുകയും ചെയ്തു. യാതോരു പ്രകോപനവുമില്ലാത്ത ആക്രമണമായിരുന്നു ഇതെന്ന് കണ്ടെത്തിയ കോടതി ആക്രമണത്തിന് വിധേയമായ വ്യക്തി ഇനിയും പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും നിരീക്ഷിച്ചു.

ആക്രമണത്തിനു മുൻപുള്ള സായാഹ്നത്തിൽ വിൽസൺ തന്റെ സുഹൃത്തുക്കളുമൊത്ത് നോർത്തല്ലേർട്ടണിൽ മദ്യപിക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അയാൾ ക്ലബ്ബ് അമേഡിയസിനു മുന്നിലെ റോഡിൽ അലയുകയായിരുന്നു. എന്നും കോടതി കണ്ടെത്തി. രണ്ട് ദമ്പതിമാർ യാത്രചെയ്തിരുന്ന ടാക്സിയിൽ അവരുടെകൂടെ സമ്മതത്തോടെയായിരുന്നു വിൽസണെ നോബി കയറ്റിയത്. തലയ്ക്ക് അടിയേറ്റതാണ് നോബി ഓർക്കുന്ന അവസാന കാര്യം. പിന്നെ 35 ദിവസങ്ങൾക്ക് ശെഷം ആശുപത്രിയിൽ വച്ച് ബോധം വീഴുന്നതും.

ഈ കേസിൽ മൂന്ന് ഇരകളാണ് ഉള്ളതെന്ന് ഡിറ്റക്ടീവ് ഓഫീസർ പറഞ്ഞു. ഒന്ന് നോബി, പിന്നെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും. ഇവരെ ആരെയും വിൽസണ് മുൻപരിചയമില്ല. മാത്രമല്ല, യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണവും. താൻ മദ്യപിച്ചിരുന്നു എന്നതല്ലാതെ, ഈ ആക്രമണത്തിന് മറ്റൊരു കാര്യവും ചോദ്യം ചെയ്യലിനിടയിൽ വിൽസൻ പറഞ്ഞിരുന്നില്ല.

ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ സഹായത്തോടെയാണ് നോബിയുടെ കുടുംബം പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ഡിറ്റക്ടീവ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ, തങ്ങളുടെ ചില പങ്കാളികളുമൊത്ത് ചില സഹായങ്ങൾ ആ കുടുംബത്തിന് ലഭ്യമാക്കാൻ നോർത്ത് യോർക്ക്ഷയർ പൊലീസ് ശ്രമിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP