Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇന്ത്യാ-ചൈനാ ധാരണ; ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവാങ്ങും; ലഡാക്ക് അതിർത്തിയിൽ ശൈത്യകാലത്ത് സംഘർഷ ലഘൂകരണത്തിന് സാധ്യത തെളിഞ്ഞു; ഇന്ത്യൻ നിലപാടുകൾക്ക് മുമ്പിൽ ചൈന വഴങ്ങുമ്പോൾ

നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇന്ത്യാ-ചൈനാ ധാരണ; ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവാങ്ങും; ലഡാക്ക് അതിർത്തിയിൽ ശൈത്യകാലത്ത് സംഘർഷ ലഘൂകരണത്തിന് സാധ്യത തെളിഞ്ഞു; ഇന്ത്യൻ നിലപാടുകൾക്ക് മുമ്പിൽ ചൈന വഴങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സൈനിക കരുത്തിൽ ചൈന തോൽവി സമ്മതിച്ചു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ധാരണയ്ക്ക് പിന്നിൽ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. എട്ടാം കോർ കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യ അറിയിച്ചും. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ഏതാനും ദിവസങ്ങൾക്കകം തീരുമാനിക്കും. 

പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ-ചൈന അതിർത്തിയായ യഥാർഥനിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തുറന്നതും ആഴത്തിലുള്ളതും ക്രിയാത്മകവുമായ ചർച്ച ഇരുഭാഗവും നടത്തിയതായി സൈന്യം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും നേതാക്കൾ എത്തിയിട്ടുള്ള ധാരണ നടപ്പാക്കാൻ ആത്മാർഥമായി ശ്രമിക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായും വിശദീകരിച്ചു. അതിശത്യകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് നീക്കം. തുടക്കത്തിൽ കൈയേറിയ മേഖലയിൽ നിന്നും പിന്മാറാൻ ചൈന വിസമ്മതം പ്രകടിപ്പിച്ചു. ഇതോടെ ഇന്ത്യൻ സൈന്യവും നിർണ്ണായക പ്രദേശങ്ങൾ പിടിച്ചെടുത്തു. ഇതോടെയാണ് ചൈന പിന്നോക്കം പോയത്.

സൈനികവും നയതന്ത്രപരവുമായ ചർച്ച തുടരാനും അതിർത്തിയിൽ താഴെത്തട്ടിൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കാനും മറ്റു പ്രശ്‌നങ്ങൾ പരിഹരിക്കാനടക്കമുള്ള ചർച്ചകൾ തുടരാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഒമ്പതാം വട്ട കോർ കമാൻഡർ ചർച്ചയും വൈകാതെ നടക്കും. ചുഷൂലിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു എട്ടാം വട്ട ചർച്ച. മലയാളിയായ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോൻ ഒക്ടോബർ 13-ന് 14-ാം കോർ കമാൻഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചർച്ചയായിരുന്നു ഇത്. ചർച്ചയിലുടനീളം കിഴക്കൻ ലഡാക്കിൽ നിന്നുള്ള സമ്പൂർണ സൈനിക പിന്മാറ്റത്തിൽ ഇന്ത്യ ഉറച്ചു നിന്നതോടെയാണ് ചൈന വഴങ്ങിയത്.

ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവലിക്കും. ഇതു കൃത്യമായി നടപ്പാവുന്നതു ഇന്ത്യ കരുതലെടുക്കും. നേരത്തേ സൈനിക പിന്മാറ്റത്തിന് തീരുമാനമായിട്ടും ചൈന ധാരണ പാലിക്കാതെ അതിർത്തിയിൽ നുഴഞ്ഞുകയറിയതിന്റെ പശ്ചാത്തലത്തിലാണിത്. ഇതെല്ലാം കൃത്യമായി നിരീക്ഷിച്ച് മാത്രമേ ഇന്ത്യയും മേഖലയിൽ നിന്ന് പൂർണ്ണമായും സൈന്യത്തെ പിൻവലിക്കൂ. ഈ അവസരം ചൈന വിനിയോഗിച്ചില്ലെങ്കിൽ അതിർത്തിയിൽ കരുതലോടെ ഇടപെടലിന് ഇന്ത്യ തയ്യാറാകും. ഏതായാലും ചൈനയുടെ നിലപാട് തന്നെയാകും ലഡാക്കിൽ നിർണ്ണായകമാകുക.

ഇരുവിഭാഗവും തമ്മിലുള്ള തെറ്റിദ്ധാരണകളും അതിർത്തിയിലെ സൈനിക മുന്നേറ്റങ്ങളും ഒഴിവാക്കാനും ശ്രമമുണ്ടാകുമെന്നും ഇന്ത്യചൈന സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇരു പക്ഷത്തും സൈനികനയതന്ത്ര ചർച്ച തുടരാൻ തീരുമാനമായിട്ടുണ്ട്. നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളും തുടരും. ലഫ്. ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ആഭ്യന്തര മന്ത്രാലയം ജോയിന്റെ സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചർച്ചയിൽ പങ്കെടുത്തു. പത്തര മണിക്കൂറോളം ചർച്ച നീണ്ടു.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ വിവിധ മലനിരകളിലായി 50000 ത്തോളം ഇന്ത്യൻ സൈനികരാണ് യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നത്. അതികഠിനമായ മഞ്ഞായിട്ടും ഇതാണ് നിലവിലെ സ്ഥിതി. ചൈനയും അരലക്ഷത്തോളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അതിർത്തി സംഘർഷങ്ങളും യാതൊരു പ്രകോപനവുമില്ലാത്ത സൈനിക നീക്കങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ചൈനയുമായി 'വലിയ സംഘട്ടനം' തള്ളിക്കളയാനാവില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു.

ചൈനയും പാക്കിസ്ഥാനും രഹസ്യധാരണയോടെ പ്രവർത്തിക്കുന്നത് മേഖലയിൽ അസ്ഥിരതയ്ക്കും സംഘർഷത്തിനും കാരണമായിരുന്നു. ചൈനയുമായി പൂർണതോതിലുള്ള യുദ്ധമുണ്ടാകില്ലെങ്കിലും വലിയ സംഘർഷത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തള്ളിക്കളയാനാവാത്ത സ്ഥിതി ഇതുണ്ടാക്കി. കഴിഞ്ഞ മെയ്‌ മുതൽ ലഡാക്കിൽ തുടരുന്ന സംഘർഷാവസ്ഥയിൽ ലോക രാജ്യങ്ങളും ആശങ്ക അറിയിച്ചിരുന്നു. കൂടുതൽ സൈനികരെ ലഡാക്ക് മേഖലയിലേക്ക് എത്തിക്കില്ലെന്ന് ഇന്ത്യയും ചൈനയും ആറാം ഘട്ട ചർച്ചയ്‌ക്കൊടുവിൽ തീരുമാനിച്ചിരുന്നു. നിലവിലെ സമാധാനാവസ്ഥ തകിടം മറിക്കുന്ന യാതൊരു നീക്കവുമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ മോസ്‌കോയിലായിരുന്നു ആറാം ഘട്ട ചർച്ച. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ സെപ്റ്റംബർ 10നായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP